TopTop
Begin typing your search above and press return to search.

സ്‌പൈഡര്‍മാനും, നീലകണ്ഠനും, പ്രേമത്തിലെ ജോര്‍ജും

സ്‌പൈഡര്‍മാനും, നീലകണ്ഠനും, പ്രേമത്തിലെ ജോര്‍ജും

റോണ്‍ ബാസ്റ്റ്യന്‍

ഈ ഭൂമിയില്‍ പതിനായിരക്കണക്കിന് ദുഃഖങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ നഷ്ടമാണ് അതിലേറ്റവും വലുത്. സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍ കാലികളേയും,കുതിരകളേയുംപോലെ നാം ആട്ടിത്തെളിക്കപ്പെടുന്നു. ഹോചിമിന്‍ (ജയില്‍ ഡയറിയില്‍ നിന്ന്)

'ഐക്യമത്യം മഹാബലം' എന്ന് പലവുരു പഠിച്ചശേഷവും നാം പുസ്തകമടച്ച് മാനത്ത് നോക്കും; വാനമേഘങ്ങളില്‍ വരുന്ന രക്ഷകനെത്തേടി. നേതാവിനെ ശക്തനാക്കുന്നത് അയാളുടെ വ്യക്തിവൈഭവമല്ല, മറിച്ച് സംഘബലമാണെന്ന പാഠം നാം മറന്നുകളയും. 'കണ്ണാ, പന്നീങ്കള്‍ താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ വരും', എന്ന രജനീകാന്ത് ഡയലോഗിന് കൈയ്യടിക്കാന്‍ ജനാധിപത്യ സമൂഹത്തിലും ആളുണ്ടാകുന്നത് അതുകൊണ്ടാണ്.

ഓരോ കാലഘട്ടത്തിലും ജനം അതിമാനുഷരായ വീരനായകരെ ആവശ്യപ്പെടുന്നുണ്ട്. അല്ലെങ്കില്‍ അവരുടെ ആകുലതയിലും അസംതൃപ്തിയിലും ചാലിച്ചെടുത്ത നായകര്‍ ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെടുന്നുണ്ട്. അത് ഇതിഹാസങ്ങളുടേയോ, ചിത്രകഥയുടേയോ, സിനിമയുടേയോ, വീഡിയോ ഗെയിമിന്റെയോ രൂപത്തിലാകാം. സാങ്കേതികവിദ്യക്കനുസരിച്ച് സങ്കേതങ്ങള്‍ മാറുമ്പോഴും, നായകപ്രതിനായക ദ്വന്ദ്വങ്ങള്‍ പഴയപടി ആവര്‍ത്തിക്കപ്പെടുന്നു.

ഒരു സാര്‍വ്വത്രിക പ്രതിഭാസമാണെങ്കിലും, സൂപ്പര്‍ഹീറോകളെ പടച്ചുവിടുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് അമേരിക്ക തന്നെയാണ്. തദ്ദേശവാസികള്‍ക്ക് മേല്‍ ഹിംസാധിപത്യം നേടി പടുത്തിയര്‍ത്തിയ താരതമ്യേന പുതുതായ ഒരു രാഷ്ട്രം. ഗ്രീക്ക്, നോര്‍ഡിക്, ഇന്ത്യന്‍ ജനതകള്‍ക്കുള്ള പോലെ പാടിപ്പതിഞ്ഞ ഇതിഹാസഗാഥകളില്ലാത്തതിനാല്‍, അവര്‍ അമേരിക്കന്‍ സ്വപ്നത്തിന്റെ പതാകവാഹകരായി തങ്ങളുടെ സ്വന്തം സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ചു. അവരോരുത്തരും അങ്കിള്‍ സാമിന്റെ സൈനികവ്യാവസായിക സമുച്ചയത്തിന്റെ കാലാളുകളായാണ് രംഗപ്രവേശം ചെയ്തതും, കളി തുടരുന്നതും. ഓരോ കഥാപാത്രത്തിനും തങ്ങള്‍ പിറവിയെടുത്ത രാഷ്ട്രീയ ചുറ്റുപാടുമായി പ്രത്യക്ഷബന്ധമുണ്ടായിരുന്നു. സൂപ്പര്‍മാനെ സൃഷ്ടിക്കുന്നത് രണ്ടാംലോകയുദ്ധകാലത്താണ്. ക്യാപ്റ്റന്‍ അമേരിക്ക പോരാട്ടം തുടങ്ങുന്നത് 'ഹൈഡ്ര' അഥവാ നാസി ജര്‍മനിയില്‍ നിന്ന് 'മാനവരാശിയെ' അഥവാ അമേരിക്കയെ രക്ഷിക്കാനാണ്.ബാറ്റ്മാന്‍ ജനപ്രിയത നേടുന്നത് അമേരിക്കയില്‍ ക്രമസമാധാനം താറുമാറായ 'ഗ്രേറ്റ് ഡിപ്രഷന്‍' കാലത്താണ്. സ്‌പൈഡര്‍മാനും എക്‌സ്‌മെന്‍ സീരീസും വരുന്നത് യു.എസ്.എ.- യു.എസ്.എസ്.ആര്‍. ശീതയുദ്ധത്തിന്റെ മൂര്‍ഛയില്‍ അണ്വായുധപ്രയോഗത്തിന്റെ ഭീഷണി സജീവമായ സമയത്താണ്. അതാത് കാലത്ത് സാമ്രാജ്യത്വശക്തികളുടെ എതിര്‍ചേരിയില്‍ നിന്നവരാണ് ജെയിംസ് ബോണ്ടിന്റെ ശത്രുക്കള്‍. എസ്‌കേപ്പ് ഫ്രം എല്‍.എ. എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കര്‍ട്ട് റസലിന്റെ കഥാപാത്രം സ്‌നേക്ക് ഇടിച്ചിടുന്നത് ചെഗുവേരയുടെ രൂപമുള്ള വിപ്ലവകാരിയെയാണ്. എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതി വളര്‍ത്തി, 'ശത്രുരാജ്യങ്ങളെ' കടന്നാക്രമിക്കാനുള്ള അനുവാദം ജനങ്ങളില്‍ നിന്ന് നിരുപാധികം വാങ്ങിയെടുക്കാനുള്ള പ്രചാരവേലയുടെ ഭാഗമെന്നവണ്ണമാണ് അമേരിക്കന്‍ അതിമാനുഷകഥകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഏറിയും, കുറഞ്ഞും ഇതേ ധര്‍മ്മം തന്നെയാണ് രാമാനന്ദ് സാഗറിന്റെ മഹാഭാരതവും, രാമായണവും ഇപ്പോള്‍ ഛോട്ടാഭീമുമെല്ലാം നിറവേറ്റുന്നത്.

ജെന്റില്‍മാന്‍ മുതലുള്ള ശങ്കര്‍ ചിത്രങ്ങളിലെ നായകര്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അസംതൃപ്തികളില്‍ നിന്ന് പിറവിയെടുത്തവരാണ്. അതേസമയത്താണ് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രങ്ങളിലൂടെ സുരേഷ്‌ഗോപി കഥാപാത്രങ്ങള്‍ അനീതിക്കെതിരെ താണ്ഡവമാടിയത്. തങ്ങള്‍ക്ക് പറയാനും ചെയ്യാനുമാവാത്തത് പതിന്മടങ്ങ് ശക്തിയില്‍ പറയുന്ന, ചെയ്യുന്ന ഫ്യൂഡല്‍ ഐഎഎസ്, ഐപിഎസ് മാടമ്പികളെ കണ്ടും കേട്ടും നിര്‍വൃതിയടയാനാണ്. ജനലക്ഷങ്ങള്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കിയത്.നിത്യജീവിതത്തിന്റെ ഏകതാനതയില്‍ നിന്ന് രക്ഷപ്പെട്ട് അയഥാര്‍ത്ഥ ലോകത്തില്‍ വിഹരിക്കാനും തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സിനിമയുടേയും ജനപ്രിയസാഹിത്യത്തിന്റേയും ആസ്വാദകര്‍ ആഗ്രഹിക്കുന്നുണ്ട്. ഈ മാനസികാവസ്ഥയാണ് എക്കാലത്തും നായകസങ്കല്‍പങ്ങളെത്തേടിയതും, സൃഷ്ടിച്ചതും. അതുകൊണ്ടാണ് മോഹന്‍ലാല്‍ മീശതാഴ്ത്തിയ കാലത്ത് നിവിന്‍പോളി മീശപിരിച്ച് കാണാന്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നത്. മോഹന്‍ലാല്‍ തന്നെ മീശപിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഉടന്‍ വരുന്നുമുണ്ട്. ദേവാസുരവുംആറാംതമ്പുരാനും നരസിംഹവും പോലുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ നേടിയ വീരാരാധന സമാനതയില്ലാത്തതാണ്. നീലകണ്ഠന്റേയും ജഗന്നാഥന്റേയും ഇന്ദുചൂഢന്റേയും മാനറിസങ്ങള്‍ നിത്യജീവിതത്തില്‍ പകര്‍ത്തിയ, കിംഗിലേയും, കമ്മീഷണറിലേയും ഡയലോഗുകള്‍ ഹൃദിസ്ഥമാക്കിയ എത്രയോ യുവാക്കളുണ്ടാകും.

പക്ഷേ, മേല്‍പ്പറഞ്ഞ നായകരുടെ പത്തിലൊന്ന് ഹീറോയിസം പോലും കാണിക്കാത്ത പ്രേമത്തിലെ ജോര്‍ജ് എങ്ങനെയാണ് കാമ്പസുകളുടെ, യുവാക്കളുടെ ആരാധന പിടിച്ചുപറ്റിയത്? മൂന്നും നാലും തവണ ചിത്രം ആവര്‍ത്തിച്ച് കണ്ട് ആസ്വദിക്കാന്‍ കൗമാരക്കാരെയും യുവാക്കളേയും പ്രേരിപ്പിച്ച ഘടകമെന്താണ്? പ്രേമത്തില്‍ ജോര്‍ജ് കാണിക്കുന്ന അങ്ങേയറ്റത്തെ ധീരത ക്ലാസ്മുറിയില്‍ പിന്‍ബെഞ്ചിലിരുന്ന് മദ്യപിക്കുന്നതും, കോളേജ് ഗ്രൗണ്ടില്‍ വെച്ച് സഹപാഠിയുമായി ഉന്തിത്തള്ളി ചെളിവെള്ളത്തില്‍ കിടന്ന് കെട്ടിമറിയുന്നതുമാണ്. കായികശേഷി തീരെക്കുറഞ്ഞ ഒരു പാവം പ്യൂണിന്റെ കരണത്ത് ജോര്‍ജ് അടിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങുന്നത് 'ഭയങ്കര' ശബ്ദം തന്നെയാണ്. മംഗലശ്ശേരി നീലകണ്ഠന്‍ ശേഖരന്റെ കൈവെട്ടിയപ്പോഴും, ജഗന്നാഥന്‍ കൊളപ്പുള്ളി അപ്പന്റെ കളരിക്കാരെ നിലം പരിശാക്കിയപ്പോഴും ഇതിന്റെ പകുതി ശബ്ദംപോലും അകമ്പടി സേവിക്കാന്‍ ഉണ്ടായിരുന്നില്ല.

ഇതെന്ത് ഹീറോ? ഇതിലെന്ത് ഹീറോയിസം? എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് കിട്ടും. അവിടെ ''ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജോര്‍ജിന്റെ ഗെറ്റപ്പിലെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചെവിക്ക് പിടിച്ചു. യൂണിഫോമിടാതെ കാമ്പസില്‍ വന്നതിന്!! ഈ സംഭവം മാത്രം മതിയാകും, പ്രേമത്തിന്റെ സ്വീകാര്യതയെ മനസിലാക്കുവാന്‍. ജോര്‍ജിന്റെ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സ്വാതന്ത്ര്യത്തിന്റെ പത്തിലൊന്നെങ്കിലും ഇന്നത്തെ കാമ്പസുകളിലുണ്ടാകുമോ? ഉത്തരം പറയേണ്ടത് ഇന്നത്തെ വിദ്യാര്‍ത്ഥികളാണെങ്കിലും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോകോളേജില്‍ പോലും യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്നു. രാജ്യത്തെ പല കോളേജുകളിലും ഡ്രസ്‌കോഡിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ക്ലാസ്മുറിക്കകത്തും, പുറത്തും പ്രിന്‍സിപ്പലിന്റെ സിസിടിവി നിരീക്ഷണം, വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചാരപ്പണി ചെയ്യാന്‍ മാനേജ്‌മെന്റിന്റെ സില്‍ബന്ദികളായ അധ്യാപകരും, അനധ്യാപകരും, ഇന്റേണല്‍ അസസ്‌മെന്റിന്റെ പേരിലുള്ള ചൂഷണങ്ങള്‍, അമിതാധികാരത്തിന്റെ ചെങ്കോലും, കിരീടവുമായി സ്വയംഭരണപദവിയും.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് കലാലയങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ ശ്രദ്ധേയമാണ്. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഇ-മാഗസിന്‍ പ്രിന്‍സിപ്പല്‍ നിരോധിച്ചു. കാരണം, പ്രിന്‍സിപ്പലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ തന്നെ അഭിമുഖം മാസികയില്‍ പ്രസിദ്ധീകരിച്ചു! മദ്രാസ് ക്രിസ്ത്യന്‍ കോളേജ് കാമ്പസിലെ മരങ്ങള്‍ മുറിച്ചുനീക്കിയതിനെ സ്‌കിറ്റില്‍ പരാമര്‍ശിച്ചതിന് വിദ്യാര്‍ത്ഥികള്‍ ശാസിക്കപ്പെട്ടു. ഭാവി കലാപ്രവര്‍ത്തനങ്ങള്‍ വാര്‍ഡന്റെ സെന്‍സറിംഗിന് വിധേയമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി ജാമിയാ മിലിയ ഇസ്ലാമിയയില്‍ സാനിറ്ററി പാഡില്‍ ഫെമിനിസ്റ്റ് സന്ദേശങ്ങള്‍ എഴുതി പ്രചരിപ്പിച്ചതിന് വിദ്യാര്‍ത്ഥികള്‍ താക്കീത് ചെയ്യപ്പെട്ടു. മോറല്‍ പൊലീസിംഗിനെതിരെ ക്യാമ്പസില്‍ ആലിംഗനസമരം നടത്തിയതിന് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയും ഡോക്യുമെന്ററിയും തിരിച്ചറിയാത്ത യുധിഷ്ഠിരവേഷങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടതും, മോദിവിമര്‍ശനം നടത്തിയതിന് മദ്രാസ് ഐഐടി യിലെ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ നിരോധിക്കപ്പെട്ടതും തൃശൂരില്‍ കോളേജ് മാസികകള്‍ തമസ്‌ക്കരികപ്പെട്ടതുമെല്ലാം ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. എന്നാല്‍ മാനേജ്‌മെന്റുകളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി പ്ലക്കാര്‍ഡും കയ്യില്‍ പിടിച്ച് പിഞ്ചുകുഞ്ഞുങ്ങളെ പൊരിവെയിലത്ത് തെരുവിലിറക്കുന്ന കാഴ്ചയും നാം ധാരാളമായി കാണുന്നുണ്ട്. വിദ്യാര്‍ത്ഥിഅദ്ധ്യാപക രാഷ്ട്രീയത്തിന് എതിരേ ഉരുക്ക് മുഷ്ടി ഉയര്‍ത്തുന്ന എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് മാനേജ്‌മെന്റിന് തങ്ങള്‍ക്ക് ജിസിഡിഎയുമായുള്ള വസ്തുതര്‍ക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സമരവും അക്രമവും നടത്തിക്കാന്‍ മടിയുണ്ടായില്ല.ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ കൈ പുറകില്‍ കെട്ടി നടക്കണമെന്ന് പട്ടാളച്ചിട്ട നിഷ്‌കര്‍ഷിക്കുന്ന സ്ഥാപനങ്ങളെ മഹത്തരമെന്ന് വാഴ്ത്തുന്ന രക്ഷിതാക്കള്‍, സ്വാതന്ത്ര്യത്തേയും പൗരാവകാശത്തേയും അപ്രസക്തമാക്കി ഓണ്‍ഓഫ്‌ലൈനുകളില്‍ വിഹരിക്കുന്ന സദാചാരപൊലീസ്, സിനിമ കാണാനെത്തുന്നവരെ പിടിക്കാനും, സ്‌കൂളിലും കോളേജിലും ഹാജരെടുത്ത് വിദ്യാര്‍ത്ഥികളുടെ വീട്ടിലറിയിക്കാനും നടക്കുന്ന കേരളാ 'ഗുരുകുല' പൊലീസ്. ഇവിടെയാണ് 'പ്രേമം' യുവാക്കളുടെ കിംഗും കമ്മീഷണറുമൊക്കെയായി മാറുന്നത്.

'സ്ഥലം മാറ്റുകയൊന്നുമില്ല, കൊന്നുകളയും ', എന്ന് മംഗലശേരി നീലകണ്ഠന്‍ എസ്.ഐ.യോട് പറയുമ്പോള്‍ ആവേശം കൊണ്ട യുവാക്കള്‍ ഏതോ പൊലീസുകാരനോടുള്ള ദേഷ്യമാകും കയ്യടിച്ച് തീര്‍ത്തിട്ടുണ്ടാകുക. തങ്ങള്‍ക്ക് മേല്‍ ചാരപ്പണി നടത്തുന്ന മാനേജ്‌മെന്റ് സില്‍ബന്ദിയുടെ കരണം പുകയ്ക്കാന്‍ മനസില്‍ കരുതിയ അടിയാവും, ജോര്‍ജിലൂടെ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ സാക്ഷാല്‍ക്കരിച്ചത്. തങ്ങളെ അടിച്ചമര്‍ത്തുന്ന പ്രിന്‍സിപ്പലിന്റേയോ മാനേജരുടേയോ മുഖത്ത് നോക്കി പറയാന്‍ ആഗ്രഹിച്ച വാക്കുകളാകും, രണ്‍ജി പണിക്കരുടെ അഛന്‍ കഥാപാത്രം പറഞ്ഞത്. 'ബോബ് മാര്‍ലിയുടെ മാലയിട്ടാല്‍ നീ കേസെടുക്കുമല്ലേ', എന്ന ഡയലോഗും, അടിയും പൊലീസുകാര്‍ക്കും, സദാചാര പൊലീസുകാര്‍ക്കും ഒരുപോലെ ബാധകമായിട്ടുണ്ടാകും.

അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയ കലാലയങ്ങളിലാണ് ജോര്‍ജ് താരമാകുന്നതും പ്രേമത്തിലെ ക്യാമ്പസ് സ്വപ്നഭൂമിയാകുന്നതും. നായകന്റെ നീതിബോധമോ, പേശീബലമോ, ധീരതയോ ഒന്നുമല്ല, പ്രേമത്തിലേയ്ക്ക് യുവാക്കളെ ആകര്‍ഷിച്ചത്. മറിച്ച്, ജോര്‍ജിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് യുവാക്കളും, കൗമാരക്കാരും തങ്ങളുടേതാക്കി ആഘോഷിച്ചത്. നിത്യജീവിതത്തില്‍ തങ്ങള്‍ക്ക് നഷ്ടമാകുന്നതൊക്കെയാണ് അവര്‍ വെള്ളത്തിരയില്‍ തേടിയത്.

Next Story

Related Stories