TopTop
Begin typing your search above and press return to search.

കല്യാണി ബിരിയാണി; ഹൈദരാബാദി ബിരിയാണി പോലെ അത്ര സമ്പന്നനല്ല

കല്യാണി ബിരിയാണി; ഹൈദരാബാദി ബിരിയാണി പോലെ അത്ര സമ്പന്നനല്ല

ബീദറിലെ കല്യാണി നവാബുമാര്‍ ഹൈദരാബാദിലെത്തിയത് ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിലാണ്. കല്യാണി നവാബ് കി ദേവ്ഡി എന്നറിയപ്പെടുന്നയിടത്താണ് അവരുടെ ഹവേലി. കല്യാണി നവാബുമാരിലൊരാളായ ഗസന്‍ഫുര്‍ ജങ്ങ് കല്യാണം കഴിച്ചത് മൂന്നാമത് ഹൈദരാബാദ് നിസാമായ അസിഫ് ജാ മൂന്നാമന്റെ രണ്ടാമത്തെ മകള്‍ സാഹിബ്‌സാദി കമല്‍ ഉന്നിസ ബീഗത്തെയാണ്. ഇന്നത്തെ ബസവകല്യാണ്‍ എന്ന സ്ഥലത്തുനിന്നാണ് കല്യാണി നവാബുമാര്‍ ഇവിടേക്കെത്തിയത്. 1802ല്‍ നടന്ന ഈ വിവാഹത്തിനുശേഷം ഗസന്‍ഫുര്‍ ജങ്ങ് തന്റെ ഹവേലി ഹൈദരാബാദിലെ ഷാ അലി ബന്ദയില്‍ സ്ഥാപിച്ചു. പഴയ ഹൈദരാബാദ് സംസ്ഥാനത്തിന്റെ അരികിലാണ് ബസവകല്യാണ്‍ അഥവാ കല്യാണ്‍ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദി ബിരിയാണി ഹൈദരാബാദിന്റെ സമീപപ്രദേശങ്ങളിലേക്ക് എങ്ങനെ അതിന്റേതായ രീതിയില്‍ വളര്‍ന്നു എന്നത് രസകരമായ കാര്യമാണ്. പിന്നീട് ഈ മാറ്റങ്ങളോടെ തിരികെ അത് ഹൈദരാബാദില്‍ എത്തുകയും ചെയ്തു. റായല്‍സീമ നാട്ടുക്കോടി ബിരിയാണിയുടെയും ആന്ധ്രാ കൊണ്ട ബിരിയാണിയുടെയും കഥയും ഇതേപോലെ തന്നെ. കല്യാണി ബിരിയാണി സത്യത്തില്‍ ബീദറില്‍ നിന്നുള്ളതാണ്.കല്യാണി നവാബുമാരുടെ കൊട്ടാരങ്ങള്‍ (ദേവ്ഡി) ഇന്ന് തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. നമ്മുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയവര്‍ കാര്യമായ ജോലിയൊന്നും ചെയ്യുന്നില്ല എന്നത് ഉറപ്പാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നതിനെ ആര്‍ക്കിയോളജിക്കല്‍ റെസ്റ്റ്‌റ്റോറേഷന്‍ ഓഫ് ഇന്ത്യ എന്ന് പെരുമാറ്റി അതനുസരിച്ച് ജോലിചെയ്യുകയല്ലേ ചെയ്യേണ്ടത്? തീര്‍ച്ചയായും അവര്‍ പലതും ചെയ്യുന്നുണ്ടാകും, പക്ഷെ അത് പോര എന്നുമാത്രം.

കല്യാണി ബിരിയാണി

1948ലെ ഓപ്പറേഷന്‍ പോളോയിലൂടെയാണ് ഇന്ത്യന്‍ ഗവണ്മെന്റ് ഹൈദരാബാദ് സംസ്ഥാനം ഏറ്റെടുത്തത്. 1948നു ശേഷം ഹൈദരാബാദിലെ രാജവംശം പ്രതിസന്ധികളിലായി. ഇതിലൊരു കൂട്ടരായിരുന്നു കല്യാണി നവാബുമാരും. സമയം കടന്നുപോയപ്പോള്‍ ദേവ്ഡിയിലെ പാചകക്കാര്‍ മറ്റിടങ്ങളില്‍ ജോലിതേടിയിരിക്കണം. അല്ലെങ്കില്‍ അവരുടെ സ്വന്തം വഴിയോര ഭക്ഷണശാലകള്‍ തുറന്നിരിക്കണം. ഇങ്ങനെയാണ് ദാവൂദ് എന്നയാളും തനിക്ക് പരിചയമുള്ള പാചകരീതിയുപയോഗിച്ച് ബിരിയാണി ഉണ്ടാക്കിവില്‍ക്കുന്ന കട തുടങ്ങിയത്. ബീഫിന്റെ കഷണങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉള്ളി, ഒരുപാട് തക്കാളി. ഇതൊക്കെയായിരുന്നു ചേരുവകള്‍. അതിന്റെ രുചിയോ ബഹുകേമവും. അധികം വൈകാതെ ദാവൂദിന്റെ ബിരിയാണി പ്രശസ്തമായി.

അമ്പതുകളിലെപ്പോഴോ ചാര്‍മിനാറിനടുത്ത് മുര്‍ഗി ചൌക്കിലെ ദര്‍ഗയുടെ പിറകില്‍ ദാവൂദ് സ്ഥിരമായി ഒരു കട ആരംഭിച്ചു. കല്യാണി ബിരിയാണി ഉണ്ടാക്കി കടകള്‍ തുടങ്ങിയ മറ്റുപാചകക്കാരും ഉണ്ടാകും. എന്നാല്‍ ദാവൂദിനെപ്പോലെ പ്രശസ്തനായ വേറെയാരുമില്ല. ദാവൂദിന്റെ കടയുടെ പേരും കല്യാണി ബിരിയാണി എന്നുതന്നെയായിരുന്നു. കല്യാണി ബിരിയാണിയാണ് ദാവൂദ് ഏറ്റവും നന്നായി ഉണ്ടാക്കിയിരുന്നതും. ഹൈദരാബാദി ബിരിയാണിയുടെ ബീഫ് രൂപമാണ് കല്യാണി ബിരിയാണി എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയല്ല. കല്യാണി ബിരിയാണി സാധാരണ ഹൈദരാബാദി ബിരിയാണി പോലെയല്ല. ജീരകവും തക്കാളിയും മല്ലിയും ചേരുന്ന ഒരു പ്രത്യേക രുചിയാണ് അതിന്റെത്. ബിരിയാണിയിലെ ഹൈദരാബാദി കസിനെപ്പോലെ അത്ര സമ്പന്നമല്ല കല്യാണിബിരിയാണി. ഹൈദരാബാദി ബിരിയാണിയുടെ സവിശേഷതകളായ കുങ്കുമപ്പൂവോ മറ്റുസുഗന്ധദ്രവ്യങ്ങളോ ഇതിലുണ്ടാകില്ല. എങ്കിലും ഇത് വളരെ രുചികരമാണ്. കല്യാണി ബിരിയാണിയെ പാവങ്ങളുടെ ഹൈദരാബാദി ബിരിയാണി എന്ന് വിശേഷിപ്പിക്കാന്‍ എനിക്ക് തോന്നുന്നില്ല. ഹൈദരാബാദി ബിരിയാണിയുടെ കൊമേര്‍ഷ്യല്‍ വേര്‍ഷനുകള്‍ പോലെ അഹംഭാവങ്ങളൊന്നും ഇല്ല എന്നതാണ് എനിക്ക് കല്യാണി ബിരിയാണിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അമ്പതുകളിലെ ഹൈദരാബാദിനെക്കാള്‍ സമ്പന്നമാണ് ഇന്നത്തെ ഹൈദരാബാദ്. ഒരുപക്ഷെ വിലകുറഞ്ഞ കല്യാണി ബിരിയാണിയുടെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എങ്കിലും അത്ര സമ്പന്നമല്ലാത്ത മുസ്ലിം പ്രദേശങ്ങളില്‍ ഇത് ഇപ്പോഴും പ്രശസ്തമാണ്. ബീദറില്‍ തീര്‍ച്ചയും ഇതുതന്നെയാണ് പ്രിയപ്പെട്ട ബിരിയാണി.പഴയ പ്രതാപത്തിന്റെ ഒരു നിഴല്‍ പോലെയാണ് ദാവൂദിന്റെ മുര്‍ഗി ചൌകിലെ കട. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാവൂദ് മരിച്ചു. മക്കളാണ് ഇപ്പോള്‍ കട നടത്തുന്നത്. ഇപ്പോള്‍ അത്ര നല്ല നിലയിലല്ല കട നടക്കുന്നത്. എങ്കിലും ഈ ബിരിയാണിക്കടയിലെ എല്ലാം 30-40 കൊല്ലം മുന്‍പ് ഉണ്ടായിരുന്നത് പോലെ തന്നെയാണ്. കല്യാണി ബിരിയാണി ഇപ്പോഴും മികച്ചതാണ്. എങ്കിലും മുര്‍ഗി ചൌക്കിലെ ആളുകള്‍ പറയുന്നത് പണ്ടു ഇതിലും ഗംഭീരമായിരുന്നു എന്നാണ്. നിങ്ങള്‍ക്ക് ഭക്ഷണവും ചരിത്രവും ഇഷ്ടമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ വരണം. ഇന്നത്തെ അവസ്ഥ കണക്കിലെടുക്കരുത്. ഈ സ്ഥലത്ത് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ചരിത്രഭാവം അത്ഭുതകരമാണ്. എങ്കിലും വന്‍പ്രതീക്ഷകളോടെ പോകരുത്. ഈ കടയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ് ഇതിന്റെ ഉടമകള്‍ ഈ സ്ഥലം മെച്ചപ്പെടുത്തിഎടുക്കട്ടെ എന്നുമാത്രം പ്രതീക്ഷിക്കുന്നു.വിലാസം

മുര്‍ഗി ചൌക്ക് ദര്‍ഗക്ക് പിറകുവശം
സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമുതല്‍ രാത്രി എട്ടര വരെ.
വില പ്ലേറ്റിന് മുപ്പത്തഞ്ചുരൂപ

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാംNext Story

Related Stories