TopTop
Begin typing your search above and press return to search.

ചില ഇടപെടലുകള്‍ അനിവാര്യമാണ്; വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്ക് ഒടുവില്‍ നീതി

ചില ഇടപെടലുകള്‍ അനിവാര്യമാണ്; വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്ക് ഒടുവില്‍ നീതി

അഴിമുഖം പ്രതിനിധി

വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്ന് റിസള്‍ട്ട് വൈകിപ്പിച്ച് വിവേചനവും പകപോക്കലും institutional violence ഉം നേരിട്ട വിദ്യാര്‍ത്ഥിനിക്ക് ഒടുവില്‍ നീതി. റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ ഇന്നലെ (ഫെബ്രുവരി പത്താം തീയതി) വകുപ്പ് മേധാവി വിദ്യാര്‍ത്ഥിനിക്കു കൈമാറി. എന്നാല്‍ വിദ്യാര്‍ത്ഥിനിയോട് വിവേചനപരമായി പെരുമാറിയ അധ്യാപകനെതിരെ എന്തെങ്കിലും നടപടി ഫാക്കല്‍റ്റി കൈക്കൊളളാനുള്ള സാധ്യത വിരളമാണ്.

വൈകിയാണെങ്കിലും പ്രസ്തുത വിദ്യാര്‍ത്ഥിനിക്ക് അര്‍ഹിച്ച നീതി കിട്ടിയത് സന്തോഷകരമായ കാര്യം തന്നെ. എന്നാല്‍ ഇനിമേലില്‍ ഇത്തരം പ്രതികാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉണ്ടാകില്ലെന്ന ഉറപ്പ് ഇപ്പോഴും ആരും ആര്‍ക്കും നല്‍കുന്നില്ല. ഈ കുട്ടിയുടെ കാര്യത്തില്‍ തന്നെ, ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പകപ്പോക്കലും നടക്കില്ല എന്ന കാര്യത്തില്‍പ്പോലും ആര്‍ക്കും ഉറപ്പില്ല. അഴിമുഖത്തോട് പ്രതികരിച്ച വെറ്ററിനറി സര്‍വകലാശാലയിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി വ്യക്തമാക്കുന്നത് ഇതിനേക്കാളും മോശം സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട് എന്നാണ്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കൊടുത്തപ്പോള്‍ മനപൂര്‍വം വിദ്യാര്‍ത്ഥിനിയുടെയും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അധ്യാപകന്റെയും പേരുകള്‍ മറച്ചുവച്ചു. പലകോണില്‍ നിന്നും, അധ്യാപകരില്‍ നിന്നുള്‍പ്പെടെ പ്രസ്തുത അധ്യാപകന്റെ പേര് വെളിവാക്കണം എന്ന ആവശ്യം ഉയര്‍ന്നു വന്നതുമാണ്. ആ അധ്യാപകന്റെ പേര് വെളിപ്പെടുത്തുന്നതില്‍ ഭയമുണ്ടായിട്ടായിരുന്നില്ല, പ്രശ്‌നം പരിഹരിച്ചു കിട്ടണമെന്നു മാത്രം ആഗ്രഹമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ മനസിലാക്കിയിരുന്നു അത്തരമൊരു ഹൈഡിംഗ് നടത്തിയത്.

ഒരധ്യാപകന്‍ എന്ന പരാമര്‍ശനം മൊത്തം അധ്യാപകരെയും ബാധിക്കുമെന്ന് വിഷമം പ്രകടിപ്പിക്കുന്നവര്‍ പക്ഷേ ഒന്നോര്‍ക്കണം, മേല്‍പ്പടിയാനെപ്പോലുള്ള അധ്യാപകര്‍ നിങ്ങളുടെ വര്‍ഗത്തിന് മൊത്തം അപമാനം വരുത്തിവയ്ക്കുന്നതില്‍ മാധ്യമങ്ങളോ പുറത്തു നിന്നുള്ള മറ്റുള്ളവരോ ഉത്തരവാദികളല്ല. ഗുരുവിന്റെ മഹത്വം മനസിലാക്കയവരല്ല എല്ലാവരുമെന്ന് തെളിയിക്കുകയല്ലേ വെറ്ററിനറി സര്‍വകലാശാലയിലെ ആ ഗൈഡ്!

ആ വിദ്യാര്‍ത്ഥിനി നെറ്റ് യോഗ്യത നേടി, അത് തടസപ്പെടാനിടവരരുത് എന്ന നിലയിലാണ് അഴിമുഖം പ്രതിനിധി അധ്യാപകനോട് സംസാരിച്ചത്. അപ്പോഴദ്ദേഹത്തിന്റെ മറുപടി ഇതാണ്: എന്നോട് ചോദിച്ചിട്ടല്ല നെറ്റ് എഴുതിയത്. നെറ്റ് കിട്ടിയത് മറ്റുളളവര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.

ഇതുശരിക്കും താന്‍ പ്രമാണിത്തവും മാടമ്പിത്തരവുമാണ്. അടിയങ്ങളായ തൊമ്മികളുടെ കാലം അവസാനിച്ചിട്ടില്ലെന്നു കരുതുന്നയാളാണോ അദ്ദേഹം. സാറിന്റെ അനുവാദമില്ലാതെ പ്രബന്ധമെഴുതി അവതരിപ്പിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ല അല്ലേ? സാറിന്റെ പേര് രേഖപ്പെടുത്തിയ ലേഖനം ആ കുട്ടി എഴുതി പബ്ലിഷ് ചെയ്തിട്ട് റിസള്‍ട്ടിന്റെ കാര്യം അന്വേഷിച്ചുവന്നാല്‍ മതി എന്നു നിങ്ങള്‍ പറയുമല്ലേ? പെരുവിരല്‍ മുറിച്ചുവാങ്ങുന്ന ദ്രോണന്മാരുടെ കാലം കഴിഞ്ഞു. 2013 അഡ്മിഷനിലെ വിദ്യാര്‍ത്ഥികളില്‍ എക്‌സാം കഴിഞ്ഞ് തീസിസ് സമര്‍പ്പിച്ച എല്ലാവരുടെയും റിസള്‍ട്ടും പ്രൊവിഷണല്‍ ഡ്രിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഈ വിദ്യാര്‍ത്ഥിനിക്കുമാത്രം വാതിലുകള്‍ തോറും അലയേണ്ടി വന്നൂ.

ഒരു വിവേചനവും പകപ്പോക്കലുമില്ലെന്നാണ് വനിതാപ്രഫസര്‍മാര്‍ ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശം. Institutional violence എന്താണെന്നറിയാന്‍ മറ്റെവിടെയും പോവണ്ടല്ലോ. സ്ത്രീക്ക് ലൈംഗികമായ പരാതികള്‍ മാത്രമേ നല്‍കാവൂ എന്നാണോ ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത്? 16/10/2015ന് വിദ്യാര്‍ത്ഥിനി തീസിസ് സമര്‍പ്പിച്ചതായി ഡീന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ കത്ത് ഉണ്ട്. 3/11/2015ന് തീസിസിന്റെ എക്‌സ്‌റ്റേര്‍ണല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന് നല്‍കിയിട്ടുണ്ട്. അതിന്റെ പകര്‍പ്പും വിദ്യാര്‍ത്ഥിനിയുടെ കൈവശം ഉണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഈ വിദ്യാര്‍ത്ഥിനി റിസള്‍ട്ട് നോട്ടിഫിക്കേഷനുവേണ്ടി വാതിലുകളില്‍ മുട്ടുന്നു. ഗുരുവചനങ്ങള്‍ അതിവിശിഷ്ടമായിരുന്നു. ആദരവ് അര്‍ഹിക്കുന്ന അധ്യാപകര്‍ക്ക് അതു നല്‍കിയാല്‍ മതിയല്ലോ. ഈ വിദ്യാര്‍ത്ഥിനിയുടെ പഠനനിലവാരം മോശമായിരുന്നുവെന്നും തീസിസില്‍ ധാരാളം പിശകുകളുണ്ടായിരുന്നുവെന്നും അത് തിരുത്തി ഇവ്വിധമാക്കിയത് താനാണെന്നും ഈ അധ്യാപകന്‍ അവകാശപ്പെടുന്നു. ശരിയായിരിക്കാം. തന്റെ ശിഷ്യയുടെ നിലവാരമുയര്‍ത്താന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടുകാണാം അദ്ദേഹം. എന്നിട്ടാണോ കഴിഞ്ഞ മൂന്നുമാസമായി കുട്ടിയുടെ റിസള്‍ട്ട് ഒന്നു നേരാം വണ്ണം പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയത്. ഒടുവില്‍ സമൂഹത്തിന്റെ ചോദ്യം ചെയ്യല്‍ ഉണ്ടാവുമെന്ന അപകടം മണത്തപ്പോള്‍ കേവലം മൂന്നുദിവസം കൊണ്ട് റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ വന്നു.വിഷമകരമായ മറ്റൊരു സംഗതി പറയട്ടെ. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍പോലും തയ്യാറാകുന്നില്ല. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം പോലും മൗനം പാലിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാക്കളോട് സംസാരിച്ചിരുന്നു. പി ജി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രതിനിധി ക്ഷണിതാവായി എസ് എഫ് ഐ യൂണിറ്റിലുണ്ട്. അയാളുടെ ഗൈഡും ഇതേ അധ്യാപനാണ്. അയാള്‍ പറഞ്ഞത് 'എന്നോട് അധ്യാപകനു ഒരു കുഴപ്പവുമില്ല' എന്നാണ്. സ്വന്തം കാര്യത്തില്‍ കുഴപ്പമില്ലെങ്കില്‍ സംഘടനാനേതാവിന് മിണ്ടാതിരിക്കാമെന്നാണേ?

ഈ യൂണിവേഴ്‌സിറ്റിയിലെ ജെന്‍ഡര്‍ സംബന്ധമായ ഏതെങ്കിലും കമ്മിറ്റി ഒരു കലാമിറ്റി ഉണ്ടാവും മുമ്പ് ഒരു വിഷയത്തില്‍ ഇടപെടാറുണ്ടോ? ഇല്ലെന്നുള്ള വിഷമം ഉയരുന്നത് സര്‍വകലാശാലയ്ക്കുള്ളില്‍ നിന്നു തന്നെയാണ്. സമാഗതി റിപ്പോര്‍ട്ട് എന്ന ഒന്നിനെക്കുറിച്ച് ഇവര്‍ കേട്ടിട്ടുണ്ടോ? കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒക്ടോബര്‍ 2015ല്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് ക്യാമ്പസുകളിലെ ലിംഗനീതിയെക്കുറിച്ച് ചില സത്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. സ്ത്രീകള്‍ സംസാരിക്കേണ്ടിവരുന്ന മൗനം എന്ന ആഗോളഭാഷയെക്കുറിച്ച് ഈ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്, മൗനം പൂണ്ടിരുന്നാല്‍ മാത്രം ഉന്നതരായ അധ്യാപകശ്രേഷ്ടരുടെ പ്രീതിനേടാമെന്ന ദുരവസ്ഥ എങ്ങനെയാണ് സംജാത ( ദുര്‍ജാത) മാവുന്നത്? മീനാക്ഷി ഗോപിനാഥിന്റെ ഈ റിപ്പോര്‍ട്ട് പലതു കൊണ്ടും വാര്‍ത്തയില്‍ വേണ്ടത്ര ഇടം പിടിച്ചില്ല. പക്ഷെ ഇത് നമ്മുടെ കാമ്പസുകളിലെ ലിംഗനീതിയെക്കുറിച്ചും ദുഷിച്ച അക്കാദമിക് പെര്‍വേര്‍ഷനെക്കുറിച്ചും ദുരബാധിച്ച മനോരോഗികളായ അധ്യാപകരെക്കുറിച്ചും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ഥാപനപരമായ ഹിംസാത്മകതയാണ് ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്ക് സ്‌പേസും, വോയ്‌സും, വിസിബിളിറ്റിയും ഇല്ലാതാവുന്നു. നമ്മുടെ കാമ്പസുകളെ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയി രൂപപ്പെടുത്തുന്നത് യുജിസി 2014ല്‍ സാക്ഷം റിപ്പോര്‍ട്ടിലൂടെ തന്നെ നിര്‍ദേശിച്ചിരുന്നതാണ്. എന്നാലിവിടെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയുടെ കാര്യത്തില്‍ ഈ ജെന്‍ഡര്‍ കമ്മിറ്റിക്കാരൊന്നും ഇതുവരെ ഇടപെട്ടുകണ്ടില്ല. പരാതി എഴുതി നല്‍കിയാലേ ഇടപെടൂ എന്നുണ്ടോ? ആത്മഹത്യക്ക് ശേഷം മെഴുകുതിരി തെളിക്കലും മൗനമാചരിക്കലും ആണല്ലോ ശീലം? യൂണിവേഴ്‌സിറ്റികള്‍ വെറും തൊഴിലിടങ്ങള്‍ മാത്രമാവരുതെന്ന് മീനാക്ഷി ഗോപിനാഥ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീകളോടുളള അതിക്രമം എന്നുപറഞ്ഞാല്‍ ലൈംഗികം മാത്രമെന്ന് ചുരുക്കികാണുന്ന പ്രവണത കഷ്ടമാണ്.

Womens development cell, ഈ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ആര്‍ക്കുമറിയില്ല. ഒരു വനിതാഫാക്കല്‍റ്റി മെമ്പര്‍ പോലും വിവേചനത്തിനിരയായ പെണ്‍കുട്ടിയോട് നാളിതുവരെ ഒന്നു ഫോണ്‍ ചെയ്തുപോലും അന്വേഷിച്ചിട്ടില്ല.

ഈ വിഷയം ഒരു മാധ്യമം ഏറ്റെടുത്തെന്നറിഞ്ഞപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും യൂണിവേഴ്‌സിറ്റിയിലെയും ചില അധ്യാപകകര്‍ ഗദ്ഗദപ്പെടുന്നത് അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്നാണ്. അതേസമയം കേരളത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലിഷ് ദിനപത്രത്തില്‍ വിളിച്ച് ന്യൂസ് നല്‍കരുതെന്ന് സോര്‍ട്ട് ഔട്ട് ചെയ്തതും ഇവരുടെ കൂട്ടത്തില്‍ നിന്നാണ്. ആ അധ്യാപകനെതിരെ മാനസിക പീഡനം നടത്തുകയാണ് വിദ്യാര്‍ത്ഥിനിയെന്നാണ് ഇപ്പോള്‍ പരാതി ഉയരുന്നത്. മാനഹാനിക്കു കേസ് നല്‍കാന്‍ വരെ ആലോചനയുണ്ടേ്രത! വിദ്യാര്‍ത്ഥിനി യൂണിവേഴ്‌സിറ്റിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും കുറ്റം. അധ്യാപന്റെ പേരുപോലും ഞങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥിനിക്ക് നീതിലഭിക്കേണ്ടതായിരുന്നു പ്രധാനം. പക്ഷേ താന്‍ തെറ്റുകാരനാണെന്നു വരാതിരിക്കാന്‍ പാപം മുഴുവന്‍ വിദ്യാര്‍ത്ഥിക്കുമേല്‍ ചാര്‍ത്താന്‍ ഒരുങ്ങുകയാണെങ്കില്‍ ശരിയുടെ പക്ഷത്തു നില്‍ക്കേണ്ട മാധ്യമധര്‍മം പാലിച്ചിരിക്കും.

അഹങ്കാരിയായ പെണ്‍കുട്ടി അങ്ങനിപ്പം നെറ്റ് നേടേണ്ട; ഒരധ്യാപകന്‍ പറയുന്നതാണ്


വെറ്റിറനറി സര്‍വകലാശാലയിലേത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എം ജി യൂണിവേഴ്‌സിറ്റിയിലെ ദീപ മോഹനന്‍ പരാതിപ്പെട്ടത് സമാനമായ വിഷയത്തിലായിരുന്നു. ഒന്നാം റാങ്കോടെ എം ഫില്‍ പൂര്‍ത്തിയാക്കിയശേഷം ദീപയ്ക്ക് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായില്ല. പരാതി നല്‍കിയിട്ടും പി എച് ഡി തീസിസ് അംഗീകരിക്കാന്‍ തയ്യാറായില്ല. നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ ഇനിയെന്തൊക്കെ അനുഭവിക്കണം?

ഈ വിഷയങ്ങളിലൊക്കെ വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ഒരു നിലപാടുമില്ലാതാവുന്നു എന്നതാണ് ദയനീയം. നിലപാടുണ്ടെങ്കില്‍ത്തന്നെ അത് തീര്‍ത്തും പ്രതിലോമകരമായിരിക്കുകയും ചെയ്യും. എസ് എഫ് ഐ മാത്രം പ്രവര്‍ത്തിക്കുന്ന വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അവരാരും തന്നെ ഈ പ്രശ്‌നത്തില്‍ നാളിതുവരെ ഇടപെട്ടിട്ടില്ലെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ മൂന്നു മാസമായി ഈ വിദ്യാര്‍ത്ഥിനി ഇതേ ക്യാമ്പസില്‍ ഇതേ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി ശ്രമിക്കുകയാണ്.ഇതിപ്പോഴൊന്നും തുടങ്ങിയതല്ല. ഇപ്പോള്‍ പരാതിക്കാരിയായ ഈ വിദ്യാര്‍ത്ഥിനി ഇതിനിരയായ, ആദ്യത്തെ ആളുമല്ല,. ഇപ്പോഴും ഇരകളുണ്ട്. മുമ്പും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. എപ്പോഴും ഭൂരിപക്ഷം നിശബ്ദതയിലാണ്. സര്‍ജറി ഡിപാര്‍ട്ട്‌മെന്റിലെ അടിമപ്പണി മടുത്ത് എം വി എസ് സി നിര്‍ത്തിപ്പോയവരുണ്ട്. തീസിസിലെ വിഷയവിവരണത്തിലെ തര്‍ക്കം മൂലം കലഹിച്ചു വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയുണ്ട്, അവരിനിയും തീസിസ് പൂര്‍ത്തിയാക്കിയിട്ടില്ല. മാനസികസമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനികളുണ്ട്. കോളേജില്‍നിന്നും വീട്ടില്‍നിന്നും ഓടിപ്പോയവരുണ്ട്. എല്ലാം പൂര്‍ത്തിയാക്കിയശേഷം ആവശ്യത്തിന് അറ്റന്‍ഡന്‍സില്ലെന്നുപറഞ്ഞ് റിസള്‍ട്ട് പ്രസിദ്ധീകരിക്കാതെ ഒരു സെമസ്റ്റര്‍ വെറുതെ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കേണ്ടിവന്നവരുണ്ട്. ഇരകളുടെ എണ്ണവും, ദുരനുഭവവും അവസാനിക്കില്ല. പി ജി വിദ്യാര്‍ത്ഥിനികളുടേതിനേക്കാള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുക യുജി വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നങ്ങളാവും എന്നതിനാല്‍ അവരെ മിക്ക അധ്യാപകവേട്ടക്കാരും വെറുതെ വിടും. പി ജി വിദ്യാര്‍ത്ഥിനികളോട് ആദ്യമേ തന്നെ വലിയ അടുപ്പം സ്ഥാപിക്കുന്ന ചില അധ്യാപകരുണ്ട്. അടിവസ്ത്രം അലക്കാനൊക്കെ ഹോസ്റ്റലില്‍ വെളളമുണ്ടോ എന്നുവരെ അവര്‍ കുശലാന്വേഷണം നടത്തിക്കളയുമവര്‍.

മകളുടെ റിസള്‍ട്ട് പ്രസിദ്ധീകരിക്കാന്‍ താമസിക്കരുതേ എന്നപേക്ഷിച്ച് ഈ കുട്ടിയുടെ അമ്മ പ്രസ്തുത അധ്യാപകനെ ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ ആ അമ്മയോടും കള്ളം പറയുകയായിരുന്നു അദ്ദേഹം. കളളം പറയുക മാത്രമല്ല അതാവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോഴും ചെയ്യുന്നു. CRCG അന്നേ അയച്ചിരുന്നു എന്ന് ഇപ്പോഴും വാദിക്കുകയാണ്. അഹങ്കാരികളെ ചെവിക്കല്ല് അടിച്ചുപൊളിച്ചു നല്ലത് പഠിപ്പിക്കണമെന്നാണ് ഇദ്ദേഹം ഇപ്പോഴും ആഗ്രഹിക്കുന്നത്.

ഇത് ഈഗോയാണ്... ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി തകര്‍ത്തുകൊണ്ടല്ല തന്റെ ഈഗോ സംരക്ഷിക്കേണ്ടതെന്ന് അധ്യാപകന്‍ മനസിലാക്കണം.

അതു മനസിലാക്കാതെ തന്റെ വാശി സംരക്ഷിക്കാനാണ് ഇദ്ദേഹത്തെപോലുള്ളവര്‍ തയ്യാറാകുനന്തെങ്കില്‍ സാംസ്‌കാരികകേരളത്തിനും വിദ്യാഭ്യാസത്തിനും അപമാനമാണവര്‍...ഇവരെ തിരുത്തേണ്ട ചുമതല സമൂഹം ഏറ്റെടുത്തേ മതിയാകൂ...

ആ കുട്ടിക്ക് നീതി നേടിക്കൊടുക്കാന്‍ ചെറുതായെങ്കിലും പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. ഇനിയും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുമോയെന്നുള്ള ആശങ്ക പക്ഷേ ബാക്കിയാണ്...


Next Story

Related Stories