TopTop
Begin typing your search above and press return to search.

ഈ നായ്ക്കളുടെ ലോകം

ഈ നായ്ക്കളുടെ ലോകം

തെരുവ് നായ ആരെയും കടിക്കും. യജമാനന്‍ ഇല്ലാത്തതിനാല്‍ ആരോടും അതിന് വാലാട്ടി വിധേയത്വം കാട്ടേണ്ട. എല്ലാ തെരുവിലും സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്തുന്നു. പ്രഭാത സവാരിക്കാരുടെ വലിയ പേടി സ്വപ്നമാണ് ഇന്നവ. സ്‌കൂള്‍ കുട്ടികള്‍ മരണഭീതിയോടെ പട്ടികളെക്കണ്ട് തിരിഞ്ഞോടുന്നു. ജനങ്ങള്‍ നഗരസഭകളിലും പഞ്ചായത്തുകളിലും പട്ടി ശല്യത്തിന് അറുതി വരുത്താന്‍ കൂട്ടപ്പരാതികളുമായി എത്തുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയായെന്ന് സാര്‍വത്രികമായി വിലയിരുത്തല്‍ വരുന്നു.

തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി മുമ്പ് പതിവുണ്ടായിരുന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായ്ക്കളെ നശിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാക്കിയിരുന്നു. ഭ്രാന്തന്‍ നായ്ക്കള്‍ പൊതുശല്യമാകുന്ന സ്ഥിതി കുറയ്ക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ചെയ്തുപോന്ന നടപടികള്‍ എങ്ങനെ ഇടക്കാലത്ത് നിന്നുപോയി എന്ന് അറിയില്ല. മൃഗപ്രേമികള്‍ നായ സംരക്ഷകരും കാരുണ്യത്തിന്റെ ഗിരിപ്രഭാഷകരും ആയി രംഗത്തുവന്നത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കാത്തിരുന്നവര്‍ക്ക് സൗകര്യമായി. പട്ടിശല്യത്തെക്കുറിച്ച് പരാതിയുമായി ചെല്ലുന്നവരോട് 'ആരാധ്യനായ' മേയര്‍ കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ പേരുപറഞ്ഞു വിരട്ടി. മൃഗങ്ങളോട് ക്രൂരത കാട്ടുന്നതു തടയാന്‍ എസ് പി സി എ എന്ന സംഘടനയുണ്ട്. മനുഷ്യകാരുണ്യ പ്രസ്ഥാനങ്ങള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥമല്ല. പട്ടി കടിച്ച് മാരകമുറിവുമായി ആശുപത്രികളിലാകുന്നവര്‍ കേരളത്തില്‍ മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ദ്ധിച്ചു. മൃഗക്ഷേമ ബോര്‍ഡിന് മനുഷ്യക്ഷേമം വിഷയമല്ല. പട്ടിപ്പേടിയില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ ഒരു ബോര്‍ഡോ കോര്‍പ്പറേഷനോ ഉണ്ടാക്കുന്ന കാര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉടന്‍ ആലോചിക്കാവുന്നതാണ്.

എട്ടുലക്ഷം പട്ടികള്‍ കേരളത്തിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരു കണക്കു ശേഖരിച്ചിട്ടുണ്ട്. ശരാശരി ഒന്നര ലക്ഷത്തിലധികം നായ്ക്കള്‍ വര്‍ഷംതോറും ജനിക്കുന്നു. വന്ധ്യംകരണം നടത്തി നായ്‌പെരുപ്പം നിയന്ത്രിക്കാന്‍ ജില്ലതോറും അഞ്ഞൂറ് കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 1200 വെറ്ററിനറി ഡോക്ടര്‍മാരെ അതിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. കേരള ഹൈക്കോടതിയില്‍ സംസ്ഥാനത്തെ പട്ടി ശല്യത്തെപ്പറ്റി എത്തിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ആ കേസില്‍ ഈ മാസം 28-ാം തീയതി കോടതിയുടെ വിധിയുണ്ടായേക്കാം.കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഒന്നര വയസ്സുകാരനെ പട്ടികടിച്ചു കൊന്ന വാര്‍ത്തയോടെയാണ് തെരുവ്‌ നായ ശല്യം ഭീതിജനകമാംവിധം പൊതുശ്രദ്ധയില്‍ വന്നത്. പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും നായ ആക്രമിച്ച് പരിക്കേറ്റ് ആശുപത്രിയിലായവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പട്ടികളെ തുരത്താന്‍ പഞ്ചായത്തും നഗര ഭരണകൂടങ്ങളും സര്‍ക്കാരിനോട് കൂടുതല്‍ പണം ചോദിച്ചു തുടങ്ങി. നായയെ കൊല്ലലല്ല, മെരുക്കി നിയന്ത്രിക്കലാണ് അഭികാമ്യമെന്ന് അഭിപ്രായം ഉയര്‍ന്നു. വളര്‍ത്തുനായ തെരുവില്‍ അലഞ്ഞാല്‍ ഉടമയെ പിടികൂടാം. എന്നാല്‍ തെരുവ് നായുടെ ഉടമ സര്‍ക്കാരായതിനാല്‍ കഷ്ടനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമേ തുണയുള്ളൂ. നേരെ ചൊവ്വേ പറഞ്ഞാലൊന്നും ജനാധിപത്യസര്‍ക്കാര്‍ അനങ്ങില്ല. അതിനാല്‍ പൗരന്റെ അത്താണി കോടതിയും പൊതുമാധ്യമങ്ങളും ആണ്. പട്ടിപ്രശ്‌നം ഹൈക്കോടതി കയറിയത് അങ്ങനെയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ വേണ്ടതു തീരുമാനിക്കട്ടെ. എന്നാല്‍ തെരുവില്‍ ഇത്രയധികം പട്ടികള്‍ പെരുകാന്‍ ഇടവന്ന സാഹചര്യം എങ്ങനുണ്ടായി എന്ന് ആരും മറന്നുപോകരുത്. മനുഷ്യന്‍ തന്നെയല്ലേ അനാഥപ്പട്ടികളെ മുഴുവന്‍ പെരുവഴിയിലേക്ക് ഇറക്കിവിട്ടത്?

വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും മറവുചെയ്യാതെ കവലകളില്‍ കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളും നായ്ക്കളുടെ പെരുപ്പത്തിന് പ്രധാനപ്പെട്ട കാരണമാണ്. യഥാര്‍ത്ഥത്തില്‍ ശല്യക്കാരായ പട്ടികളുടെ വളര്‍ച്ചയുടെ ഉറവിടം ചവറുകൂനകളാണെന്ന് കാണാതെ ഈ പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം തേടാനാകില്ല. കണ്ണുതപ്പിയാല്‍ പ്ലാസ്റ്റിക് ബാഗില്‍ നിറച്ച മാലിന്യം അയല്‍ക്കാരന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന ദുഷിച്ച ശീലമുള്ളവര്‍ നമുക്കിടയില്‍ എത്രയോ ഉണ്ട്. പെരുവഴിയില്‍ മാലിന്യം എറിഞ്ഞാല്‍ ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടിലാണ് മോട്ടോര്‍ ബൈക്കില്‍ ചിലര്‍ അഴുക്ക് നിറച്ച സഞ്ചിയുമായി പായുന്നത്. അന്തംവിട്ട ഓട്ടത്തില്‍ ആരെങ്കിലും ബൈക്ക് ഇടിച്ച് വീണെന്നുവരാം. ഇരുട്ടിന്റെ മറവില്‍ വഴിയരുകില്‍ ഇട്ടിട്ടുപോയ മാലിന്യം പട്ടികള്‍ കടിച്ച് വലിച്ച് റോഡിലാകെ ചിതറി എറിയുന്നു. ആ വഴി നടന്നുപോകുന്നവര്‍ക്കു നേരെ കുരച്ചു ചാടാന്‍ നൈസര്‍ഗ്ഗിക വാസനയുള്ള പട്ടി അങ്ങനെ ചെയ്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ. പട്ടിശല്യത്തിലെ ഒന്നാംപ്രതി ഒരിക്കലും പട്ടിയല്ല. കടികൊള്ളുന്ന നിരപരാധിയായ സാധു വിദ്യാര്‍ത്ഥിയുമല്ല. പഞ്ചായത്തോ നഗരസഭയോ ഭരിക്കുന്നവര്‍ പ്രതിപ്പട്ടികയില്‍ അവസാനം വരാം. ഒന്നാംപ്രതി വഴിയോരത്ത് അഴുക്കും മാലിന്യവും ഇട്ടിട്ടുപോയ ആള്‍തന്നെ. അയാളെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. മാലിന്യം വഴിയിലെറിഞ്ഞിട്ട് നായ് ശല്യത്തിനെതിരെ പരാതിയുമായി നഗരസഭയിലേയ്ക്ക് ഓടുന്ന നമ്മള്‍ തന്നെയാണ് ഈ ദുസ്ഥിതി ഉണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞാല്‍ പരാതി ഉടന്‍ മാറ്റി എഴുതാം. പട്ടിയെ പിടിക്കുന്നതിന് മുമ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയമാര്‍ഗ്ഗം ഉണ്ടാക്കണം എന്ന് നഗരസഭയോട് ആവശ്യപ്പെടാം.

തെരുവ് പട്ടികള്‍ അനാഥരായി അലയാന്‍ അനുവദിക്കരുത്. പറ്റുമെങ്കില്‍ ഓരോ വീട്ടുകാരും ഓരോന്നിനെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തണം. പത്രപ്രവര്‍ത്തകനായിരുന്ന വിനോദ് മേത്ത അലഞ്ഞുനടക്കുന്ന പട്ടികളെ ഊട്ടി വളര്‍ത്തിയിരുന്നു. അവയില്‍ ഒന്നിനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി തന്റെ ശയനമുറിയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 'എഡിറ്റര്‍' എന്നാണ് സ്‌നേഹപൂര്‍വ്വം അതിനെ വിളിച്ചത്. ഈയിടെ അന്തരിച്ച വിനോദ് മേത്ത തന്റെ ആത്മകഥയില്‍ 'എഡിറ്റര്‍' എന്ന ആ പട്ടിക്കുവേണ്ടി ഒരു അദ്ധ്യായം നീക്കിവച്ചു. കടിക്കുന്ന തെരുവ് നായെ കൊല്ലണമെന്ന് വാദിക്കുന്നവര്‍ക്കിടയില്‍ സ്‌നേഹത്തോടെ അവയെ സംരക്ഷിക്കുന്ന മനുഷ്യരും ഉണ്ടെന്ന് മറന്നുപോകരുത്. അമല എന്ന ചലച്ചിത്ര നടി ആന്ധ്രയില്‍ തെരുവ് പട്ടികള്‍ക്കുവേണ്ടി സംരക്ഷണകേന്ദ്രവും പ്രസ്ഥാനവും നടത്തുന്നു. കൊച്ചിയിലെ കളമശ്ശേരിയിലും അനാഥപ്പട്ടികള്‍ക്ക് അതുപോലൊരു സ്‌നേഹിതനുണ്ട്. അങ്ങനെ എത്രയോ പേര്‍.

പേപ്പട്ടി വിഷബാധയെക്കുറിച്ചറിയുന്നവരാരും തെരുവ് നായ പ്രേമത്തെ പ്രോത്സാഹിപ്പിക്കില്ല. പട്ടി കടിച്ചാല്‍ പേവിഷത്തിനെതിരെ കുത്തിവയ്പ്പ് നടത്തണം. വിഷാണുക്കള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുത്തിവയ്പ്പ് കൂടിയേ തീരൂ. പൂച്ച കടിച്ചാലും അത് വേണ്ടിവരും. 8817 പേര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പട്ടി കടിയേറ്റു. അവരില്‍ പതിനൊന്നു പേര്‍ മരിച്ചു. എട്ടുലക്ഷം തെരുവ് പട്ടികളെ വന്ധ്യംകരിച്ചാല്‍ ഈ പ്രശ്‌നം ലഘൂകരിക്കാന്‍ കഴിഞ്ഞേക്കാം. പൂര്‍ണ്ണമായി പരിഹരിക്കപ്പെടില്ല. പരിഹാരമാര്‍ഗ്ഗം ഓരോ പൗരന്റെയും പരിസരബോധത്തില്‍ ഉണ്ട്. വീട്ടിലൊരാള്‍ പട്ടികടിയേറ്റ് പേവിഷത്തിനെതിരെ പ്രതിരോധകുത്തിവയ്പ്പ് എടുത്താലേ ബോധം ഉണരു എന്ന് വരരുത്. ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു വിപത്താണിത്.

കേരളത്തിലെ പട്ടിശല്യത്തിന് ഭോപ്പാല്‍ ശാസ്ത്രഗവേഷണ പഠന കേന്ദ്രത്തിലെ രജിസ്ട്രാര്‍ കെ വി സത്യമൂര്‍ത്തി ഒരു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. പട്ടിമാംസം ഭക്ഷിക്കുന്ന നിരവധി ജനങ്ങള്‍ ഭൂമുഖത്ത് പല രാജ്യങ്ങളിലുമുണ്ട്. അങ്ങോട്ടേക്ക് മാംസമാക്കിയോ ജീവനോടെയോ കയറ്റി അയച്ചാല്‍ നല്ല ആദായമുണ്ടാക്കാം. ആട്, കോഴി, താറാവ്, പോത്ത്, പശു, കാള എന്നിവയെ വളര്‍ത്തി വരുമാനമുണ്ടാക്കി ശീലമുള്ളവരാണ് ധാരാളം കര്‍ഷകര്‍. ഡോഗ് ഫാം എന്ന നിലയില്‍ പട്ടികൃഷി നടത്തി വല്യ നേട്ടമുണ്ടാക്കാമല്ലോ എന്ന് സത്യമൂര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഈയിടെ അയച്ച ഒരു കത്തില്‍ നിര്‍ദ്ദേശിച്ചു. പട്ടിയിറച്ചിക്ക് ധാരാളം ആവശ്യക്കാര്‍ ഉള്ള രാജ്യങ്ങളാണ് ചൈന, കൊറിയ, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, തൈവാന്‍, ഇന്റോനേഷ്യ തുടങ്ങിയവ. ചെമ്മീനും അണ്ടിപ്പരിപ്പും തവളക്കാലും കയറ്റി അയച്ചിട്ടുള്ള മലയാളിയുടെ മുന്നില്‍ സാമ്പത്തിക വളര്‍ച്ചയുടെ പുതിയൊരു സാധ്യത സ്‌നേഹപൂര്‍വ്വം അതാ വാലാട്ടിവരുന്നു. പട്ടിയെ കൊന്ന് മാംസമാക്കി അയയ്ക്കാന്‍ മൃഗസ്‌നേഹികള്‍ അനുവദിച്ചില്ലെങ്കില്‍ ജീവനോടെ കയറ്റി വിട്ടാലെന്തെന്നാണ് മൂര്‍ത്തിയുടെ ചോദ്യം. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും മുതലെടുക്കുന്നവനാണ് ബുദ്ധിമാനായ ബിസിനസുകാരന്‍. കുരച്ചുചാടുന്ന പട്ടിയെ മെരുക്കി വളര്‍ത്തി പണമുണ്ടാക്കാന്‍ മലയാളി ശീലിക്കട്ടെ. വിദേശരാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യയിലെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ പട്ടിമാംസം ഭക്ഷിക്കുന്നുണ്ട്. മിസോറാം കേരളം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരത കൈവരിച്ച ചെറിയൊരു സംസ്ഥാനമാണ്. അവിടെ തെരുവോരത്തെ പെട്ടിക്കടകളില്‍ എല്ലാത്തരം മാംസങ്ങളും വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. വിലവിവരപ്പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വില പട്ടിമാംസത്തിനാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാംസാവശ്യത്തിനായി മിസോറാമിലെ ധനിക വീടുകളില്‍ ധാരാളം പട്ടികളെ വളര്‍ത്തുന്നു. ഉത്സവാഘോഷവേളയിലും സല്‍ക്കാരവിരുന്നുകളിലും വിശിഷ്ടവിഭവമായി വിളമ്പുന്നത് പട്ടിമാംസഭോജ്യങ്ങളാണ്. കയറ്റുമതി ലൈസന്‍സ് നേടാതെതന്നെ കേരളത്തിന്റെ ശല്യമായിത്തീര്‍ന്ന പട്ടിക്ക് രാജ്യത്തിനുള്ളില്‍ സ്വീകാര്യമായ ഒരു വിപണിയുണ്ടെന്ന് സാരം.

ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ ഇവിടെ വന്ന വിദേശികളെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ എത്തി മൂന്നാറിലേക്കുള്ള ബസ്സില്‍ സഞ്ചാരികള്‍ കയറി ഇരുന്നു. സ്റ്റാന്റിന്റെ വടക്കുഭാഗത്ത് മലപോലെ കൂട്ടിയിട്ടിരിക്കുന്ന ചവറ് കണ്ട് ഒരു സഞ്ചാരി പറഞ്ഞു. ''ഒ..... ഗോഡ്‌സ് ഓണ്‍ ചണ്ടി.'' സഹയാത്രികനായ വിദേശി ഇരിക്കുന്ന ബസ്സിന്റെ വൃത്തിഹീനതയിലാണ് ശ്രദ്ധിച്ചത്. ''ഒ ദിസ് ഈസ് ഗോഡ്‌സ് ഓണ്‍ വണ്ടി.'' വല്ലതും തരണേ എന്ന് കേണ് അപേക്ഷിച്ചുകൊണ്ട് ഒരു യാചകന്‍ അങ്ങോട്ടു വന്നു. സായിപ്പു പറഞ്ഞു; ''ഗോഡ്‌സ് ഓണ്‍ തെണ്ടി.'' മൂന്നാറില്‍ ചെന്ന് ഇടത്തരം ഹോട്ടലില്‍ മുറിയെടുത്ത് വിശ്രമിക്കാനൊരുങ്ങിയ സഞ്ചാരികളില്‍ ഒരാള്‍ ടെലിവിഷന്‍ ഓണ്‍ചെയ്തു. ചാനലില്‍ മുട്ടിനിന്ന പാട്ടും ദൃശ്യവും പൊട്ടിവിടര്‍ന്നു. ''ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും....'' അങ്ങനെ ''ഗോഡ്‌സ് ഓണ്‍ കുണ്ടി''യും കണ്ട് സഞ്ചാരികള്‍ മടങ്ങി. ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ ദൈവം തിരിഞ്ഞുകിടക്കുന്ന നാടെന്നാവും കേരളത്തെ വിളിക്കുക. അതെ, നായ്ക്കളുടെ നാട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories