TopTop
Begin typing your search above and press return to search.

തെരുവ് നായ്ക്കള്‍ കടിച്ചു കീറിക്കൊന്നത് ശീലുവമ്മയെ മാത്രമല്ല; പേടിയില്‍ ജീവിക്കുന്ന ഒരു നാട്

തെരുവ് നായ്ക്കള്‍ കടിച്ചു കീറിക്കൊന്നത് ശീലുവമ്മയെ മാത്രമല്ല; പേടിയില്‍ ജീവിക്കുന്ന ഒരു നാട്

വി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും വലിയപള്ളി ജംഗ്ഷനില്‍ എത്തിയാല്‍ വഴി രണ്ടായി പിരിയും. ഇടതുവശം നെയ്യാറ്റിന്‍കരയിലേക്കും വലതുവശം വിഴിഞ്ഞം പൂവാര്‍ ഭാഗത്തേക്കും. അവിടവിടെയായി ആളുകള്‍ കൂട്ടം കൂടി നില്‍പ്പുണ്ട് വലിയപള്ളി ജംഗ്ഷനില്‍. എല്ലായിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാചകം 'കടിച്ചു കീറിക്കളഞ്ഞു'.

വലിയപള്ളി ജംഗ്ഷനില്‍ നിന്നും പൂവാര്‍ ഭാഗത്തേക്കുള്ള വഴി ഇറങ്ങിയാല്‍ ആദ്യത്തെ കൈവഴി നീളുന്നത് ബീച്ചിലേക്ക്. ആ വഴിയുടെ തുടക്കം മുതല്‍ ഒരു സ്ത്രീയുടെ ചിത്രം വച്ച പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.

പുല്ലുവിളയില്‍ ചെമ്പകരാമന്‍തുറയിലെ ശിലുവമ്മയുടെ ചിത്രമാണ്‌ അത്. ഒരു കൂട്ടം തെരുവ് നായകള്‍ കടിച്ചു കീറിക്കൊന്ന വയോധികയുടെത്. അവിടെ നിന്നും കുറേക്കൂടി മുന്നോട്ടു പോകണം ശിലുവമ്മയുടെ വീടെത്താന്‍.

കഷ്ടി ഒരു സെന്റ്‌ പുരയിടത്തിലാണ് ശിലുവമ്മയുടെ വീട് നില്‍ക്കുന്നത്. ഇടുങ്ങിയ ആ ഒറ്റമുറിവീട്ടിലാണ് അവരും രണ്ടു മക്കളും അവരുടെ കുടുംബവും താമസിച്ചിരുന്നത്.

വീടിന്റെ എതിരെയുള്ള മതിലിനോട് ചേര്‍ന്ന് ഒരു ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയിട്ടുണ്ട്. അതിനു താഴെ മേശയില്‍ ശിലുവമ്മയുടെ ചിത്രം. മുല്ലമാലയിട്ട കുരിശുരൂപത്തിന്റെ ചുവട്ടില്‍ വച്ച കാര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു...

‘കാരുണ്യവാനായ കര്‍ത്താവേ
നിത്യവിശ്രമത്തിനായി
വിളിക്കപ്പെട്ട അങ്ങയുടെ ദാസി
ശിലുവമ്മയുടെ
ആത്മാവിന് നിത്യശാന്തിയും
സമാധാനവും സ്വര്‍ഗ്ഗീയ ഭാഗ്യവും
നല്‍കേണമേ’

അതില്‍ ശിലുവമ്മ എന്നെഴുതിയിരിക്കുന്നത് ചുവപ്പ് നിറത്തിലാണ്. ചോരയുടെ ചുവപ്പ്...

ടാര്‍പ്പോളിനു കീഴിലുള്ള ബ്രൌണ്‍ കസേരയില്‍ ശിലുവമ്മയുടെ ഇളയ മകന്‍ ശെല്‍വരാജന്‍ ഇരിപ്പുണ്ട്, ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഒരു തരം മരവിച്ച അവസ്ഥയില്‍. കണ്മുന്നില്‍ തന്റെ അമ്മയെ നായ്ക്കൂട്ടം കടിച്ചു കീറുന്നത് കാണേണ്ടി വന്നപ്പോഴുണ്ടായ ആഘാതത്തില്‍ നിന്നും അയാള്‍ ഇതുവരെ മോചിതനായിട്ടില്ല. കണ്ണുകളില്‍ ഇപ്പോഴും ആ ഭയം തളംകെട്ടി നില്‍പ്പുണ്ട്.

അടുത്തായി ശിലുവമ്മയുടെ ചെറുമക്കളും ഇരിപ്പുണ്ട്. അവരില്‍ രണ്ടു പേര്‍ കരഞ്ഞു തളര്‍ന്ന് ഉറങ്ങുന്നു.

അവരുടെ വീട്ടിന്റെ മുന്‍പില്‍ നിന്നും ഒരു കണ്ണേറകലെയാണ് കടല്‍. അവിടവിടെയായി ഇപ്പോഴും തെരുവ് നായകള്‍ അടുത്ത ഇരയെത്തേടി റോന്തു ചുറ്റുന്നു.


(ഫയല്‍ ഫോട്ടോ)

മതിലിനടുത്തേക്ക് എത്തിയ ഒന്നിനെ പ്രദേശവാസിയായ സെല്‍വറാണിയുടെ മകന്‍ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചു. അവനെ നോക്കി ഒരു കുര കുരച്ച ശേഷം നായ കടപ്പുറത്തേക്ക്.

പുല്ലുവിള സ്വദേശികളെ നായ കടിക്കുന്നത് ഇതാദ്യമല്ല. ഇരകളെ വളഞ്ഞ് ആക്രമിക്കുന്ന നായകളുടെ കടിയേറ്റവര്‍ ഈ പ്രദേശത്ത് 50-ഓളമാണ്. വിഴിഞ്ഞം ഭാഗം മുഴുവനായി കണക്കിലെടുത്താല്‍ അത് മൂന്നക്കം തികയ്ക്കും.

ശിലുവമ്മയ്ക്ക് നേരെ ഇത് മൂന്നാം തവണയാണ് തെരുവ് നായകളുടെ ആക്രമണം ഉണ്ടാവുന്നത്. മൂന്നാം തവണ ജീവന്‍ തന്നെ നഷ്ടപ്പെടുകയായിരുന്നു.

കൂടുതല്‍ ആളുകള്‍ക്ക് കടിയേറ്റ വിവരം പുറത്തെത്തുന്നത് ശിലുവമ്മയുടെ മരണത്തോടെയാണ്. പ്രശ്നം ഗുരുതരമാണ് എന്ന് അറിഞ്ഞതോടെ കൂടുതല്‍ പേര്‍ തങ്ങളെയും നായ ആക്രമിച്ചത് സൂചിപ്പിക്കുകയായിരുന്നു. ശിലുവമ്മയുടെ മരണം ഇവിടത്തുകാരുടെ കഷ്ടപ്പാടുകള്‍ പുറത്തെത്തിക്കുകയായിരുന്നു.

ഇവിടത്തെ ജനങ്ങളാരും ഇരുട്ടു വീണു കഴിഞ്ഞാല്‍ സുരക്ഷയ്ക്ക് ഒരു തടിക്കഷ്ണം എങ്കിലും കൈയ്യില്‍ വച്ചേ സ്വന്തം വീടിന്റെ മുറ്റത്തേക്ക് പോലും ഇറങ്ങാറുള്ളൂ. സമീപപ്രദേശമായ വലിയ തുറയില്‍ ഒരു ബാലനെ വീട്ടുമുറ്റത്തിട്ട് തെരുവ് നായ കടിച്ചു കീറിയിട്ട് നാളുകള്‍ അധികമായിട്ടില്ല. രാത്രിയില്‍ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. ഇറങ്ങിയാല്‍ തിരിച്ചു കയറാന്‍ പറ്റുമെന്ന ഒരു ഉറപ്പുമില്ല എന്ന് ശിലുവമ്മയെയും മകനെയും നായകള്‍ ആക്രമിക്കുന്നതിനു സാക്ഷിയായ സിസ്ലറ്റ് പറയുന്നു. ഇവരെയും നായകള്‍ വളഞ്ഞിരുന്നു. ഭര്‍ത്താവ് കൈയ്യില്‍ കിട്ടിയ കുപ്പിയും പലകയുമായി എത്തിയതോടെ നായകള്‍ പിന്‍മാറി.

'ശിലുവമ്മയെ കാണുന്നില്ല എന്നും പറഞ്ഞാണ് ശെല്‍വരാജ് തിരക്കിയിറങ്ങുന്നത്, ഞാനും ഭര്‍ത്താവും കടപ്പുറത്തേക്ക് ചെന്നപ്പോള്‍ കാണുന്നത് വെള്ളത്തിലേക്ക് ചാടുന്ന അവനെയാണ്‌. അപ്പോഴും ശിലുവമ്മയെ നായകള്‍ ആക്രമിക്കുന്നുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാടിയതുകൊണ്ട് അവന്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഒരു ജീവന്‍ കൂടി പോയേനെ'- സിസ്ലെറ്റ് ഓര്‍ക്കുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ശിലുവമ്മയുടെ അയല്‍വാസി അല്‍ഫോണ്‍സ, പുല്ലുവിള സ്വദേശി റോമന്‍ എന്നിവരെയും തെരുവ് നായകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ഒരു അപകടം ഉണ്ടായ ശേഷം ജാഗരൂകരായിരുന്ന നാട്ടുകാര്‍ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്.

ചെമ്പകരാമന്‍ തുറയിലെ ഡെയ്സി എന്ന മധ്യവയസ്ക ഇപ്പോഴും ആശുപത്രി വാസം അവസാനിപ്പിച്ചിട്ടില്ല. ശിലുവമ്മ ആക്രമിക്കപ്പെടുന്ന അതേ ദിവസം തന്നെയാണ് ഇവരുടേയും ദേഹത്ത് നായകളുടെ ഉളിപ്പല്ലുകള്‍ ആഴ്ന്നിറങ്ങുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.

രാജുവിന്റെ അനുഭവവും വ്യത്യസ്തമല്ല.

ശിലുവമ്മയുടെ വീട്ടില്‍ നിന്നും ഏതാണ്ട് ആറു വീട് ദൂരം മാത്രം രാജുവിന്‍റെതിലേക്ക്. ഇപ്പോഴും വീട്ടിനു പുറത്ത് ഇറങ്ങാനാവാത്ത അവസ്ഥയിലാണ് അയാള്‍. മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിട്ടില്ല. ഇടതു കൈയ്യിലും മുതുകത്തും കാലുകളിലും പല്ലടയാളങ്ങള്‍. രാജുവിന്റെ കൈയ്യില്‍ ഒരു കെട്ടു പഞ്ഞി എപ്പോഴും ഉണ്ടാകും. പൂര്‍ണ്ണമായും ഉണങ്ങാത്ത മുറിവില്‍ നിന്നും വെള്ള നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ട്.

കടലില്‍ നിന്നും വന്ന്‍ വൈകിട്ട് ഇത്തിരി കാറ്റ് കൊള്ളാന്‍ തീരത്തെത്തിയതായിരുന്നു രാജു.

'പത്തു മുപ്പത് പട്ടികള്‍ എന്നെ വളഞ്ഞു. ഓടിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് ആവുന്നപോലൊക്കെ നോക്കി. കൂടുതല്‍ അടുക്കുന്നതല്ലാതെ അവറ്റകള്‍ മാറുന്നില്ലായിരുന്നു. ഓടി മാറാന്‍ നോക്കിയ ഞാന്‍ വീണുപോയി. അപ്പോഴേക്കും നാലുപാടു നിന്നും കടി വരാന്‍ തുടങ്ങി. ഉടുത്തിരുന്നതൊക്കെ അവ കടിച്ചു കീറിക്കളഞ്ഞു. ദൈവാനുഗ്രഹം പോലെ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തുകയും കൈയ്യില്‍ ഉണ്ടായിരുന്ന തടിക്കഷ്ണം കൊണ്ട് അയാള്‍ നായകളെ ഓടിക്കുകയും ചെയ്തു. അല്ലെങ്കില്‍ ഇതൊക്കെ പറയാന്‍ ഞാന്‍ ജീവനോടെ ഉണ്ടാവുകയില്ലായിരുന്നു’- രാജു പറയുന്നു.

14 കടിയാണ് തെരുവുനായകള്‍ രാജുവിന് നല്‍കിയത്. ആല്‍ബര്‍ട്ട്, ജോസഫ് എന്നിങ്ങനെ തെരുവുനായകള്‍ എന്നെന്നേക്കുമായി അടയാളങ്ങള്‍ നല്‍കിയത് അനേകം പേര്‍ക്കാണ്.

ഒരാളുടെ ജീവന്‍ എടുക്കുന്ന തരത്തിലേക്ക് നായ ശല്യം വളര്‍ന്നു എന്ന് മനസിലാക്കിയതോടെ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പ്രതികരിക്കാനും അവര്‍ തയ്യാറാവുകയായിരുന്നു.

രണ്ടു കാരണങ്ങളാണ് പ്രധാനമായും തെരുവുനായ ശല്യം കൂടാന്‍ കാരണമായതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.ഒന്ന്, തീരത്ത് കോഴി ഇറച്ചിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത്. രണ്ട് പ്രദേശവാസികള്‍ക്ക് ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന സമ്പ്രദായമില്ലാത്തത്.

കോഴി വേസ്റ്റ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ അവശിഷ്ടങ്ങള്‍ തീരത്ത് നിക്ഷേപിച്ചത്തിലൂടെ നായകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്ന് പ്രദേശവാസിയായ ശെല്‍വറാണി പറയുന്നു.

'നേരത്തെയും ഈ തുറയില്‍ ആള്‍ക്കാരെ പട്ടി കടിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കുറച്ചു കാലങ്ങളായാണ് അതിന്റെ എണ്ണവും ആക്രമണങ്ങള്‍ കൂടുതല്‍ ഗുരുതരവും ആകുന്നത്. അതിനു പ്രധാന കാരണം കോഴി വേസ്റ്റ് ആണ്. കാഞ്ഞിരം പാറ, പൂവാര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും കോഴിവേസ്റ്റ് ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കുന്നുണ്ട് പലരും. ഇത് കൂടുതലായി കിട്ടാന്‍ തുടങ്ങിയതോടെ തുറയില്‍ നായകളുടെ എണ്ണവും കൂടി. ഇത് തിന്ന് ഇറച്ചിയുടെ രുചി പിടിച്ചതോടെ ഇവറ്റകളുടെ ആക്രമണം കൂടുകയും ചെയ്തു. അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് ശിലുവമ്മയുടെ ജീവന്‍ എടുത്തത്’ – ശെല്‍വറാണി അഭിപ്രായം പങ്കുവച്ചു.

വ്യക്തമായ ഒരു മാലിന്യ നിര്‍മാര്‍ജ്ജന രീതി ഇല്ലാത്തതിനാല്‍ മിക്കവരും തീരത്തേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാറുണ്ട് എന്ന് ശിലുവമ്മയുടെ അയല്‍വാസിയായ ആഞ്ചലോസ് പറയുന്നു.

'തീരത്തേക്ക് വേസ്റ്റ് കൊണ്ടിടുന്നതും നായകള്‍ കൂടാന്‍ കാരണമാകുന്നുണ്ട്. അത് ഞങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലാത്തതിനാലാണ്. മിക്കവര്‍ക്കും ഉള്ളത് ഒരു സെന്റിനകത്ത് ഭൂമി. വീട് മാത്രം നില്‍ക്കുന്ന ഇടം. സര്‍ക്കാരിനോടും മറ്റു ഭരണാധികാരികളോടും ഇവിടെ വേസ്റ്റ് മാറ്റാന്‍ ഒരു സംവിധാനം ഉണ്ടാക്കണം എന്ന് അപേക്ഷിച്ചിരുന്നു. ഒരു മാറ്റവും ഉണ്ടായിട്ടില്ല. അങ്ങനെ ഒന്നുണ്ടായിരുന്നെകില്‍ ഇവിടത്തെ പ്രശ്‌നം ’- ആഞ്ചലോസ് ആരോപിക്കുന്നു.

ശിലുവമ്മയുടെ മരണവിവരം അറിഞ്ഞെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരോടും ഇവര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

മനുഷ്യജീവനു വിലയില്ലേ, നായയുടേതിനു മാത്രമേ ഉള്ളോ എന്നൊരു ചോദ്യവും ഇവര്‍ വന്നവരോട് ഉന്നയിച്ചു. അക്രമകാരികളായ തെരുവ് നായകളെ കൊല്ലുന്നതിനു നിയമതടസമുണ്ട് എന്ന് നേതാക്കളില്‍ ചിലര്‍ വ്യക്തമാക്കിയതാണ് ഇവരെ ചൊടിപ്പിച്ചത്.

'ഈ രാഷ്ട്രീയക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വാഹനം പോലും ഓടുന്നത് ഞങ്ങളുടെ കാശിലാണ്‌. എന്നിട്ട് ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ വയ്യ. ജനങ്ങളുടെ ജീവന്‍ പോയാലും പ്രശ്‌നമില്ല. കടിക്കാന്‍ വരുന്ന നായയെ കൊല്ലാന്‍ ശ്രമിച്ചാല്‍ കേസും വരും. ഇങ്ങനെയാണെങ്കില്‍ അടുത്ത തവണ തെരഞ്ഞെടുപ്പിന് പട്ടിയെ കൊണ്ടുപോയി വോട്ടു ചെയ്യിച്ചോളാന്‍ ഞങ്ങള്‍ പറഞ്ഞു. അവര്‍ സംരക്ഷിക്കാന്‍ നോക്കുന്നത് മനുഷ്യന്‍മാരെ അല്ലല്ലോ, നായകളെ അല്ലേ’- സിസ്ലെറ്റ് വ്യക്തമാക്കി.

നിലവില്‍ പ്രതീക്ഷയ്ക് വകയുണ്ടാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും സ്വീകരിച്ചിരിക്കുനത്. പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കൂട്ടായി ആലോചിച്ച് വളരെ ഗൗരവതരമായി നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കൂടുന്ന യോഗത്തില്‍ ആവശ്യമായ നടപടികള്‍ താമസം വിനാ സ്വീകരിക്കും എന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും അഴിമുഖത്തിനോട് വ്യക്തമാക്കി.

തങ്ങളുടെ ജീവന് സുരക്ഷിതമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധ നടപടികളിലേക്ക് തിരിയും എന്നും പ്രദേശവാസികള്‍ ഉറപ്പിച്ചിരിക്കുകയാണ്.


Next Story

Related Stories