TopTop
Begin typing your search above and press return to search.

സല്‍ക്കാര പ്രിയരുടെ നഗരം ഇനി വിശപ്പില്ലാത്തവരുടേയും

സല്‍ക്കാര പ്രിയരുടെ നഗരം ഇനി വിശപ്പില്ലാത്തവരുടേയും

കെ.പി.എസ്.കല്ലേരി


ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കിടയില്‍ കോഴിക്കോടിനൊരു പേരുണ്ട്. സല്‍ക്കാരപ്രിയരുടെ നാട്, ഭക്ഷണപ്രിയരുടെ നാട്. ആതിഥ്യ മര്യാദയിലും വയറുനിറച്ച് ഭക്ഷണം വിളമ്പുന്നകാര്യത്തിലും അതിഥിയുടെ മനസ്സറിഞ്ഞ് ഊട്ടുന്ന കാര്യത്തിലും കോഴിക്കോട്ടുകാരെക്കഴിച്ചേ വേറെ ആളുള്ളൂ. അത് ഈ നഗരത്തില്‍ ഒരിക്കലെങ്കിലും വന്നുപോയവര്‍ക്കറിയാം. ബാഗിന്റെ കനവും ഇട്ടിരിക്കുന്ന വസ്ത്രങ്ങളുടെ തിളക്കവും നോക്കി ആളുകളെ കൈകാര്യം ചെയ്ത് വിടുന്ന നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റപന്തിയില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇലയിട്ട് വിളമ്പിയ ചരിത്രമാണ് സാമൂതിരിയുടെ കാലംമുതലിങ്ങോട്ട് സ്‌നേഹത്തിന്റെ നഗരമായ കോഴിക്കോടിനുള്ളത്.

അന്തരിച്ച പ്രശസ്തകവി പി. ഭാസ്‌കരന്‍ ഏറെക്കാലത്തെ വാസത്തിനുശേഷം കോഴിക്കോട് വിടുമ്പോള്‍ പറഞ്ഞത് പിരിയാന്‍ കൂട്ടാക്കാത്ത കാമുകിയെപ്പോലെ ഈ നഗരം എന്നാണ്. അങ്ങനെ പിരിയാന്‍ കൂട്ടാക്കാത്ത സല്‍ക്കാരപ്രിയരുടെ നഗരത്തിന് പുതിയൊരു വിശേഷമം കൂടി വന്നിരിക്കുന്നു. ഓപ്പറേഷന്‍ സുലൈമാനി. എന്നുവെച്ചാല്‍ ഇനിയാ നഗരത്തില്‍ വിശപ്പ് സഹിച്ച് മുണ്ടുമുറുക്കിയുടുത്ത് ആരും നടക്കേണ്ടിവരില്ല.

നാനാവിധങ്ങളായ ആവശ്യങ്ങള്‍ക്കെത്തി നഗരത്തില്‍ ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ പെട്ടുപോകുന്നവര്‍, പട്ടിണിപ്പാവങ്ങള്‍, അനാഥര്‍... അവര്‍ക്കെല്ലാം ഇനി ഈ നഗരം ഭക്ഷണം നല്‍കും. കോഴിക്കോടിന്റെ പുതിയ കളക്ടര്‍ എന്‍.പ്രശാന്തിന്റെ ആശയം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഏറ്റെടുക്കുകയായിരുന്നു.

ലോകത്തിന് മാതൃകയാക്കാവുന്ന പദ്ധതിയില്‍ കോഴിക്കോട്ടെ 51 ഹോട്ടലുകളാണ് അംഗങ്ങളായിരിക്കുന്നത്. നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ ചെന്ന് ആവശ്യത്തിലേറെ വിഭവങ്ങളുമായി നാം സുഭിക്ഷ സദ്യയുണ്ണുമ്പോള്‍ വിശപ്പടക്കാനുള്ള വകയെങ്കിലും പാവങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് അമരക്കാരനായ കളക്ടര്‍ എന്‍.പ്രശാന്ത് പറഞ്ഞു. ഭക്ഷണപ്പൊതി കളഞ്ഞുപോവുന്ന കുട്ടികള്‍ മുതല്‍ ദാരിദ്ര്യവും അനാരോഗ്യവും കാരണം പട്ടിണി കിടക്കാന്‍ വിധിക്കപ്പെട്ടവര്‍ വരെയുള്ളവര്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെ ലളിതമായ ഫുഡ് കൂപ്പണ്‍ സംവിധാനത്തിലൂടെയാണ് ഓപ്പറേഷന്‍ സുലൈമാനി പദ്ധതി നടപ്പാക്കുന്നത്.

വിശപ്പിന്റെ കാഠിന്യം അസഹ്യമാണെങ്കിലും ആത്മാഭിമാനം കാരണം അത് ഉള്ളിലൊതുക്കിക്കഴിയുന്നവരും നഗരത്തില്‍ കുറവല്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഹോട്ടലുകാരുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കളക്ടര്‍ പറയുന്നു.

പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാനായി ലളിതമായ ഒരു കൂപ്പണ്‍ സമ്പ്രദായമാണ് സ്വീകിരച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നഗരപരിധിയിലെ വില്ലേജ് ഓഫീസുകളില്‍ നിന്നും താലൂക്ക് ഓഫീസില്‍ നിന്നുമാണ് ഉച്ചഭക്ഷണത്തിനുള്ള കൂപ്പണ്‍ നല്‍കുക. കാലിക്കറ്റ് പ്രസ്‌ക്ലബിലും കൂപ്പണ്‍ കൊടുത്തിട്ടുണ്ട്. അടുത്ത ഘട്ടമായി റെയില്‍വേ സ്റ്റേഷന്‍, മെഡിക്കല്‍ കോളെജ്, ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും കൂപ്പണ്‍ ലഭിക്കും.

ഉച്ച ഭക്ഷണത്തിനുവേണ്ടിയാണ് കൂപ്പണ്‍ കൊടുക്കുക. ഉച്ച ഭക്ഷണം ലഭിച്ചില്ലെങ്കില്‍ വൈകിട്ടും ഭക്ഷണം നല്‍കുമെന്നും മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂപ്പണ്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈല്‍ പറഞ്ഞു. നോമ്പ് കഴിഞ്ഞാല്‍ മാത്രമേ പദ്ധതി പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ റോഡ്, വയനാട് റോഡ്, നടക്കാവ്, എരഞ്ഞിപ്പാലം, കാരപറമ്പ് എന്നിവിടങ്ങളിലെ പാരഗണ്‍, സല്‍ക്കാര, സോളാര്‍, ചെന്നൈ കഫേ, കറിഹൗസ്, മലബാര്‍, രത്‌നാകര, അലങ്കാര്‍, മാവൂര്‍ റോഡിലെ അമര്‍, ഓപ്പല്‍, മേജര്‍, ഫ്‌ളൈഡൗണ്‍, ബ്ലൂസീ, സീലോഡ്, കാലിക്കറ്റ്, സോപാനം, കോഴിക്കോടന്‍ സിറ്റി, ജിനം, റോയല്‍ പ്ലാസ, തക്കാരം, റോയല്‍, പെരിയാര്‍, കല്ലായി റോഡ്, പാളയം എന്നിവിടങ്ങളിലെ സിറ്റി, ജയ്ഹിന്ദ്, ന്യൂ ഭാരത്, സരോവാള്‍, വേണുപാലസ്, പാരിസ്, വസന്തവിഹാര്‍, ടോപ്പ് ലൈന്‍, മിനാര്‍, കറിഹൗസ്, ലിങ്ക് റോഡിലെ കലവറ, സ്വീകാര്‍, സോപാനം, ന്യൂഹോട്ടല്‍, ദീവാര്‍, അറേബ്യന്‍ഡൈന്‍സ്, ദില്‍ബാര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മാനാഞ്ചിറ, കോര്‍പ്പറേഷന്‍ ഓഫിസ് എന്നിവിടങ്ങളിലെ കറിഹൗസ്, റെങ്കൂണ്‍, പുഷ്പരാജ്, ലഞ്ച്ഹൗസ്, ആര്യഭവന്‍, പൊറ്റമ്മലിലെ ശാരദ, മോഹന്‍, ചോയ്‌സ്, നന്മ, മാങ്കാവിലെ ശ്രീകൃഷ്ണ, ലഞ്ച് ഹൗസ്, ശ്രീലക്ഷ്മി എന്നീ ഹോട്ടലുകളാണ് ഓപ്പറേഷന്‍ സുലൈമാനിയുമായി സഹകരിക്കുന്നത്.

കഴിഞ്ഞദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. കോഴിക്കോട്ടുകാരുടെ സല്‍ക്കാര കമ്പത്തെക്കുറിച്ചും ഭക്ഷണപ്രിയത്തെക്കുറിച്ചും സിനിമയെടുത്ത സംവിധായിക അഞ്ജലിമേനോന്‍ ചടങ്ങില്‍ മുഖ്യഅതിഥിയായിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories