TopTop
Begin typing your search above and press return to search.

സുദേവന്റെ സിനിമ സലിം കുമാറിന് 'ക്രൈം' ആകുമ്പോള്‍

സുദേവന്റെ സിനിമ സലിം കുമാറിന്

എം കെ രാമദാസ്സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം കൈകളിലെത്തുന്നതിനു മുമ്പ് സുദേവന്റെ കൈവശമെത്തിയത് വക്കീല്‍ നോട്ടീസ്. 2014ലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ക്രൈം നമ്പര്‍ 89 ന്റെ സംവിധായകനാണ് സുദേവന്‍. സിനിമാതാരം സലീംകുമാര്‍ നല്‍കിയ പരാതിയില്‍ 12-ആം പ്രതിയാണ് സുദേവന്‍. സംവിധായകനായ സുദേവനോടൊപ്പം ക്രൈം നമ്പര്‍ 89 ന്റെ നിര്‍മ്മാതാവും നടനും കൂടിയായ അച്യുതാനന്ദനും പ്രതിയാണ്, പതിനൊന്നാം പ്രതി.

മൂന്നാം നാള്‍ ഞായറാഴ്ച എന്ന തന്റെ സിനിമ അവാര്‍ഡ് ജൂറി പരിഗണിച്ചില്ലെന്ന കുഴപ്പം ചൂണ്ടിക്കാണിച്ചാണ് മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവുകൂടിയായ സലീംകുമാര്‍ കോടതിയിലെത്തിയത്. സിനിമ വിധികര്‍ത്താക്കള്‍ സിനിമ കണ്ടില്ലെന്ന് ഈ പരാതി കൂട്ടിച്ചേര്‍ക്കുന്നു. ആയതു ശരിവയ്ക്കുന്നുവെന്ന തരത്തില്‍ വിവിധ രേഖകളും ബില്ലുകളും മറ്റു തെളിവുകളും സലീം കുമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. 14 പേരാണ് പ്രതികള്‍. സംസ്ഥാന സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഒന്നും സിനിമ അവാര്‍ഡ് ജേതാക്കളായ അനില്‍ രാധാകൃഷ്ണമേനോന്‍ പതിനാലാം പ്രതിയുമായ കേസില്‍ കോടതി ഫയലിലെടുത്ത് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കേസിന്റെ മെരിറ്റിലേക്ക് കടക്കാന്‍ ശ്രമിക്കാതെ പുരസ്‌കാര വിവാദങ്ങളില്‍ വ്യക്തമാവുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരക്കുകയാണിവിടെ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചലച്ചിത്രപുരസ്‌കാരങ്ങള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് ഇതാദ്യമായൊന്നുമല്ല. അര്‍ഹയായ അംഗീകാരം ലഭിച്ചില്ലെന്ന പരാതി കലാകാരന്‍മാര്‍ക്കുണ്ടാവുന്നതും പതിവാണ്. അല്ലെങ്കിലും അങ്ങിനെയാണ്. കലാകാരന്‍മാര്‍ക്ക് സമൂഹം കല്‍പ്പിച്ചു നല്‍കുന്ന പദവിയ്ക്ക് പുരസ്‌കാരങ്ങളുമായി ബന്ധമുണ്ട്. മുഖ്യധാരാ മാധ്യമമെന്ന നിലയില്‍ സിനിമയുടെ പ്രാധാന്യം ഇവിടെ വര്‍ദ്ധിക്കുന്നു. സമൂഹത്തിന്റെ അഭിരുചികളെ നിയന്ത്രണ വിധേയമാക്കുന്ന വിപണിയുടെ പിടിമുറുക്കം സിനിമയില്‍ കടുത്തതാകുന്നതും സ്വാഭാവികം. കമ്പോള യുക്തിയെ ആശ്രയിച്ച് പരുവപ്പെട്ട സമൂഹത്തില്‍ വര്‍ണ്ണപ്പൊലിമ നിറഞ്ഞ സിനിമയുടെ സ്വാധീനം വളരെ വലുതാണ്. സിനിമാ നടന്‍മാര്‍ താരങ്ങളാകുന്നതെല്ലാം ഇതുകൊണ്ടാണെന്ന് എല്ലാവരും സമ്മതിക്കും.


ക്രൈം നമ്പര്‍. 89

സിനിമാ ആവാര്‍ഡ് പ്രഖ്യാപനങ്ങള്‍ക്ക് സീസണ്‍ തന്നെയുണ്ട്. ഏതാണ്ട് നവംബറില്‍ തുടങ്ങി ജൂണ്‍ വരെ നീളുന്ന കാലമാണിത്. ടെലിവിഷന്‍ ചാനലുകള്‍ മുതല്‍ ഗ്രാമങ്ങളിലെ ചെറുകിട ക്ലബ്ബുകള്‍ വരെ പുരസ്‌കാരങ്ങള്‍ നല്‍കും. താരങ്ങളോടുള്ള ആരാധനമൂത്ത് അവാര്‍ഡുകള്‍ നല്‍കുന്നതു വേറെ. ടെലിവിഷന്‍ ചാനലുകള്‍ പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ക്ക് ജനകീയതയുണ്ടെന്നാണ് അവരുടെ അവകാശവാദം. ഇത് മിക്കപ്പോഴും പൊള്ളയാണ്. ചാനലുടമയ്ക്ക് താല്‍പ്പര്യമുള്ളവര്‍ ആകും എങ്ങിനെ ജനകീയമായാലും പുരസ്‌കാര ജേതാവ്. വര്‍ണവും ജാതിയും രാഷ്ട്രീയവുമെല്ലാം പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നു. ലീഗിനും കേരള കോണ്‍ഗ്രസിനും കേസരിക്കുമെല്ലാം വ്യത്യസ്ത പുരസ്‌കാര മാനദണ്ഡങ്ങളുണ്ട്.

ഇവിടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡിന്റെ പ്രസക്തി. ഇവിടെ സര്‍ക്കാരിന്റെ താല്‍പ്പര്യമെന്നാല്‍ ഭരണത്തിനു നേതൃത്വം കൊടുക്കുന്നവരുടെ ഇഷ്ടമെന്നര്‍ത്ഥം. വിധികര്‍ത്താക്കളുടെ നിലവാരം, ആസ്വാദനമികവ്, അറിവ് എന്നിവയെല്ലാം ചേര്‍ന്ന് അവസാന തീരുമാനമുണ്ടാകും. അനിഷ്ടങ്ങളും വിമര്‍ശനങ്ങളുമുണ്ടാവുമെങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ സിനിമാകാര്യങ്ങള്‍ അങ്ങിനെയങ്ങ് പോകും.

2014 ലെ ജൂറി കേട്ടറിവുകൊണ്ട് അത്ര കുഴപ്പം പിടിച്ചതല്ലെന്ന് ഈ രംഗത്തുള്ളവര്‍ നേരത്തെ വിധിയെഴുതിയിരുന്നു. ചലച്ചിത്ര അക്കാദമിക്കാണ് ഇവിടെ പുരസ്‌കാരനിര്‍ണ്ണയത്തിന്റെയും ചുമതല. ഭാരതീരാജയായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ സമിതി അദ്ധ്യക്ഷന്‍. ഹരികുമാര്‍, ബി.ലെനിന്‍, ആനന്ദക്കുട്ടന്‍, ആലപ്പി രംഗനാഥ്, സൂര്യകൃഷ്ണമൂര്‍ത്തി, ജലജ, എസ്.രാജേന്ദ്രന്‍നായര്‍ എന്നിവരടങ്ങയി ജൂറിയാണ് സിനിമകള്‍ പരിശോധിച്ചത്. എണ്‍പത്തിരണ്ട് സിനിമകള്‍ അവര്‍ കണ്ടു. ജൂറി ചെയര്‍മാനായ ഭാരതിരാജയുടെ സിനിമ കാണല്‍ അന്നേ വിവാദമായിരുന്നു. ഇന്ത്യയില്‍ വലിയ തിരക്കുള്ള പ്രതിഭകളുടെ മുന്നിലേക്ക് നൂറുകണക്കിന് സിനിമകള്‍ വിട്ടുകൊടുക്കുന്ന ചലച്ചിത്ര അക്കാദമിയുടെ ശൈലിയും വിമര്‍ശനവിധേയമായി.

അവാര്‍ഡ് പ്രഖ്യാപിച്ചതോടെ ചിലരെല്ലാം പിണങ്ങി. ഡോക്ടര്‍ ബിജുവും സജിന്‍ ബാബുവും സൂരജ് വെഞ്ഞാറമൂടും ഉടക്കി.വളരെ വൈകിയാണ് സലീം കുമാറിന്റെ രംഗപ്രവേശം. അതാണിവിടം വരെ എത്തിയത്. എന്തായാലും പരാതിക്കാരന്റെ ആവശ്യം പരിഗണിച്ച് അവാര്‍ഡ് ദാനച്ചടങ്ങ് തടയാന്‍ കോടതി നിര്‍ദ്ദേശിച്ചില്ല. വിധിക്കനുസൃതമായിരിക്കും അന്തിമമായി കാര്യങ്ങളെന്ന് കോടതി പറഞ്ഞിട്ടുണ്ട്.

മുഖവുരയ്ക്കു പിന്നാലെ സുദേവനിലേക്ക് വരുമ്പോള്‍ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്. രണ്ടക്കം കവിയുന്ന കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ മത്സരത്തിനെത്തുന്നു. പട്ടിണിയും പരിവട്ടവുമായി സിനിമയെന്ന വികാരവുമായി ഇറങ്ങിത്തിരിക്കുന്ന യുവാക്കളുടെ സൃഷ്ടികളും വിധിയെഴുത്തിനെത്തും. നക്ഷത്രങ്ങളോ ബാനറിന്റെ പിന്‍ബലമോ ഇല്ലാതെയാണ് നല്ല സിനിമയുടെ ഇഷ്ടക്കാര്‍ എത്തുന്നതെന്നതു ശ്രദ്ധേയമാണ്.ചലച്ചിത്രത്തെക്കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാടുകള്‍ക്ക് വിചിത്രവും നൂതനവുമായ ഗുണങ്ങള്‍ ഉണ്ടാവുന്നു. ലക്ഷ്യത്തിലേക്ക് സമാന്തരമായി പോവുന്ന രേഖകളുടെ സങ്കലനം ഇവിടെ കൂട്ടായ്മയായി പരിണമിക്കുന്നു. പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമത്തിലെ സിനിമ കൊതിക്കുന്ന യുവാക്കളുടെ കൂട്ടമാണ് പെയ്സ് പ്രൊഡക്ഷന്‍സ്. പെയ്‌സ് എന്ന പേരില്‍ തന്നെയുള്ള ട്രസ്റ്റുമുണ്ട ഇവിടെ. സുദേവനോടൊപ്പം അച്യുതാനന്ദനും സന്തോഷും അങ്ങിനെ കുറേ ചെറുപ്പക്കാര്‍ പത്തുവര്‍ഷം മുമ്പാണ് ഇങ്ങനെയൊരുദ്യമത്തിന് തുടക്കമിട്ടത്. ചെറുതും വലുതുമായ ഫിക്ഷനുകളും ഡോക്യുമെന്ററികളും പിറന്നു. ആള്‍ദൈവങ്ങളുടെ പിറവിയിലേക്കു ഭാവന വളര്‍ന്ന ‘തട്ടിന്‍പുറത്തപ്പന്‍’ സിനിമ ഭാഷയില്‍ ബ്രേക്ക് ഈവനായി സാധാരണക്കാരായ നാട്ടിന്‍പുറത്തെ നല്ല മനുഷ്യരുടെ സംഘമാണ് സംസ്ഥാനത്തെ ഒന്നാം സിനിമയായി മാറിയ ക്രൈം നം. 89 - ന് പിന്നിലും പ്രവര്‍ത്തിച്ചത്.

താളംതെറ്റുന്ന യുവതയുടെ അക്രമോത്സുകതയിലേക്കുള്ള കൂടുമാറ്റവും മനുഷ്യനീതിയുടെ അന്തമില്ലാത്ത സത്യസന്ധതയും കൂടിക്കലര്‍ന്ന സൃഷ്ടിയായ ക്രൈം നം. 89 മാറി. കടം വാങ്ങിയും സഹൃദയരുടെ സഹായം സ്വീകരിച്ചും ആറര ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്രൈം നം. 89 പൂര്‍ത്തിയായത്.

സമൂഹത്തോട് പറയാനുള്ളത് സിനിമയിലുണ്ട് എന്നതാണ് പെരിങ്ങോടുകാരുടെ മുന്നറിയിപ്പ്. മിക്ക ചോദ്യങ്ങള്‍ക്കും ഇതേ ഉത്തരം മതിയാവും. വിവാദമായ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നതിനു മുമ്പേ ധാരാളം അംഗീകാരങ്ങള്‍ പെരിങ്ങോട്ടുകാരെ തേടിയെത്തിയിട്ടുണ്ട്. വിബ്ജിയോര്‍, ബാലന്‍ കെ.നായര്‍ പുരസ്‌കാരം, കണ്ണൂര്‍ ഫിലിം ചേമ്പര്‍ അവാര്‍ഡ്, സൂര്യ ഫെസ്റ്റിവല്‍ പുരസ്‌കാരം, മധുര ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സമ്മര്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, കോഴിക്കോട് അല ഫിലിം സൊസൈറ്റി നല്‍കുന്ന പുരസ്‌കാരം എന്നിവയെല്ലാം സുദേവനെയും സംഘത്തേയും തേടിയെത്തിയിട്ടുണ്ട്. ക്രൈം നം. 89 ന് ജി. അരവിന്ദന്‍ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക്അവാര്‍ഡ് നേടിയതും ഈ സുദേവന്‍ സിനിമയാണ്.

തങ്ങളുടെ നിര്‍മ്മാണ രീതി മാത്രമല്ല വ്യത്യസ്തമെന്ന് സുദേവനും സംഘവും പറയും. ചിത്രീകരണവും എഡിറ്റിംഗും വിതരണവുമെല്ലാം പെരിങ്ങോട്ടുകാരുടെ രീതിയിലാണ് നടക്കുക. മുഖ്യധാരാ സിനിമയുടെ സാമ്പ്രദായിക വഴികളില്‍ നിന്നകന്ന് നില്‍ക്കുന്ന വിതരണമാണ് പെരിങ്ങോട്ടുകാരുടെ സ്‌പെഷ്യല്‍. പരമാവധി സ്ഥലങ്ങളില്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കുക, കഴിയാവുന്നിടത്തോളം ഇടങ്ങളില്‍ സിനിമാ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്ന, സംവാദങ്ങളിലും ചര്‍ച്ചകളിലും പങ്കെടുത്ത് സിനിമയുടെ പ്രസക്തി ബോധ്യപ്പെടുത്തുക എന്നിവയൊക്കെ അടങ്ങിയതാണ് ഈ ശൈലി. ഒടുവില്‍ ഡി.വി.ഡി.യായി താല്‍പ്പര്യമുള്ളവരുടെ കൈകളിലെത്തിക്കുക എന്ന ദൗത്യവും സുദേവനും സംഘവും നിര്‍വ്വഹിക്കുന്നു.


സുദേവനും പെരിങ്ങോട് സിനിമാ സംഘവും

പുരസ്‌കാര വിവാദത്തോട് അമര്‍ഷമൊന്നും ഈ കൂട്ടുകാര്‍ക്കില്ല. തങ്ങള്‍ക്ക് തങ്ങളുടെ വഴയിയെന്ന ന്യായം. ഒപ്പം ആത്മവിശ്വാസവും. പരാതിയുള്ളത് നമ്മുടെ മാധ്യമങ്ങളോടാണ്. ചാനലുകള്‍ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനോട് രോഷമുണ്ട്. സലീം കുമാര്‍ കേസ് വന്നതോടെ ഇത് പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടു. കച്ചവട സിനിമയുടെ വക്താക്കളായിമാറുകയാണ് ചാനലുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത്. പരസ്പരം സഹായമാകുന്ന രണ്ടു സ്ഥാപനങ്ങള്‍ എന്ന നിലയില്‍ അവാര്‍ഡ് വിവാദത്തെ ചാനലുകള്‍ കൈകാര്യം ചെയ്തു. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ക്രൈം നം.89 നെ മാധ്യമങ്ങള്‍ കണ്ടതേയില്ല. മുഖ്യധാരാ സിനിമാക്കാരെ ഭയന്നിട്ടോ എന്തോ സുദേവന്‍ പുരസ്‌കാരം സ്വീകരിക്കുന്ന ഒരു പടം കൊടുക്കാന്‍ പോലും പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തയ്യാറായില്ല.

ടെലിവിഷന്‍ ചാനലുകളുടെ ചെയ്തികള്‍ക്ക് ബലിയാടായതിന്റെ തെളിവ് പെരിങ്ങോട്ടുകാര്‍ക്ക് മറ്റെവിടെയും പോയി തെരയേണ്ടതില്ല. സ്വന്തം ചാനലിനു ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ മാത്രം പ്രേക്ഷകരെ അറിയിക്കുകയും മറ്റുള്ളതെല്ലാം തിരസ്‌കരിക്കുകയും ചെയ്യുന്ന രീതിയാണിവര്‍ക്ക്. അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണിത് ജനങ്ങള്‍ക്ക്. ഇങ്ങിനെയൊക്കെയാണെങ്കിലും ഇതൊന്നും തങ്ങളെ തളര്‍ത്തുമെന്ന വിശ്വാസമൊന്നും സുദേവനും കൂട്ടുകാര്‍ക്കുമില്ല. അവര്‍ വീണ്ടും ആത്മവിശ്വാസത്തോടെ പറയുന്നത്, 'ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയുണ്ട്' എന്നാണ്.*Views are personal


Next Story

Related Stories