TopTop
Begin typing your search above and press return to search.

''എനിക്ക് സംഭവിച്ച മാരകമായ അപകടം എന്റെ ജനനം ആണ്''


അഴിമുഖം പ്രതിനിധി

യാക്കൂബ് മേമന്റെ വധശിക്ഷ എതിര്‍ത്തതും ഇന്ത്യയിലെ നിലവിലെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചതുമടക്കമുള്ള കുറ്റങ്ങളാരോപിച്ച് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ ഹൈദരാബാദ് സര്‍വകലാശയിലെ അംബേദ്കര്‍ സ്റ്റഡി സെന്ററിന്റെ അഞ്ചുപ്രവര്‍ത്തകില്‍ ഒരാളും ഗവേഷക വിദ്യാര്‍ത്ഥിയുമായ രോഹിത് വേമുല ജീവനൊടുക്കിയ വാര്‍ത്ത ഇന്ത്യയിലെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിനും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ടു ദിവസമായി സസ്‌പെന്‍ഷനിലായിരുന്ന രോഹിത് അടക്കമുള്ളവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി സമൂഹം തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിക്കുന്നതിനിടയിലാണ് രോഹിതിന്റെ അപ്രതീക്ഷിത വിടചൊല്ലല്‍. ജീവിതത്തില്‍ നിന്നും അപ്രതീക്ഷിത മടക്കത്തിനു തയ്യാറെടുക്കുന്നതിനു മുമ്പ് രോഹിത് തനിക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങള്‍ വളരെ ചുരുക്കിയും എന്നാല്‍ അര്‍ത്ഥപൂര്‍ണവുമായി കുറിച്ചു വച്ചിരുന്നു, ഒരു ആത്മഹത്യ കുറിപ്പ് എന്നതിനുപ്പുറം നമ്മളെ പലതും ചിന്തിപ്പിക്കുന്ന ഒന്ന്...


രോഹിത് എഴുതിയ ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണരൂപം

സുപ്രഭാതം... ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ പലരും എന്നെ ശരിക്കും ശ്രദ്ധിച്ചിരുന്നു, സ്‌നേഹിച്ചിരുന്നു എന്നോട് നന്നായി പെരുമാറിയിരുന്നു എന്നും എനിക്കറിയാം. എല്ലായ്‌പ്പോഴും എനിക്ക് എന്നോടുതന്നെയാണ് പ്രശ്‌നങ്ങളുണ്ടായിരുന്നത്. എന്റെ ശരീരവും മനസും തമ്മിലുള്ള അകലം കൂടിവരുന്നതായി എനിക്ക് തോന്നുന്നു. ഞാനൊരു വികൃത ജന്തുവായിരിക്കുന്നു.


ഒരെഴുത്തുകാരനാകണമെന്നായിരുന്നു എല്ലാക്കാലത്തും എന്റെ ആഗ്രഹം. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍. ഒടുവില്‍, ഈ കത്ത് മാത്രമാണ് എനിക്കെഴുതാന്‍ കിട്ടുന്നത്. ഞാന്‍ ശാസ്ത്രത്തെ, നക്ഷത്രങ്ങളെ, പ്രകൃതിയെ സ്‌നേഹിച്ചു. പക്ഷേ, ആളുകളെല്ലാം പ്രകൃതിയില്‍ നിന്നും എത്രയോ മുമ്പുതന്നെ വേര്‍പിരിഞ്ഞിരുന്നു എന്നറിയാതെ ആളുകളെയും സ്‌നേഹിച്ചു. നമ്മുടെ വികാരങ്ങള്‍ രണ്ടാംതരമായിരുന്നു. നമ്മുടെ സ്‌നേഹം ഉണ്ടാക്കിയെടുത്തതാണ്. നമ്മുടെ വിശ്വാസങ്ങള്‍ നിറംകൊടുത്തവയാണ്. നമ്മുടെ മൗലികത്വം കൃത്രിമമായ കലയിലൂടെ സാധൂകരിച്ചതാണ്. മുറിവേല്‍ക്കാതെ സ്‌നേഹിക്കുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടായിരിക്കുന്നു.

ഒരു മനുഷ്യന്റെ മൂല്യം അയാളുടെ തൊട്ടടുത്ത സ്വത്വവും അടുത്ത സാധ്യതയുമായി ചുരുക്കിയിരിക്കുന്നു. ഒരു വോട്ട്. ഒരക്കം. ഒരു വസ്തു. ഒരു മനുഷ്യന്‍ ഒരു മനസായി ഒരിയ്ക്കലും പരിഗണിക്കപ്പെട്ടില്ല. നക്ഷത്രധൂളികള്‍ കൊണ്ടുണ്ടാക്കിയ ഒരു മഹത്തായ വസ്തുവിനെപ്പോലെ. എല്ലാ മേഖലകളിലും, പഠനത്തില്‍, തെരുവുകളില്‍, രാഷ്ട്രീയത്തില്‍, മരണത്തിലും ജീവിതത്തിലും. ഞാനിത്തരമൊരു കത്തെഴുതുന്നത് ഇതാദ്യമായിട്ടാണ്. ഒരു അവസാനത്തെ കത്തില്‍ എന്റെ ആദ്യ ഊഴം. ഞാന്‍ അര്‍ത്ഥശൂന്യമായി തോന്നിക്കുന്നുവെങ്കില്‍ ക്ഷമിക്കുക. ഒരുപക്ഷേ, എല്ലാക്കാലത്തും, ലോകത്തെ മനസിലാക്കുന്നതില്‍ ഞാനൊരു ഒരു പരാജയമായിരുന്നിരിക്കാം. സ്‌നേഹത്തെ, വേദനയെ, ജീവിതത്തെ, മരണത്തെ എല്ലാം മനസിലാക്കുന്നതില്‍. ഒരു തിടുക്കവും ഉണ്ടായിരുന്നില്ല. പക്ഷേ ഞാനെപ്പോഴും തിരക്കുകൂട്ടിക്കൊണ്ടിരുന്നു. എങ്ങനെയും ഒരു ജീവിതം തുടങ്ങാന്‍ വെമ്പിക്കൊണ്ടിരുന്നു.എല്ലായ്‌പ്പോഴും, ചില മനുഷ്യര്‍, അവര്‍ക്ക്, ജീവിതം തന്നെ ഒരു ശാപമാണ്. എന്റെ ജനനമാണ് എന്റെ മാരകമായ അപകടം. എന്റെ കുട്ടിക്കാലത്തിന്റെ ഏകാന്തതകളില്‍ നിന്നും എനിക്കൊരിക്കലും വിമുക്തനാകാനാവില്ല. എന്റെ ഭൂതകാലത്തില്‍ നിന്നുമുള്ള വിലമതിക്കാത്ത കുട്ടി. ഈ നിമിഷത്തില്‍ ഞാന്‍ മുറിവേറ്റവനല്ല. എനിക്ക് ദുഖവുമില്ല. ഞാന്‍ ശൂന്യനാണ്. എന്നെക്കുറിച്ച് ഒരാകുലതയുമില്ല. അതെത്ര ദയനീയമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. ആളുകളെന്നെ ഭീരുവെന്ന് ആക്ഷേപിച്ചേക്കാം. ഞാന്‍ പോയാല്‍, സ്വാര്‍ത്ഥനെന്നും മണ്ടനെന്നും. എന്നെ എന്തു വിളിക്കും എന്നതിനെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നില്ല.

മരണാനന്തര കഥകളിലും, പ്രേതങ്ങളിലും, ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നില്ല, ഞാന്‍ എന്തെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍,എനിക്ക് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറുലോകങ്ങളെക്കുറിച്ച് അറിയാമെന്നും. ഈ കത്തുവായിക്കുന്ന നിങ്ങള്‍ക്ക് എനിക്കെന്തെങ്കിലും ചെയ്തുതരാനാകുമെങ്കില്‍, എനിക്ക് എന്റെ 7 മാസത്തെ ഫെല്ലോഷിപ് കിട്ടാനുണ്ട്, 1, 75, 000 രൂപ. ദയവുചെയ്ത് അതെന്റെ വീട്ടുകാര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കണം. രാംജിക്ക് ഏതാണ്ട് 40,000 രൂപ ഞാന്‍ കൊടുക്കാനുണ്ട്. അയാളതൊരിക്കലും മടക്കി ചോദിച്ചിട്ടില്ല. പക്ഷേ, ആ പണത്തില്‍ നിന്നുമെടുത്ത് അയാള്‍ക്കത് മടക്കിക്കൊടുക്കണം. എന്റെ ശവസംസ്‌കാരം ശാന്തവും സൗമ്യവുമായി നടക്കട്ടെ. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരിച്ചതിലാണ് എനിക്കു സന്തോഷം എന്നറിയുക. 'നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്.' ഉമ അണ്ണ, താങ്കളുടെ മുറി ഇതിനായി ഉപയോഗിച്ചതില്‍ എനിക്കു ദു:ഖമുണ്ട്. ASA കുടുംബത്തോട്, നിങ്ങളെയെല്ലാവരെയും നിരാശപ്പെടുത്തിയതില്‍ ക്ഷമിക്കുക. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചു. എല്ലാവര്‍ക്കും നല്ല ഭാവി ആശംസിക്കുന്നു. അവസാനമായി ഒരിക്കല്‍ക്കൂടി, ജയ് ഭീം.

ഔപചാരികതകള്‍ എഴുതാന്‍ ഞാന്‍ മറന്നു. എന്റെ ആത്മഹത്യക്ക് ആരും ഉത്തരവാദിയല്ല. ഈ കൃത്യം ചെയ്യാന്‍ വാക്കാലോ പ്രവര്‍ത്തിയാലോ ആരും എന്നെ പ്രേരിപ്പിച്ചിട്ടില്ല. ഇതെന്റെ തീരുമാനമാണ്, ഞാന്‍ മാത്രമാണ് ഇതിന്നുത്തരവാദി. ഞാന്‍ പോയതിനുശേഷം എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളെയോ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുത്.


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories