ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ എന്തിനാണ് സ്ത്രീകളെ വന്ധ്യംകരിക്കുന്നത്?

ധീരജ് നയ്യാര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഛത്തീസ്ഗഡില്‍ ഈ ആഴ്ച്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ 13 സ്ത്രീകളാണ് മരിച്ചത്. സാധാരണഗതിയില്‍ കുറഞ്ഞ അപായ സാധ്യതകള്‍ മാത്രമുള്ള ഒരു ശസ്ത്രക്രിയയിലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. 20 സ്ത്രീകള്‍ ഇപ്പൊഴും അപകടാവസ്ഥയിലാണ്. ഏതെങ്കിലും വ്യാജവൈദ്യന്‍മാരുടെ ചികിത്സ കൊണ്ടല്ല ഇതു സംഭവിച്ചത്. സര്‍ക്കാര്‍ പ്രായോജിത വന്ധ്യംകരണ പരിപാടിയില്‍ വെച്ചാണ് ഈ ദുരന്തം എന്നത് ന്യായമായും വലിയ പ്രതിഷേധങ്ങളുയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കക്ഷിക്കാരനായ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു കഴിഞ്ഞു.

വാസ്തവത്തില്‍ പ്രതിപക്ഷവും ബി ജെ പിയും ചോദിക്കേണ്ട ചോദ്യം, ഇന്ത്യന്‍ സര്‍ക്കാര്‍ സ്ത്രീകളെ വന്ധ്യംകരിക്കുന്ന പരിപാടി നടത്തണോ എന്നതാണ്.

112 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ജനപ്പെരുപ്പം ഉണ്ട. 100 ദശലക്ഷത്തിന് മേലെ ജനസംഖ്യയുള്ള രാജ്യങ്ങളില്‍, ജനസാന്ദ്രതയില്‍ ബംഗ്ലാദേശിന് മാത്രം പിന്നിലായി രണ്ടാമതാണ് ഇന്ത്യ. പക്ഷേ വിഭവസ്രോതസ്സുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഈ ജനസംഖ്യ ‘പ്രശ്‌നത്തിന്’ പരിഹാരം വന്ധ്യംകരണമല്ല. അത് വിദ്യാഭ്യാസവും സമൃദ്ധിയുമാണ്.

ഭരണകൂട നയമെന്ന നിലയില്‍ ഇന്ത്യയില്‍ വന്ധ്യംകരണത്തി്‌ന് വ്യത്യസ്തങ്ങളായ ചരിത്രമാണുള്ളത്. ജനാധിപത്യം തീര്‍ത്തൂം ഇല്ലാതായ 1975-77 കാലത്തെ അടിയന്തരാവസ്ഥയില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതായാണ് ഈ നയം അറിയപ്പെടുന്നത്. പണവും. വീടുമടക്കമുള്ള പല ആനുകൂല്യങ്ങളും നല്‍കി ഏതാണ്ട് 8 ദശലക്ഷത്തോളം പേരെയാണ് അന്ന് വന്ധ്യംകരിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ അത് ബലപ്രയോഗത്തിലൂടെയായിരുന്നു നടത്തിയത്. ഇന്ദിര ഭരണം താഴെവീണതോടെ നയം ഒതുക്കിവെച്ചെങ്കിലും, വന്ധ്യംകരണത്തിനായി സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന സംവിധാനം തുടര്‍ന്നു.

പുരുഷാധിപത്യ സമൂഹത്തിന്റെ സകലഭാരവും പേറുന്ന ഇന്ത്യയിലെ പല സ്ത്രീകള്‍ക്കും ഒന്നിന് പിറകെ ഒന്നായി നിരവധി കുട്ടികളുണ്ടാകുന്നതില്‍ നിന്നുള്ള ഒരു രക്ഷാമാര്‍ഗമായിരുന്നു ഇത്. പക്ഷേ സാമ്പത്തിക ആനുകൂല്യങ്ങള്‍ തീര്‍ത്തൂം നിഷേധാത്മകമായ ഫലങ്ങളാണുണ്ടാക്കിയത്; ആനുകൂല്യങ്ങള്‍ക്കായി വന്ധ്യംകരണ പ്രക്രിയക്ക് വിധേയരാകാന്‍ പുരുഷന്മാര്‍ സ്ത്രീകളെ നിര്‍ബന്ധിച്ചു. സത്യത്തില്‍, വന്ധ്യംകരണവുമായി ബന്ധമില്ലാത്ത കാരണങ്ങളാല്‍ ഇന്ത്യയിലെ ഗര്‍ഭധാരണ,പ്രസവ നിരക്ക് (fertiltiy rate) കുത്തനെ കുറയുകയാണ്. 1971ല്‍ ഒരു സ്ത്രീക്ക് ശരാശരി 5.1 കുട്ടികെളന്നായിരുന്നു നിരക്ക്. ഇത് 1981ല്‍ 4.5ആയും, 1991ല്‍ 3.6ആയും കുറഞ്ഞു. നിലവില്‍ അത് 2.4ആണ്. ജനസംഖ്യ സന്തുലിതമാകുന്ന നിരക്കിന്റെ 2.1 തൊട്ടുമുകളില്‍. ഇക്കാലയളവിലൊന്നും വന്ധ്യംകരണ പരിപാടികളില്‍ എടുത്തുപറയാവുന്ന വര്‍ദ്ധന ഉണ്ടായിട്ടില്ല.

കുടുംബാസൂത്രണവും, ഗര്‍ഭനിരോധന മാര്‍ഗങ്ങളും പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. മാറ്റങ്ങള്‍ വന്നത്, പ്രത്യേകിച്ചും 1991ലെ സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷം, ജീവിത നിലവാരത്തിലും, നഗരവത്കരണത്തിലും, ജനതയുടെ വിദ്യാഭ്യാസ നിലവാരത്തിലുമാണ്.

ജനന നിരക്കില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ പല വ്യത്യാസങ്ങളും കാണാം. ഇന്ത്യയിലെ ഇരുപതു വന്‍ നഗരങ്ങളിലും ഈ കണക്ക് 2.1നു താഴെയാണ്. ഇതില്‍ മിക്കവയും രാജ്യത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള സംസ്ഥാനങ്ങള്‍ ആണെന്നതില്‍ യാദൃശ്ചികതയുമില്ല; പഞ്ചാബ്, മഹാരാഷ്ട്ര,കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നിവയൊക്കെ തന്നെ. പടിഞ്ഞാറന്‍ യൂറോപ്പിനോട് താരതമ്യപ്പെടുത്താവുന്ന ജനന നിരക്കുള്ള കേരളവും, പശ്ചിമ ബംഗാളും ധനിക സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുന്നില്ല. പക്ഷേ അവരുടെ നേട്ടം മികച്ച വിദ്യാഭ്യാസത്തിന്റെയും, സ്ത്രീ ശാക്തീകരണത്തിന്റെയും സൂചനകളാണ്.

മറുവശത്തു, ഉയര്‍ന്ന ജനന നിരക്കുള്ള 3 സംസ്ഥാനങ്ങള്‍ ബീഹാര്‍ (3.5), ഉത്തര്‍പ്രദേശ് (3.3) മധ്യപ്രദേശ് (2.9) എന്നിവ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ പ്പെടുന്നു. (ദുരന്തം സംഭവിച്ച ഛത്തീസ്ഗഡില്‍ 2.7ആണ് നിരക്ക്) സ്ത്രീ ശാക്തീകരണത്തിലും, വിദ്യാഭ്യാസത്തിലും അവര്‍ ഏറെ പുറകിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും അവര്‍, ഏതാണ്ട് 400 ദശലക്ഷം. വടക്കേ ഇന്ത്യയിലെ ചില വലിയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസവും സമൃദ്ധിയും എത്തിക്കുക എന്നതാണ് ഈ ജനസംഖ്യ പ്രശ്‌നത്തിനുള്ള പരിഹാരം.

വളരുന്ന ഒരു യുവജനത ഇവിടെയുണ്ട്. ഇന്ത്യയുടെ ജനസംഖ്യയില്‍ 66 ശതമാനവും 35 വയസിനു താഴെയാണ്. വിദ്യാസമ്പന്നരും ആരോഗ്യവാന്മാരും വിവിധ ശേഷികളുള്ളവരും ആണെങ്കില്‍ വളരെ മികച്ചൊരു ജനസംഖ്യാ നേട്ടം നമുക്ക് സൃഷ്ടിക്കാം. അത്തരം ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്, അല്ലാതെ, കാര്യക്ഷമമല്ലാത്ത, അപകടകരമായ വന്ധ്യംകരണ പരിപാടികള്‍ക്കല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


    Share on

    മറ്റുവാര്‍ത്തകള്‍