TopTop
Begin typing your search above and press return to search.

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. എം.ഫില്‍ വിദ്യാര്‍ഥിയും തമിഴ്‌നാട് സ്വദേശിയുമായ മുത്തുകൃഷ്ണ (ക്രിഷ്)നെയാണ് യാണ് ജെഎന്‍യുവിന് സമീപമുള്ള മുനീര്‍ക്കയിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമൂലയുടെ ആത്മഹത്യയുണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു ദളിത് വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്. രോഹിതിന് നീതി ലഭിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ രോഹിത് വെമൂല മൂവ്‌മെന്റിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ക്രിഷ്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് എം.എ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ക്രിഷ് ജെഎന്‍യുവിലെത്തിയത്. ഹൈദരാബാദില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. രോഹിതുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ക്രിഷ്, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം രോഹിതിന്റെ അമ്മ രാധിക വെമൂലയെക്കുറിച്ച് എഴുതിയ ബ്ലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. "കെട്ടുകഥകളിലെ കഥാപാത്രങ്ങളെ പരിഹസിച്ചാല്‍ പോലും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള ബുദ്ധിജീവികള്‍ അറസ്റ്റ് ചെയ്യപ്പെടും. അതേ സമയം, പത്താം ക്ലാസ് പോലും പാസാകാന്‍ കഴിയാത്തവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ തലപ്പത്തെത്തുകയും ചെയ്യും. അവര്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തും. ഈ രാജ്യത്തിന് ബൗദ്ധികപരമായി ഉന്നതിയുണ്ടാക്കുന്നതിന്റെ പേരില്‍, യുക്തിപരമായി ചിന്തിക്കുന്നതിന്റെ പേരില്‍, ബീഫ് തിന്നുന്നതിന്റെ പേരില്‍ അവര്‍ ഇനിയും ഞങ്ങളെപ്പോലുള്ള നിരവധി രോഹിതുമാരെ കൊല്ലും. എന്നാല്‍ ഈ രാജ്യത്തിന്റെ സന്തതികളാണ് ഞങ്ങള്‍. ഞങ്ങളെ കൊന്നാല്‍ ഈ രാജ്യവും ഉണ്ടാവില്ല"
- 'എ യൂണിവേഴ്‌സല്‍ മദര്‍ വിത്തൗട്ട് എ നേഷന്‍' എന്നു പേരിട്ട ബ്ലോഗില്‍ കുറിക്കുന്നു.സഹവിദ്യാര്‍ഥികളുടേയും സുഹൃത്തുക്കളുടേയും സന്ദേശങ്ങളാണ് ക്രിഷിന്റെ ഫേസ്ബുക്ക് പേജില്‍ നിറയെ. അവിശ്വസനീയമെന്നും വീണ്ടും സ്ഥാപനവത്കൃത കൊലയാണ് നടന്നിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രോഹിത് മരിച്ച ശേഷം രാജ്യത്തെ വിവിധ സര്‍വകലാശാലകളിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനു പിന്നാലെയാണ് ജെ.എന്‍.യു വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. ഇപ്പോള്‍ ക്രിഷിന്റെ ആത്മഹത്യ കൂടി ഉണ്ടായതോടെ രാജ്യത്തെ കലാലയ രാഷ്ട്രീയം വീണ്ടും പ്രക്ഷുബ്ധമാകുകയാണ്.

അടിച്ചമര്‍ത്തവരുടെ ശവപ്പറമ്പായി നമ്മുടെ സര്‍വകലാശാലകള്‍ മാറിയെന്നാണു ക്രിഷിന്റെ മരണവിവരമറിഞ്ഞശേഷം ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

അതേസമയം ക്രിഷ് ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ മന:പൂര്‍വമായ കാലതാമസം വരുത്തിയെന്നും ക്രിഷ് ആത്മഹത്യ ചെയ്ത മുനീക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മൃതദേഹം ധൃതിപിടിച്ചു മാറ്റാന്‍ ശ്രമിച്ചെന്നും ഡല്‍ഹി പൊലീസിനെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജെ.എന്‍.യുവില്‍ നടക്കുന്ന അഡ്മിഷനുമായി ബന്ധപ്പെട്ടും അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ സംബന്ധിച്ചുമായിരുന്നു ക്രിഷിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. "എപ്പോള്‍ തുല്യത നിഷേധിക്കപ്പെടുന്നോ അവിടെ ബാക്കിയെല്ലാം നിഷേധിക്കപ്പെടുകയാണ്എം.ഫില്‍-പി.എച്ച്.ഡി അഡ്മിഷനുകളില്‍ യാതൊരു തുല്യതയും പാലിക്കുന്നില്ല, വൈവയിലും യാതൊരു തുല്യതയുമില്ല, പ്രൊഫ. തോറാട്ടിന്റെ ശിപാര്‍ശകള്‍ തള്ളിക്കളഞ്ഞിരിക്കുന്നു, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ പ്രതിഷേധിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കിയിരിക്കുന്നു, അരികുകളില്‍ ജീവിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു" ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.


Next Story

Related Stories