TopTop
Begin typing your search above and press return to search.

ലോകക്രിക്കറ്റിനെ വരെ നിയന്ത്രിച്ചുകൊണ്ടിരുന്ന ബിസിസിഐ തലവന്മാരെ ക്ലീന്‍ബൗള്‍ഡാക്കിയ സുപ്രീം കോടതി

ലോകക്രിക്കറ്റിനെ വരെ നിയന്ത്രിച്ചുകൊണ്ടിരുന്ന ബിസിസിഐ തലവന്മാരെ ക്ലീന്‍ബൗള്‍ഡാക്കിയ സുപ്രീം കോടതി

സച്ചിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് ആസ്വദിക്കുന്നതുപോലെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കഴിഞ്ഞ ദിവസത്തെ ഇന്ത്യന്‍ പരമോന്നത കോടതിയുടെ വിധി കേട്ടത്. അഴിമതിയില്‍ നിന്ന് അഴിമതിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ നയിച്ച തലവന്‍മാരെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെയായിരുന്നു സുപ്രീം കോടതി പുറത്താക്കിയത്. പണക്കൊഴുപ്പും തിണ്ണമിടുക്കും കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ വരെ വിറപ്പിക്കുകയും ലോക ക്രിക്കറ്റിനെ അനൗദ്യോഗികമായ നിയന്ത്രിക്കുകയും ചെയ്തുപോന്ന ബിസിസിഐ നേതൃത്വത്തെ സുപ്രീംകോടതി ഒറ്റവിധിയില്‍ നിയന്ത്രണത്തിലാക്കി. സച്ചിന്റെ ഡബിള്‍ സെഞ്ച്വറി പോലെ കാലങ്ങളായി ക്രിക്കറ്റ് ആരാധകര്‍ കാണാന്‍ കാത്തിരുന്ന ഒരു മുഹൂര്‍ത്തമായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുചീകരണ പ്രക്രിയ ഇവിടെ തുടങ്ങി എന്ന് പറയാം.

കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തെ ചൂഷണം ചെയ്ത് ക്രിക്കറ്റിനെ മികച്ച വാണിജ്യ മേഖലയാക്കി മാറ്റിയ ബി.സി.സിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയും അര്‍ഹിച്ച നടപടി തന്നെയാണ് കോടതി നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിക്കാന്‍ പോകുന്നതായിരുന്നു സുപ്രീം കോടതിയുടെ ഈ നിര്‍ണായക വിധി. രാജ്യത്തെ ക്രിക്കറ്റ് സംവിധാനം അടിമുടി ഉടച്ച് വാര്‍ക്കുന്ന ജസ്റ്റിസ് ആര്‍.എം ലോധ കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കാട്ടിയ വീഴ്ച്ചക്ക് അനുരാഗിനും അനുചരന്മാര്‍ക്കും കൊടുക്കേണ്ടി വന്നത് വന്‍ വിലയാണ്.

ഇതൊരു തുടക്കമാവണം. ക്രിക്കറ്റില്‍ മാത്രമല്ല, ഇന്ത്യന്‍ കായിക രംഗത്ത് മുഴുവന്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്. അതിന്റെ തുടക്കം രാജ്യത്ത് ഏറ്റവും വലിയ 'പ്ലേ' നടക്കുന്ന ക്രിക്കറ്റില്‍ നിന്നു തന്നെ തുടങ്ങിയതും ശുഭ സൂചനയാണ്. സത്യസന്ധരായ വ്യക്തികള്‍ ഉള്‍പ്പെട്ട പുതിയ ഭരണസമിതി ബി.സി.സി.ഐ നേതൃത്വം ഏറ്റെടുക്കണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ലോധ കമ്മറ്റിയുടെ ശുചീകരണ തത്ത്വങ്ങള്‍ അതേപടി നടപ്പിലാക്കും എന്ന് തന്നെയാണ് പറയുന്നത്. പുതിയ ഭരണ സമിതി വരുന്നത് വരെ നിലവിലുള്ള ഭരണസംവിധാനം ലോധ സമിതിയുടെ ശുപാര്‍ശകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അഞ്ചു വൈസ് പ്രസിഡന്റുമാരാണ് ബി.സി.സി.ഐയില്‍ ഉള്ളത്. നിലവിലെ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി ഇടക്കാല സെക്രട്ടറി പദവി വഹിക്കുകയും, ബി.സി.സി.ഐ ദൈനംദിന കാര്യങ്ങളുടെ ചുമതല രാഹുല്‍ ജോഹ്‌റിയും നിര്‍വഹിക്കുകയും ചെയ്യും.

ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കറ കളയുന്നതാവും ഈ വിധിയെന്നാണ് കരുതപ്പെടുന്നത്. ഈ വിധി വരുന്നതിന്റെ തൊട്ടുമുമ്പുവരെയും പണക്കൊഴുപ്പുകൊണ്ട് തങ്ങളാണ് എല്ലാം എന്ന അഹങ്കാരവും ധാര്‍ഷ്ട്യവുമായിരുന്നു ബി.സി.സി.ഐ ഭാരവാഹികള്‍ കാണിച്ചിരുന്നത്. അതുകൊണ്ട് തന്നെയാവാം ബി.സി.സി.ഐ ഒരു സ്വകാര്യ സംഘടന ആണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തെ അല്ല മറിച്ച് ബി.സി.സി.ഐ യെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്ന് പോലും കോടതിയില്‍ വാദിക്കാന്‍ ബോര്‍ഡിന്റെ ചില ഭാരവാഹികള്‍ മുതിര്‍ന്നത്.

രാഷ്ട്രീയ കളിയും ലോബി തിരിഞ്ഞുള്ള കളികളുമൊക്കെ കളിക്കുന്ന ഇപ്പോഴത്തെ ചില പകല്‍ മാന്യന്‍മാരുടെ കൈകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് എത്തിയിട്ട് 20 വര്‍ഷത്തോളമായി. വാതുവെയ്പ്പും ഒത്തുകളി വിവാദങ്ങളും കോഴ വിവാദങ്ങളും ക്രിക്കറ്റിന് നാണക്കേട് വരുത്തിവെച്ചപ്പോഴും ബോര്‍ഡ് തലപ്പത്തെ ചില മഹാരഥന്‍മാര്‍ വാദിച്ചും ആക്രോശിച്ചും പണമെറിഞ്ഞും തങ്ങളുടെ കസേര മുറുക്കി വെച്ചിരുന്നു. അന്ന് ഇതിന്റെ ഉള്‍ക്കളി മനസ്സിലാക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കടുത്ത നടപടി എടുക്കുകയും വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് സമിതികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തതിന്റെ ഫലമായി ചില നല്ല മാറ്റങ്ങള്‍ കണ്ടും തുടങ്ങിയിരുന്നു.

കാര്യങ്ങള്‍ ഒന്ന് നേരെയായി വരുമ്പോഴാണ് ലളിത് മോഡി എന്ന മഹാന്റെ തലയില്‍ ഉദിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഇന്ത്യന്‍ പണക്കൊഴുപ്പ് ലീഗ് എന്ന സ്രാവിന്റെ വരവ്. തിങ്ങി നിറഞ്ഞ കാണികളെക്കൊണ്ട് ബി.സി.സി.ഐക്ക് വലിയ ലാഭമുണ്ടാക്കി. കഴിവുള്ള ചില ചെറുപ്പകാര്‍ക്ക് അവസരം ലഭിച്ചു. ഇതോക്കെ ഗുണമാണെങ്കിലും മാന്യന്‍മാരുടെ കളി എന്ന്‍ വിശേഷിപ്പിച്ചിരുന്ന ക്രിക്കറ്റിന് ഒത്തുകളിക്കാരുടെ കള്ളക്കളി എന്ന പേര് ചാര്‍ത്തി കിട്ടിയത് ഈ ഒരൊറ്റ ലീഗു കൊണ്ടുമാത്രമായിരുന്നു. വാതുവെപ്പുകാര്‍ക്ക് പ്രയോജനമാകുന്ന രീതിയിലുള്ള മത്സരക്രമവും സാഹചര്യവുമാണ് മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉണ്ടായിരുന്നത് എന്നത് പകല്‍ പോലെ സത്യമാണെന്ന് ആര്‍ക്കും മനസിലാക്കാനാവുന്ന കാര്യമായിരുന്നു. ബി.സി.സി.ഐയുടെ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസനും അദ്ദേഹത്തിന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ഐപിഎല്‍ ടീമിന്റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമകളില്‍ ഒരാളായ രാജ് കുന്ദ്രയുമൊക്കെ ഔദ്യോഗികമായി വാതുവെപ്പ് തുടങ്ങിയപ്പോള്‍ അത് അഴിമതിയുടെ കരി നിഴല്‍ മാത്രം വീണിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ കള്ളക്കളികളുടെ കൂടാരമാക്കി. ഒത്തു കളിയില്‍ ഏതാനും പ്രമുഖ കളിക്കാര്‍ക്കും കൂടി പങ്കുണ്ടെന്ന ആരോപണം ചില 'തൂവാലകള്‍' കൂടി പുറത്ത് വന്നപ്പോള്‍ അത് ശരിയെന്നും തോന്നിപ്പോയി. അതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത ക്രിക്കറ്റ് പ്രേമികളില്‍ നിന്നും നഷ്ടപ്പെടാനും തുടങ്ങി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പോയപ്പോള്‍ കളിക്കളത്തിലേക്ക് കോടതി തന്നെ നേരിട്ടിറങ്ങി. പിന്നെയങ്ങോട്ട് ഇന്ന് വരെ രാജ്യത്തെ ജനങ്ങള്‍ക്കും ബി.സി.സി.ഐ ഭാരവാഹികള്‍ക്കും കോടതി കളിക്കുന്നത് കണ്ട് ഗ്യാലറില്‍ ഇരിക്കാനെ കഴിഞ്ഞിട്ടുള്ളു. ഐ.പി.എല്ലിലെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മറ്റി നിരവധി കാര്യങ്ങളാണ് കണ്ടെത്തിയത്. ഈ പോക്ക് തുടര്‍ന്നാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ഭാവിയിലുണ്ടാകില്ലെന്ന നിഗമനത്തില്‍ ജസ്റ്റിസ് മുദ്ഗല്‍ കമ്മറ്റി എത്തിച്ചേരുകയും ചെയ്തു. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരണ പ്രക്രിയയ്ക്ക് ശുപാര്‍ശകള്‍ മുന്നോട്ട് വയ്ക്കാനാണ് ജസ്റ്റിസ് ലോധ കമ്മറ്റിയെ സുപ്രീം കോടതി നിയോഗിച്ചത്.

ഐ പി എല്‍ വിവാദമായതോടെ അന്നത്തെ പ്രസിഡന്റായിരുന്ന എന്‍. ശ്രീനിവാസന്‍ കോടതിയോട് പോലും വെല്ലുവിളിച്ച് കസേരയില്‍ മുറുക്കെ പിടിച്ചെങ്കിലും തുടരെ വന്ന വിവാദങ്ങള്‍ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ ശ്രീനിവാസനുമായില്ല. തുടര്‍ന്നാണ് ബോര്‍ഡിലെ മഹാരഥന്‍മാരായ ഇന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍ എന്നിവരുടെ പിന്‍തുണയോടെ ബി.സി.സി.ഐ തലപ്പത്തേക്ക് ബിജെപി എംപി കൂടിയായ അനുരാഗ് ഠാക്കൂര്‍ എത്തിയത്.

ഠാക്കൂര്‍ ബി.സി.സി.ഐ അമരത്ത് എത്തുന്നതിനും മുന്‍പേ ലോധ കമ്മറ്റി ശുപാര്‍ശ നടപ്പാക്കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആവുകയും തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങി ബിജെപി എം.പി ആവുകയുമൊക്കെ ചെയ്ത ആത്മവിശ്വാസവും ധൈര്യവുമൊക്കെ ഉള്ളത് കൊണ്ടാവാം ലോധ കമ്മറ്റി ശുപാര്‍ശ നടപ്പാക്കാന്‍ ഠാക്കൂറും സംഘവും വിസമ്മതിച്ചത്. ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടും ബാങ്ക് അക്കൗണ്ടുകളും കോടതി മരവിപ്പിക്കുന്ന അവസ്ഥയിലും ഠാക്കൂര്‍ നല്ല പന്തിനെ തിരഞ്ഞ് കളിക്കുന്ന ബാറ്റ്‌സ്മാനെ പോലെ ഉറച്ചു നിന്നു. ശുപാര്‍ശയ്ക്ക് വഴങ്ങിയാല്‍ താനടക്കമുള്ള സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നവരുടെയും സ്ഥാനം നഷ്ടപ്പെടുമെന്നും ഠാക്കൂറിന് നന്നായി അറിയാമായിരുന്നു.

എഴുപത് വയസ്സിന് മുകളിലുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ സേവകര്‍, മറ്റ് സംഘടനകളിലെ ഭാരവാഹികള്‍ എന്നിവര്‍ ബി.സി.സി.ഐ തിരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് മാത്രം, പ്രസിഡന്റ്, ട്രഷര്‍, ജോയിന്റ് സെക്രട്ടറി എന്നീ പദവികളില്‍ ഒരാള്‍ക്ക് പരമാവധി 3 വര്‍ഷം, ഒന്നിന് പിന്നാലെ ഒന്നായി പദവികള്‍ വഹിക്കാന്‍ ആവില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ലോധ കമ്മറ്റി മുന്‍പോട്ട് വെച്ചു. ഇതൊന്നും അംഗീകരിക്കാന്‍ ഠാക്കൂറിനോ മറ്റുള്ളവര്‍ക്കോ കഴിഞ്ഞതുമില്ല. അല്ല, കഴിഞ്ഞാല്‍ തന്നെ ഇവരൊക്കെ ഇതിന്റെ തലപ്പത്തേക്ക് കയറി വന്നാല്‍ ആത്യന്തികമായ ലക്ഷ്യം മാറുകയും ചെയ്യും; അത് മനസ്സിലാക്കിയ സുപ്രീം കോടതി ഒരു മികച്ച ക്യാപ്റ്റനെപ്പോലെ പെരുമാറിയതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ അഴിമതികളുടെ കയത്തിലേക്ക് ആഴ്ന്നുപോകുന്നത് തടയനായി.

ഇനി വരുന്നവരും ഇതു പാഠമാക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ നിയമത്തെ വെല്ലുവിളിക്കാനും കാശിന്റെ ഹുങ്ക് കൊണ്ട് നിയമത്തെ മാറ്റിമറിക്കാനും കഴിയിലെന്ന വലിയ ഒരു സന്ദേശവും ഇതിലുണ്ട്. ഇനി സത്യസന്ധരായ വ്യക്തികള്‍ അടങ്ങിയ പുതിയ ഭരണസമിതി ബിസിസിഐ ഭരിക്കുമെന്ന് കോടതി വ്യക്തമാക്കിയ സ്ഥിതിക്ക്, ലോധ കമ്മിറ്റി സമിതി മാനദണ്ഡപ്രകാരം ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യമായവരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ബിസിസിഐ മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരായ ടി സി മാത്യു, ഗൗതം റോയി എന്നിവരാണ് പരിഗണനയിലുള്ളത്. ഈ ഉള്ള മൂന്നു പേരില്‍ നിന്നുമാണ് ആ ഒരാളെങ്കില്‍, അതിന് എന്തുകൊണ്ടും ഏറ്റവും യോഗ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' ആക്കിയ ബംഗാള്‍ കടുവ സൗരവ് ഗാംഗുലിക്ക് തന്നെയാണ്. മുമ്പ് കോഴക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അടിമുടി ഉലഞ്ഞപ്പോള്‍ സച്ചിനും ഗാംഗുലിയും ഉള്‍പ്പട്ടവരായിരുന്നു നമ്മുടെ ടീമിനെ താങ്ങി നിര്‍ത്തിയത്. അന്നത്തെ അവരുടെ വിയര്‍പ്പിന്റെ വിലയായിരുന്നു ഇന്ന് ജയങ്ങള്‍ ശീലമാക്കിയ ധോണിയുടെയും കോഹ്ലിയുടെയും ഇന്നത്തെ ഇന്ത്യന്‍ ടീം. ആ ഒരു പ്രതീക്ഷ ഗാംഗുലിയുടെ മേല്‍ ആരാധകര്‍ക്ക് ഉണ്ട്. അഴിമതിയില്‍ മുക്കാലും മുങ്ങിയ ബി.സി.സി.ഐയെ നന്നാക്കാന്‍ ദാദയ്ക്ക് കഴിയുമെന്ന്‍ അവര്‍ക്ക് ഉറച്ച് വിശ്വസിക്കുന്നു. അമ്പയറുടെ വിധി കാത്ത് നില്‍ക്കുന്നതുപ്പോലെ കാത്ത് നില്‍ക്കാം; ബി.സി.സി.ഐ തലപ്പത്തേക്ക് കോടതി ആരെ കൊണ്ടുവരുമെന്നത്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ജിബിന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories