TopTop
Begin typing your search above and press return to search.

സിറിയയില്‍ നടക്കുന്നതിനെ ഇനിയും ആഭ്യന്തര യുദ്ധമെന്ന് വിളിക്കരുത്

സിറിയയില്‍ നടക്കുന്നതിനെ ഇനിയും ആഭ്യന്തര യുദ്ധമെന്ന് വിളിക്കരുത്

ഹാനിന്‍ ഗദര്‍

അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സിറിയ ഒത്തിരി കാര്യങ്ങളായി മാറിയിരിക്കുന്നു: അഭയാര്‍ത്ഥി പ്രതിസന്ധി, ഒരു പ്രാദേശിക ചെളിക്കുണ്ട്, ഒരു പാശ്ചാത്യ പേക്കിനാവ്, ഒരു ഭീകരവാദ താവളം, ഒരു റഷ്യന്‍ അധികാരക്കളിക്കുള്ള നിലം, സര്‍വോപരി ഇറാനിയന്‍ താല്‍പര്യങ്ങളുടെ കേന്ദ്രം. പക്ഷെ അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം അതൊരു ആഭ്യന്തരയുദ്ധമാണ്. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ സര്‍ക്കാരുകളും മാധ്യമങ്ങളും യൂറോപ്യന്‍ യൂണിയനുമൊക്കെ സിറിയന്‍ സംഘര്‍ഷങ്ങളെ ആ നിലയ്ക്കാണ് വിലയിരുത്തുന്നത്. 'രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ,' കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി 2015 ഡിസംബറില്‍ ഊന്നി പറഞ്ഞു. 'എന്താണ് സിറിയന്‍ ആഭ്യന്തര യുദ്ധം?' എന്നതുള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ട് ഈ സെപ്തംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് ഒരു മുഴുനീളന്‍ വിശദീകരണ ലേഖനം പ്രസിദ്ധീകരിച്ചു.

ഇത്തരം ലഘൂകരണങ്ങള്‍ അബദ്ധജഡിലവും അപകടകരവുമാണ്. ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന അന്താരാഷ്ട്ര സമൂഹത്തെ അത് ന്യായീകരിക്കുകയും ബാഷര്‍ അല്‍-ആസാദിന് നിയമസാധുതയുടെ പുറംപൂച്ച് സമ്മാനിക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തില്‍ സൈനീകമായി ഇടപെട്ട റഷ്യയെയും ഇറാനെയും അത് കുറ്റവിമുക്തമാക്കുന്നു. അതോടൊപ്പം തങ്ങളുടെ ഇടപെടലും കലാപങ്ങള്‍ ഉണ്ടാക്കുന്നതും ന്യായീകരിക്കാന്‍ ആഭ്യന്തര തീവ്രവാദസംഘങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നു.

സിറിയന്‍ സംഘര്‍ഷത്തിന്റെ നിരവധി അടരുകളിലൊന്നാണ് ആഭ്യന്തര കലാപം എന്ന കാര്യത്തില്‍ സംശയമില്ല. പ്രാദേശിക വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്നു. യഥാര്‍ത്ഥത്തില്‍ സിറിയന്‍ ജനതയ്‌ക്കെതിരെ ആസാദ് ഭരണകൂടവും സംഖ്യകക്ഷികളും നടത്തുന്ന ഒരു യുദ്ധമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കലാപത്തിന്റെ കണക്കുകളില്‍ തന്നെ നമുക്ക് ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. സിറിയന്‍ മനുഷ്യാവകാശ ശൃംഘയുടെ കണക്കുകള്‍ പ്രകാരം സിറിയന്‍ ഇരകളില്‍ 95 ശതമാനത്തെയും ആസാദിന്റെ സേനകള്‍ കൊന്നുകഴിഞ്ഞു. കൂടാതെ, ടാങ്കുകളും വിമാനങ്ങളും ബോംബുകളും കൈവശമുള്ള സൈന്യം ആസാദിന്റെ അധീനതയിലാണ്. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ അയാള്‍ ഷെല്ലാക്രമണം നടത്തി. സ്വന്തം ജനതയ്‌ക്കെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കാനും ആസാദ് മടിച്ചില്ല. കലാപരഹിതരായ പ്രതിഷേധക്കാരെ 2011 മുതല്‍ അറസ്റ്റ് ചെയ്യാനും പീഢിപ്പിക്കാനും കൊല്ലാനും ജാഗ്രതയോടെയും ചിട്ടയോടെയും പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ, സുരക്ഷ, സൈനീക ഉപകരണങ്ങളെല്ലാം ആസാദ് കൈകാര്യം ചെയ്യുന്നു.

In Bashir, Shiite militiamen retain control weeks after taking the town from militants. Shiite flags and images of slain Shiite fighters adorn the town. Must credit: Photo by Alice Martins for The Washington Post

അപകടകാരികളായ ഇസ്ലാമിക ഭീകരരെ തടവില്‍ നിന്നും മോചിപ്പിക്കുകയും സായുധസംഘങ്ങള്‍ ഉണ്ടാക്കാനും വളര്‍ത്താനും അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്ന ഒരു പദ്ധതിയും ആസാദ് വളര്‍ത്തിയെടുത്തു. ഇത് ഒരു അബദ്ധമായിരുന്നില്ല. മറിച്ച്, വിപ്ലവത്തിന്റെ ശേഷിപ്പുകളെ തീവ്രവാദവല്‍ക്കരിക്കാനും ഒരു ആഭ്യന്തരയുദ്ധം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് പരിഷ്‌കരണങ്ങളില്‍ നിന്നും വിഭാഗീയതയിലേക്ക് ചുവടുമാറ്റുകയും അങ്ങനെ ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധത്തിലെ പങ്കാളിയാണെന്ന് സ്വയം ഉയര്‍ത്തിക്കാണിക്കുകയും ചെയ്യാനുള്ള ആസാദിന്റെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഇത്.

വ്യാപകമായ വിദേശ ഇടപെടലുകളുടെ പശ്ചാത്തലവും ആഭ്യന്തരയുദ്ധ ന്യായവാദങ്ങളെ സാധൂകരിക്കുന്നില്ല. സായുധരായ എതിര്‍പക്ഷത്തില്‍ നിന്നും തന്നെയും തന്റെ ഭരണകൂടത്തെയും രക്ഷിക്കാന്‍ റഷ്യയുടെയും ഇറാന്റെയും ഇടപെടലുകള്‍ക്ക് ആസാദ് അനുമതി നല്‍കി.

യഥാര്‍ത്ഥത്തില്‍ ആസാദിന്റെ സേനകള്‍ ഇപ്പോള്‍ പൊരുതുന്നതേയില്ല. ചില സിറിയന്‍ അറബ് സൈനീക വിഭാഗങ്ങളോടൊപ്പം കൂടുതലും ഷിയ കൂലിപ്പടയാളികളാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ പോരാട്ടത്തിലുള്ളത്. അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഹെസ്ബുള്ളയ്ക്കും ഐആര്‍ജിസിക്കുമാണ്. പിന്തുണയ്ക്കായി റഷ്യയുടെ ബോംബ് വര്‍ഷവും നടക്കുന്നു. റഷ്യയുടെയും ഇറാന്റെയും പിന്തുണയില്ലായിരുന്നെങ്കില്‍ ആസാദ് എന്നേ പോയി മറഞ്ഞേനേ.

സിറിയന്‍ വിമതര്‍ക്ക് സ്വന്തം രാജ്യത്തെ ദേശാഭിമാനികള്‍ക്ക് പകരം വിദേശികളോട് സ്വന്തം മണ്ണില്‍ പോരാടേണ്ടി വരുന്ന ഒരു സംഘര്‍ഷത്തെ എങ്ങനെയാണ് നമുക്ക് ആഭ്യന്തര യുദ്ധം എന്ന് വിളിക്കാന്‍ കഴിയുക? റഷ്യയും ഇറാനും സൗദി അറേബ്യയും സമ്പൂര്‍ണമായും യുണൈറ്റഡ് സ്റ്റേറ്റ്‌സും മറ്റ് തല്‍പര നാറ്റോ കക്ഷികളും ഒരു വിധത്തിലങ്കില്‍ മറ്റൊരു വിധത്തിലും ഇടപെടുന്ന ഒരു സംഘര്‍ഷത്തെ എങ്ങനെയാണ് ഒരു ആഭ്യന്തര യുദ്ധമായി വിലയിരുത്താന്‍ സാധിക്കുക?

ഒരു ആഭ്യന്തരയുദ്ധമായി അതിനെ വിവരിക്കുന്നത് ഒത്തിരി നയപരമായ വിവക്ഷകള്‍ സൃഷ്ടിക്കും. അത് ആസാദിനെ സംരക്ഷിക്കും. ആസാദ് ഒരു പ്രതിലോമകാരിയായ ഏകാധിപതിയായിരിക്കാം എന്നാണ് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ സുസ്ഥിരത പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണത്. ഇതൊരു ആഭ്യന്തര പ്രശ്‌നമായതിനാല്‍ പാശ്ചാത്യശക്തികളും അന്താരാഷ്ട്ര സംഘടനകളും പക്ഷം പിടിക്കരുത് എന്നൊരു വിവക്ഷ കൂടി അത് നല്‍കുന്നുണ്ട്. ഈ പ്രതികരണമില്ലായ്മയുടെ ഫലമായി, റഷ്യയുടെയും ഇറാന്റെയും ഇടപെടലുകളിലൂടെ യുഎസിന്റെ അദ്ധ്വാനങ്ങള്‍ വന്ധീകരിക്കപ്പെടുകയും പാശ്ചാത്യ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

ഒരു കൊലപാതകിയെ ഇരയോട് സാമ്യപ്പെടുത്തുന്നതിലൂടെ മനുഷ്യത്വത്തിനെതിരായി ഒരു ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ സാധൂകരിക്കുക എന്നൊരു ധാര്‍മ്മിക വെല്ലുവിളി കൂടി ഉയരുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ബാത്ത് പാര്‍ട്ടിയും രാജകുടുംബവും തീരുമാനിച്ചിരുന്ന ഇടത്തില്‍ ഹഫീസ് അല്‍-ആസാദിനെ അധികാരത്തിലേക്ക് കൊണ്ടുവന്ന സിറിയയുടെ ആധുനിക ചരിത്രത്തെയും ഇത് തമസ്‌കരിക്കുന്നുണ്ട്. കലാപങ്ങള്‍ക്ക് അപ്പുറം സംവാദങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനപ്പുറം ഒരു സൈനീക പരിഹാരം എല്ല പ്രശ്‌നങ്ങള്‍ക്കും ഈ ഭരണകൂടം ഒരുക്കി വച്ചിട്ടുമുണ്ട്. ഇന്ന് നേരിട്ടുള്ള യുദ്ധമുഖങ്ങളില്‍ ഇറാന്‍ ഇടപെടുകയും അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് റഷ്യ മുന്‍കൈയെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനേ ഇപ്പോഴത്തെ ഭരണകൂടത്തിന് സാധിക്കൂ.

ഇതൊരു ആഭ്യന്തര യുദ്ധമല്ല. നമ്മള്‍ ഇതൊരു ആഭ്യന്തര യുദ്ധമല്ലെന്ന് മനസിലാക്കുമ്പോള്‍ മാത്രമേ, ഈ ഭരണകൂടത്തിന്റെ ചരിത്രവും തന്ത്രവും, സിറിയന്‍ ജനതയുടെ വിവിധ തലങ്ങളും ഇതിനിടയില്‍ ഇടപെട്ട കക്ഷികളുടെ താല്‍പര്യങ്ങളും അതിലുള്ള വിശ്വാസ്യതയും നമുക്ക് മനസിലാവൂ.


Next Story

Related Stories