TopTop
Begin typing your search above and press return to search.

കലാലയ രാഷ്ട്രീയം മാറുകയാണ്; പാമ്പാടി,ലോ അക്കാദമി സമരങ്ങള്‍ തെളിയിച്ചത്

കലാലയ രാഷ്ട്രീയം മാറുകയാണ്; പാമ്പാടി,ലോ അക്കാദമി സമരങ്ങള്‍ തെളിയിച്ചത്

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഹയര്‍സെക്കന്ററിതലം വരെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികവ് പുലര്‍ത്തി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോളും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ബിഹാറിനേക്കാള്‍ താഴെയാണ്. സ്വതന്ത്രചിന്ത പ്രചരിപ്പിക്കേണ്ട, സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ട കലാലയങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകളല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കോളേജ് അധികൃതരുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളും അതിനെതിരായ പ്രതിഷേധങ്ങളുമാണ് കാണുന്നത്. ഇതിന് ഉദാഹരമാണ് ലോ അക്കാദമി സമരം.

ജനുവരി 10ന് അറ്റന്‍ഡന്‍സിന്റെയും, ഇന്റേണല്‍ മാര്‍ക്കിന്റേയും, ഇയര്‍ ഔട്ടിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത ലോ അക്കാഡമിയിലെ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമരം ആരംഭിച്ചിരുന്നു. എന്നാല്‍ സംഭവം മാധ്യമശ്രദ്ധയില്‍ പെടുന്നതിന് മുമ്പ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ടിവി അവതാരക കൂടിയായ ലക്ഷ്മി നായര്‍ ശ്രമിച്ചത്. സംഭവം വൈകാതെ കെഎസ്‌യു, എംഎസ്എഫ്, എസ്എഫ്‌ഐ, എബിവിപി സംഘടനകള്‍ ഏറ്റെടുക്കുകയും സംസ്ഥാനമാകെ ചര്‍ച്ച ചെയ്യുന്ന വിദ്യാഭ്യാസ - രാഷ്ട്രീയ പ്രശ്‌നമായി അത് മാറുകയും ചെയ്തു. 29 ദിവസം നീണ്ടു നിന്ന സമരത്തിന് ഒടുവില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമായി.

ലോ അക്കാദമിയില്‍ ഏറെക്കാലമായി തുടരുന്ന വിദ്യാര്‍ത്ഥി പീഡനത്തിനെതിരായ പ്രതിഷേധവും രോഷവും പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത് കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ക്കെതിരെ പടര്‍ന്ന് പിടിച്ച സമരമാണ്. തൃശൂര്‍ തിരുവില്വാമല പാമ്പാടിയിലുളള നെഹ്രു കോളേജില്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയതോടെയാണ് സ്വാശ്രയ പ്രക്ഷോഭം കത്തിപ്പടര്‍ന്നത്. നെഹ്രു കോളേജ് എസ്എഫ്‌ഐ അടിച്ച് തകര്‍ത്തപ്പോള്‍ അതുവരെ അക്രമ രാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുകയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുകയും ചെയ്തിരുന്നവരടക്കം കാര്യമായി ഒന്നും പറഞ്ഞില്ല. അത്രക്ക് അസഹനീയമാകുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയമല്ല, മറിച്ച് മാനേജ്‌മെന്റുകളാണ്. നെഹ്രു കോളേജിന് പിന്നാലെ കോട്ടയത്തെ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജായ മറ്റക്കര ടോംസ് കോളേജിലേക്ക് എസ്എഫ്‌ഐ പ്രക്ഷോഭം പടര്‍ന്നു. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലും വലിയ പ്രശ്‌നമുണ്ട്. സ്വാഭാവികമായി പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥി പീഡന നടപടികള്‍, ഇന്റേണല്‍ മാര്‍ക്കിലെയും അറ്റന്റന്‍സിലേയും കടുത്ത വിവേചനങ്ങള്‍, ജാതി അധിക്ഷേപം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ പുകയുകയായിരുന്ന ലോ അക്കാദമിയിലേക്ക് പ്രക്ഷോഭം എത്തപ്പെട്ടു.

സമരത്തിനൊടുവില്‍ പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്ക് പരീക്ഷാ ചുമതല അടക്കമുളളവയില്‍ നിന്നും 5 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. സ്വാഭാവികമായി ഇനി അവര്‍ക്ക് പ്രിന്‍സിപ്പലായി തുടരാനാകില്ല. എന്നിരുന്നാലും 49 വര്‍ഷത്തെ ലോ അക്കാദമി ചരിത്രം കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈ കഴുകാനാകാത്ത അവിശുദ്ധ ബന്ധത്തിന്റെ കഥയാണ്. അതിനുദാഹരണമാണ് കോളേജിന് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിഞ്ഞു എന്ന കാര്യം.

വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് പോലും ചട്ടമില്ലാതെ ലോ അക്കാദമി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും വിദ്യാര്‍ത്ഥികളെ അവരുടെ പ്രവേശന മാനദണ്ഡത്തെക്കുറിച്ചുളള സ്വാശ്രയ സ്ഥാപനങ്ങളുടെ തരം താണ സമീപനവും ആണ് മറ്റൊരു വസ്തുത. സുവ്യക്തവും സുദൃഢവുമായ നിയമങ്ങളില്ലാത്തതും ഉള്ള നിയമങ്ങളെ സുശക്തമായി നടപ്പിലാക്കാത്തതും മാത്രമല്ല ഇതിന് കാരണം. ഉന്നത വിദ്യഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും മാനേജ്‌മെന്റിനുമെല്ലാം ഇതിന് ഉത്തരവാദിത്തമുണ്ട്.

കേരളത്തില്‍ സ്‌കൂള്‍ കോളേജ് രാഷ്ട്രീയത്തിനെതിരെ ഒരു വിഭാഗം അരാഷ്ട്രീയ വാദികള്‍ മുമ്പ് രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടിയാണ് ഇത്തരക്കാരില്‍ ചിലര്‍ കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരുന്നത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് തങ്ങളുടെ തോന്ന്യാസങ്ങള്‍ നടത്താന്‍ പലപ്പോഴും കലാലയ രാഷ്ട്രീയം തടസമാകുന്നുണ്ട്. കലാലയ രാഷട്രീയം ഇല്ലാത്ത എത്രയോ കലാലയങ്ങളില്‍ തികഞ്ഞ അരാജത്വം ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കലാലയ സംഘട്ടനങ്ങളുടെ പേര് പറഞ്ഞും അക്കാദമിക് നിലവാര തകര്‍ച്ചയെക്കുറിച്ചും മുതലക്കണ്ണീരൊഴുക്കുന്ന അരാഷ്ട്രീയ വാദികള്‍ സത്യം എന്തെന്ന് അറിയുന്നില്ല.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും വളര്‍ന്ന് വന്ന നേതാക്കളെല്ലാം ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളവരാണ്. ആക്രമങ്ങള്‍ കാരണം പൊതു സമൂഹം പലപ്പോഴും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വെറുക്കപ്പെട്ടങ്കിലും അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അനിവാര്യമാണെന്ന ബോധം പൊതു സമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിലവിലെ വിദ്യാര്‍ത്ഥി സംഘടനകളും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇരിക്കുന്ന കൊമ്പ് മുറിക്കാതെ നിലവിലെ സമൂഹ വിരുദ്ധപ്രവണതകള്‍ക്കെതിരെ ഒരുപോലെ മുന്നിട്ടിറങ്ങണം. എങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകളോടുള്ള നിലവിലെ മനോഭാവം മാറ്റിയെടുക്കാനും ഒപ്പം നല്ലൊരു ജനാധിപത്യത്തിന്റെ വികസനത്തിന് ഇത് സഹായിക്കും എന്നതില്‍ സംശയമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories