TopTop
Begin typing your search above and press return to search.

പ്രിയപ്പെട്ട മാഷെ...

പ്രിയപ്പെട്ട മാഷെ...

ടീം അഴിമുഖം

പ്രിയപ്പെട്ട സര്‍ക്കാര്‍ അധ്യാപകരെ,

ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ കേരള സ്കൂള്‍ കലോത്സവത്തിലെ മറ്റൊരു ലക്കം കൂടി ഗംഭീരമായും വലിയ പരാതികളൊന്നും ഇല്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ സംഘാടന മികവിന് അഭിനന്ദനം.

19 വേദികളിലായി 232 മത്സരങ്ങളില്‍ 1,595 സ്കൂളുകളില്‍ നിന്നുള്ള കലാമികവു തികഞ്ഞ 3,260 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മേള നിങ്ങള്‍ വഴക്കത്തോടെ ഒരുക്കിയപ്പോള്‍ ഒരു പക്ഷെ ലോകത്തിലെ ഏറ്റവും മിടുക്കരായ ഇവന്റ് മാനേജേഴ്സിനെ പോലും നിങ്ങള്‍ നാണം കെടുത്തികളഞ്ഞു. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും കലോത്സവം ഏത് സംഘാടകന്റേയും ഉറക്കം കെടുത്തുന്ന ഒരു പരിപാടിയാണ്. മികവോടെ ഇത് നടത്താന്‍ കഴിഞ്ഞു എന്നത് മാത്രമല്ല പുതിയ സാങ്കേതിക വിദ്യയുടെയും ഐ ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന വിക്‍ടേര്‍സ് ചാനലിലൂടെയും ഓരോ മലയാളിയിലും എത്തിക്കുന്നതിലും അനുഭവിപ്പിക്കുന്നതിലും നിങ്ങള്‍ക്ക് സാധിച്ചു.

സ്കൂള്‍ തലത്തില്‍ തുടങ്ങി സബ് ജില്ല, ജില്ല തലം എന്നിങ്ങനെ സംസ്ഥാനതലത്തിലേക്ക് നീളുന്ന ഇതിന്റെ ശ്രമകരമായ സംഘാടനം പൂര്‍ത്തിയാക്കാന്‍ അദ്ധ്യാപകരെന്ന നിലയില്‍ ഒറ്റയ്ക്കും വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിലും നടത്തിയ സംഘാടന പ്രവര്‍ത്തനങ്ങളുടെയും മികച്ച പരിസമാപ്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഓരോ മത്സരങ്ങള്‍ക്കായി കൊച്ചു മിടുക്കന്മാരെയും മിടുക്കികളെയും പരിശീലിപ്പിക്കുന്നത് മുതല്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ധന സമാഹരണം നടത്തുന്നത് വരെയുള്ള സമയബദ്ധിതമായ ഈ പ്രവര്‍ത്തനം എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചുകൊണ്ട് നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. വമ്പു കാണിക്കാനുള്ള കലാ മാമാങ്കത്തിനപ്പുറം വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ വികാസത്തിനുള്ള പരിശീലന കളരികൂടിയായിട്ടാണ് കലോത്സവ പരമ്പരയെ വിഭാവനം ചെയ്തിരിക്കുന്നത്. അത് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് കലോത്സവ വേദിയില്‍ പ്രതിഭയുടെ മിന്നല്‍ പിണരുകള്‍ ആകുന്ന കുരുന്നുകള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഒക്ടോബര്‍ മാസം മുതല്‍ തുടങ്ങുന്ന സബ് ജില്ല കലോത്സവം മുതല്‍ ജനുവരി അവസാനം വരെ നീളുന്ന കലോത്സവ നടത്തിപ്പ് വിവിധ അധ്യാപക സംഘടനകള്‍ എന്ന നിലയില്‍ നിങ്ങള്‍ വീതിച്ചെടുത്തിരിക്കുകയാണല്ലോ? ഊട്ടുപുരയിലടക്കം തോളോട് തോള്‍ ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിലടക്കം നിങ്ങള്‍ കാണിക്കുന്ന ശുഷ്ക്കാന്തിയെ അഭിനന്ദിക്കാതെ വയ്യ.

പക്ഷേ ഒരു ചെറിയ സംശയം.

ഈ കലോത്സവ പരമ്പരകളുടെ സംഘാടനത്തിനായി വേദികളില്‍ കറങ്ങി നടക്കുമ്പോള്‍ എത്രായിരം പഠന മണിക്കൂറുകളാണ് നഷ്ടപ്പെട്ടത് എന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ കുട്ടികളുടെ വായിക്കാനും എഴുതാനും ചിന്തിക്കാനുമുള്ള ശേഷികളുടെ വികാസത്തിന് ഈ മാസങ്ങളില്‍ എത്ര മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ട് എന്നു വിലയിരുത്തിയിട്ടുണ്ടോ? അതോ സദ്യയ്ക്ക് വിളമ്പേണ്ട വിഭവങ്ങളുടെ കണക്കെടുക്കുന്നതിലാണോ നിങ്ങള്‍ സമയം ചെലവഴിച്ചത്? അതോ പരിപാടിയെ തുരങ്കം വെയ്ക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ അട്ടിമറികള്‍ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചാണോ നിങ്ങള്‍ ചര്‍ച്ച ചെയ്തത്?

ഈ കലോത്സവ വേദികള്‍ സ്വപ്നം കാണാന്‍ സാധിക്കാത്ത, വീട്ടില്‍ ട്യൂഷന്‍ ടീച്ചറെ വെക്കാന്‍ ഗതിയില്ലാത്ത, താര ഗുരുക്കന്‍മാര്‍ക്ക് പൈസ കൊടുത്തെങ്കിലും കുറച്ചു കലാ വിരുത് വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ആ പിന്‍ബെഞ്ചുകാരെക്കുറിച്ച് നിങ്ങളുടെ മീറ്റിംഗുകളില്‍ എപ്പോഴെങ്കിലുമൊക്കെ സംസാരിക്കാറുണ്ടോ? അവരുടെ ഗ്രഹണശേഷി ബീഹാറിലും യു പിയിലുമുള്ള കുട്ടികളുടേതിന് തുല്യമാണ് എന്നു പഠനങ്ങള്‍ പറയുന്നതിനെക്കുറിച്ച് എത്രമാത്രം നിങ്ങളുടെ സംഘടനകള്‍ തലപുകയ്ക്കുന്നുണ്ട്? അതോ കലോത്സവ വ്യവസായത്തിലെ ലാഭ വിഹിതത്തെ കുറിച്ചാണോ നിങ്ങളുടെ ചര്‍ച്ചകളൊക്കെ?

അഭിവാദ്യങ്ങള്‍! അടുത്ത കലോത്സവ വേദിയില്‍ വീണ്ടും കണ്ടുമുട്ടാം, അല്ലേ?

സ്ലെഡര്‍ ഫോട്ടോ കടപ്പാട്; പി എന്‍ ഷാനവാസ്‌
(https://www.facebook.com/ShanavasPhotography/)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories