ന്യൂസ് അപ്ഡേറ്റ്സ്

എല്ലാരും എന്നെ പറ്റിച്ചു; ഈ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാതെ പോകരുത് ഒരു സര്‍ക്കാരും

A A A

Print Friendly, PDF & Email

വിഷ്ണു എസ് വിജയന്‍

‘എല്ലാരും എന്നെ പറ്റിച്ചു… മകനും, സാറന്മാരും എല്ലാരും എന്നെപ്പറ്റിച്ചു… അതുകൊണ്ടാണീ മഴേത്ത് എനിക്കിങ്ങനെ റോഡുവക്കത്തിരിക്കേണ്ടി വന്നത് ‘ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കാന്റീനില്‍ ഇരുന്നു സുലോചനയുടെ വാക്കുകളിടറി. കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്, പിന്നെയതൊരു പൊട്ടിക്കരച്ചിലായി മാറി. 

തലസ്ഥാനത്ത് ഇന്നലെ തോരാ മഴയായിരുന്നു. കടുത്തവേനലില്‍ ചുട്ടുപൊള്ളിക്കിടന്ന നഗരത്തിനതു വലിയ ആശ്വാസം. മഴയായാലും വെയിലായാലും ഒരുപോലെ എന്ന മുറയില്‍ സെക്രട്ടേറിയേറ്റു പടിക്കല്‍ പതിവു സമരകോലാഹലം. ജിഷയുടെ നീതിക്കായി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള റോഡുപരോധം. ഇതിനിടയിലാണ് കണ്ടത്, പൊളിച്ചു മാറ്റിയ സമരപന്തലുകള്‍ക്കിടയില്‍ ഫ്‌ളെക്‌സ് കൊണ്ട് മൂടിയിട്ട മറയ്ക്കുള്ളില്‍ ഒരു വൃദ്ധ മഴയേറ്റ് ഇരുന്നു വിറയ്ക്കുന്നു. അതു സുലോചനയായിരുന്നു. നോക്കി നില്‍ക്കെ വിറയലിന്റെ ശക്തി ഏറിവരുന്നത് പോലെ. ഇനിയും നിന്നാല്‍ അവര്‍ തറയില്‍ വീഴുമെന്നു തോന്നിയപ്പോള്‍ പിടിച്ചെഴുന്നെല്‍പ്പിക്കാനായി മുന്നോട്ടു ചെന്നു.

എത്ര പറഞ്ഞിട്ടും അവര്‍ അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കുന്നില്ല. ഇനിയെന്ത് ചെയ്യും എന്ന് വിഷമിച്ചു നില്‍ക്കുമ്പോഴാണ് കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരന്റെ വരവ്, അദ്ദേഹത്തിന്റെ സഹായം തേടി. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും കൂടെക്കൂടി. നല്ലവനായ ആ പൊലീസുകാരന്‍ സുലോചനയെ കന്റോണ്‍മെന്റ് സ്‌റ്റേഷിലെ കാന്റീനിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ചായ വാങ്ങി നല്‍കി. 

ചായ വിറച്ചു വിറച്ചു കുടിക്കുന്നതിനിടയില്‍ സുലോചന കഥകള്‍ പറഞ്ഞു . മക്കളുണ്ടായിട്ടും തെരുവില്‍ അന്തിയുറങ്ങേണ്ടിവന്ന ഒരമ്മയാണവര്‍. പ്രായം എഴുപതു കഴിഞ്ഞിരിക്കുന്നു. മറവി കലശലായി ബാധിച്ചിരിക്കുന്നു. സംസാരിച്ചു വരുമ്പോള്‍ എവിടെയൊക്കെയോ വിട്ടുപോകുന്നു. പിന്നീടത് എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. സമരം നടത്തുന്നതെന്തിനെന്നു ചോദിച്ചപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയ മകളുടെയും, സ്വന്തം ചോരയില്‍ പിറന്ന മകന്റെയും അവഗണനകളെ കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. ഒറ്റയ്ക്കാണെങ്കിലും ഒരു കൂരകെട്ടി ഉള്ളകാലം ജീവിക്കമെന്നു കരുതിയതാണ്. പക്ഷേ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ഭൂമിയില്‍ വീടുവയ്ക്കാന്‍ കോര്‍പറേഷന്‍കാര്‍ സമ്മതിക്കുന്നില്ല. അതിനു വേണ്ടി തുടങ്ങിയതാണ് സമരം. 

നയനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പട്ടം മരപ്പാലത്ത് സുലോചനയ്ക്ക് വീടുവെയ്ക്കാന്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ പിന്നീടത് കോര്‍പറേഷന്‍കാരുടെ ചുവപ്പ് നടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് മഞ്ഞളാംകുഴി അലി നഗരവികസന മന്ത്രിയായ സമയത്ത് വീട് വെയ്ക്കാന്‍ വീണ്ടും ഭൂമി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനു തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട പ്രാദേശിക ഭരണകൂടം അതൊന്നും ചെവികൊണ്ടില്ല. മാത്രവുമല്ല ഇവര്‍ക്കനുവദിച്ച ഭൂമിയ്ക്ക് തൊട്ടടുത്ത് മതില്‍കെട്ടി പൊക്കുക കൂടി ചെയ്തു കോര്‍പറേഷന്‍. ഇതിനെതിരെയാണ് ഇപ്പോള്‍ സുലോചന ഒറ്റയാള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇകെ നായനാരെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ് സുലോചനയ്ക്ക്. മണ്ണ് തന്നതുമാത്രമല്ല, ജീവിക്കാന്‍ താത്കാലികമായിട്ടാണെങ്കിലും ഒരു പണിയും നയനാര്‍ ഒരുക്കി കൊടുത്തിരുന്നു സുലോചനയ്ക്ക്. കരമന ഇ എസ് ഐ ആശുപത്രിയില്‍ പാര്‍ട്ട് ടൈം തൂപ്പുകാരി.  അടുത്ത വര്‍ഷം പെന്‍ഷന്‍ ആകും. ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത് ജോലിയില്‍ നിന്നും കിട്ടുന്നതുകൊണ്ടായിരുന്നു. അടുത്തവര്‍ഷത്തോടെ ആ വരുമാനം നിലയ്ക്കും. പിന്നീട് എങ്ങനെ ജീവിക്കും എന്ന് ഒരുപിടിയും ഇല്ലെന്ന് സുലോചന.

ഭരണകൂടവും ഉദ്യോഗസ്ഥരും കാണിച്ചതിനേക്കാള്‍ ക്രൂരതയാണ് സ്വന്തം മകനില്‍ നിന്നും തനിക്കു കിട്ടിയതെന്ന് പറയുമ്പോള്‍ സുലോചനയ്ക്ക് കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ല. സുലോചനയും ഭര്‍ത്താവും വര്‍ഷങ്ങളോളം ഒരു കുഞ്ഞിനായി കാത്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. ഇതിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ സുലോചനയ്ക്ക് ഒരു മകന്‍ പിറന്നു. രണ്ടുപേരെയും അവര്‍ ഒരുപോലെ വളര്‍ത്തി, പഠിപ്പിച്ചു. ഭര്‍ത്താവ് മരിക്കുന്നതിനു മുന്‍പേ പെണ്‍മകളെ വീട് വിറ്റ് കല്യാണം കഴിപ്പിച്ചു. ഭര്‍ത്താവിന്റെ മരണശേഷം അരപ്പട്ടിണി കിടന്നാണ് അമ്മ മകനെ വളര്‍ത്തിയത്. സ്വന്തമായി വീടില്ലാത്തത് മൂലം മകന്‍ കല്യാണം കഴിഞ്ഞപ്പോള്‍ ഭാര്യവീട്ടില്‍ താമസമാക്കി. ഭാര്യവീട്ടുകാര്‍ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ അമ്മയെ കൂടെ താമസിപ്പിക്കാന്‍ മകനും തയ്യാറായില്ല. അതോടെ പട്ടം ജംഗ്ഷനില്‍ കടത്തിണ്ണയില്‍ ആയി എന്റെ അന്തിയുറക്കം; സുലോചന കരയാതിരിക്കാന്‍ ശ്രമിച്ച് ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.

‘മഴയുള്ള ഒരു രാത്രിയില്‍ പനിച്ചു വിറച്ചു കിടന്ന എന്നെ മകന്‍ വന്നു കൂട്ടികൊണ്ട് പോയി. അന്ന് ഞാന്‍ വളരെ സന്തോഷിച്ചു. അവന്‍ വീണ്ടും വന്നല്ലോ എന്ന് കരുതി. എന്നാല്‍ ഭാര്യ വീട്ടില്‍ എത്തിയ എന്നെ കാണാനോ, ഭക്ഷണം ഉണ്ടാക്കി തരാനോ അവന്റെ ഭാര്യ സമ്മതിച്ചില്ല. അന്ന് രാത്രി അവിടെ കിടത്തിയിട്ട് പിറ്റേന്ന് വെളുപ്പിനെ അവന്‍ എന്നെ തെരുവില്‍ കൊണ്ടാക്കി.’

മഴ തോര്‍ന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുലോചന പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ തീമഴ പെയ്യിക്കുന്നു.

‘എഴുപതു വയസ്സുവരെയാണ് എനിക്ക് ആയുസ്സ് ജാതകത്തില്‍ പറഞ്ഞിട്ടുള്ളത്. മരിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റുമോ എനിക്ക്…’

സ്വന്തം മക്കളാലും, ഭരണകൂടത്താലും തള്ളിക്കളയപ്പെട്ട് ഒരമ്മ തെരുവില്‍ അന്തിയുറങ്ങുകയാണ്.

ജനാധിപത്യത്തിന്റെ വിജയ കാഹളം കേള്‍ക്കാന്‍ കേരളം കാതോര്‍ത്തിരിക്കുന്നു.. 

(അഴിമുഖം റിപ്പോര്‍ട്ടര്‍ ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍