TopTop

സിനിമാക്കാരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം വളരെ ദുര്‍ബലമാണ്; സുധീര്‍ കരമന/ അഭിമുഖം

സിനിമാക്കാരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം വളരെ ദുര്‍ബലമാണ്; സുധീര്‍ കരമന/ അഭിമുഖം

സുധീര്‍ കരമന/ അരുണ

ഒരു നടന്‍ പ്രിയപ്പെട്ടതാകുന്നത് അയാള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ സാധാരണക്കാരാകുമ്പോഴാണ്. സ്വഭാവികമായ അഭിനയത്തിലൂടെ മലയാള സിനിമയ്ക്ക് ഒഴിവാക്കാന്‍ കഴിയാത്ത മികച്ച നടനായിരിക്കുന്നു സുധീര്‍ കരമന.

അരുണ: സിനിമയില്‍ സജീവ സാന്നിധ്യമാണ്; തിരക്കുകള്‍ ആസ്വദിക്കുന്നുണ്ടോ?
സുധീര്‍: ഇത് ഒരു സ്വപ്ന സാക്ഷാത്ക്കാരമല്ലേ... നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോഴുള്ള തിരക്ക് ഒരിക്കലും മടുക്കില്ല. കൂടുതല്‍ ഊര്‍ജ്ജത്തോടെ ആസ്വദിക്കുന്നു. തിരക്ക് കാരണം അഭിനയിക്കുന്ന പല സിനിമകളും കാണാന്‍ കഴിയുന്നില്ല; അതു മാത്രമാണ് പ്രശ്‌നം. കഴിഞ്ഞ വര്‍ഷം 24 സിനിമകള്‍ ചെയ്യ്തു. ഇതൊക്കെ സന്തോഷമല്ലേ.

: ഈ തിരക്കുകള്‍ കഥാപാത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് തടസമാവില്ലേ?
സു: ഒരിക്കലും ഇല്ല. ജോലിയുടെ ഭാഗമായുള്ള തിരക്കുകളാണ്. അത് ഒഴിവാക്കാന്‍ കഴിയില്ല. ഏതു ബഹളത്തിലും എന്റെ ഉള്ളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രമുണ്ടാകും, അതേ പറ്റി ചിന്തിക്കുന്നുണ്ടാകും. ഷൂട്ട് തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും ഞാന്‍ തനിച്ചു മാറും. ആ ഏകാന്തതയില്‍ ഞാനെന്റ കഥാപാത്രമാകും. അയാളെ എത്തരത്തില്‍ അവിസ്മരണീയമാക്കാം എന്ന് ചിന്തിക്കും.

അ: സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ച് മാത്രമാകുമോ ശ്രദ്ധിക്കുന്നത്?
സു: അത് രണ്ട് തരത്തിലാണ് സംഭവിക്കുക. എത്രയോ കഥകള്‍ കേള്‍ക്കുന്നു. ആവര്‍ത്തനം തോന്നുന്നത്, ഒന്നും ചെയ്യാനില്ലാത്തത്; അങ്ങനെയുള്ളതൊക്കെ സ്‌നേഹത്തോടെ ഒഴിവാക്കുന്നു. തെരഞ്ഞെടുക്കുന്നത് തന്നെ ശ്രമകരമാണ്. കഥ കേള്‍ക്കുമ്പോള്‍ എന്റെ കഥാപാത്രം ആ സിനിമയില്‍ എത്ര പ്രാധാന്യം ഉണ്ട് എന്ന് നോക്കും. എത്ര സീന്‍ ഉണ്ട് എന്ന് ചോദിക്കാറുണ്ട്. മുഴുനീള കഥാപാത്രമാണെങ്കില്‍ കഥ മുഴുവന്‍ കേള്‍ക്കും. ഓരോ കഥാപാത്രത്തിന്റേയും സ്വഭാവത്തിലൂടെയും പോകും. എന്റെ കഥാപാത്രത്തെ കൃത്യമായി ഒരുക്കാന്‍ ശ്രദ്ധിക്കും. ചെറിയ വേഷമാണെങ്കില്‍ കഥയില്‍ ആ കഥാപാത്രത്തിനുള്ള പ്രാധാന്യം മാത്രം നോക്കും. വളളീം തെറ്റി പുള്ളീം തെറ്റിയിലെ 'വെടിക്കെട്ട് വേലായുധനൊക്കെ അങ്ങനെ വന്നതാണ്. ധാരാളം കഥാപാത്രങ്ങള്‍ വരുന്നു, നമ്മുടേത് കൃത്യമായി തിരഞ്ഞെടുക്കണം. ആത്മാര്‍ത്ഥമായി ചെയ്യണം. ഇപ്പോള്‍ തീയെറ്ററിലുള്ള ഡഫേദാറിലും പുലിമുരുകനിലും വ്യത്യസ്തമായ വേഷങ്ങളാണ്.അ: സിനിമയുടെ വിജയപരാജയങ്ങളില്‍ ആകുലത തോന്നാറുണ്ടോ?
സു: ഉറപ്പായും ഉണ്ട്. നമ്മള്‍ ഒന്നിടപ്പെട്ടാല്‍ അത് വിജയിക്കണം എന്ന് ആഗ്രഹിക്കും. വിജയിക്കുക എന്നാല്‍ നമ്മുടെ അധ്വാനം ജനങ്ങള്‍ കാണണമെന്ന് ഒരു സിനിമയ്ക്ക് പിന്നില്‍ എത്ര ശ്രമങ്ങളാണ്, എത്ര സ്വപ്നങ്ങളും പ്രാര്‍ത്ഥനയുമാണ്. ഒരു കഥാപാത്രത്തിന് പിന്നില്‍ ഞാന്‍ എടുക്കുന്ന അധ്വാനം ചിന്തിച്ചാല്‍ തന്നെ മതി. ഒരിക്കല്‍ മാത്രമാണ് ഒരു കഥാപാത്രം സംഭവിക്കുന്നത്. പിന്നെ അത് ഇല്ല. സാധ്യതയേയില്ല. അപ്പോള്‍ അത് ആളുകള്‍ കാണണമെന്ന് ആഗ്രഹിക്കും. നെഗറ്റീവായാലും പോസിറ്റീവായാലും ജനങ്ങള്‍ കാണണം. എന്നാലേ അധ്വാനത്തിന് വിലയുണ്ടാകൂ. 'അല്‍ക്കദാമയിലെ പെണ്ണ്' എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ സങ്കടം തോന്നി.

: 'ജാഡകള്‍ ' എന്ന ആരോപണം ഏറ്റവും കേള്‍ക്കേണ്ടി വന്നവര്‍ സിനിമക്കാരാവും?
സു: ശരിയാണ്. സത്യത്തില്‍ അതില്‍ എന്ത് വാസ്തവമാണ് ഉള്ളത്? ജനങ്ങളുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുന്നത് അഭിനേതാക്കളാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന കല, ആരാധിക്കുന്ന കല, ആഗ്രഹിക്കുന്ന കല, എന്നാലും സിനിമക്കാരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം വളരെ ദുര്‍ബലമാണ്. പേര് വരാനും പോകാനും നേരിയ സാധ്യതയാണ്. ഒരിക്കലും അകലം കാണിക്കുന്നതല്ല, വ്യക്തിസ്വാതന്ത്ര്യം ആവശ്യമല്ലേ..? എന്തൊക്കെ മാനസികവസ്ഥകളിലൂടെയാകും ഒരു ആര്‍ട്ടിസ്റ്റ് ഇരിക്കുക. ആരും ശ്രദ്ധിക്കില്ല. പരിഗണിക്കാറുമില്ല. ഇന്ന് തന്നെ ലൊക്കേഷനില്‍ ഷോട്ട് റെഡിയായി ഡയറക്ടര്‍ എന്നെ വിളിക്കുന്നു; കുറേ പേര്‍ ഫോട്ടോയ്ക്ക് നില്‍ക്കുകയാണ്. സ്ത്രീകളും കുട്ടികളും ഒക്കെ ഉണ്ട്. ഞാന്‍ കുട്ടിയെ എടുത്തു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യണം; ഈ ഷോട്ട് കഴിയട്ടെ എന്ന് പറഞ്ഞാല്‍ ദേഷ്യമായി, വൈരാഗ്യമായി. അവിടെ തീരും സ്‌നേഹമൊക്കെ. നമുക്ക് ഇഷ്ടമാണ് സ്‌നേഹത്തോടെ സംസാരിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ. ഈ തൊഴില്‍ മാത്രം തരുന്ന ഭാഗ്യങ്ങളാണ്. അതിന്റെ വില നന്നായി എനിക്കറിയാം.

അ: 'കരമന ജനാര്‍ദ്ദനന്‍ നായര്‍' എന്ന മേല്‍വിലാസം ഭയം തോന്നിപ്പിക്കാറുണ്ടോ?
സു: ഉണ്ട്. ഇപ്പോഴും ഉണ്ട്. അച്ഛന്റെ പേര് ഞാന്‍ നശിപ്പിക്കുമോ എന്ന ഭയം എനിക്ക് എന്തു ചെയ്യുമ്പോഴും ഉണ്ട്. ഏത് കഥാപാത്രം ചെയ്യുമ്പോഴും, ഏത് പൊതുപരിപാടിക്ക് പോകുമ്പോഴും സംസാരിക്കുമ്പോഴും ബോധവാനാണ്. ആ മേല്‍വിലാസം എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. എന്റെ ഏറ്റവും വലിയ ഭാഗ്യം. അച്ഛന്‍ പൂര്‍ണ്ണമായും ഒരു കലാകാരന്‍ ആയിരുന്നു. നന്നായി എഴുതും, പാടും, വരയ്ക്കും, അഭിനയിക്കും, പ്രസംഗിക്കും. സിനിമയില്‍ വന്നത് കൊണ്ട് നടന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു. സൂക്ഷിക്കപ്പെടുന്നു. അങ്ങനെ ഒരു അച്ഛന്റെ പേര് മോശമാക്കുന്നതൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല.

അ: സിനിമ മോഹം നേരത്തെ ഉണ്ടായിരുന്നോ?
സു: മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ സിനിമ നടനാകാന്‍ ആഗ്രഹിച്ചു. ഒരു ദിവസം ക്ലാസ്സ് ടീച്ചര്‍ എന്തിനോ എന്റെ ബുക്ക് വലിച്ചെറിഞ്ഞു. ഞാന്‍ അമ്പരന്ന് നിലത്ത് കിടക്കുന്ന ബുക്കിലേക്കും ടീച്ചറേയും മാറി മാറി നോക്കി, അപ്പോള്‍ ടീച്ചര്‍ എന്നോട് ദേഷ്യത്തോട് ചോദിച്ചു 'നീ ആരാടാ സിനിമാ നടനോ'? ആ ചോദ്യമാണ് നിങ്ങള്‍ കാണുന്ന സുധീര്‍ കരമന, എന്നെ അത്ര ബാധിച്ചിരുന്നു ആ സംഭവം. ഇപ്പോഴും ഇടയ്ക്ക് ചിന്തിക്കാറുണ്ട് എന്തിനാണ് ടീച്ചര്‍ എന്നോട് അങ്ങനെ പറഞ്ഞതെന്ന്. അന്ന് എനിക്ക് എന്റെ അച്ഛന്‍ ഒരു സിനിമ നടനാണോ എന്ന് പോലും അറിയില്ല. ഞാന്‍ പഠിച്ചത് കേന്ദ്രീയ വിദ്യാലയത്തിലാണ്. കലാപരമായ ഒരു പ്രോത്സാഹനും അവിടെ കിട്ടില്ല. പഠിക്കുന്ന ഭാഷ തന്നെ വേറെ. ചിന്തിക്കുന്ന ഭാഷ പ്രകടിപ്പിക്കാന്‍ അവിടെ പറ്റില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ് എന്നെ കലാകാരനാക്കിയത്. നാടകങ്ങള്‍ സംവിധാനം ചെയ്തു, അഭിനയിച്ചു, മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നു കിട്ടിയ ആത്മവിശ്വാസം വളരെ വലുതാണ്.

അ: സിനിമയിലേക്കുള്ള വഴി?
സു: ക്യാമറയ്ക്ക് മുന്നില്‍ ആദ്യം പിടിച്ച് നിര്‍ത്തുന്നത് ഭരത് ഗോപിയാണ്. 2004 ല്‍ 'മറവിയുടെ മണം' എന്ന ടെലിഫിലിം. എന്റെ ഗുരുക്കന്‍മാര്‍ അച്ഛനും ഗോപി അങ്കിളും ആണ്. പിന്നെയാണ് ബിഗ് സ്‌ക്രീനിലേക്ക്. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതിയ 'വാസ്തവ 'ത്തിലൂടെ. അദ്ദേഹം എനിക്ക് നല്ല കഥാപാത്രങ്ങള്‍ തന്നു. 'സിറ്റി ഓഫ് ഗോഡ് ' ഒക്കെ എനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തെ തന്ന സിനിമ ആയിരുന്നു. പിന്നെ എത്ര എത്ര ആളുകള്‍... ഒരു പാട് പേരുണ്ട്. ഓരോ ഘട്ടത്തിലും നല്ല വേഷങ്ങള്‍ എഴുതിയ എഴുത്തുകാര്‍. ഇപ്പോള്‍ 103 സിനിമകള്‍ ആയി. റിലീസ് ചെയ്യാന്‍ പോകുന്ന 'സ്വര്‍ണ്ണ കടുവ', ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന 'എബി' ഒക്കെ എനിക്ക് പ്രതീക്ഷ ഉള്ള സിനിമകള്‍ ആണ്.അ: ഇത്ര മോഹം സിനിമയോട് ഉണ്ടായിട്ടും പഠിച്ച് നല്ല ജോലി നേടി, ജീവിതം ഭദ്രമാക്കി...?
സു: മോഹം തീവ്രമായിരുന്നു. സിനിമയില്‍ ധാരാളം ബന്ധങ്ങള്‍ ഉണ്ടായിരുന്നു. തേടി പോകാന്‍ തോന്നിയില്ല. ഒന്നിന്റേയും പിന്നാലെ ഞാന്‍ പോകാറില്ല. അച്ഛന്റെ പേരിന് ദോഷം വരുമോ എന്ന ഭയം പ്രധാന കാരണമായിരുന്നു. നമുക്കുള്ളത് നമ്മളേ തേടി വരും എന്ന വിശ്വാസം ഉണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യ്തിട്ടുണ്ട്. അപ്പോഴും അഭിനയം ഉള്ളില്‍ ഉണര്‍ന്നു കിടന്നു. ആ തീരാത്ത ആഗ്രഹമാകാം ഇവിടെ എത്തിച്ചത്. സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ വിളിച്ചപ്പോള്‍ വരാന്‍ തോന്നി. ആഗ്രഹം സാധിക്കാന്‍ ദൈവം തരുന്ന അവസരമാണ്. ഇപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആണ്.

അ: സിനിമ നടനായ അധ്യാപകന്‍ സിനിമയ്ക്ക് സന്ദേശം ആവശ്യമുണ്ടോ?സു: സിനിമ ശക്തമായ ഒരു കലയാണ്. ജനകീയമായ കല, സാമൂഹികമായി വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്ന കല. കലയ്ക്ക് സന്ദേശം ആവശ്യമുണ്ടോ? ഒരിക്കലും ഇല്ല. ചരിത്ര സിനിമകള്‍ സന്ദേശത്തിനായി നിര്‍മ്മിക്കുന്നതല്ല. സത്യത്തിന്റെ ആവിഷ്‌കാരമാണ്. കഥ അനുസരിച്ച് സന്ദേശം മാറിക്കൊണ്ടിരിക്കും. സന്ദേശം പറയാനായി മാത്രം ഇവിടെ ധാരാളം സിനിമകള്‍ ഉണ്ടാകുന്നുണ്ട്. എല്ലാ സിനിമയിലും അത് പ്രായോഗികമല്ല. എല്ലാ കാലത്തും വ്യത്യസ്തമായ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അത് ഓരോത്തരും അവര്‍ക്ക് ഇഷ്ടമുള്ള പോലെ സ്വീകരിക്കും.

അ:സിനിമയ്ക്ക് അപ്പുറം ഉള്ള ഇഷ്ടങ്ങള്‍?
സു: സിനിമ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്. മുന്‍പ് നാടകം സംവിധാനം ചെയ്യുമായിരുന്നു. അത് ഒരു പാട് ആസ്വദിച്ചിട്ടുണ്ട്. വരയ്ക്കുമായിരുന്നു. തിരക്കുകള്‍ ചില ഇഷ്ടങ്ങള്‍ മാറ്റിവെപ്പിക്കും. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കണം. അമ്മ, ഭാര്യ, രണ്ട് മക്കള്‍ എല്ലാം ലോകമാണ്. എന്തു ചെയ്യുന്നതും ഇഷ്ടത്തോടെയാണ്... ഇഷ്ടമുള്ളത് മാത്രമാണ് ചെയ്യുന്നത്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് അരുണ)


Next Story

Related Stories