TopTop
Begin typing your search above and press return to search.

'പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്റെ ജീവന്‍ തന്നെ എടുത്തെന്നുവരാം': ആത്മഹത്യക്ക് ശ്രമിച്ച യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി രണ്ടുമാസം മുന്‍പെഴുതിയ കുറിപ്പ് പുറത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി സംഭവത്തിന് രണ്ട് മാസം മുന്‍പ് കോളേജിലെ അധ്യാപകരില്‍നിന്നും വിദ്യാര്‍ത്ഥി യൂണിയന്റെ ഭാഗത്തുനിന്നും നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് പുറത്ത്. അധ്യാപിക തനിക്ക് ഇന്റേണല്‍ മാര്‍ക്ക് കുറച്ചതായും, ക്ലാസില്‍ വന്ന ദിവസങ്ങളില്‍പോലും ഹാജര്‍ നല്‍കിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ എഴുതിയപ്പോള്‍ മുന്‍പ് യൂണിയന്‍ അംഗങ്ങള്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും, ഇപ്പോള്‍ ഈ പോസ്റ്റിടുന്നതിന്റെ പേരില്‍ തന്റെ ജീവനുതന്നെ ഭീക്ഷണി ആയേക്കാമെന്നും പെണ്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

രണ്ട് മാസം മുന്‍പ് പെണ്‍കുട്ടി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്: 'ചില ടീച്ചര്‍മാര്‍ ക്ലാസില്‍ വരുന്നത് മഴവരുന്നത് പോലെയാണ്. ഏതെങ്കിലും ടീച്ചര്‍മാര്‍ ക്ലാസില്‍ കയറിയാല്‍ അപ്പോള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്, യൂണിയന്‍ പരിപാടി എന്നൊക്കെ പറഞ്ഞ് പാര്‍ട്ടി യൂണിറ്റ് അംഗങ്ങള്‍ വന്ന് വിദ്യാര്‍ത്ഥികളെ വിളിച്ചോണ്ട് പോകും. ഒരു പിരീഡിന് വേണ്ടിയാണ് ചിലപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ആറ് മണിക്കൂര്‍ യാത്രചെയ്യുന്നത്. കഴിഞ്ഞ സെമസ്റ്ററില്‍ ഇംഗ്ലീഷും, സെക്ക്ന്റ് ലാംഗ്വേജും പകുതിപോലും പഠിപ്പിക്കാതെയാണ് പരീക്ഷ നടത്തിയത്. പക്ഷേ മുഴുവനും പരീക്ഷക്ക് ഉള്‍പ്പെടുത്തി. ലിബറല്‍ വാല്യുവേഷന്‍ നടത്തി നല്ല മാര്‍ക്ക് തരുമെന്ന പ്രതീക്ഷ തെറ്റി.

ഇംഗ്ലീഷ് ലിസനിങ് സ്പീക്കിങ് എന്ന പേപ്പറിന് എനിക്ക് അറ്റന്‍ഡന്‍സിനു തന്ന മാര്‍ക്ക് 5ല്‍ 2 ആയിരുന്നു. ബാക്കി എല്ലാ വിഷയത്തിനും ഫുള്‍ മാര്‍ക്കായിരുന്നു. റജിസ്റ്റര്‍ ബുക്ക് നോക്കിയപ്പോള്‍ ക്ലാസില്‍ ഉണ്ടായിരുന്ന പല ദിവസവും മാര്‍ക്ക് ചെയ്തിട്ടില്ല. ടീച്ചറോട് ചോദിച്ചപ്പോള്‍ ക്ലാസില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവ് കൊണ്ടുവരാനാണ് പറഞ്ഞത്.

ടീച്ചര്‍മാരെ പഠിപ്പിക്കാന്‍ സമ്മതിക്കാതെ സെക്രട്ടറിയറ്റ് മാര്‍ച്ച്,റാലി, മന്ത്രിമാരുടെ മക്കളുടെ കല്ല്യാണം എന്നും പറഞ്ഞ് വിളിച്ചോണ്ട്‌ പോകുന്ന പാര്‍ട്ടികാര്‍ക്ക് ഇതിനെതിരെ ഒന്നും പറയാനില്ല. അധ്യാപകരുടെയും യൂണിറ്റ് അംഗങ്ങളുടെയും ഭാഗത്തുനിന്നുള്ള അന്യായങ്ങളെ പറ്റി കഴിഞ്ഞ എക്‌സാം സമയത്ത് ഞാനൊരു വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് ആദ്യ സെമസ്റ്റര്‍ എക്‌സാമിന് മുന്‍പ് ആഹാരം കഴിക്കാന്‍ പോലും അനുവദിക്കാതെ മാനസികമായി തളര്‍ത്താന്‍ ഈ പാര്‍ട്ടിക്കാര്‍ വന്നു. പ്രശ്‌നങ്ങള്‍ ഒരിക്കല്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞപ്പോള്‍ പ്രതികരണമുണ്ടായില്ല. പ്രതികരിച്ചാല്‍ നാളെ ജീവനോടെ ഉണ്ടാകുമോ എന്ന് അധ്യാപകര്‍ക്കുപോലും ഭയമാണ്.

എന്തായാലും ചെകുത്താനും കടലിനും ഇടയില്‍ പെട്ടതുപോലെ കഷ്ടപ്പെടുന്നത് ഞങ്ങളാണ്. കേരള യൂണിവേഴ്‌സിറ്റി ഇതൊന്നും കാണുന്നില്ല. ഈ പോസ്റ്റിന്റെ പേരില്‍ ചിലപ്പോള്‍ എന്റെ മാര്‍ക്ക് കുറച്ചേക്കാം, അല്ലെങ്കില്‍ ചിലപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്റെ ജീവന്‍തന്നെ എടുത്തെന്നും വരാം.'

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം


Next Story

Related Stories