UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുലികളിറങ്ങുമ്പോള്‍ നായ എന്തു ചെയ്യണം?

Avatar

കെ എ ആന്റണി

നായ മനുഷ്യന്റെ സന്തതസഹചാരിയും കൂടപ്പിറപ്പുമായിരുന്നു. സ്വര്‍ഗലോകത്തേക്കു യുധിഷ്ഠിരനെ കൊണ്ടുപോയതും ഒരു നായ ആയിരുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും ഏറെ പ്രിയങ്കരനായ ഈ നായ എപ്പഴോ ആര്‍ക്കൊക്കെയോ അപ്രിയനായി. ഡോഗ്‌ഷോയില്‍ പങ്കെടുക്കാന്‍ പറ്റാത്ത നാടന്‍ നായ്ക്കളെ കൊച്ചമ്മമാര്‍ പുറത്തേക്കു തള്ളി. അവര്‍ തെരുവില്‍ യോദ്ധാക്കളായി മാറി. ജര്‍മന്‍ ഷെപ്പേര്‍ഡ് മുതല്‍ അത്യാധുനിക ഹൈബ്രീഡ് നായ്ക്കളെ പോലും പോറ്റുന്ന വീട്ടമ്മമാര്‍ ഉണ്ടായപ്പോള്‍ തെരുവില്‍ മറ്റൊരു യുദ്ധത്തിന് അങ്കമൊരുക്കുകയായിരുന്നു; നാടന്‍ നായ്ക്കൂട്ടങ്ങള്‍. അവര്‍ക്കിടയിലുമുണ്ട് ഉപേക്ഷിക്കപ്പെട്ട ജര്‍മന്‍ ഷെപ്പേര്‍ഡുകള്‍ അടക്കം.

പറഞ്ഞു വന്നത് മനുഷ്യന്റെ ആര്‍ത്തിയെക്കുറിച്ചാണ്. ആര്‍ത്തി ആഘോഷമാക്കി മാറ്റുന്ന മനുഷ്യന്റെ ചിന്തയ്‌ക്കൊപ്പം നടന്നു ശീലിച്ചവരാണ് നായ്ക്കളും. പത്രം കടിച്ചെടുത്തു കൊണ്ടുവന്നു വയ്ക്കുന്നിടത്തു നിന്നു തുടങ്ങുന്നു ചില വീടുകളിലെ നായ പരിശീലനം. ഒരു നായയായി ജനിച്ചാല്‍ മതിയായിരുന്നു എന്നു നമ്മുടെ പല സൂപ്പര്‍ താരങ്ങളും ചില മലയാള സിനിമകളില്‍ പറഞ്ഞതായി കണ്ടിരുന്നു. ആര്‍ത്താഘോഷിക്കുന്ന കുടുംബസദസ്സുകള്‍ കൈയേറ്റു വാങ്ങിയ ഇത്തരം ചിത്രങ്ങളില്‍ ദിലീപിന്റെ സിനിമകള്‍ മുതല്‍ ഹോളിവുഡ് സിനിമയായ ഷൂട്ടര്‍ പോലുമുണ്ടായിരുന്നു.

ഭാഗപത്രവിതരണം പോലെ ഒരേര്‍പ്പാട് ഇന്നിപ്പോള്‍ മാവേലി വാണിരുന്ന കേരളത്തിലും ഉണ്ടെന്നു തോന്നുന്നു. ഇതൊരു ശുനകപുരാണമാണ്. മനുഷ്യര്‍ കൈവിട്ട നായ്ക്കള്‍ അക്രമികളാകുന്നതില്‍ എന്താണ് അത്ഭുതം. വീട്ടില്‍ പ്രസവിച്ച കുഞ്ഞുകുട്ടികളെ പോലും തെരുവില്‍ ഉപേക്ഷിക്കുന്നവരെ പോലെയായി നായപ്രേമികളായ മനുഷ്യര്‍. ക്വാളിറ്റിയുള്ള നാായ്കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ വിലയുണ്ട്. അതിനെ വിറ്റ് സ്വൈര്യജീവിതം നയിക്കുന്നവരും ബാക്കിയുള്ളതിനെ തെരുവോരങ്ങളില്‍ ഉപേക്ഷിക്കുകയാണ്. അമ്മത്തൊട്ടിയില്ലാത്തതിനാല്‍ നായ്കുട്ടികള്‍ക്ക് പാതയോരത്തു തന്നെ വിശ്രമം.

പണ്ടൊരിക്കല്‍ വന്ദ്യഗുരു നാരായണപിള്ള പറഞ്ഞതുപോലെ ‘നായയെ ഉപദ്രവിക്കുന്നവന്‍ നശിച്ചു നാറാണക്കല്ലു പിടിക്കും’ എന്നൊന്നും ഈ കൂലിയെഴുത്തുകാരന്‍ പറയുന്നില്ല. നായയ്ക്കും ഒരു സ്വപ്‌നമുണ്ട്. വളര്‍ത്തുമൃഗത്തിനപ്പുറം, കോഴിയെക്കൊല്ലാന്‍ എത്തുന്ന കുറുക്കനെ കടിച്ചോടിക്കുന്ന നായയെ ജന്മാന്തരങ്ങള്‍ക്കു മുമ്പെ ആരൊക്കെയോ കണ്ടെത്തി കൂട്ടത്തില്‍ ചേര്‍ത്തതാണ്; പശുവിനെ പോലെ. കാട്ടില്‍ ജനിക്കേണ്ട ജന്മങ്ങള്‍ നാട്ടില്‍ ആയപ്പോള്‍ ഒരുപാടു കൂറു കാട്ടിയതിന്റെ പേരില്‍ ചെയ്ത തിന്മയ്‌ക്കെതിരെയുള്ള പ്രതിഷേധം തന്നെയാകണം ഇപ്പോള്‍ നടക്കുന്നത്. നിരത്തില്‍ പലര്‍ക്കും കടിയേല്‍ക്കുന്നു. വീട്ടിനുള്ളില്‍ കയറി തന്നെ കുട്ടികള്‍ അടക്കമമുള്ളവരെ നായ ആക്രമിക്കുന്നു. ഇതിനൊരു പരിഹാരം എവിടെയാണെന്നത് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. എളിയ അഭിപ്രായം നാടന്‍നായകളെ പോറ്റുക അവരെ തെരുവില്‍ അയക്കാതിരിക്കുക എന്നതുമാത്രമാണ്. നന്നായി കുരയ്ക്കാനും പരിശീലനം കിട്ടിയാല്‍ നിങ്ങളുടെ ദിനപത്രങ്ങള്‍ എടുത്തുകൊണ്ടുവരാനും നിങ്ങളുടെ പൂര്‍വികര്‍ പണ്ടു നായാട്ടിന് ഉപയോഗിച്ചിരുന്ന ഈ നായ്ക്കള്‍ തന്നെ ധാരാളം. ഈ ഓണാഘോഷത്തില്‍ അവര്‍ നടത്തുന്ന പ്രതിഷേധം കാണാതിരിക്കുന്നത് അക്ഷന്തവ്യമാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍