TopTop
Begin typing your search above and press return to search.

അവകാശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്ക് അല്ലെങ്കില്‍ ഈ വിഡ്ഢി സമൂഹത്തിന്റെ ഭാഗമായി അവരും വളരും

അവകാശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്ക് അല്ലെങ്കില്‍ ഈ വിഡ്ഢി സമൂഹത്തിന്റെ ഭാഗമായി അവരും വളരും
കേരളത്തിലെ ഒരു കോളേജില്‍ പഠിക്കാന്‍ പറ്റാത്തത് നഷ്ടബോധമായി കൊണ്ടുനടക്കുന്ന ഒരാളാണ് ഞാന്‍. കലാലയങ്ങളിലെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പറ്റാതെ പോയത് തന്നെയാണ് അതിലെ ഒരു പ്രധാന കാരണം. cotton hill സ്‌കൂളില്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ അവിടെ വിദ്യാര്‍ഥി സംഘടനയുണ്ട്, പക്ഷെ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് സംഘടനയുണ്ട്, വിദ്യാര്‍ഥികള്‍ തന്നെ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഉണ്ട്. രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകള്‍ സമരങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ക്കും അവധി കിട്ടിയിട്ടുണ്ട്, വിദ്യാഭ്യാസ ബന്ദുകള്‍ക്ക് സ്‌കൂള്‍ അടച്ചിട്ടിട്ടുണ്ട്. അവിടെ ഏറ്റവും താഴെക്കിടയിലുള്ള കുട്ടികള്‍ പഠിച്ചിട്ടുണ്ട്, പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളാണ്. എന്നാല്‍ ഞങ്ങള്‍ സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ സമരങ്ങളുടെ ഭാഗമായി അവധി ലഭിക്കാത്ത കാര്‍മല്‍ സ്‌കൂളും ഹോളി ഏഞ്ചല്‍സ് സ്‌കൂളും അതേ പ്രദേശത്ത് തന്നെ നിലനിന്നിട്ടും ഉണ്ട്. അങ്ങനെയുള്ള സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ കോളേജില്‍ എത്തിയപ്പോള്‍ അവിടെ നടക്കുന്ന സംഘടന പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടുള്ളവരും ഉണ്ട്. അവര്‍ക്കതിന്റെ പ്രാധാന്യം മനസ്സിലായത് കൊണ്ട്, നേരിട്ട് തിരിച്ചറിവുകള്‍ ഉണ്ടായത് കൊണ്ട്.

കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം വേണം എന്നത് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയം ഒഴിവാക്കി അതിനെ വിശകലനം ചെയ്താല്‍ സംഘടിക്കുക എന്ന അവകാശം കുട്ടികളുടേയും കൂടെയാണ്. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്കെതിരെയുള്ള അനീതികള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍, ഒറ്റക്കെട്ടായി നിന്നാല്‍ ഉണ്ടാകുന്ന ശക്തി തിരിച്ചറിയാന്‍ കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത് തന്നെയാണ്. അതിനൊരു തര്‍ക്കവുമില്ല.

പഠനം കഴിഞ്ഞ് അസംഘടിത മേഘലകളില്‍ ഉദ്യോഗത്തിന് ചെല്ലുമ്പോള്‍ മനസ്സിലാകും ചൂഷണം ഏറ്റവും എളുപ്പം നടക്കുന്നത് അസംഘടിതരായി നില്‍ക്കുന്ന ഒരു കൂട്ടത്തിന്റെ മുകളിലാണ്.

PhD-ക്ക് ചേര്‍ന്ന സര്‍വ്വകലാശാലയില്‍, ഇവിടെ സ്‌പെയിനില്‍, രാഷ്ട്രീയ സംഘടനകള്‍ ഉണ്ട്. അതിലൊന്നില്‍ ഞാന്‍ ഭാഗവുമായിരുന്നു. ഇടതും വലതും കേവല ഫെമിനിസവും അനാര്‍ക്കിസവും ഒക്കെയുണ്ട് ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക്. ഒരു സമരം വന്നാല്‍ അവരെല്ലാം ഒറ്റക്കെട്ടായി നിന്ന് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതായാണ് കണ്ടിട്ടുള്ളത്. അവരുടെ വ്യത്യസ്തകള്‍ ഒരിക്കലും ചൂഷണം ചെയ്യാന്‍ നിന്നുകൊടുത്തുകൊണ്ടായിരുന്നില്ല പ്രകടമായത്. ഇവിടെയുള്ള ഇടത് സംഘടനയോട് ഇവിടുത്തെ ഫെമിനിസ്റ്റ് സംഘടനകള്‍ക്ക് പുച്ഛമാണ്, അവരുടെ കാഴ്ച്ചപ്പാടില്‍ ഇടത് ആശയങ്ങളും പുരുഷാധിപത്യത്തിന്റെ ഭാഗമാണ്. ഒരു തവണ ഒരു സമരം സംഘടിപ്പിച്ചതിന്റെ ഭാഗമായി വിദ്യാര്‍ഥികളെല്ലാം നഗരത്തിന്റെ ഒരു ഭാഗത്ത് കൂടി നില്‍ക്കുകയാണ്, റാലി തുടങ്ങാന്‍. ഞങ്ങള്‍ അരിവാള്‍ ചുറ്റികയുടെ ചെങ്കൊടിയൊക്കെ പിടിച്ച് മുദ്രാവാക്യങ്ങള്‍ പറഞ്ഞും മറ്റും നില്‍ക്കുമ്പോള്‍ ഫെമിനിസ്റ്റ് സംഘടനയുടെ കൂട്ടത്തില്‍ നിന്നും ഒരു പറ്റം പെണ്‍കുട്ടികള്‍ വന്നിട്ട് ഞങ്ങളെ കളിയാക്കാന്‍ തുടങ്ങി, ആണുങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന വര്‍ഗ്ഗവഞ്ചകര്‍ ആണെന്നോക്കെയാണ് അവര് പറഞ്ഞതെന്ന് പിന്നീട് മനസ്സിലായി. അവരെ നോക്കി ചിരിച്ചു കൊണ്ട് നിന്നത് കുട്ടികളുടെ ആശയങ്ങള്‍ക്ക് മേലുള്ള ശക്തിയെ കുറിച്ച് ഓര്‍ത്താണ്. അവര്‍ കടന്നുപോവുകയും എല്ലാവരും ഒറ്റക്കെട്ടായി റാലി നടത്തുകയും ചെയ്തു.മറ്റൊരവസരത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി കോളേജിലെ ഒരു ക്യാന്റീനിലെ ചില ജോലിക്കാരെ അനധികൃതമായി പിരിച്ചു വിടാന്‍ അവരുടെ മുതലാളി തീരുമാനിച്ചിരുന്നു. പരീക്ഷ കഴിഞ്ഞ് അവധിയുള്ള ഒരു സമയത്ത് അത് ചെയ്യാനും ആരെയും അറിയിക്കാതിരിക്കാനും അവര്‍ ശ്രമിച്ചിരുന്നു. അന്നും കുട്ടികളുടെ സംഘടനയാണ് ആ തൊഴിലാളികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. അവരെല്ലാം ചേര്‍ന്ന് സമരം ചെയ്ത് ആ നീക്കത്തെ തടയുകയാണുണ്ടായത്.

ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാതൊരു മൂല്യച്യുതിയും സംഭവിച്ചിട്ടില്ല. അവര്‍ക്ക് രാഷ്ട്രീയ ബോധമുണ്ട്, അവര്‍ക്ക് അവകാശങ്ങളെ കുറിച്ച് ബോധമുണ്ട്. ഇവിടെ കുട്ടികളെ വടിയെടുത്ത് തല്ലാറില്ല. ബ്രിട്ടീഷ്‌കാര്‍ വരാഞ്ഞത് കൊണ്ടാവും സാര്‍ മാഡം തുടങ്ങിയ വിളികളും രാജാക്കന്മാരെ പോലെ വിഹരിക്കുന്ന ഒരു അധ്യാപന വര്‍ഗ്ഗവും ഇല്ല. കുട്ടികള്‍ക്ക് അവരുടെ ശരീരവും മനസ്സും പഠനവും എങ്ങനെ സുരക്ഷിതമാക്കാം എന്ന് വ്യക്തമായ ബോധമുണ്ട്. എന്റെ ഗൈഡ് Bsc തലത്തില്‍ ക്ലാസ്സ് എടുക്കുന്നതില്‍ ഒരെണ്ണത്തിനു പരീക്ഷ നടത്തണമായിരുന്നു. അവര്‍ക്ക് അന്ന് പോകാന്‍ കഴിയാതെ വന്നപ്പോള്‍ എന്നെയാണ് പരീക്ഷ supervise ചെയ്യാന്‍ വിട്ടത്. അന്ന് വിദ്യാര്‍ഥികള്‍ ചോദിച്ച ചില സംശയങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുകയില്ലെന്നു പറഞ്ഞിരുന്നു. സംശയ നിവാരണം നടത്താന്‍ അധ്യാപിക പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്നില്ല എന്ന പേരില്‍ എന്റെ ഗൈഡിനെതിരെ പരാതിപ്പെട്ടു അന്നാ കുട്ടികള്‍.വിദ്യാര്‍ഥികള്‍ക്ക് അവരാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘടന ഉണ്ടാവണം. ഏതു കലാലയത്തില്‍ ആയാലും അതുണ്ടാവണം. സ്വാശ്രയകോളെജ് എന്നാല്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കാന്‍ സാധിക്കാത്ത ഇടമാണ് എന്നു വരുത്തി തീര്‍ത്തത് മാറ്റണം. പഠിക്കാന്‍ പോകുന്ന കുട്ടികള്‍ അടിമകള്‍ അല്ല, പഠിപ്പിക്കുന്ന അധ്യാപകര്‍ ദൈവങ്ങളും അല്ല. ഖാപ് പഞ്ചായത്തുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന മാനെജ്‌മെന്റ്കളെ നിലയ്ക്ക് നിര്‍ത്തണം. അതിനു വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുപോലെ മുന്നോട്ടു വരണം. നിങ്ങളുടെ കുട്ടികളെ എങ്ങനെയെങ്കിലും ബിരുദധാരികള്‍ ആക്കിയാലേ പറ്റൂ എന്നുള്ള കാഴ്ച്ചപ്പാടൊക്കെ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ ജീവന്‍ വച്ചുള്ള കളിയായി അതിക്രമിച്ചിട്ടുണ്ട് വിദ്യാഭ്യാസം കേരളത്തില്‍. അസംഘടിതമേഘലയിലെ തൊഴിലാളി ആയിരുന്നുകൊണ്ട് മുതലാളിയുടെ ചൂഷണം സഹിച്ചു കൊണ്ട് നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കും അതേ ഗതി വരുത്താന്‍ തള്ളി വിടരുത്.

ജീവനും ജീവിതവും നശിപ്പിച്ചതിന് അവര്‍ തിരിഞ്ഞു നിന്ന് ശബ്ദം ഉയര്‍ത്തി ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഒമ്പത് മാസം ചുമന്ന കണക്കും അത്രനാളും തീറ്റിപ്പോറ്റിയ കണക്കും മതിയാവില്ല ചിലപ്പോള്‍ ഉത്തരങ്ങളായിട്ട്. വിദ്യാഭ്യാസവും അതിന്റെയൊപ്പം സംഘടനാപ്രവര്‍ത്തനങ്ങളും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്ക്. അവകാശങ്ങളെ പറ്റിയുള്ള ബോധം അവര്‍ക്കുണ്ടായലേ മതിയാകൂ. അല്ലെങ്കില്‍ ആഴ്ചയില്‍ ആഴ്ചയില്‍ വിലകൂടുന്നതും സ്വന്തം ശമ്പളം പോലും സര്‍ക്കാര്‍ പിടിച്ചു വെച്ചാലും ഒന്നും ചെയ്യാതെ നോക്കി നിന്ന് കൈയ്യടിക്കുന്ന വിഡ്ഢി സമൂഹമായ നിങ്ങളെ പോലെ തന്നെയേ അവരും വളരൂ. കഴിവുകെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ട് ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ച് മുതലാളിമാരുടെ കാലു നക്കുന്ന വെറും ഉദ്യോഗാര്‍ത്ഥികള്‍ ആയാണ് നിങ്ങളുടെ മക്കളും വളരേണ്ടത് എന്ന് വാശിപിടിക്കാന്‍ നിങ്ങള്‍ക്കാവില്ല. വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഭാഗമാണ്, അവര്‍ക്ക് മക്കള്‍ എന്നതിലുപരി നാളത്തെ പൗരന്മാര്‍ എന്ന നിലയ്ക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ട്. സംഘടിക്കണം, വിദ്യാര്‍ഥികള്‍. സംഘടിച്ച് ശക്തരാവണം. മുന്നോട്ടുള്ള പാതയാണത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories