TopTop
Begin typing your search above and press return to search.

നായയായാലും തെരുവ് നായയായാലും മനുഷ്യന് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

നായയായാലും തെരുവ് നായയായാലും മനുഷ്യന് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

തെരുവുനായ് പ്രശ്‌നത്തില്‍ പല ചാനലുകളിലായി സംഘടിപ്പിച്ച നിരവധി ചര്‍ച്ചകള്‍ കണ്ടു. നായ് പക്ഷത്തുനിന്ന് സംസാരിക്കുന്ന ആക്ടിവിസ്റ്റുകള്‍ മരുന്ന് കമ്പനികളുടെ കാശുവാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെരുവ് നായ് ഉന്മൂലനവാദികളുടെ നേതാവിന്റെ വക ഗൂഢാലോചനാ സിദ്ധാന്തം. ഉന്മൂലന വാദികള്‍ നായ്ക്കളുടെ തദ്ദേശവിഭാഗത്തെ കൊന്നൊടുക്കി വിദേശ ഇനം നായക്കളും അവയുടെ ഭക്ഷണവും സോപ്പും ഷാമ്പുവും എല്ലാം ചേരുന്ന ഒരു വന്‍ വിപണിക്ക് വഴിതുറക്കാനായി വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിന്നവരാണെന്ന് നായ് പക്ഷത്തിന്റെ ഇന്‍സ്റ്റന്റ് കൗണ്ടര്‍. വികാരവും വിക്ഷോഭവും പോര്‍വിളിയും ആരോപണവും ഒക്കെയായി ഒരു വന്‍ ജഗപൊക എന്നല്ലാതെ ഒരു ചര്‍ച്ചയും ഈ പ്രശ്‌നത്തിന്റെ കാര്യകാരണങ്ങളെ ശാസ്ത്രീയമായി സമീപിക്കാന്‍ ശ്രമിക്കുന്നതായി കണ്ടില്ല.തെരുവ് നായ് സ്‌നേഹികള്‍ ക്രൂരതയെ കുറിച്ചും ജീവജാലങ്ങള്‍ക്ക് എല്ലാം തുല്യമായുള്ള ജീവിക്കാനുള്ള അവകാശത്തെയും ഒക്കെ കുറിച്ച് വികാരാധീനരാകുമ്പോള്‍ മറുപക്ഷത്ത് ജോസ് മാവേലിയെ പോലെയുള്ളവര്‍ സകല തെരുവുനായ്ക്കള്‍ക്കും പേയാണ്, അല്ലെന്ന് എങ്ങനെ പറയാമ്പറ്റും തുടങ്ങിയ വിചിത്രമായ വാദങ്ങളുന്നയിച്ചുകൊണ്ടാണ് സംവാദം നയിക്കുന്നത്!

തെരുവില്‍ നായ്ക്കള്‍ ഉണ്ട് എന്നതും അവയില്‍ ചിലത് ആക്രമണകാരികളാണെന്നതും സത്യം. അവയുടെ ആക്രമണത്തിന് ഇരയായി ചികില്‍സ തേടേണ്ടിവന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചവയല്ല. അവരില്‍ ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ് എന്നതും ആരും വെറുതേ ഉണ്ടാക്കി പറയുന്നതല്ല. പക്ഷേ ഒരുകൂട്ടര്‍ പറയുന്നത് പോലെ തെരുവിലുള്ള നായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍, അല്ലെങ്കില്‍ മറുപക്ഷം പറയുമ്പോലെ അവയെ വന്ധ്യംകരിച്ച് ഷെല്‍ട്ടറില്‍ അടച്ചാല്‍ ഈ പ്രശ്‌നം തീരുമോ? ഇത്തരം രണ്ടിലൊന്ന് പരിഹാരങ്ങള്‍ പ്രായോഗികമായി നടപ്പാകുന്നവയാണോ തുടങ്ങിയ കാര്യങ്ങളെങ്കിലും ഒപ്പം അന്വേഷിക്കേണ്ടതില്ലേ?

തെരുവ് നായ്ക്കളെല്ലാം അപകടകാരികളാണോ?
വര്‍ഷത്തില്‍ രണ്ട് തവണ 15-ഉം, 60-ഉം ദിവസങ്ങള്‍ നീളുന്ന അവധിക്ക് നാട്ടില്‍ വന്നുപോകുന്ന ഒരു പ്രവാസിയാണ് ഞാന്‍. നാട്ടില്‍ താമസം കൊല്ലത്ത് ചാത്തന്നൂര്‍ എന്ന സ്ഥലത്താണ്. ചന്തയോട് ചേര്‍ന്നുള്ള ഞങ്ങളുടെ വഴിയില്‍ തന്നെ പത്തിരുപത് എണ്ണം വരുന്ന തെരുവ് നായ്ക്കളുടെ ഒരു സംഘം ജീവിച്ച് പോരുന്നുണ്ട്. അവിടത്തെ ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളും കോഴിക്കടകളും ഹോട്ടലുകളും ഒക്കെ പുറന്തള്ളുന്ന 'മാലിന്യ'ങ്ങളാണ് ഇവരുടെ പ്രധാന വയറ്റിപ്പിഴപ്പ്. കൂട്ടത്തില്‍ ചിലര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെയും ഓട്ടോക്കാരുടെയും ഓമനകളായും ഉണ്ട്. അവര്‍ തങ്ങളുടെ തെരുവ് യജമാനന്മാര്‍ വരുന്നതും കാത്ത് കിടക്കും. അവര്‍ കൃത്യമായി മൂന്ന് നേരം തങ്ങള്‍ കഴിക്കുന്നതില്‍ പങ്ക് കൊടുക്കും. അത്തരം ഭാഗ്യം ലഭിക്കാത്ത നായ്ക്കളും ഉണ്ട്. അവരാണ് ഭൂരിപക്ഷവും. പക്ഷേ ഇവര്‍ ഒന്നും തന്നെയും അങ്ങനെ ആക്രമണകാരികളായി എന്റെ അനുഭവത്തില്‍ തോന്നിയിട്ടില്ല.

നിവൃത്തിയുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് ജങ്ഷനിലേയ്ക്ക് നടന്ന് മാത്രം പോകാറുള്ള ഒരാളാണ് ഞാന്‍. ദൂരയാത്രകള്‍ കഴിഞ്ഞ് അര്‍ദ്ധരാത്രിക്ക് ചാത്തന്നൂര്‍ വന്നിറങ്ങിയാലും നടക്കാനുള്ള അകലമേ ഉള്ളു എന്നതിനാല്‍ ഓട്ടോ പിടിക്കാറില്ല. ഈ നായ്ക്കള്‍ അപ്പൊഴൊക്കെയും തെരുവില്‍ ഉണ്ടാകും. അവ അവയുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോകും. മക്കള്‍ കാലത്ത് ആറുമണി നേരത്ത് ട്യൂഷന് പോകുന്നതും വൃദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനും മുമ്പേ അമ്പലത്തില്‍ പോകുന്നതും ഈ സംഘത്തെ കടന്നാണ്. എന്നെയെന്നല്ല, അവിടെ ആരെയും ഈ നായ്ക്കള്‍ ആക്രമിച്ചതായി പറഞ്ഞ് കേട്ടിട്ടില്ല.

ഈ പറഞ്ഞത് ഒരു അനുഭവസാക്ഷ്യം വച്ച് നാട്ടില്‍ ആക്രമണകാരികളായ തെരുവുനായ്ക്കള്‍ ഇല്ല എന്ന് സ്ഥാപിക്കാനല്ല, മറിച്ച് തെരുവ് നായ്ക്കള്‍ എല്ലാം ആക്രമണകാരികളാണ്, എല്ലാറ്റിനും പേയാണ് തുടങ്ങിയ വാദങ്ങള്‍ ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്. അതായത് നായയെ തെരുവില്‍ ഉപേക്ഷിച്ചാല്‍ വളര്‍ച്ചയെത്തുന്നതോടെ അത് വളര്‍ത്തുമൃഗമെന്ന നിലവിട്ട് നരഭോജിയായ ഒരു വന്യമൃഗമായി മാറും എന്ന നിഗമനം അശാസ്ത്രീയമാണ് എന്ന്.

തെരുവ് പട്ടിയും പേപ്പട്ടിയും
തെരുവ് നായ് പ്രശ്‌നം പരിഹരിക്കാനായി വര്‍ഷങ്ങളായി പണിയെടുക്കുന്ന ശ്രീ മാവേലിയെ പോലുള്ള ഒരാള്‍ പോലും അവയ്ക്ക് മുഴുവന്‍ പേയാണ് എന്ന് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് പരസ്യമായി വാദിക്കുന്നത് വിചിത്രമാണ്. പേ പിടിച്ച പട്ടി കണ്മുമ്പില്‍ കാണുന്നതിനെയൊക്കെ ആക്രമിക്കുന്നതും തെരുവ് പട്ടികള്‍ കൂട്ടം കൂടി മനുഷ്യരെയും വളര്‍ത്ത് മൃഗങ്ങളെയും ആക്രമിക്കുന്നതും രണ്ടും രണ്ട് പ്രശ്‌നമാണ് എന്ന മിനിമം വിവരം പോലും ഇല്ലെങ്കില്‍ പിന്നെ ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് എന്ത് ഫലം?

പേപ്പട്ടിയെ കൊല്ലുന്നത് മൃഗസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കുറ്റകൃത്യമാണോ? അല്ല എന്നാണ് എന്റെ അറിവ്. രോഗബാധ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പീഢ അനുഭവിക്കുന്ന മൃഗങ്ങളെ കൊല്ലാമെന്ന് ആക്റ്റിലെ മൂന്നാം ചാപ്റ്ററില്‍, 'ഡിസ്ട്രക്ഷന്‍ ഓഫ് സഫറിങ് ആനിമല്‍' എന്ന പതിമൂന്നാം ഭാഗത്ത് പറയുന്നുണ്ട്.

13. Destruction of suffering animals.—

(1) Where the owner of an animal is convicted of an offence under section 11, it shall be lawful for the court, if the court is satisfied that it would be cruel to keep the animal alive, to direct that the animal be destroyed and to assign the animal to any suitable person for that purpose, and the person to whom such animal is so assigned shall, as soon as possible, destroy such animal or cause such animal to be destroyed in his presence without unnecessary suffering, and any reasonable expense incurred in destroying the animal may by ordered by the court to be recovered from the owner as if it were a fine:


അതായത് തെരുവ് പട്ടികള്‍ക്ക് എല്ലാം മാവേലി പറയുമ്പോലെ പേയാണെങ്കില്‍ അതിനെ കൊല്ലുന്നതിന് നിയമ തടസ്സം പോലുമില്ല; വടിയും കല്ലുമായി നാട്ടുകാര്‍ കൂടി എറിഞ്ഞും അടിച്ചും കൊല്ലുന്ന സ്ഥിരം പരിപാടിയല്ലെങ്കില്‍. അപ്പോള്‍ പിന്നെ ബാക്കിയാവുന്നത് പേയില്ലാത്ത, ആക്രമണകാരികളായ തെരുവ് നായ്ക്കളുടെ കാര്യമാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കര്‍ശന നിരീക്ഷണത്തില്‍ നടക്കുന്ന ഒന്നല്ലെങ്കില്‍ സംഭവിക്കുക താരതമ്യേനെ നിരുപദ്രവകാരികളും അതുകൊണ്ട് തന്നെ എളുപ്പത്തില്‍ പിടിക്കാവുന്നവരുമായ നായ്ക്കളെ കുടുക്കെറിഞ്ഞ് പിടിച്ച് കൊന്നുതള്ളി ആര്‍പ്പുവിളിക്കുക എന്നതായിരിക്കും. ആക്രമണകാരികളായ നായ്ക്കള്‍ പലപ്പോഴും ഇതില്‍ നിന്ന് രക്ഷപെടുകയും ചെയ്യും. കാരണം ആക്രമണകാരികളായ അത്തരം നായ്ക്കള്‍, മനുഷ്യരോട് താരതമ്യേനെ കൂടുതല്‍ അടുപ്പമുള്ള സാധാരണ തെരുവ് നായ്ക്കളെക്കാള്‍ സ്വാഭാവികമായും കൂടുതല്‍ അകലം പാലിക്കും എന്നത് തന്നെ. ആക്രമിച്ച് കീഴടക്കാനാവുമെന്ന് ഏതാണ്ട് ഉറപ്പുള്ള ഇരയെ അല്ലാതെ അത്തരം നായ്ക്കള്‍ ആക്രമിക്കില്ല എന്നു മാത്രമല്ല, അടുക്കുകയേ ഇല്ല. നാട്ടിലെ നാം കണ്ട് ശീലിച്ച 'റിബ'ലുകളെ വച്ച് തെരുവ് നായ്ക്കളെ അളക്കരുത് എന്ന് ചുരുക്കം.

നായ്ക്കള്‍
മനുഷ്യന്റെ ആവാസവ്യവസ്ഥ അനിവാര്യമെന്നോണം മാലിന്യ കൂമ്പാരങ്ങളെ സൃഷ്ടിക്കുന്നു. വേട്ടയുടെ ബുദ്ധിമുട്ടും അനിശ്ചിതത്വവുമില്ലാത്ത ഒരു ഭക്ഷണ സ്രോതസ്സ് കണ്ടെത്തിയ ചെന്നായ പോലെയുള്ള വന്യമൃഗങ്ങളില്‍ ഒരു വിഭാഗം അവിടെ തമ്പടിക്കുകയും കാലക്രമേണെ സ്ഥിരം അന്നദാതാക്കളായ മനുഷ്യരുമായി ഇണങ്ങുകയും ചെയ്യുന്നു. ഇത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു കാലത്ത് നടന്ന് പിന്നെ എല്ലായിടത്തേക്കും വ്യാപിക്കുന്ന ഒരു പ്രക്രിയയല്ല, മറിച്ച് പല ഇടങ്ങളില്‍ ഒരുമിച്ച് നടക്കുകയും ദേശാടനങ്ങളിലൂടെ കലര്‍പ്പും അതിന്മേല്‍ കലര്‍പ്പുമായി തുടരുന്ന ഒരു പ്രക്രിയയാണ്.

വളര്‍ത്തുമൃഗങ്ങളായി പരിണമിക്കുന്ന പ്രക്രിയയില്‍ ഉടനീളം ഇവര്‍ തങ്ങളുടെ സ്വാഭാവിക ജനുസ്സില്‍പ്പെട്ട, വന്യമൃഗങ്ങളായി തുടരുന്നവയുമായി ബന്ധപ്പെടുകയും കലര്‍പ്പ് അനുസ്യൂതം തുടരുകയും ചെയ്യുന്നു. നാടന്‍ പട്ടികളും കുറുക്കന്മാരുമായി ഉള്ള ബന്ധത്തില്‍ ജനിച്ച നായ്ക്കളെ കുറിച്ച് വനങ്ങളുമായി സാമീപ്യമുള്ള ഗ്രാമങ്ങളില്‍ ഉള്ളവര്‍ നല്‍കുന്ന അനുഭവ സാക്ഷ്യങ്ങള്‍ ഇതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ കൗതുകം കൂടുന്നു.

തങ്ങള്‍ അളന്നെടുത്ത മേഖലയില്‍ തങ്ങളുടെ വിഭാഗത്തില്‍ പെട്ടവരായാല്‍ പോലും ഇതര കൂട്ടങ്ങളെ കടക്കാന്‍ അനുവദിക്കാത്ത, ചെന്നായ്ക്കും ഉള്ള അതിജീവനബന്ധിയായ മൃഗവാസനയെ മനുഷ്യന്‍ തന്റെ വ്യക്തിപരമോ ഗോത്രീയമോ ആയ അതിരുകാക്കലിന് ഉപയോഗിക്കാന്‍ പറ്റും എന്ന് കണ്ടെത്തിയതോടെ നായ ഉണ്ടായി എന്ന തരത്തിലുള്ള ഒരു പഠനം ഇവിടെയുണ്ട്. (http://www.theatlantic.com/science/archive/2016/06/the-origin-of-dogs/484976/) ഇതില്‍ നരവംശ ശാസ്ത്രജ്ഞനായ ലാര്‍സണ്‍ ഒരു പറ്റം ചെന്നായ്ക്കളുമായുള്ള നമ്മുടെ പങ്കാളിത്ത വികസനം സ്വാഭാവിക പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ തന്നെ മാറ്റിമറിച്ചു എന്ന് നിരീക്ഷിക്കുന്നു.

ചിലര്‍ പതിനായിരം കൊല്ലമെന്നും, ചിലര്‍, അല്ല മൂവായിരം കൊല്ലമെന്നും ഒക്കെ വാദിക്കുന്ന ചെന്നായയുടെ നായയിലേയ്ക്കുള്ള ഈ മെരുങ്ങല്‍ എന്തായാലും ഈ സര്‍ക്കാരിന്റെ കാലത്തോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തോ സംഭവിച്ചതാകാന്‍ എങ്കിലും വഴിയില്ല. അപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ, പതിനായിരക്കണക്കിന് തലമുറകളിലൂടെ നടന്ന ഒരു പരിണാമ പ്രക്രിയ ഒരു തെരുവ് നായയുടെ ജീവിതകാലത്തിനുള്ളില്‍ തിരിഞ്ഞ് വീഴാനും സാദ്ധ്യതയില്ല. അതായത് ഏതാനും തലമുറ തെരുവില്‍ കഴിഞ്ഞു എന്നതുകൊണ്ട് മനുഷ്യനെ ഉപജീവിച്ച് നിലനില്‍ക്കുന്ന വളര്‍ത്ത് മൃഗമായ പട്ടി സവിശേഷമായ ഒരു കാരണവുമില്ലാതെ പൊടുന്നനെ, റാന്‍ഡമായി നരഭോജിയായ വന്യമൃഗമായി മാറില്ല.

തെരുവ് നായ
നായ എങ്ങനെ ഉണ്ടായി എന്നതിലുപരി വന്യജീവിയില്‍നിന്ന് വളര്‍ത്ത് മൃഗമായി തീര്‍ന്ന അവര്‍ എങ്ങനെ കൃത്യമായ അര്‍ത്ഥത്തില്‍ ഇത് രണ്ടുമല്ലാത്ത 'തെരുവ് നായ്ക്ക'ളായി മാറി? ചുരുങ്ങിയത് ഇതിനെങ്കിലും ഉത്തരം കണ്ടെത്താതെ ഈ പ്രശ്‌നം പരിഹരിക്കാനാകുമോ? നിലവില്‍ തെരുവിലുള്ള നായ്ക്കളെ മുഴുവന്‍ വന്ധ്യംകരിച്ച് 'ഷെല്‍ട്ടറുകളി'ലേയ്ക്ക് മാറ്റിയാല്‍ ഈ പ്രശ്‌നം തീരുമോ? അല്ലെങ്കില്‍ കൊന്നൊടുക്കിയാല്‍ തീരുമോ?

തീരുമായിരുന്നു; തെരുവ് നായ്ക്കള്‍ മറ്റൊരു ബാഹ്യ സ്രോതസ്സുമില്ലാതെ തെരുവില്‍ സ്വയംഭൂവായ ഒരു മൃഗകുലമായിരുന്നുവെങ്കില്‍. അങ്ങനെയല്ല എന്ന് പറമ്പില്‍ പെറ്റിട്ട പട്ടിക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി അടുത്ത പഞ്ചായത്തില്‍ കൊണ്ട് ഉപേക്ഷിച്ച പരിചയം ബാക്കിയുള്ള നമുക്കറിയാം. അങ്ങനെ പല കാരണങ്ങളാല്‍ പലരാല്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്കളും നായ് കുട്ടികളും ചേരുന്നതാണ് ഇന്നത്തെ തെരുവുനായ് കൂട്ടം. അതുകൊണ്ട് തന്നെ ആ പതിവ് നിന്നാലല്ലാതെ, ഉള്ള പട്ടികളെ കൊന്നാല്‍ മാത്രം തെരുവുകള്‍ ശ്വാനമുക്തമാകും എന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ?

രണ്ടായിരം മുതലാണ് തെരുവ് നായ് പ്രശ്‌നം കേരളത്തില്‍ രൂക്ഷമായത് എന്ന് കേള്‍ക്കുന്നു. ഏതാണ്ട് തൊണ്ണുറുകള്‍ മുതല്‍ക്കാണ് വിദേശ ഇനം നായ്ക്കള്‍ നമ്മുടെ നാട്ടില്‍ വ്യാപകമാകാന്‍ തുടങ്ങുന്നതും. ഇന്ന് ഒരു നാടന്‍ നായ്ക്കുട്ടിയെ വളര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും ഒരു തെരുവ് പട്ടിയുടെ കുട്ടിയെ വളര്‍ത്തുകയല്ലാതെ നഗരവാസികള്‍ക്ക് വേറെ നിവര്‍ത്തിയില്ല. രണ്ടായിരം രൂപ മുതല്‍ വിദേശ നായ്ക്കുട്ടികള്‍, അവയുടെ ക്രോസ്സ് ഒക്കെ വ്യാപകമായി ലഭ്യമാണ് താനും. തെരുവ് നായയുടെ കുട്ടിയെ വളര്‍ത്തിയാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍ അവറ്റകള്‍ക്ക് ഒക്കെ പേയാണ് എന്ന് പറയുന്ന മാവേലിയുടെ നാട്ടുകാരാണ് നമ്മള്‍.

നായ്ക്കളുടെ നാടന്‍ വിഭാഗം ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ക്രമേണെ വീടുകളില്‍ നിന്ന് പുറത്താവുകയാണ്. പണ്ട് പെണ്‍പട്ടിക്കാണ് ഡിമാന്റില്ലാതിരുന്നതെങ്കില്‍ ഇന്ന് നാടന്‍ പട്ടിക്ക് പൊതുവില്‍ ഡിമാന്റില്ല. പട്ടിയുടെ കാര്യത്തില്‍ കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന് വയ്ക്കാന്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ട് ഉപേക്ഷിക്കുക തന്നെ വഴി. ഈ അവസ്ഥയില്‍ അവ തെരുവിലേയ്ക്കല്ലാതെ എങ്ങോട്ട് പോകാന്‍? ഒരുതലമുറയുടെ ഉന്മൂല നാശം കൊണ്ട് ഈ പ്രശ്‌നം അവസാനിക്കുമോ? നാടന്‍ പട്ടികളെ മുഴുവന്‍, ആദ്യം 'കൂത്തി', പിന്നെ 'കൂത്തന്‍' എന്ന ലൈനില്‍ നശിപ്പിക്കേണ്ടിവരില്ലേ?

പുതിയ നാട്, പുതിയ കമ്പോളം
ലാബ്രഡോറായാലും ജെര്‍മ്മന്‍ ഷെപ്പെര്‍ഡ് ആയാലും, റോട്ട് വീലര്‍, ഡാല്‍മിഷ്, ഡോബര്‍മാന്‍ വിഭാഗങ്ങളായാലും ഇനി പഗ്ഗ്, പോമറേനിയന്‍ തുടങ്ങിയ കുഞ്ഞോമനകളായാലും, ഗ്രെയ്റ്റ് ഡെയ്‌നിനെയും സെയിന്റ് ബെര്‍ണാഡിനെയും പോലെയുള്ള കൂറ്റന്‍ ഐറ്റങ്ങളായാലും ഇന്ന് കേരളത്തിലെ പ്രമുഖ നഗരങ്ങളിലെങ്കിലും ഒരു അപൂര്‍വ്വ കാഴ്ചയൊന്നുമല്ല. ആദ്യം പറഞ്ഞ വിഭാഗങ്ങളില്‍ പെട്ട നായ്ക്കള്‍ ഗ്രാമങ്ങളില്‍ പോലും സാധാരണം.

നാടനായാലും, ഇറക്കുമതി ആയാലും നായ്ക്ക് ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും ഉണ്ടാകും. ആണ്‍ കുഞ്ഞിനെ വളര്‍ത്തുകയും പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കുകയും ആണ് 'നാടന്‍' പതിവെങ്കിലും അങ്ങനെ പെരുകുന്ന തെരുവുനായ്ക്കളിലൊന്നും നമ്മള്‍ ലാബിനെയോ റോട്ടിനെയോ കാണാറില്ല. അതായത് ആ വിഭാഗങ്ങളില്‍ പെടുന്ന പെണ്‍പട്ടികള്‍ പോലും ഉപേക്ഷിക്കപ്പെടുന്നില്ല. കാരണം മറ്റൊന്നുമല്ല. കാശുകൊടുത്ത് വാങ്ങിയ പട്ടിക്ക് ഉണ്ടാകുന്ന കാശ് കിട്ടുന്ന കുഞ്ഞിനെ ഉപേക്ഷിക്കേണ്ട കാര്യമില്ല.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണം എന്നതും അതിനെ ഒരു കമ്പത്തിന് വളര്‍ത്തുന്നവര്‍ മറുകമ്പത്തില്‍ എന്ത് ചെയ്യുന്നു എന്നതും ഒക്കെ ഭരണകൂടം നിരീക്ഷിക്കേണ്ടതുണ്ട് എന്നതും അവിടെ കേവല സ്വകാര്യതാ വാദം താങ്ങാനാവാത്ത ആഡംബരമാകും എന്നതും കൂടിയൊക്കെ നാം പരിഗണിക്കേണ്ടതുണ്ട്. ഒരു സിവില്‍ സമൂഹം അവകാശങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും ഇടയിലുള്ള തുലനത്തിലാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഒന്ന് ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റേത് ഉയര്‍ത്തിപ്പിടിക്കുവാനുള്ള അവകാശവുമില്ല.

പറമ്പില്‍ പെറ്റ 'കൂത്തി'യുടെ കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി കൊണ്ടുപോയി കണ്ടിടത്ത് ഉപേക്ഷിക്കുമ്പോള്‍ ലാര്‍സണ്‍ പറഞ്ഞ ഒരു പറ്റം ചെന്നായ്ക്കളുമായുള്ള നമ്മുടെ പങ്കാളിത്തം സ്വാഭാവിക പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ തന്നെ മാറ്റിമറിച്ചു എന്ന നിരീക്ഷണത്തെ, ആ ചരിത്രത്തെ ഓര്‍ക്കണം. അതായത് കേവമായി സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്തിട്ട് കാര്യമില്ല, 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം'.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories