TopTop

എന്തുകൊണ്ട് പരീക്ഷാത്തലേന്നാളുള്ള പഠനം ഗുണം ചെയ്യില്ല? കാരണങ്ങള്‍

എന്തുകൊണ്ട് പരീക്ഷാത്തലേന്നാളുള്ള പഠനം ഗുണം ചെയ്യില്ല? കാരണങ്ങള്‍
നമ്മള്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന ഒരു സുപ്രധാന പരീക്ഷയുടെ ദിവസം അടുക്കുന്നു എന്നു കരുതുക. കണ്ണടച്ചു തുറക്കും മുന്‍പ് പരീക്ഷാത്തലേന്നു വൈകുന്നേരമായിക്കഴിയും. അപ്പോഴും വേണ്ടപോലെ തയ്യാറെടുത്തിട്ടില്ല എന്ന തോന്നലാവും നമുക്ക്. ആവശ്യമായ എല്ലാ വിവരങ്ങളും തലച്ചോറില്‍ നിറയ്ക്കാനുള്ള സമയം. പക്ഷേ അങ്ങനെ കുത്തിയിരുന്ന് ഒറ്റ രാത്രി കൊണ്ടു നടത്തുന്ന പഠനം ഫലപ്രദമാണോ? പരീക്ഷ പോലെ സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ ഓര്‍ത്തു വിനിയോഗിക്കേണ്ട അറിവുകള്‍ പഠിച്ചെടുക്കുന്നത് തലച്ചോറിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്.

വിവരങ്ങള്‍ എങ്ങനെ ദീര്‍ഘകാലം ഓര്‍ത്തു വയ്ക്കാം?
കോഗ്‌നിറ്റീവ് സൈക്കോളജിയില്‍ വിവരങ്ങളെ ആഴത്തില്‍ കൈകാര്യം ചെയ്യുന്നതും ഉപരിപ്ലവമായി മനസിലാക്കുന്നതും രണ്ടായാണ് കാണുന്നത്. Levels of Processing theory എന്നറിയപ്പെടുന്ന ഈ രീതി 1970കളിലെ ഗവേഷകരാണ് മുന്നോട്ടു വച്ചത്. 'Deep processing' വിവരങ്ങളെ ദീര്‍ഘകാലം ഓര്‍ത്തു വയ്ക്കാന്‍ കൂടുതല്‍ സഹായകമാണെന്ന് അവര്‍ വാദിച്ചു. ഓടിച്ചു പഠിക്കുന്ന കാര്യങ്ങളെ തലച്ചോറ് രേഖപ്പെടുത്തുന്നത് വാക്കുകളുടെ അര്‍ത്ഥത്തേക്കാളുപരി അവയുടെ ലളിതമായ മറ്റു പ്രത്യേകതകള്‍ ഉപയോഗിച്ചാണ്. ഇവ ചുരുങ്ങിയ കാലത്തേക്ക് മാത്രം സൂക്ഷിക്കേണ്ടതായ കാര്യങ്ങളായി തലച്ചോര്‍ കണക്കാക്കുന്നു.

ആഴത്തില്‍ പഠിക്കുമ്പോള്‍ വിവരങ്ങളുടെ പ്രാധാന്യവും അര്‍ത്ഥവുമെല്ലാം ഗ്രഹിക്കപ്പെടുന്നു. ഇത്തരം വിശകലനത്തിലൂടെയുള്ള പഠനഫലമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന, വ്യക്തമായ ഓര്‍മ്മകള്‍ രൂപം കൊള്ളുന്നു. വിശദമായ പഠനവും സമയമെടുത്ത് വിവരങ്ങളുടെ സാരം ഉള്‍ക്കൊള്ളുന്നതും ഓര്‍മ്മിച്ചെടുക്കല്‍ എളുപ്പമാക്കുന്നു. പക്ഷേ ചുരുങ്ങിയ സമയം കൊണ്ട് ഒരു വിഷയം മുഴുവന്‍ പഠിച്ചെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഇതു നടക്കില്ല.

പഠനക്കുറിപ്പുകള്‍ വീണ്ടും വീണ്ടും വായിക്കുന്നതു മാത്രം പോര
നോട്ട്‌സ് വീണ്ടും വീണ്ടും വായിച്ചാല്‍ മാത്രം വിവരങ്ങള്‍ ഓര്‍മയില്‍ ഉറയ്ക്കണമെന്നില്ല. ചിത്രങ്ങളുടെ സഹായത്തോടെ എഴുതുന്ന കുറിപ്പുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സഹായകമാണ്. പ്രധാന വിവരങ്ങള്‍ പട്ടികയായോ ബോക്‌സുകളായോ എഴുതിയിരിക്കുന്നതിനെക്കാള്‍ കാഴ്ചയെ ഉത്തേജിപ്പിച്ച് മനസ്സില്‍ പതിപ്പിക്കുന്നത് spider diagrams, mind maps, concept maps തുടങ്ങിയ രീതികളാണ്.

ഒരുപാടു കാര്യങ്ങളെ ചുരുക്കി ഒറ്റ വാക്കിലുള്ള സൂചനകളാക്കി പഠിച്ചാല്‍ പിന്നീട് ഒന്നും വിട്ടു പോകാതെ ഓര്‍ത്തെടുക്കാന്‍ സാധിക്കും. റിവിഷന്‍ ചെയ്യാനുള്ള കുറിപ്പുകള്‍ കൈ കൊണ്ടെഴുതി തയ്യാറാക്കുന്നത് കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്നതിനൊപ്പം പരീക്ഷ വേഗത്തില്‍ എഴുതാനുള്ള പരിശീലനവുമാകും.

ഉറക്കം കുറയുന്നത് പരീക്ഷയിലെ പ്രകടനത്തെ ബാധിക്കാം
അവസാന നിമിഷം ധൃതി പിടിച്ച് പഠിക്കുമ്പോള്‍ ഉറങ്ങാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നു വരാം. വ്യക്തമായി കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിന് ഉറക്കവും വിശ്രമവും അത്യാവശ്യമാണ്. ഉറങ്ങാതെ പഠിച്ചു കൂട്ടുന്നത് പരീക്ഷയുടെ സമയത്ത് ഓര്‍മ്മ വന്നില്ലെങ്കില്‍ പിന്നെ പ്രയോജനമില്ലല്ലോ.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം പ്രധാനമാകുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇന്നും കൃത്യമായി അറിയില്ല. എന്നാല്‍ ഓര്‍മ്മകളെ ഏകീകരിക്കുന്നതിന് ശരിയായി ഉറങ്ങേണ്ടതുണ്ട്. ഹ്രസ്വകാല ഓര്‍മ്മകളില്‍ നിന്ന് നീണ്ടകാലം നിലനില്‍ക്കുന്ന സ്മൃതികള്‍ ഉണ്ടാകുന്നത് ഇതിലൂടെയാണ്. ചുണ്ടെലികളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ കാണിക്കുന്നത് പഠിക്കുമ്പോള്‍ ആക്റ്റീവ് ആകുന്ന തലച്ചോറിലെ hippo campus ഭാഗത്തെ ന്യൂറോണുകള്‍ വീണ്ടും ആക്റ്റീവ് ആകുന്നത് 'സ്ലോ വേവ് സ്ലീപ്' സമയത്താണ് എന്നാണ്. ഈ റീആക്റ്റിവേഷന്‍ പുതിയ കണക്ഷനുകളെ ബലവത്താക്കുന്നു. എന്തെങ്കിലും പുതിയതായി പഠിച്ച ശേഷം രാത്രി നല്ലപോലെ ഉറങ്ങുന്നത് ഓര്‍മകള്‍ ഉണ്ടാകാന്‍ നല്ലതാണ്.

പഠനം നീട്ടി വച്ച് വൈകിപ്പിക്കുംതോറും സമ്മര്‍ദ്ദം ഏറുന്നു
പരീക്ഷയ്ക്കു തയ്യാറെടുക്കേണ്ട സമയത്ത് ബുക്ക് ഷെല്‍ഫ് അടുക്കലും മേശ വൃത്തിയാക്കലും അടക്കമുള്ള സാധാരണ ജോലികള്‍ വലിയ രസമായി തോന്നും. അവയുടെ ഫലം അപ്പോള്‍ തന്നെ മുന്‍പില്‍ കാണാമെങ്കിലും പഠിത്തം നീട്ടിക്കൊണ്ടു പോകാന്‍ സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ മിക്കവാറും അപ്രധാനങ്ങളാകും. മറിച്ച് ആ സമയം കൂടുതല്‍ പ്രാധാന്യമുള്ള റിവിഷനു വിനിയോഗിച്ചാല്‍ ഉടനടി ഫലം കണ്ടില്ലെങ്കിലും ക്രമേണ പരീക്ഷ ജയിക്കാം,

അപ്പപ്പോള്‍ ഫലം ലഭിക്കുന്ന ചെറിയ കാര്യങ്ങളില്‍ ആകൃഷ്ടരാകുന്നത് മനുഷ്യരുടെ പ്രവണതയാണ്. വീഡിയോ ഗെയിമുകള്‍ കളിക്കുന്നതു പോലെയുള്ള ചെറിയ വിജയങ്ങളേക്കാള്‍ പ്രധാനമാണ് പരീക്ഷ ജയിക്കുന്നത്. പരീക്ഷയുടെ തീയതി അടുത്തെത്തി അതിന്റെ ഗൗരവം മനസ്സിലാക്കുന്നതോടെ തലേന്നു രാത്രി ഉറക്കമിളച്ച് പഠിക്കേണ്ടി വരുന്നു.

പരിചിതമായ ചുറ്റുപാടുകള്‍ ഓര്‍മ്മിക്കാന്‍ സഹായിക്കുന്നു
പരീക്ഷാദിവസം രാവിലെ ഉറക്കക്ഷീണത്തോടെയും വേണ്ടത്ര പഠിച്ചിട്ടില്ല എന്ന ടെന്‍ഷനോടെയും ആണെങ്കിലും സ്‌കൂളിലെയോ കോളേജിലെയോ യൂണിവേഴ്‌സിറ്റിയിലേയോ എക്‌സാം ഹോളിലെത്തിയാല്‍ അവിടത്തെ പരിചിതമായ അന്തരീക്ഷം കാര്യങ്ങള്‍ ഓര്‍മ്മിക്കാനും മെച്ചപ്പെട്ട പ്രകടനം നടത്താനും സഹായിക്കും. ഉദാഹരണത്തിന്, ഒരു സയന്‍സ് ക്ലാസ്സ് മുറിയില്‍ സയന്‍സ് പരീക്ഷ നടക്കുമ്പോള്‍ അവിടം ഓര്‍മ്മകളെ സഹായിക്കുന്ന സൂചനകള്‍ നല്‍കാം. തികച്ചും വ്യത്യസ്തമായ സ്ഥലമായ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലാണ് ഇതേ പരീക്ഷ നടക്കുന്നതെങ്കില്‍ അവിടെ നിന്ന് തലച്ചോറിന് അത്തരം ഉത്തേജനം കിട്ടില്ല.

ഓര്‍മ്മിച്ചെടുക്കാന്‍ ഉതകുന്ന, ചുറ്റുപാടുകളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍ക്ക് ലളിതമായ മറ്റൊരുദാഹരണം പറയാം. പഠിക്കുന്ന സമയത്ത് നിങ്ങളുടെ മുന്‍പില്‍ ഇരുന്നിരുന്ന പെന്‍സില്‍ ബോക്‌സ് പരീക്ഷാസമയത്തും ഉണ്ടെങ്കില്‍ ആ സമയത്ത് പഠിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകളെ അത് ഉത്തേജിപ്പിക്കും.

പരീക്ഷയില്‍ കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ ചില വഴികള്‍:
1. ടൈപ്പ് ചെയ്യുന്നതിനു പകരം നോട്ടുകള്‍ കൈ കൊണ്ടെഴുതുക
2. പരീക്ഷയുടെ തലേരാത്രി നല്ലപോലെ ഉറങ്ങുക
3. ഒരു റിവിഷന്‍ പ്ലാന്‍ തയ്യാറാക്കി അതനുസരിച്ച് നേരത്തെ പഠനം തുടങ്ങുക

Next Story

Related Stories