TopTop
Begin typing your search above and press return to search.

ഇരുള്‍ വിഴുങ്ങും മുന്‍പേ ഒരു നാടിനെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ പറയുന്നത്

ഇരുള്‍ വിഴുങ്ങും മുന്‍പേ ഒരു നാടിനെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ പറയുന്നത്

ക്രിയാത്മക പ്രതിപക്ഷത്തിന്റെ അഭാവത്തിലും പ്രതികരണങ്ങള്‍ നഷ്ടപ്പെട്ട വലിയൊരു സമൂഹത്തിന്റെ കുറ്റകരമായ അനാസ്ഥയുടെയും ഇടയില്‍ ജനങ്ങളുടെ സ്വസ്ഥവും സ്വൈര്യവുമായ ജീവിതത്തെ ബാധിക്കുന്ന നിലയിലേയ്ക്ക് ഫാസിസം വളര്‍ന്നു കൊണ്ടിരിക്കുന്നു. കപടമായ ദേശീയതാവാദം ഉന്നയിച്ചു കൊണ്ട് എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുകയും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത് കൊണ്ട് ഭരണകൂടം പിടിമുറുക്കുന്നു. മലയാള സമൂഹത്തില്‍ പരക്കെ മാനിക്കപ്പെട്ടുന്ന എം.ടിയെപ്പോലെ ഒരു എഴുത്തുകാരന്‍ സംഘപരിവാറിന്റെ ആക്രോശങ്ങള്‍ക്കും അധിക്ഷേപത്തിനും ഇരയായിട്ടും പ്രതികരിക്കേണ്ടുന്ന സമൂഹത്തിന്റെ നിശബ്ദത എം.ടിയെയും കമലിനെയും ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍ ആക്രമിച്ചവര്‍ക്ക് നാളെ ഫാസിസത്തെ കൂടുതല്‍ ഭയാനകമായി കെട്ടഴിച്ചുവിടാന്‍ വേണ്ടുന്ന ധൈര്യമാവും കൊടുക്കുക. കോഴിക്കോട് ഈയിടെ എം.ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന ചടങ്ങ് അവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ച പലരുടെയും അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും തങ്ങളുടെ രാഷ്ടിയ വീക്ഷണം പ്രകടിപ്പിക്കുന്നതിനുള്ള അവകാശം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുമ്പോഴും ജനാധിപത്യവാദിയും മതേതര വിശ്വാസിയും ആയിരിക്കുക എന്നതും അവയ്ക്ക് നേരെ ഉണ്ടാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നുള്ളത് സമൂഹത്തോട് ഏതൊരു പൗരനുമുള്ള ഉത്തരവാദിത്വമാണ്.

ബി.ജെ.പിക്ക് കമാലുദ്ദീനും മലയാളികള്‍ക്കു കമലുമായ ചലച്ചിത്രകാരന്‍ തുടര്‍ച്ചയായി സംഘപരിവാര്‍ ഭീഷണികളെ നേരിട്ടു കൊണ്ടിരിക്കുകയും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിനോട് ബിജെപി നേതാക്കളുടെ പ്രതികരണം കമലിനു പാകിസ്താനിലേയ്ക്ക് ടിക്കറ്റ് തരപ്പെടുത്തി കൊടുക്കുന്നതു വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്മനാടായ കൊടുങ്ങല്ലൂരില്‍ ഒരു ജനകീയ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. 'ഇരുള്‍ വിഴുങ്ങും മുന്‍പേ' എന്ന പേരില്‍ നടന്ന ജനകീയ പ്രതിരോധം സംഘടിപ്പിച്ചത് കൊടുങ്ങല്ലൂര്‍ കൂട്ടായ്മയാണ്. തികച്ചും അസഹിഷ്ണുതയോടെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും കമലിനു പ്രതിരോധം തീര്‍ക്കണമെന്നുമുള്ള ആഹ്വാനവുമായാണ് രാഷ്ട്രീയ സാമൂഹിക കലാസാഹിത്യ രംഗത്തെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കുചേരാന്‍ എത്തിയത്.

ഭരണകൂടം നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായിത്തനെ ജനങ്ങളെ തമ്മിലടിപ്പിച്ചു കൊണ്ടുള്ള കൊള്ളയും കൊലയും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും', നാട്ടില്‍ പരിമിതമായെങ്കിലും നിലനില്‍ക്കുന്ന ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, തുല്യത, ശാസ്ത്രയുക്തി, ചിന്ത എന്നിവയെല്ലാം തകര്‍ത്തു കളഞ്ഞ് ഏകാധിപത്യ ഫാസിസത്തിലേയ്ക്ക് നാട് നീങ്ങുന്നത് ഭീതിദായകമായ ഒന്നാണെന്നും അതിന്റെ പ്രതിഫലനമായാണ് ഒരു കൂട്ടം ആളുകള്‍ കമലിന്റെ വസതിയിലേയ്ക്ക് ആക്രോശവുമായി കടന്നു ചെന്നതെന്നും സംഘാടക സമിതിയിലെ സി വിപിന്‍ ചന്ദ്രന്‍, കെ.ആര്‍ ജൈത്രന്‍ തുടങ്ങിയവര്‍ ആരോപിച്ചു.

കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കുന്നതില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും എം.എ.ബേബി, അഡ്വ വി.ഡി സതീശന്‍, ബിനോയ് വിശ്വം, വി.ടി. ബല്‍റാം, ഉണ്ണി ആര്‍, സാറാ ജോസഫ്, കെ.വേണു, സജിത മഠത്തില്‍, വൈശാഖന്‍, ആഷിക് അബു, റിമ കല്ലിങ്കല്‍, ബിജി പാല്‍, ലാല്‍ ജോസ് തുടങ്ങി നിരവധി പ്രമുഖര്‍ വേദിയിലെത്തി.

സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസമ്മേളനത്തിന് അയച്ച പ്രസ്താവനയില്‍ കവി സച്ചിദാനന്ദന്‍ ഇങ്ങനെ പറയുന്നു;

'എന്റെ നാട്ടുകാരനും പ്രശസ്ത സിനിമാസംവിധായകനുമായ കമലിനു നേരെ ഉണ്ടായ അക്രമത്തില്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ പ്രതിഷേധസമ്മേളനത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

കമലിനു കേരളത്തില്‍ നേരിടേണ്ടിവന്ന ആക്രമണം ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്ന മൂന്ന്‍ ജനാധിപത്യവിരുദ്ധ പ്രവണതകളുടെ പ്രകടനമാണ്.

ഒന്ന്, സ്വതന്ത്ര കലാകാരന്മാരോടും പ്രതിപക്ഷചിന്തകരോടും വളര്‍ന്നുവരുന്ന അസഹിഷ്ണുത. എം എഫ് ഹുസൈന്‍, യൂ ആര്‍ അനന്തമൂര്‍ത്തി, റൊമീലാ ഥാപ്പര്‍, ഹബീബ് തന്‍വീര്‍, നന്ദിത ദാസ്, എം എം ബഷീര്‍, ദീപാ മേത്ത, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഓംപുരി, വെന്‍ഡി ഡോണിഗര്‍, മേഘാകുമാര്‍, ശുഭാ മുദ്ഗല്‍, റിയാസ് കോമു, തീസ്താ സെതല്‌വാദ്, ശബനം ഹഷ്മി തുടങ്ങി എണ്ണമറ്റ കലാകാരന്മാര്‍ക്കും ഗവേഷകര്‍ക്കും ചിന്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും, പുരസ്‌കാരങ്ങളും സ്ഥാനങ്ങളും ഉപേക്ഷിച്ച സാഹിത്യകാരന്മാര്‍ക്കും, അനേകം കലാസൃഷ്ടികള്‍ക്കും പുസ്തകങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും എതിരെ ഉണ്ടായ അക്രമങ്ങളും ഭീഷണികളും ഗോവിന്ദ് പന്‍സരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവും ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

രണ്ട്, എല്ലാത്തരം ന്യൂനപക്ഷങ്ങള്‍ക്കും, വിശിഷ്യാ മുസ്ലിങ്ങള്‍ക്കും എതിരായ ആക്രമണം. നാസികള്‍ യഹൂദരെ എന്ന പോലെ ഇന്ത്യന്‍ ജനതയുടെ അവിഭാജ്യഭാഗമായ, ഇവിടെ ജനിച്ചു വളര്‍ന്ന, നാടിനു വേണ്ടി ത്യാഗം അനുഭവിക്കുകയും നമ്മുട സമന്വിതസംസ്‌കാരത്തിനും കലയ്ക്കും ചിന്തയ്ക്കും അപൂര്‍വസംഭാവനകള്‍ നല്‍കുകയും ചെയ്ത മുസ്ലിം ജനതയെ എല്ലാ ദുരിതത്തിനും കാരണഭൂതര്‍ എന്ന നിലയില്‍ അപരവത്കരിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്യുന്നത്. മുസ്ലിം പേരുള്ള ആരെയും രാജ്യദ്രോഹി എന്നോ ഭീകരവാദി എന്നോ വിളിക്കുകയും ഇന്ത്യന്‍ ജനതയെ സാധ്വി നിരഞ്ജന ചെയ്തത് പോലെ 'രാംസാദാ', 'ഹറാം സാദാ' (റാമിന് പിറന്നവരും ഹറാം പിറന്നവരും) എന്ന് വിഭജിക്കുകയും, മുസ്ലിം പേരുണ്ടെന്നുള്ളത് കൊണ്ട് മാത്രം മതവിശ്വാസികള്‍ അല്ലാത്ത മുസ്ലിങ്ങളോടു പോലും പാക്കിസ്ഥാനിലേക്കോ കബറിസ്ഥാനിലേക്കോ പോകാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ തെളിയിക്കുന്നത് ഒരിക്കല്‍ ഇന്ത്യയുടെ വിഭജനം ആവശ്യപ്പെടാന്‍ ഒരു വിഭാഗം മുസ്ലിങ്ങളെ പ്രേരിപ്പിച്ച അതേ ഹിന്ദു തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. എല്ലാവരും കമല്‍ എന്നറിയുന്ന, ഒരു തരത്തിലും തീവ്രമതവിശ്വാസിയല്ലാത്ത കമലിനെ 'കമാലുദ്ദീന്‍' എന്ന് വിളിക്കുക വഴി അദ്ദേഹത്തിന്റെ വിമര്‍ശകര്‍ തങ്ങളുടെ അളിഞ്ഞ മതരാഷ്ട്രീയം വെളിപ്പെടുത്തുകയായിരുന്നു.

മൂന്ന്, അതിദേശീയവാദം. ഇതിന്റെ അടിസ്ഥാനം സ്വാഭാവികവും സര്‍ഗ്ഗാത്മകവുമായ ദേശസ്‌നേഹമല്ല, മറിച്ചു ദേശത്തെ സങ്കുചിതമായി ഒരു ഏകമത ഏകസംസ്‌കാരരാഷ്ട്രമായി നിര്‍മിച്ചുകൊണ്ടും, ഇന്ത്യന്‍ സംസ്‌കൃതിയുടെ സമ്പന്നതയ്ക്കു നിദാനമായ നാനാത്വത്തെ തിരസ്‌കരിച്ചു കൊണ്ടും, സ്വന്തം ഇഷ്ടത്തിനൊത്ത് കൃത്രിമമായ ഒരു ഭൂതകാലം നിര്മ്മിച്ചു കൊണ്ടും, സ്‌നേഹത്തെയല്ല, മറിച്ചു വിദ്വേഷത്തെ അടിസ്ഥാനമാക്കി ഊതിപ്പെരുപ്പിക്കുന്ന ഒരു മതതുല്യമായ വികാരോന്മാദമാണ്. വെറുപ്പും യുദ്ധവും അപരവത്കരണവും വൃഥാസംശയവും സൃഷ്ടിക്കുന്ന ഇതിനെതിരെയാണ് രവീന്ദ്രനാഥ ടാഗോറിനെപ്പോലുള്ള മനുഷ്യസ്‌നേഹികളായ രാജ്യസ്‌നേഹികള്‍ പണ്ടേ താക്കീതു നല്‍കിയിരുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാനുള്ള ഒരായുധമായാണ് ഇവിടെ ദേശഭക്തി ഉപയോഗിക്കപ്പെടുന്നത്, അല്ലാതെ ജനങ്ങളുടെ നന്മക്കു വേണ്ടിയല്ല. ദേശീയപതാകയും ദേശീയഗാനവും ഉള്‍പ്പെട്ട ദേശപ്രതീകങ്ങള്‍ മുഴുവന്‍ ഇങ്ങനെ അവയുടെ അര്‍ത്ഥം നഷ്ടപ്പെട്ട് ആയുധങ്ങള്‍ ആയി മാറുന്നു. കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടി പ്രകടനം നടത്തിയവരാണ്, ദേശീയഗാനാലാപനത്തിന്നെതിരെ ഒരു നിലപാടും എടുത്തിട്ടില്ലാത്ത കമല്‍ അല്ല, ശരിക്കും ദേശീയഗാനത്തെ അപമാനിച്ചത്.

അപ്പോള്‍ ഇന്ന് ഇവിടെ നടക്കുന്ന പ്രതിഷേധം ഒരു സംഭവത്തെ മുന്‍നിര്‍ത്തി ആയിരിക്കെത്തന്നെ, ഇന്ത്യയില്‍ വളര്‍ന്നു വരുന്ന, ഫാസിസത്തിന്റെ ലക്ഷണങ്ങളായ, ഈ മൂന്നു പ്രവണതകള്‍ക്കും എതിരായ എന്റെ നാടിന്റെ മുന്നറിയിപ്പ് കൂടിയാണ്.'

ഇറ്റലിയിലും ജര്‍മ്മനിയിലും സ്വേച്ഛാധിപതികള്‍ പിന്‍തുടര്‍ന്ന മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് എം.എ ബേബി പ്രസ്ത്രാവിച്ചു. കല്‍ബുര്‍ഗിയ്ക്കും ഗോവിന്ദ് പന്‍സാരേയ്ക്കും സംഭവിച്ചതു പോലെയുള്ള ദാരുണ അന്ത്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകാരന്‍മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് സംവിധായകന്‍ ലാല്‍ ജോസ് ആവശ്യപ്പെട്ടു. ഗവണ്‍മെന്റിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരുടെ നേരെയുള്ള ഭീഷണി ഇപ്പോള്‍ വീട്ടുമുറ്റത്ത് എത്തി നില്‍ക്കുന്നു എന്ന് കമലിന്റെ അനുഭവം ഉദ്ധരിച്ച് ആഷിക് അബു പറഞ്ഞു. അനില്‍ പനച്ചൂരാന്റെ കവിത ചൊല്ലിക്കൊണ്ടാണ് ബിജിപാല്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

(തൃശൂര്‍ സ്വദേശിയായ ലേഖിക ഭാമിനി എന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories