TopTop
Begin typing your search above and press return to search.

അന്ന് തിക്രിതില്‍ നിന്നും 46 നഴ്‌സുമാര്‍ ടേക്ക് ഓഫ് ചെയ്ത യഥാര്‍ത്ഥ കഥ

അന്ന് തിക്രിതില്‍ നിന്നും 46 നഴ്‌സുമാര്‍ ടേക്ക് ഓഫ് ചെയ്ത യഥാര്‍ത്ഥ കഥ

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രം ഓരോ മലയാളിയെയും മൂന്ന് വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. സംഭവകഥയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ ചിത്രം ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബന്ദികളാക്കിയ നഴ്‌സുമാരുടെ കഥയാണ് പറയുന്നത്. 2014ല്‍ ഇറാഖിലെ തിക്രിതില്‍ 46 നഴ്‌സുമാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. ഇതില്‍ ഒരാളൊഴികെ മറ്റെല്ലാവരും മലയാളികളായിരുന്നു. അന്ന് അവരെ മോചിപ്പിച്ച ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ ആഗോള തലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മനസ് മാറിയത് എങ്ങനെയാണെന്ന് ഇപ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ചോദ്യമാണ്. ഇറാഖ് റെഡ് ക്രസന്റിന്റെയോ സൗദി അറേബ്യന്‍ അധികൃതരുടെയോ സഹായത്തോടെ ഏതെങ്കിലും വിധത്തിലുള്ള ധാരണയുണ്ടാക്കുകയോ ഇടപാടുകളുണ്ടാകുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ മോചനദ്രവ്യം നല്‍കിയിട്ടുണ്ടെന്ന സംശയവും അക്കാലത്ത് ഉന്നയിക്കപ്പെട്ടിരുന്നു. അക്കാലത്ത് നാല് ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇസ്ലാമിക് സ്റ്റേറ്റിന് ഉണ്ടായിരുന്നത് എന്നാണ് കണക്കാക്കിയിരുന്നത്. കൂടാതെ മോചനദ്രവ്യം ഇസ്ലാംവിരുദ്ധമാണ്. അതിനാല്‍ തന്നെ ഇവരുടെ മോചനത്തില്‍ മോചനദ്രവ്യം ഉപയോഗിച്ചിട്ടില്ല എന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്. നേരത്തെ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം ഐഎസ് ഭീകരര്‍ റാഞ്ചിയപ്പോഴും മധ്യസ്ഥന്മാരില്‍ ഒരാള്‍ പറഞ്ഞത് താലിബാന്‍ മേധാവി മുല്ല ഒമര്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് എതിരാണെന്നാണ്.

എന്തായാലും നഴ്‌സുമാരെ തിരികെ എത്തിക്കാന്‍ മികച്ച ഒരു ധാരണ തന്നെയാണ് അന്നുണ്ടായതെന്ന് ഉറപ്പ്. ഇസ്ലാമിക് സ്റ്റേറ്റുമായി ധാരണയുണ്ടാക്കാന്‍ അന്ന് ഇന്ത്യന്‍ ഭരണകൂടം സൗദി അധികൃതരുടെ സഹായവും തേടിയിരുന്നു.

ആദ്യം നഴ്‌സുമാരെ ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോകാന്‍ പോലും അനുവദിക്കാതിരുന്ന ഭീകരര്‍ 2014 ജൂലൈ മൂന്നാം തിയതിയോടെ അവരെ മോചിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അതിന് മുന്നോടിയായി നഴ്‌സുമാരെ ആദ്യം മൊസൂളിലേക്കും അവിടെ നിന്ന് എര്‍ബിലിലേക്കും കൊണ്ടുപോയി. തിക്രിതില്‍ വച്ചു തന്നെ ബന്ദികളുടെ കൈമാറ്റം അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് അനുവദിക്കാതെ വരികയായിരുന്നു.

ഇറാഖി സൈന്യം തക്രിത് പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതും കൈമാറ്റം ഇവിടെ വച്ചായാല്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ വെളിപ്പെടുമെന്നതുമാണ് ഇതിന് കാരണം. തിക്രിതില്‍ നിന്നും പുറത്തു കൊണ്ടുവന്ന ബന്ദികളെ മൊസ്യൂളിലെ അജ്ഞാത കേന്ദ്രത്തിലാണ് പാര്‍പ്പിച്ചത്. പിന്നീട് നിഷ്പക്ഷ വേദിയായ എര്‍ബിലില്‍ എത്തിച്ച് ഇവരെ മോചിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഈ വിഷയത്തെ ക്ഷമാപൂര്‍വം കൈകാര്യം ചെയ്തതാണ് വിജയം കണ്ടത്. അതേസമയം ഭീകരരുമായി ഉണ്ടാക്കിയ നയതന്ത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഒരുകാലത്തും പുറത്തുവിടാന്‍ അവര്‍ തയ്യാറായതുമില്ല.

46 നഴ്‌സുമാരും മോചിതരായെങ്കിലും ഭാവിയെക്കുറിച്ച് വലിയ ആശങ്കയുമായാണ് ഇവര്‍ മടങ്ങിയെത്തിയത്. കാരണം ഇറാഖിലെ പ്രതിമാസം 750 ഡോളര്‍ വരുമാനമുള്ള ജോലിക്കായി ഡല്‍ഹിയിലെ ഒരു ഏജന്‍സിയ്ക്ക് 1.5 ലക്ഷം രൂപ വീതമാണ് നല്‍കിയിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും കിടപ്പാടം പോലും പണയം വച്ചും വിറ്റുമാണ് വലിയ പ്രതീക്ഷകളുമായി ഇറാഖിലെത്തിയത്.

'തിക്രിതിലെ ആശുപത്രി കെട്ടിടത്തില്‍ നാല് ഭീകരര്‍ തങ്ങളെ ബസിലേക്ക് കയറ്റുമ്പോള്‍ തങ്ങളില്‍ പലരും കരയുകയായിരുന്നു. ബസിലിരുന്നുകൊണ്ട് ആശുപത്രിക്ക് ഭീകരര്‍ ബോംബ് വയ്ക്കുകയും ചെയ്തു.' സ്‌ഫോടനത്തില്‍ ചില്ലുകള്‍ തകര്‍ന്ന് തങ്ങളില്‍ പലരുടെയും ദേഹത്ത് കൊണ്ട് കയറിയതായി അന്ന് രക്ഷപ്പെട്ട കോട്ടയം സ്വദേശി നിത്യമോള്‍ എംജെ എന്ന നഴ്‌സ് അന്ന് മാധ്യമങ്ങളോട് പറഞ്ഞു. പലരും പരസ്പരം കെട്ടിപ്പിടിച്ച് കണ്ണീരും രക്തവും തുടച്ചുകൊടുക്കുകയായിരുന്നു. പരിചയക്കാരായ ചില നഴ്‌സുമാരുടെ വാക്കുകള്‍ വിശ്വസിച്ചാണ് തങ്ങള്‍ ഇറാഖില്‍ ജോലിയ്‌ക്കെത്തിയതെന്നും എന്നാല്‍ സാഹചര്യങ്ങള്‍ മാറിയത് വളരെ പെട്ടെന്നാണെന്നും തലയോലപ്പറമ്പ് സ്വദേശിയായ നീന ജോസഫ് പറഞ്ഞു.

2013 ഓഗസ്റ്റിലാണ് 33 പേരടങ്ങുന്ന നഴ്‌സുമാരുടെ ആദ്യ സംഘം ഇറാഖിലെത്തിയത്. 2014 ഫെബ്രുവരിയോടെ ബാക്കിയുള്ള 13 പേര്‍ കൂടിയെത്തി. തിക്രിതിലെ ആശുപത്രി തന്നെയായിരുന്നു അവിടെ ജോലിയില്‍ പ്രവേശിച്ച കാലം മുതല്‍ ഇവരുടെ താമസസ്ഥലവും. പുറംലോകവുമായുള്ള ഇവരുടെ ഏകബന്ധം ജനലിലൂടെ കാണുന്ന ആകാശവും.

അതേസമയം പുറത്തു നടക്കുന്ന ആക്രമണങ്ങളുടെ വ്യാപ്തി തങ്ങള്‍ക്ക് മനസിലായത് ജൂണ്‍ 12നാണ്. ആശുപത്രിക്ക് സമീപം ബോംബ് സ്‌ഫോടനവും കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നതും പതിവായതോടെയായിരുന്നു ഇത്. അതോടെ ഇറാഖികളായ നഴ്‌സുമാര്‍ ഈ നഗരം വിട്ടുപോകാന്‍ തീരുമാനിക്കുന്നതായി അടക്കിപ്പറയാന്‍ തുടങ്ങി. അതോടെയാണ് ഇന്ത്യക്കാരായ നഴ്‌സുമാര്‍ യഥാര്‍ത്ഥത്തില്‍ കെണിയിലകപ്പെട്ടത്. അപ്പോഴും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളാണ് അവര്‍ക്ക് രക്ഷയേകിയത്. അതുവഴി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. മടങ്ങിയെത്തിയ നിത്യമോള്‍ ഇന്ത്യാ ടുഡെയോട് പറഞ്ഞു.

ബാഗ്ദാദിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് കുമാറിനെ ജൂണ്‍ 13ന് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച അവര്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ബന്ധപ്പെട്ടു. ഒരാളൊഴികെ അവിടെ അകപ്പെട്ട നഴ്‌സുമാരെല്ലാം മലയാളികളായിരുന്നു.

അപ്പോഴേക്കും ആ വലിയ ആശുപത്രിയില്‍ നിന്നും രോഗികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. അക്രമികളെ ഭയന്ന് പുറത്തേക്ക് പോലും ഇറങ്ങാന്‍ സാധിക്കാത്ത നഴ്‌സുമാര്‍ അക്കാലങ്ങളില്‍ ടെലിവിഷനില്‍ സ്‌ക്രോള്‍ ചെയ്യുന്ന വാര്‍ത്തകളില്‍ നിന്നുമാണ് പുറത്തെ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ഇറാഖി ആരോഗ്യ മന്ത്രാലയത്തിലെ ഡോ. മുഹമ്മദ് ആണ് നഴ്‌സുമാര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്. എന്നാല്‍ ജൂണ്‍ അവസാനം ഭീകരര്‍ തിക്രിത് പിടിച്ചെടുത്തതോടെ അദ്ദേഹത്തില്‍ നിന്നുള്ള സഹായവും നിലച്ചു.

ജൂണ്‍ മുപ്പതിനാണ് ആശുപത്രിയ്ക്കുള്ളില്‍ ഭീകരര്‍ പ്രവേശിച്ചതും നഴ്‌സുമാരെ ബന്ദികളാക്കിയതും. അന്ന് വൈകുന്നേരം തന്നെ ആശുപത്രിയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നാണ് ഭീകരര്‍ ആദ്യം ആവശ്യപ്പെട്ടത്. അവര്‍ ഉമ്മന്‍ ചാണ്ടിയെയും അജയ് കുമാറിനെയും ഫോണില്‍ വിളിച്ചപ്പോള്‍ ഭീകരരെ പ്രകോപിപ്പിക്കേണ്ടെന്നും അവരെ അനുസരിക്കുന്നതാണ് നല്ലതെന്നുമാണ് മറുപടി ലഭിച്ചത്. വേണ്ടത് ഉടന്‍ ചെയ്യാമെന്ന ഉറപ്പും ഇരുവരില്‍ നിന്നും ലഭിച്ചു.

അതേസമയം ഭീകരര്‍ പിന്നീട് അവിടേക്ക് വന്നില്ല. ജൂണ്‍ രണ്ടിന് ആശുപത്രിയ്ക്ക് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ അത്യാഹിത വിഭാഗവും ബ്ലഡ് ബാങ്കും തകര്‍ന്നു വീണു. തങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നൂറ് മീറ്റര്‍ അകലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീപിടിച്ചിരിക്കുന്നത് കാണാമായിരുന്നെന്ന് നിത്യമോള്‍ പറയുന്നു. പിറ്റേദിവസം ആശുപത്രിയിലെത്തിയ ഭീകരര്‍ 15 മിനിറ്റനകം ആശുപത്രിയില്‍ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ ആശുപത്രിയ്ക്ക് പൂര്‍ണമായും തീയിടാന്‍ പോകുകയാണെന്നും അതിന് മുമ്പ് നഴ്‌സുമാരെ മൊസ്യൂളില്‍ എത്തിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥിതിഗതികള്‍ വഷളാക്കാതെ അവര്‍ പറയുന്നത് അനുസരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഇതിനിടെ തങ്ങളെ ആരെയും ഉപദ്രവിക്കില്ലെന്ന ഉറപ്പും നഴ്‌സുമാര്‍ക്ക് ഭീകരരില്‍ നിന്നും ലഭിച്ചു. ഇതിനിടെ ഡല്‍ഹിയില്‍ നിന്നും നഴ്‌സുമാര്‍ക്ക് വിവിധ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികളെത്തി. സഞ്ചാരത്തിനിടെയില്‍ പുറത്തു കാണുന്ന ബോര്‍ഡുകളിലെ സ്ഥലപേരുകള്‍ സന്ദേശമയയ്ക്കാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തു.

മൊസ്യൂളിലെത്തിച്ച ശേഷം ഇവരുടെ കണ്ണുകള്‍ മറച്ചും കൈകള്‍ കെട്ടിയിട്ടുമാണ് മുന്നോട്ട് കൊണ്ടുപോയത്. അവിടെ അവരെ എത്തിച്ച മുറിയില്‍ വൈദ്യുതി സോക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ജൂലൈ നാലിന് നഴ്‌സുമാരെയെല്ലാം ഭീകരര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ വിമാനത്താവളത്തിലെത്തിക്കാതെ ഇവരെ ഒരു കെട്ടിടത്തില്‍ താമസിപ്പിക്കുകയാണ് ചെയ്തത്. പുറത്തുപോയി തിരിച്ചെത്തിയ ഭീകരര്‍ രണ്ട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ബസില്‍ ഇവരെ എത്തിച്ച് മടങ്ങി.

രാത്രി 8.45ഓടെ എര്‍ബില്‍ വിമാനത്താവളത്തില്‍ ഇവരെത്തി. ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി ഭീകരരുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ മോചനം ഇത്ര എളുപ്പമാക്കിയതെന്ന് നിത്യമോള്‍ പറയുന്നു. അതേസമയം ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പിറ്റേന്ന് രാവിലെ 4.10ഓടെ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറിയതോടെയാണ് തങ്ങള്‍ക്ക് ആശ്വസിക്കാന്‍ സാധിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.

മടങ്ങിയെത്തിയെങ്കിലും നിത്യമോളുടേത് ഉള്‍പ്പെടെ പലരുടെയും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതായിരുന്നില്ല. കൂലിത്തൊഴിലാളിയായ പിതാവിന് സഹായമാകുകയെന്ന ലക്ഷ്യത്തോടെയാണ് നിത്യമോള്‍ ഇല്ലാത്ത പണമുണ്ടാക്കി ഇറാഖിലെത്തിയത്. ഇതിനായി ഇവര്‍ ആകെയുള്ള കിടപ്പാടം പണയപ്പെടുത്തുകയായിരുന്നു. കേരളത്തിലെ പല ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ആറായിരത്തില്‍ താഴെ മാത്രമാണ് വേതനം ലഭിക്കുന്നത്. പഠിക്കാന്‍ എടുത്ത ലോണും വീട്ടിലെ ആവശ്യങ്ങള്‍ക്കും ഇത് തികയുന്നില്ല എന്നതാണ് പല നഴ്‌സുമാരെയും ഇറാഖ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്.


Next Story

Related Stories