TopTop
Begin typing your search above and press return to search.

സ്കൂള്‍ കലോത്സവം സിനിമയിലേക്കുള്ള റിക്രൂട്ടിംഗ് മേളയാക്കരുത്

സ്കൂള്‍ കലോത്സവം സിനിമയിലേക്കുള്ള റിക്രൂട്ടിംഗ് മേളയാക്കരുത്

ലളിത സംഗീതത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടി, ഭാവിയില്‍ തനിക്കാരാകണം എന്നു ചോദ്യത്തോട് പ്രതികരിക്കുന്നത്, പഠിച്ച് നല്ലൊരു ജോലി നേടണം. ഒപ്പം സംഗീതവും കൊണ്ടുപോകണം, എന്നായിരിക്കും. സംഗീതം ഒരു മത്സരയിനവും തൊഴില്‍ അവന്റെ/ അവളുടെ ജീവിതലക്ഷ്യവുമാകുമ്പോള്‍ കൂടെ കൊണ്ടുപോകുമെന്നു പറയുന്ന സംഗീതം എപ്പോള്‍ വേണമെങ്കിലും പാതിയില്‍ ഉപേക്ഷിക്കാം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതി പേറുന്ന കേരള സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ നിന്നും നമുക്ക് മറ്റൊരു യേശുദാസിനെയോ ജയചന്ദ്രനെയോ മഞ്ജു വര്യാരെയോ കിട്ടാതെ പോകുന്നതും അതുകൊണ്ടാണ്.

അമ്പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചു. അരനൂറ്റാണ്ടിന്റെ വലിപ്പം പറയാനുണ്ട് നമ്മുടെ കൗമാരമേളയ്ക്ക്. ആരംഭകാലം മുതല്‍ ഓരോയിനത്തിലും വിജയികളാകുന്നവരെ നോക്കി പറയാറുണ്ട്; നാളെയുടെ വാഗ്ദാനം! 55 വര്‍ഷത്തെ കണക്കെടുത്താല്‍ ഈ പ്രതീക്ഷ നിറവേറ്റിയ എത്ര കലാകാരന്മാര്‍ യുവജനോത്സവ വേദിയില്‍ നിന്നും കേരളത്തിന് കിട്ടിയിട്ടുണ്ട്. വിരലില്‍ എണ്ണി തീര്‍ക്കാം കൗമാരമേളയുടെ സംഭാവനകളെന്നു വിശേഷിപ്പിക്കാന്‍ നമുക്കുള്ളവരെ. പതിനഞ്ചുപേരെപ്പോലും ഇത്തരത്തില്‍ എണ്ണിപ്പറയാനില്ലാത്തപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് കുട്ടികള്‍, ഏതാണ്ട് എണ്‍പത് ഇനങ്ങളിലായി തങ്ങളുടെ വൈവിധ്യമാര്‍ന്ന കലാകഴിവുകള്‍ പ്രകടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ഏതു തരത്തിലാണ് പ്രസക്തമാകുന്നത്?

കേരളത്തിന്റെ കായിക രംഗത്ത് സ്‌കൂള്‍ മീറ്റ് നല്‍കുന്ന സംഭാവനയുടെ ചെറിയൊരു ശതമാനം പോലും മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ട് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ യുവജനോത്സവം നമ്മുടെ കലാരംഗത്തിന് നല്‍കിയിട്ടില്ല എന്ന വാസ്തവം എത്ര ദൗര്‍ഭാഗ്യകരമാണ്.മത്സരത്തിന്റെ ആവേശം കലയുടെ താളത്തെ ആവാഹിച്ചിടത്തു നിന്നാണ് യുവജനോത്സവ വേദികളില്‍ ഇന്‍സ്റ്റന്റ് പ്രതിഭകള്‍ ഉണ്ടായി തുടങ്ങുന്നത്. ഗ്രേസ് മാര്‍ക്കിനു വേണ്ടി, മാധ്യമങ്ങളില്‍ (ചാനലുകളുടെ കാലത്ത് അതൊരു രോഗമായി മാറിയിട്ടുണ്ട്) ചിത്രം വരുന്നതിനായി, എന്റെ കുട്ടി നിന്റെ കുട്ടിയെക്കാള്‍ മിടുക്കനാണെന്നു മാതാപിതാക്കള്‍ക്ക് വിമ്പു പറയാന്‍ വേണ്ടി മാത്രം പാടാനും ആടാനും വരുന്നവരായി നമ്മുടെ കുട്ടികള്‍ വേഷം മാറിയതോടെയാണ് തിരിച്ച് ഒന്നും നല്‍കാതെ ഒരു ദിവസത്തിന്റെ ആഘോഷത്തില്‍ മാത്രം നമുക്കൊപ്പം പങ്കുചേര്‍ന്ന് അവര്‍ അപ്രത്യക്ഷരാകാന്‍ തുടങ്ങിയത്. ജീവിതത്തില്‍ ഉയര്‍ന്ന തട്ടില്‍ എത്തണമെങ്കില്‍ ഈ തട്ടില്‍ കാണിച്ചതൊന്നും പോരെന്നു വിചാരിക്കുന്നവര്‍, തങ്ങളുടെ ലക്ഷ്യങ്ങള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗിലും എംബിബിഎസിലും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലുമൊക്കെയാണെന്നും തീര്‍ച്ചപ്പെടുത്തിയവര്‍. പിന്നെയിതോ എന്നു ചോദിച്ചാല്‍, പിന്നീടൊരു കാലത്ത് അയവിറക്കാനുള്ള ഒരോര്‍മ്മയെന്നു പറയുന്നവര്‍.

ഈകൊല്ലങ്ങള്‍ക്കിടയില്‍ കലാപ്രതിഭകളായവര്‍, വ്യക്തിഗത ഇനങ്ങളില്‍ ഒന്നാമതായവര്‍, അവര്‍ തീര്‍ച്ചയായും അര്‍പ്പണബോധം തുടര്‍ന്നിരുന്നെങ്കില്‍ അതാതു മേഖലകളില്‍ പേരെടുത്തവരായി പില്‍ക്കാലത്തു മാറുമായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സിനിമാക്കാരൊഴിച്ചുള്ള കലാകാരന്മാര്‍ക്കൊന്നും സ്റ്റാറ്റസോ സാമ്പത്തിക നേട്ടമോ ഇല്ല എന്ന അബദ്ധധാരണ ഇപ്പോഴും നിലനില്‍ക്കന്നതുകൊണ്ട് കലാമേളയില്‍ നിന്നും കിട്ടിയതെന്നു പറയാന്‍ സംഗീതജ്ഞനോ വാദ്യോപകരണ വിദഗ്ധനോ നര്‍ത്തകിയോ നമുക്കുണ്ടാവുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമുള്ള മേളയുടെ കാര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ വകുപ്പിനെ (ഇതില്‍ മാത്രമെങ്കിലും) അഭിനന്ദിക്കാതെ തരമില്ല. എന്നാല്‍ നടത്തിപ്പനപ്പുറം കലയുടെ വിദ്യാഭ്യാസത്തിനായി വകുപ്പ് മെനക്കെടാറില്ല എന്ന കുറ്റം നിലനില്‍ക്കുന്നു. നമ്മുടെ നിലവിലെ പാഠ്യപദ്ധതി ഒരുതരത്തിലും കുട്ടികളിലെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ക്ലാസില്‍ ഇരുന്നു താളം പിടിക്കുന്ന കുട്ടിയെ കൈ നീട്ടി അടിക്കാന്‍ നില്‍ക്കുന്ന അധ്യാപകന്‍ അവനെ ഒരിക്കലും കൈ തട്ടി അഭിനന്ദിക്കാന്‍ തയ്യാറല്ല. ഒരു മൂളിപ്പാട്ടു പാടിയാല്‍ അത് ഡിസിപ്ലീന് എതിരാണെന്നു ശാസിക്കുന്ന ടീച്ചര്‍ അവന് നല്‍കുന്ന സന്ദേശം തെറ്റാണ്. എന്നാല്‍ ഇതേ അധ്യാപകര്‍ തന്നെ തങ്ങളുടെ സ്‌കൂളിന്റെ മഹിമയ്ക്കായി കുട്ടികളെ നിര്‍ബന്ധിച്ച് കലാമാത്സരങ്ങള്‍ക്ക് അയക്കാറുമുണ്ട്. കലോത്സവ വേദികളില്‍ സമ്മാനിതരാകുന്ന കുട്ടികളെ അതിന്റെ പേരില്‍ ഒരു ദിവസത്തെ അസംബ്ലിയില്‍ ഏതാനും വാക്കുകള്‍ കൊണ്ട് അനുമോദിക്കുന്നതല്ലാതെ പിന്നീട് അവനെ/ അവളെ ആ തരത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ യാതൊരു ഉത്സാഹവും കാണിക്കില്ല. നിങ്ങള്‍ പഠിച്ചൊരു ജോലി സമ്പാദിക്കൂ എന്നാണ് അഭിനവ ഗുരുക്കന്മാരുടെ ഉപദേശം. ഇതാണ് ശരിയെന്നും കലയും കൊണ്ടു നടന്നാല്‍ ജീവിതത്തില്‍ പച്ചപിടിക്കില്ലെന്നു തോന്നുന്ന കുട്ടി അവനിലെ കല സ്‌കൂള്‍/ കോളേജ് തലത്തില്‍ നിന്നു പിരിയുന്നതോടെ പരണത്തുവച്ചു തനിക്ക് എത്രയക്കം ശമ്പളം കിട്ടുമെന്ന സ്വപ്‌നത്തിലേക്ക് ഊളിയിടുന്നു. തിരിച്ചറിയാതെ പോകുന്ന വിത്തുകളാണ് നമ്മുടെ ഭൂരിഭാഗം കുട്ടികളും. അവര്‍ ശരിയായ നിലത്തില്‍ വിതയ്ക്കപ്പെടുന്നില്ല.ഇനി മാതാപിതാക്കളുടെ കാര്യം എടുക്കൂ. ഒരു കാലത്ത് കലപ്രവര്‍ത്തനങ്ങളെ എന്തോ ദുഷിച്ച ഏര്‍പ്പാട് എന്നു കണ്ടിരുന്ന അച്ഛനമ്മമാരില്‍ നിന്നും വളരെ അപകടം പിടിച്ച മറ്റൊരു തലത്തിലേക്കാണ് ഇന്നത്തെ മാതാപിതാക്കള്‍ വന്നിരിക്കുന്നത്. തനിക്കു മേനി പറയാന്‍ തന്റെ മക്കളെ വിഡ്ഡി വേഷം കെട്ടിക്കുന്ന മാതാപിതാക്കള്‍. കലോത്സവത്തിന്റെ അന്തകരാണവര്‍. പണംകൊടുത്തു തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം വാങ്ങിക്കൊടുക്കുന്നവര്‍. പണത്തിന്റെ തൂക്കക്കൂടുതല്‍ കൊണ്ട് പ്രതിഭകളാകുന്ന കുട്ടികള്‍. ആ കുട്ടികളില്‍ കലയില്ല, മത്സരത്തിന്റെ വാശിയാണുള്ളത്. ഇന്നവര്‍ വിജയിക്കും. നാളെയതവരെ ഒരു തരത്തിലും സഹായിക്കുന്നില്ല. അവര്‍ക്കു കൂട്ടുകാരോടോ നാട്ടുകാരോടോ പറയാം, ഞാനും കലോത്സവ വിജയായി ആയിരുന്നുവെന്ന്. അതിനപ്പുറം അവര്‍ ഒരു സംഭാവനയും നാടിന് നല്‍കില്ല.

ഇല്ല മാതാപിതാക്കളുടെ ആഗ്രഹം ഇനിയുമുണ്ട്. കലോത്സവത്തില്‍ വിജയിച്ചാല്‍, നിന്റെ പടം പത്രത്തില്‍ വന്നാല്‍. ചാനല്‍ റൂമുകളിലേക്ക് നീ തട്ടിക്കൊണ്ടുപോകപ്പെട്ടാല്‍ അതു വഴിയിടുന്നത് സിനിമയുടെ ലോകത്തേക്കാണെന്നു മക്കളെ പറഞ്ഞു മയക്കുന്നു അവര്‍. അതേ സിനിമയാണ് ഭൂരിഭാഗത്തിന്റെയും ലക്ഷ്യം. നാളത്തെ മഞ്ജു വാര്യരാകാന്‍ മോഹിക്കുന്നവര്‍. അതില്‍ വിജയിച്ചവരുമുണ്ട്. സ്റ്റേജില്‍ കാണിച്ച മോണോ ആക്ട് തന്നെ സിനിമയലും ആവര്‍ത്തിച്ചു വെറുപ്പിക്കുന്നവര്‍. അവരില്‍ നല്ല നടിക്കുള്ള അവാര്‍ഡുകള്‍ വാങ്ങിയവരുമുണ്ടെന്നതും സത്യം.

സിനിമയുടെ ഗ്ലാമര്‍, പണം, ആരാധന ഇവയൊക്കെ നേടിയെടുക്കാന്‍ കലോത്സവ വിജയം അനിവാര്യതയാണെന്ന തോന്നല്‍ ഉണ്ടായതോടെ, എത്ര പണംമുടക്കിയാലും വേണ്ടില്ല തനിക്കും കലാതിലകമോ കലാപ്രതിഭയോ ആകണമെന്ന വാശി കുട്ടികളില്‍ നിറയുന്നു, മാതാപിതാക്കളതിനെ പിന്താങ്ങുന്നൂ. എന്നിട്ടും എത്രപേര്‍ കലയുടെ ലോകത്തേക്ക് എന്നു പേരിനെങ്കിലും പറയാവുന്ന സിനിമയിലേക്കു വരുന്നു. ചിലര്‍ സീരിയലുകള്‍കൊണ്ട് തൃപ്തിപ്പെടുന്നുണ്ടാവം. ബാക്കിയുള്ളവരോ? അമ്പളി ദേവിക്കോ നവ്യ നായര്‍ക്കോ അപ്പുറം നമ്മളറിയുന്ന എത്രപേര്‍ സിനിമയിലാണെങ്കിലും കലോത്സവ വേദികളില്‍ നിന്നും എത്തിയിട്ടുണ്ട്. എവിടെയാണ് ബാക്കിയയുള്ളവര്‍ക്ക് പിഴയ്ക്കുന്നത്? അതോ അവര്‍ സ്വയം വഴി മാറി പോകുന്നതോ?ഓരോ കലോത്സവ കാലത്തും മാധ്യമങ്ങള്‍ വാര്‍ത്തയാക്കി കൊണ്ടുവരുന്ന മുന്‍ പ്രതിഭകളെയും തിലകങ്ങളെയും കാണാറുണ്ട്. അവരില്‍ പലരും ജീവിതത്തിന്റെ തിരക്കുകൊണ്ട് കല മാറ്റിവച്ചവരാണവരത്രേ! കല ജീവിതമല്ലേ എന്നവരോട് ചോദിക്കാന്‍ ആരും തയ്യാറായി കണ്ടിട്ടില്ല. മുമ്പെങ്ങോ ഉണ്ടതിന്റെ ഏമ്പക്കം ചാനല്‍ കാമറകള്‍ കാണുമ്പോള്‍ മാത്രം ഉരുണ്ടുകേറി വരുന്നവര്‍. ശരിയായിരിക്കാം, ഒരിക്കല്‍ അവര്‍ വിസ്മയിപ്പിച്ചിട്ടുണ്ടാകാം, കൈയടിപ്പിച്ചിട്ടുണ്ടാകാം, പക്ഷേ എന്തിനവര്‍ അനുഗ്രഹമായി കിട്ടിയ കലയെ ഉപേക്ഷിക്കുന്നു. വളര്‍ന്നു വരാന്‍ സാഹചര്യം കിട്ടിയില്ലെന്നു പറയുന്നവര്‍ ഉണ്ട്. കൊതിച്ചതെല്ലാം നേടാന്‍ മനുഷ്യന്‍ ദൈവമൊന്നും അല്ലല്ലോ. എന്നാല്‍ ഇത്തരത്തില്‍ വിധിക്കപ്പെട്ടവര്‍ ഇക്കാലത്തും ഉണ്ടെങ്കില്‍ ഇപ്പോള്‍ നാം ഗരിമ പറയുന്ന മലയാളിയുടെ ലിബറേറ്റഡ് മെന്റാലിറ്റി വെറും പൊള്ളയാണെന്നു സമ്മതിക്കേണ്ടി വരും. മകനുമായി യുവജനോത്സവ വേദിയിലൂടെ പരക്കാം പായുന്ന അച്ഛനോടോ അമ്മയോടോ അതേ മകന്‍ തന്നെ എനിക്ക് പ്ലസ് ടു കഴിഞ്ഞു ചെണ്ട പഠിക്കാന്‍ പോയാല്‍ മതിയെന്നു പറഞ്ഞാല്‍ ആ അച്ഛനുമമ്മയും കണ്ണുരുട്ടും. അവര്‍ പുരോഗമനവാദങ്ങള്‍കൊണ്ട് കവലകളിലും ഫേസ്ബുക്കിലും മാത്രം വാചാലരാകുന്നവരാണ്. ജീവിതം പഠിക്കാന്‍ അനുവദിക്കാതെ ജീവിക്കാന്‍ പഠിക്കാന്‍ ഭീഷണിപ്പെടുത്തുന്നതാണ് അവരുടെ പുത്രവാത്സല്യം.

ഇത്തരം മാതാപിതാക്കളും അവരുടെ താളത്തിനു തുള്ളുന്ന മക്കളും കുറെ അധ്യാപകരും ഇവരെയെല്ലാം കൊണ്ട് കഴിയുന്ന വിധികര്‍ത്താക്കളും ചേര്‍ന്ന് യുജനോത്സവ വേദികള്‍ ഒരാഴ്ച്ചത്തേക്കു തയ്യാറാക്കിയ വിരുന്നുശാലകളാക്കി മാറ്റിയിട്ട് കൊല്ലങ്ങളായി... പഴയിടത്തിന്റെ സദ്യവട്ടങ്ങള്‍ക്കപ്പുറം ഒന്നും മനസില്‍ നില്‍ക്കാത്തവണ്ണം ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം മാറിപ്പോയിരിക്കുന്നു...
.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories