TopTop
Begin typing your search above and press return to search.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കും

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കും

അഴിമുഖം പ്രതിനിധി

ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ഉത്തരവുകളാണ് റദ്ദാക്കിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐ.ടി.ഐ സ്ഥാപിക്കാനും, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷീനറി എന്നീ രണ്ടു ട്രേഡുകള്‍ ആരംഭിക്കാനും തീരുമാനമായി. ഇതിനായി 8 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 1994 നവംബര്‍ 25ന് കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8000 രൂപ പെന്‍ഷനും നല്‍കും.

സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതല്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു. 2006 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമിതരായവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്. ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഇവര്‍ക്ക് ബാധകമല്ല. 2 മുതല്‍ 3 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 7,000/- രൂപയും, 3 മുതല്‍ 4 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 8,000/- രൂപയും, 4 മുതല്‍ 5 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 9,000/- രൂപയും, 5 മുതല്‍ 6 വര്‍ഷത്തിനകം സേവന കാലാവധിയുളളവര്‍ക്ക് 10,000/- രൂപയും നല്‍കും.

മറ്റ് കാബിനറ്റ് തീരുമാനങ്ങള്‍

ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. സംസ്ഥാന മിഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേമ്പര്‍, മേയേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ ഓരോ പ്രതിനിധികളെയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും ഓരോരുത്തരെ വീതവും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനില്‍ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയെ നിയമിക്കും.

പശസ്ത സംഗീതസംവിധായകന്‍ എം.കെ.അര്‍ജുനന്റെ ചികിത്സാ ചിലവു സര്‍ക്കാര്‍ വഹിക്കും.

മത-ധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന തിരുപ്പൂവാരം തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. ഓരോ അഞ്ചു വര്‍ഷം കഴിയുന്തോറും പുതുക്കിയ തുകയുടെ 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റിനെ (SIRD) കിലയുമായി സംയോജിപ്പിക്കും.

നിയമനങ്ങള്‍

കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടറായി ശ്രീമതി. എ. ഷൈനമോള്‍ IAS നെ നിയമിച്ചു.

തുറമുഖ വകുപ്പ് ഡയറക്ടറായി ശ്രീ. പട്ടീല്‍ അജിത് ഭഗവത്‌റാവു IAS നെ നിയമിച്ചു.

സര്‍വ്വെ & ലാന്റ് റിക്കോര്‍ഡ്‌സ് വകുപ്പ് ഡയറക്ടറായി ശ്രീ.ഗോപാലകൃഷ്ണന്‍. കെ IAS നെ നിയമിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയായി ശ്രീമതി. ഹരിത വി. കുമാര്‍ IAS നെ നിയമിച്ചു.

മലപ്പുറം ജില്ലാ കളക്ടറായി ശ്രീ. അമിത് മീണ IAS നെ നിയമിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറിയായി ശ്രീമതി. ജോഷി മൃണ്മയി ശശാങ്ക് IAS നെ നിയമിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയായി ശ്രീ. നരസിംഹുഗാരി ടി. എല്‍. റെഡ്ഡി IAS നെ നിയമിച്ചു.

തിരുവനന്തപുരം ജില്ലാ ഗവ.പ്ലീഡറായി അര്‍.ടി. ദേവകുമാറിനെ നിയമിച്ചു.


Next Story

Related Stories