TopTop

നാം കേള്‍ക്കാതിരിക്കരുത്; മരിച്ചു ജീവിക്കുന്നവരുടെ ഈ കഥകള്‍

നാം കേള്‍ക്കാതിരിക്കരുത്; മരിച്ചു ജീവിക്കുന്നവരുടെ ഈ കഥകള്‍

റാനിയ അല്‍ അബ്ദുല്ല
(വാഷിങ്ടണ്‍ പോസ്റ്റ്)

ഓരോരുത്തരായി അന്ധരാകുന്ന ഒരു ലോകമാണ് ജോസെ സരമാഗോയുടെ 'ബ്ലൈന്‍ഡ്‌നസ്' എന്ന നോവലിന്റെ ഇതിവൃത്തം. അതൊരു പകര്‍ച്ചവ്യാധിയായി പരക്കുമ്പോള്‍ പരിഭ്രാന്തി, ക്രൂരത, ക്രമസമാധാനമില്ലായ്മ എന്നിവയിലൂടെ സമൂഹം തകര്‍ച്ചയില്‍ അവസാനിക്കുന്നു. ഒരു കഥയാണത്. അല്ലെങ്കില്‍ത്തന്നെ മുഴുവന്‍ ലോകവും ഒരുമിച്ച് എങ്ങനെ അന്ധരാകും?

അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്.

എന്നാല്‍ ഗ്രീസിലെ ലെസ്‌ബോയില്‍ കാരാ ടെപെ അഭയാര്‍ത്ഥിക്യാംപ് സന്ദര്‍ശനത്തിനുശേഷം യാഥാര്‍ത്ഥ്യം കഥകളെക്കാള്‍ വിചിത്രമാകാമെന്ന് എനിക്കു മനസിലായി. രാജ്യാന്തര രക്ഷാസമിതിയുടെ ജീവരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായിരുന്നു യാത്ര. അതിനുശേഷം സരാമാഗോയുടെ നോവലിനൊരു സഹോദരകൃതി എഴുതുന്നതിനെപ്പറ്റി ആലോചിക്കുകയാണ് ഞാന്‍. അതിന് 'ഡെഫ്‌നസ്' എന്നായിരിക്കും പേരിടുക. കാരണം ഒരാളും ഒന്നും കേള്‍ക്കുന്നില്ല.

സ്വന്തം ജീവന്‍ പണയപ്പെടുത്തി ഈ വര്‍ഷാരംഭത്തില്‍ ഗ്രീസിലെത്തിയ 155,000 അഭയാര്‍ത്ഥികളെ ആരും കേള്‍ക്കുന്നില്ല.

സിറിയയിലെ റാക്വയില്‍നിന്നുള്ള മിടുക്കിയായ ഗൈനക്കോളജിസ്റ്റ് ട്രെയിനി മാഹയെ ആരും കേള്‍ക്കുന്നില്ല. നാലുവര്‍ഷത്തോളം സംഘര്‍ഷം, ഭീഷണികള്‍, അപകടങ്ങള്‍, ദാരിദ്ര്യം എന്നിവയെ അതിജീവിച്ച് പഠിക്കുകയും ആശുപത്രിയില്‍ ജോലി ചെയ്യുകയും ചെയ്തു മാഹ. ഡോക്ടര്‍മാര്‍ കുറവായിരുന്നു; രോഗികള്‍ കൂടുതലും. അതിനാലാണ് മാഹ അവിടെ തുടര്‍ന്നത്. എന്നാല്‍ മാര്‍ച്ചില്‍ ഐഎസ്‌ഐഎസിന് താന്‍ ഇരയാകുമെന്ന ഭയത്തിന് മാഹ കീഴടങ്ങി. തന്റെ തൊഴില്‍ ഉപേക്ഷിച്ച് കലാപത്തിനു കാരണക്കാരായ എല്ലാ കക്ഷികളും കാവല്‍നില്‍ക്കുന്ന 46 ചെക്ക്‌പോസ്റ്റുകള്‍ കടന്ന് തുര്‍ക്കി അതിര്‍ത്തിയിലെത്തി. മാഹ ഡോക്ടറാണെന്നതു കണ്ടെത്തിയാല്‍ ഇരുപക്ഷത്തുമുള്ള പടയാളികള്‍ അവളെ പോകാന്‍ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ജാക്കറ്റിനോടുചേര്‍ത്ത് തുന്നിപ്പിടിപ്പിച്ചായിരുന്നു യാത്ര.യാത്രയില്‍ പല സ്ഥലത്തും മണ്ണിലൂടെ ഇഴഞ്ഞാണു നീങ്ങിയത്. 'സുരക്ഷിതയാണെന്ന തോന്നല്‍ ഒരുനിമിഷം പോലുമുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല,' അവള്‍ പറയുന്നു.

അവസാനം ലെസ്‌ബോയിലെ തീരത്തെത്തിയവര്‍ കടന്നുപോയ ദുരിതങ്ങളെപ്പറ്റി മാഹ ഇങ്ങനെ പറഞ്ഞു: 'മരണത്തില്‍നിന്നു മരണത്തില്‍നിന്ന് മരണത്തിലേക്ക്. ഞങ്ങള്‍ക്കു വേണ്ടത് ജീവിക്കാനുള്ള പുതിയ അവസരമാണ്.'

മാഹയുടെ അമ്മ സദായെയും ആരും കേള്‍ക്കുന്നില്ല. ജര്‍മ്മനിയിലുള്ള ആണ്‍മക്കളുടെ അടുത്തെത്തുകയാണ് അവരുടെ ആവശ്യം. 'ഞാന്‍ മാസിഡോണിയ വരെ എത്തിയതാണ്. പിന്നീട് എന്റെ മകള്‍ക്കുവേണ്ടി തിരിച്ചുവന്നു. അപ്പോഴേക്ക് അതിര്‍ത്തികള്‍ അടഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയാണ്. എന്റെ മക്കള്‍ ജര്‍മനിയിലും ഭര്‍ത്താവ് അദ്ദേഹത്തിന്റെ സുഖമില്ലാത്ത പിതാവിനൊപ്പം സിറിയയിലും. ഞാന്‍ എന്തുചെയ്യും? എങ്ങോട്ടു പോകും?'

ഒരുമാസം മുന്‍പ് തുര്‍ക്കിയിലേക്കുള്ള ബോട്ട് യാത്രയില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഫാത്തിനയെ ശ്രദ്ധിക്കാനും ആരുമില്ല. 25 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോട്ടില്‍ 80 പേരെ തോക്കുചൂണ്ടി കയറ്റുകയായിരുന്നു. മുന്‍ഭാഗത്ത് അടിയിലായിപ്പോയ ഫാത്തിനയുടെ ഭര്‍ത്താവ് മുങ്ങിമരിച്ചു. 18 മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും ആറും നാലും വയസുള്ള പെണ്‍കുട്ടികളെയും കൂട്ടി പുതുജീവിതം ആരംഭിക്കാനുള്ള യാത്രയിലായിരുന്നു ദുരന്തം.

മക്കളുടെ മുന്നില്‍ അവര്‍ ധൈര്യം കാട്ടുന്നു. 'ദൈവം നിങ്ങള്‍ക്കു ശക്തി തരുന്നു.' എന്നാല്‍ മക്കള്‍ അടുത്തില്ലാത്തപ്പോള്‍ അവരുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നു. 'എന്തുചെയ്യുമെന്ന് എനിക്കറിഞ്ഞുകൂടാ', കൈകളില്‍ മുഖം പൊത്തി അവര്‍ പറയുന്നു.

ഓരോ കഥയും ഹൃദയഭേദകമാണ്. അന്തരീക്ഷത്തില്‍ തളര്‍ച്ച പടര്‍ന്നിരിക്കുന്നു. ഈ സ്ത്രീകള്‍ക്ക് ഇനിയെത്ര സഹിക്കാനാകുമെന്ന് എനിക്കറിയില്ല. ഓരോ കഥയും വ്യത്യസ്തമാണ്. എന്നാല്‍ അവ നിസഹായതയാല്‍, നിരാശയാല്‍, പ്രതീക്ഷയില്ലായ്മയാല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സഹനത്തിന്റെ അവസാനപടിയിലാണ് ഈ സ്ത്രീകള്‍.ക്രൂരമായ കലാപത്തിനിരയാകുന്നതിനേക്കാള്‍, മാതൃരാജ്യം ഉപേക്ഷിക്കേണ്ടി വരുന്നതിനേക്കാള്‍, പരിചിതമായ എല്ലാം ഉപേക്ഷിക്കേണ്ടിവരുന്നതിനേക്കാള്‍, സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് ജീവിതം അപകടത്തിലാക്കി അനാഥരാകുന്നതിനേക്കാള്‍, സ്‌നേഹിച്ചവരെ നഷ്ടപ്പെടുന്നതിനേക്കാള്‍ മോശമായ ഒരവസ്ഥയേയുള്ളൂ - ആശ്രയമെന്നു കരുതുന്ന ഒരിടത്തെത്തുക. നിങ്ങള്‍ വന്ന സ്ഥലത്തേക്കു തന്നെ തിരിച്ചയയ്ക്കപ്പെട്ടേക്കുമെന്ന് അറിയുക. അത് എപ്പോഴാണെന്നോ എങ്ങോട്ടേക്കാണെന്നോ ആര്‍ക്കുമറിയില്ല. അര്‍ത്ഥശൂന്യതയുടെ നിര്‍വചനമാണത്. ക്രൂരവും. ആരും സ്വന്തം ഇഷ്ടപ്രകാരം അഭയാര്‍ത്ഥിയാകുന്നില്ല. മറുവഴി മരണമായതുകൊണ്ടാണ് അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളാകുന്നത്. ഇതിനെക്കാള്‍ മോശമായ ഒരവസ്ഥയുണ്ട്. മരിച്ചുജീവിക്കുക. അതാണ് ഞാന്‍ ലെസ്‌ബോയില്‍ കണ്ടത്.

ഒരിക്കല്‍ അവരുടെ കഥ കേട്ടാല്‍ നിങ്ങള്‍ക്കതു മറക്കാനാകില്ല. അതിനാല്‍ ലോകത്തിനു കേള്‍ക്കാനാകുന്നില്ല എന്നതല്ല യാഥാര്‍ത്ഥ്യം. അത് കേള്‍ക്കില്ല എന്നതാണ്. കേള്‍വിക്കുറവെന്ന മഹാവ്യാധിയല്ല അത്. കേള്‍ക്കാനാഗ്രഹിക്കുന്നതു മാത്രം നാം കേള്‍ക്കുന്നു. അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കാത്തവയില്‍നിന്ന് മുഖം തിരിക്കുന്നു.

ലോകം അവരുടെ കഥകള്‍ കേട്ടിരുന്നെങ്കില്‍ - ഗ്രീസില്‍, ലെബനനില്‍, ജോര്‍ദാനില്‍ (ഇവിടെ 1.3 മില്യണ്‍ സിറിയക്കാരുണ്ടെന്നാണു കണക്ക്.)- കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവരുടെ രക്ഷയ്‌ക്കെത്തുമായിരുന്നു. ചെറിയ കാരുണ്യപ്രവൃത്തികള്‍ വലുതും ധൈര്യമേറിയതുമായ കാര്യങ്ങള്‍ക്കു കാരണമാകുമായിരുന്നു. അവ അഭയാര്‍ത്ഥികളെ സഹായിക്കും വിധമുള്ള മാനുഷികനയങ്ങള്‍ക്കു വഴിവയ്ക്കുമായിരുന്നു.

പക്ഷേ ആദ്യം നാം കേള്‍ക്കണം. ദീര്‍ഘനിശ്വാസങ്ങളും കരച്ചിലുകളും അമര്‍ത്തിയ തേങ്ങലുകളും. മുറിഞ്ഞ ശബ്ദങ്ങള്‍. തളര്‍ന്ന നിശ്വാസങ്ങള്‍. അടക്കിപ്പിടിച്ച അപേക്ഷകള്‍ - ഞങ്ങള്‍ക്കുവേണ്ടത് പുതുയൊരു ജീവിതത്തിനുള്ള അവസരം മാത്രമാണ്.

അവര്‍ നമ്മോട് ഒരു കഥ പറയുകയാണ്. ഭാവനയല്ലാത്ത ഒരു കഥ. അത് കേള്‍ക്കുന്നതിലൂടെ, പ്രായോഗികവും നിലനില്‍ക്കുന്നതുമായ വഴികളിലൂടെ അവരെ പിന്തുണയ്ക്കുന്നതിലൂടെ നമുക്ക് അവരുടെ അന്തസ് ഉയര്‍ത്താം.

(ജോര്‍ദാന്‍ രാജ്ഞിയാണ് റാനിയ അല്‍ അബ്ദുല്ല)


Next Story

Related Stories