TopTop
Begin typing your search above and press return to search.

തിരുവനന്തപുരം സ്റ്റാച്യുവില്‍ ആരാണ് കൂടുതല്‍ പ്രശസ്തന്‍? മാധവറാവുവോ അതോ 'സ്റ്റാച്യു' രമേശനോ?

തിരുവനന്തപുരം സ്റ്റാച്യുവില്‍ ആരാണ് കൂടുതല്‍ പ്രശസ്തന്‍? മാധവറാവുവോ അതോ സ്റ്റാച്യു രമേശനോ?

വിഷ്ണു എസ് വിജയന്‍

“സ്റ്റാച്യു ജംഗ്ഷനിലെ മാധവറാവുവിന്റെ പ്രതിമ എത്ര പ്രസിദ്ധമാണോ അത്രകണ്ട് തന്നെ പ്രസിദ്ധമാണ് രമേശന്റെ പുസ്തകക്കടയും.” പറയുന്നത് സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ തിരുവനന്തപുരം എം പിയുമായിരുന്ന പന്ന്യന്‍ രവീന്ദ്രനാണ്. തിരുവനന്തപുരം നഗരത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്കും ഒരിക്കലെങ്കിലും സ്റ്റാച്യുവില്‍ വന്നിട്ടുള്ളവരുമായ അക്ഷരപ്രേമികള്‍ക്കും ആരാണ് രമേശന്‍ എന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഒട്ടുമിക്ക ആനൂകാലികങ്ങളും പുതിയ പുസ്തകങ്ങളുമെല്ലാം തങ്ങള്‍ക്കായി വഴിയരികില്‍ ഒരുക്കി വെക്കുന്ന “സ്റ്റാച്യു രമേശേട്ടനെ” അവര്‍ മറക്കുന്നതെങ്ങനെ?

ചിലര്‍ക്ക് ഒരിടത്തും ലഭിക്കാത്ത പുസ്തകങ്ങള്‍ വാങ്ങാനൊരിടം, മറ്റു ചിലര്‍ക്ക് ജോലി തിരക്കുകള്‍ ഒക്കെ കഴിഞ്ഞു അല്‍പനേരം സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചര്‍ച്ച ചെയ്യാനൊരിടം. അങ്ങനെ എപ്പോഴും സജീവമായിരിക്കും ഇദ്ദേഹത്തിന്റെ വാതിലുകളില്ലാത്ത വഴിയോരക്കട.

ഈ പുസ്തകക്കട കേന്ദ്രീകരിച്ച് ഇവിടെയൊരു സാംസ്കാരിക സംഘടന രൂപപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതിനായിരുന്നു ഉദ്ഘാടനം.സ്ഥിരമായി സ്റ്റാച്യുവില്‍ പുസ്തകം വാങ്ങുവാനും മറ്റും ഒത്തുകൂടുന്ന രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ചിലരാണ് ഇതിനു പിന്നില്‍. പന്ന്യന്‍ രവീന്ദ്രന്‍ പ്രസിഡനറും എഴുത്തുകാരനും സിനിമപ്രവര്‍ത്തകനുമായ സുനില്‍ സി ജനറല്‍ സെക്രട്ടറിയുമായ സംഘടനയുടെ കോര്‍ഡിനെറ്റര്‍ രമേശനാണ്. പ്രത്യേകമായ ഓഫീസോ,അംഗത്വ ഫീസോ നിബന്ധനകളോ ഒന്നും ഇല്ലാതെയാണ് സംഘടനയുടെ പ്രവര്‍ത്തനം. സ്ഥിരമായി സ്റ്റാച്യുവില്‍ എത്തുന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് താല്പര്യമുള്ള എല്ലാവര്‍ക്കും ഈ സംഘടനയില്‍ പങ്കാളികള്‍ ആകാം. ഇത് സംഘടനയുടെ കാര്യം. പുസ്തകങ്ങളുടെ കൂട്ടുകാര്‍ക്ക് താവളമൊരുക്കി,നിറചിരിയോടെ മാത്രം അവരെ സമീപിച്ച് ചര്‍ച്ചകള്‍ക്ക് കൂട്ടിരിക്കുന്ന ഒരു മനുഷ്യന്‍ ഉള്ളത് കൊണ്ടുമാത്രമാണ് ഇവര്‍ക്ക് ഇങ്ങനെയൊരു സംഘടന ആരംഭിക്കാന്‍ കഴിഞ്ഞത്.

വര്‍ഷങ്ങളായി സ്റ്റാച്യുവിന്‍റെ വളര്‍ച്ചയും വേഗവും കണ്ടറിഞ്ഞ് രമേശന്‍ ഇവിടെ തന്നെയുണ്ട്. എത്രയോ സാഹിത്യ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചു. രക്തരൂക്ഷിതമായ സമരങ്ങളും ലാത്തിചാര്‍ജുകളും കണ്ടു, ചെറുത്തുനില്‍പ്പിന്റെ പട്ടിണി സമരങ്ങളും നില്‍പ്പ് സമരങ്ങളും കണ്ടു. സെക്രട്ടേറിയേറ്റിനുള്ളില്‍ രാഷ്ട്രീയ വന്മരങ്ങള്‍ വീഴുന്നതും ചെറു ചെടികള്‍ മുളച്ചു വരുന്നതും കണ്ടു. എല്ലാം കണ്ടും കെട്ടും രമേശന്‍ ഇപ്പോഴും സ്റ്റാച്യുവില്‍ തന്നെയുണ്ട്.

ഇരുപത്തിയഞ്ചാം വയസിലാണ് രമേശന്‍ അച്ഛന്‍ കൃഷ്ണന്‍ നായരുടെ മരണശേഷം സ്റ്റാച്യുവിലെ പുസ്തകകട ഏറ്റെടുക്കുന്നത്. തുടക്കത്തില്‍ മൂത്ത സഹോദരരനും കൂടെയുണ്ടായിരുന്നു. ജീവിതയാത്രയുടെ ഭാഗമായി സഹോദരന്‍ പുതിയ ജോലികള്‍ അന്വേഷിച്ച് പോയപ്പോള്‍ കട രമേശന്‍റെ ചുമലിലായി.

“ആദ്യ കാലങ്ങളില്‍ വലിയ ഇന്‍ററെസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല സത്യത്തില്‍ എനിക്ക്. അച്ഛന്‍ വീണുപോയപ്പോള്‍ വീടിനു വേറെ വരുമാനം ഒന്നും ഇല്ലാതായി. അപ്പോള്‍ ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. ഞാനും ചേട്ടനും കൂടി കട ഏറ്റെടുത്തു. പിന്നെ പതിയെ പതിയെ പുസ്തകങ്ങളുടെ മണങ്ങളോടും സ്റ്റാച്യുവിലെ വെയിലിനോടും പരിചിതമായി”. പുസ്തക വില്‍പ്പന തുടങ്ങാനുള്ള കാരണത്തെ പറ്റി ചോദിച്ചാല്‍ ഇങ്ങനെയായിരിക്കും ഉത്തരം.

സ്വതസിദ്ധമായ ചിരിയാണ് രമേശനിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുന്ന ഘടകം. പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ അങ്ങനെ രമേശന് പേരറിയാത്തതും അറിയുന്നതുമായ നിരവധിപേര്‍ വന്നു പോകുന്നുണ്ട് ഇവിടെ. എല്ലാവര്‍ക്കും രമേശന്‍ പ്രിയങ്കരനാണ്.

“സ്റ്റാച്യുവില്‍ ഒരുപാട് പുസ്തക ശാലകള്‍ ഉണ്ട്. ഡിസി, കറന്റ്, ദേശാഭിമാനി അങ്ങനെ. എന്നാല്‍ അവിടങ്ങളെക്കാള്‍ ഒരു പ്രത്യേക എനര്‍ജി രമേശന്‍റെ ഈ ചെറിയ പുസ്തകക്കടയ്ക്കുണ്ട്. വായനക്കാരും വില്‍പ്പനക്കാരനും തമ്മില്‍ ഉള്ള ഒരു വൈകാരിക ബന്ധം നമുക്ക് ലഭിക്കുക ഈ കടയില്‍ നിന്ന് മാത്രമായിരിക്കും. നമുക്ക് ആവശ്യമായ പുസ്തകങ്ങളോ ആനൂകാലികങ്ങളോ ഒരുപക്ഷെ സമയത്ത് രമേശന്റെ അടുത്ത് കാണില്ല എങ്കില്‍ എവിടെ പോയി ആയാലും അദ്ദേഹം അത് തപ്പി പിടിച്ചു കൊണ്ട് വരും. അതിനുള്ള കഴിവ് അപാരമാണ്. എന്നിട്ട് അദ്ദേഹം വിളിച്ചു പറയും “ദാ പറഞ്ഞ സാധനം എത്തിയിട്ടുണ്ട് കേട്ടോ”! എവിടെയാണ് ഇത്തരത്തില്‍ ഒരു വില്‍പ്പനക്കാരനെ കിട്ടുക? പന്ന്യന്‍ രമേശനെപറ്റി വാചലനാകുന്നു.“ഇത് കേവലം ഒരു വില്‍പ്പന മാത്രമല്ലല്ലോ.എല്ലാരും പറയുന്നു വായന ഇനി ഓണ്‍ലൈന്‍ ആണ് എന്നൊക്കെ. എന്ത് ലൈനില്‍ വായിച്ചാലും ദേ ഈ മാതൃഭൂമി ഇങ്ങനെയെടുത്തൊന്നു മറിക്കുന്ന സുഖം കിട്ടുമോ?” രമേശന്‍ പുസ്തകങ്ങള്‍ അടുക്കി വെക്കുന്നിടയില്‍ ചോദിച്ചു.

ലാഭ നഷ്ടങ്ങളെ കുറിച്ച് ചോദിച്ചാലും കാണും വ്യക്തമായ ഒരു മറുപടി “ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും കഴിയാനുള്ള വകയൊക്കെ കിട്ടുന്നുണ്ട്.പിന്നെ മഴയൊക്കെ വരുമ്പോള്‍ പെട്ടുപോകും. കുറെ പുസ്തകങ്ങള്‍ നനഞ്ഞു ചീത്തയാകും. അത് നഷ്ടമാണ്. ജീവിതത്തില്‍ ലാഭം മാത്രം പോരല്ലോ. അപ്പോള്‍ അതിനെ ജീവിതങ്ങളെന്ന് വിളിക്കാന്‍ പറ്റോ? മനസിന്‌ സുഖമുള്ള ജോലി ചെയ്യുമ്പോഴാണല്ലോ സന്തോഷം...ഏത്?" തനി തിരുവനതപുരം ഭാഷയില്‍ നീട്ടിയും കുറുക്കിയും രമേശന്‍ മറു ചോദ്യം എറിഞ്ഞു ആ ചോദ്യത്തെ കുഴപ്പിച്ചു.

ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് രമേശന്. കിട്ടുന്നതില്‍ പകുതി വരുമാനം കൂടെ സഹായി ആയിക്കൂടിയ സുഹൃത്തിനും നല്‍കും. രണ്ടുപേര്‍ക്കും സന്തോഷം.

സ്റ്റാച്യു ജംഗ്ഷന്‍റെ വളര്‍ച്ച നേരിട്ട് കണ്ട ആളാണ് രമേശ്‌. “ചെറിയ റോഡായിരുന്നു. ഇത്രേം കടകളും ഇല്ലാരുന്നു. വലിയ വലിയ ആളുകളൊക്കെ ഇതുവഴി എപ്പോഴും പോകും. ചിലര്‍ ഇവിടെയിറങ്ങി പുസ്തകം വാങ്ങും. പുതിയ കെട്ടിടങ്ങള്‍ വന്നപ്പോള്‍ പഴയ കച്ചവടക്കാരൊക്കെ പെരുവഴിയിലായി. നമുക്ക് കെട്ടിടമില്ലാത്തത്‌ കൊണ്ട് പ്രശ്നമുണ്ടായില്ല. മുന്‍പ് സമരം വരുമ്പോള്‍ സമരക്കാര്‍ നാലുപാടും ഓടും അടികിട്ടുമ്പോള്‍. അന്ന് ഇന്നത്തെപോലെ ഒരു വശത്തേക്ക് മാത്രമല്ല സമരം നടക്കുന്നത്.എല്ലാ വശത്ത് നിന്നും സമരക്കാര്‍ വരും, പോലിസ് അവരെ എല്ലാ വശത്തേക്കും തല്ലി ഓടിക്കും. ചിലരോടി ഇങ്ങോട്ടും വരും.പിന്നെ പതിയെ ആ ശീലമൊക്കെ മാറി.” അന്നത്തെയും ഇന്നത്തെയും മാറ്റങ്ങളെ കുറിച്ച് രമേശന്‍ പറയുന്നു.

സാഹിത്യ വാരഫലം എം കൃഷ്ണന്‍ നായര്‍, കവികളായ എ അയ്യപ്പന്‍, ഡി വിനയചന്ദ്രന്‍, നോവലിസ്റ്റ് പിഎന്‍ പണിക്കര്‍, ഒ എന്‍ വി കുറുപ്പ് തുടങ്ങി നിരവധിപേര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇവിടെ.

“അയ്യപ്പന്‍ ഇല്ലാത്തതാണ് വിഷമം. ഞങ്ങളെപ്പറ്റിയൊക്കെ കവിത ചൊല്ലുമായിരുന്നു.” അയ്യപ്പന്‍റെ വിയോഗത്തെ പറ്റി ഇപ്പോഴും വിഷമത്തോടെയല്ലാതെ രമേശന് കഴിയില്ല.

ദിനം പ്രതി വളരുന്ന തലസ്ഥാനനഗരത്തിനൊപ്പം സ്റ്റാച്യു ജംഗ്ഷനും മാറുകയാണ്. ശീതീകരിച്ച ചില്ല് കൂടുകള്‍ക്കിടയില്‍ പുസ്തകങ്ങളെ അടച്ചിടാന്‍ ഇഷ്ടമല്ലാത്ത, ആളിനും അരവത്തിനും ഇടയില്‍ നില്ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന രമേശന്‍ ഇവിടെ തന്നെയുണ്ട്. മാറുന്ന ലോകത്തിലെ മാറാത്ത സാക്ഷിയായി.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)


Next Story

Related Stories