TopTop
Begin typing your search above and press return to search.

ക്ലാസ് മുറി സ്വയം വെള്ളപൂശി വിദ്യാര്‍ത്ഥികള്‍; ഇനി കനിയേണ്ടത് സര്‍ക്കാരാണ്

ക്ലാസ് മുറി സ്വയം വെള്ളപൂശി വിദ്യാര്‍ത്ഥികള്‍; ഇനി കനിയേണ്ടത് സര്‍ക്കാരാണ്

അഴിമുഖം പ്രതിനിധി

സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയര്‍ത്തിയും മിഠായി വിതരണം ചെയ്തും നടത്തേണ്ട കേവലമൊരു ആഘോഷമല്ലെന്ന് ഈ കുട്ടികള്‍ക്ക് അറിയാം. അതുകൊണ്ടാണ് മാതൃകാപരമായൊരു പ്രവര്‍ത്തനത്തിലൂടെ അവര്‍ വ്യത്യസ്തരായത്.

പാലക്കാട് പട്ടാമ്പിക്കടുത്ത് നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷം 61 പേരടങ്ങുന്ന ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ആചരിച്ചത് സ്വന്തം ക്ലാസ് മുറി വെള്ളപൂശിക്കൊണ്ടാണ്.

പതിവിന്‍ പടി നടന്ന സ്‌കൂളിലെ കൊടിയുയര്‍ത്തലിനുശേഷം വിദ്യാര്‍ഥികളെല്ലാം വളരെ ആവേശത്തോടെ തങ്ങളുടെ ക്ലാസ് മുറി വൃത്തിയാക്കാന്‍ തുടങ്ങി. ചിലര്‍ കുമ്മായവും നീലവും കൂട്ടിച്ചേര്‍ത്തു, മറ്റുചിലര്‍ മാറാല തട്ടി.

എല്ലാം അവര്‍ തന്നെ ചെയ്തു. ഇന്നിപ്പോള്‍ ഈ സ്‌കൂളിലെ ഏറ്റവും ഭംഗിയുള്ള ക്ലാസ് മുറി അവരുടേതാണ്. പക്ഷേ അതിന്റെ തിളക്കം ആ സ്‌കൂളിനു മുഴുവനായുണ്ട്.

ആരുടെയെങ്കിലും പ്രേരണയാലോ, പെട്ടെന്നുണ്ടായ തോന്നലിലോ അല്ല ഈ കുട്ടികള്‍ ക്ലാസ് മുറി ചായം പൂശാന്‍ ഇറങ്ങിയത്. അതവരില്‍ മുന്നേ നിഷിപ്തമായി കിടന്ന സാമൂഹ്യബോധത്തിന്റെ സ്വാഭാവികമായ പ്രതിഫലനം മാത്രമായിരുന്നു.'ഞങ്ങളുടേത് സര്‍ക്കാര്‍ സ്‌കൂളാണ്. സര്‍ക്കാര്‍ വിദ്യാലയം എന്നത് പൊതുസ്വത്താണ്. സ്‌കൂളിന്റെ പേര് പോലും അങ്ങനെയാണ്. പൊതുജനത്തിന്റെ മുതല്‍ സംരക്ഷിക്കേണ്ടത് ഇപ്പോള്‍ ഇതിന്റെ ഗുണഫലം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ കടമയാണ്. ആ തോന്നലാണ് സ്വന്തം ക്ലാസ് മുറി വൃത്തിയാക്കണമെന്ന തീരുമാനത്തില്‍ ഞങ്ങളെ കൊണ്ടുവന്നെത്തിച്ചത്; ക്ലാസ് ലീഡറായ സൂര്യയുടെ വാക്കുകളാണിത്.

ക്ലാസ് മുറി വെള്ളപൂശണമെങ്കില്‍ അതിന്റെതായ ചെലവ് ഉണ്ട്. എന്നാല്‍ വീട്ടില്‍ ചോദിക്കാനും ബുദ്ധിമുട്ട്. സ്‌കൂള്‍ തുറന്നതിന്റെ ക്ഷീണം മാതാപിതാക്കള്‍ക്കു മാറി വരുന്നതേയുള്ളു, ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ ഇനിയും അവരോട് കാശ് വാങ്ങണം. അതിനിടയില്‍ സഹപാഠിയുടെ പിതാവിന്റെ ചികിത്സക്ക് വേണ്ടിയും പണം സ്വരൂപിക്കേണ്ടി വന്നു. അതുകൊണ്ട് ഞങ്ങള്‍ തന്നെയൊരു വഴി കണ്ടെത്തി. കിട്ടാവുന്നത്ര പ്ലാസ്റ്റിക്ക്, പഴയ പത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ചു വില്‍ക്കുക. അതും പരമാവധി സ്‌കൂളില്‍ നിന്ന് തന്നെ. പ്ലാസ്റ്റിക് പേനകള്‍, പഴയ പുസ്തകങ്ങള്‍ അങ്ങനെ പലതും. രണ്ടു ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടായിരുന്നു. ഒന്ന് പണം സമ്പാദിക്കുക, അതിനൊപ്പം തന്നെ സ്‌കൂള്‍ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുക; സൂര്യ തുടര്‍ന്നു പറഞ്ഞു.

ഞങ്ങളുടെ പ്രയത്‌നം വെറുതെ ആയില്ലെങ്കിലും ആവശ്യമായ പണം അതിലൂടെ ശേഖരിക്കാന്‍ കഴിഞ്ഞില്ല. പെയിന്റ് വാങ്ങാനാവശ്യമായ തുകയുടെ പകുതിയാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞത്. ബാക്കി പണം ടീച്ചറുടെ കയ്യില്‍ നിന്നും കടം വാങ്ങിക്കുകയായിരുന്നു. കാരണം രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ തന്നെ ഇത് ചെയ്യണമെന്നുണ്ടായിരുന്നു; മറ്റൊരു വിദ്യാര്‍ത്ഥിയായ ഷെഫീര്‍ മുഹമ്മദ് പറഞ്ഞു. ടീച്ചറുടെ കടംവീട്ടാനും ഞങ്ങളൊരു പദ്ധതിയിട്ടിട്ടുണ്ട്. എല്ലാവരും വീടുകളില്‍ നിന്നും ഓരോ കിലോ ന്യൂസ്‌പേപ്പര്‍ കൊണ്ടുവരിക. ഒരു കിലോ പേപ്പറിന് ഏഴു രൂപ കിട്ടും. എല്ലാം കൂടി വിറ്റാല്‍ ടീച്ചര്‍ക്ക് കൊടുക്കാനുള്ള പണമാകും; ഷെഫീര്‍ വ്യക്തമാക്കുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീബ ടീച്ചറും ശ്രീജ ടീച്ചറുമെല്ലാം ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. സ്‌കൂളിലെ മറ്റു കുട്ടികളും അനുമോദിച്ചു. ഒരു സര്‍പ്രൈസ് പോലെയാണ് ഞങ്ങളിത് ചെയ്തതെന്നതിനാല്‍ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം മറ്റു കുട്ടികളും ഇതേപോലെ അവരവരുടെ ക്ലാസ് മുറികള്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കുട്ടികളും ഒരുപോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഞങ്ങളുടെ സ്‌കൂളിനു കിട്ടുന്ന ഗുണം വലുതാണ്. ഒപ്പം ഞങ്ങളുടെ ഏതാവശ്യവും മനസിലാക്ക് ഒപ്പം നിന്നു സഹായിക്കുന്ന അധ്യാപകരും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ്.

ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി നടുവട്ടം ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാലും ചില പോരായ്മകള്‍ ഞങ്ങള്‍ക്കുണ്ട്. അതിലൊന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ലാംഗ്വേജ് ലാബിന്റെയും കമ്യൂണിക്കേഷന്‍ ലാബിന്റെയും അപര്യപ്തതയുണ്ടെന്നതാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ സഹായം കിട്ടിയാല്‍ ഞങ്ങള്‍ക്കത് വലിയ ഉപകാരമായിരിക്കും. ഇനിവരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി അതെല്ലാം ഞങ്ങളെ കൊണ്ട് കഴിയുന്ന തരത്തില്‍ സംരക്ഷിക്കാമെന്നും ഉറപ്പു തരുന്നു; സൂര്യ ആത്മവിശ്വാസത്തോടെ പറയുന്നു.Next Story

Related Stories