TopTop
Begin typing your search above and press return to search.

തൂത്ത് വൃത്തിയാക്കും; ക്രിക്കറ്റ് മാത്രമല്ല

തൂത്ത് വൃത്തിയാക്കും; ക്രിക്കറ്റ് മാത്രമല്ല

ടീം അഴിമുഖം

ഈ കോടതി വിധി ഇന്ത്യയിലെ ക്രിക്കറ്റ് ഭരണത്തിലുണ്ടാക്കുന്ന പരിഷ്ക്കരണങ്ങള്‍ക്കുമപ്പുറം ദൂരവ്യാപാകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്. ജസ്റ്റിസ് ലോധ സമിതിയുടെ എല്ലാ പ്രധാന ശുപാര്‍ശകളും അംഗീകരിച്ച സുപ്രീം കോടതിയുടെ തീരുമാനം ഉത്തരവാദിത്തമുള്ള ഭരണ നിര്‍വഹണസംവിധാനത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള വലിയൊരു വിജയമാണ്. അതോടൊപ്പം ഇന്ത്യയുടെ കായിക സംസ്കാരത്തിന്റെ ശാപമായ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ വിധിയും.

പരിഷ്കരണങ്ങളെ സ്വാഗതം ചെയ്യുന്നതിനുപകരം പരമ്മോന്നത കോടതിയില്‍ അതിനെ ചോദ്യം ചെയ്യാനാണ് ക്രിക്കറ്റ് ഭരണസമിതി തുനിഞ്ഞതെന്നത് അതിന്റെ ഗൂഢതാത്പര്യങ്ങള്‍ വെളിവാക്കുന്നു. എന്നാല്‍ ഈ തീരുമാനം കൂടുതല്‍ നിര്‍ദയമായ നീതിന്യായ പരിശോധനയ്ക്കാണ് അവരെ വിധേയമാക്കിയത്. കോടതിയിലെ വാദം കേട്ടവര്‍ക്കറിയാം, ചീഫ് ജസ്റ്റിസ് ടി എസ് താകൂറും ജസ്റ്റിസ് കലിഫുള്ളയും ബി സി സി ഐക്കു വേണ്ടി വന്ന വമ്പന്‍ അഭിഭാഷകരുടെ വാദങ്ങളില്‍ ഒട്ടും ആകൃഷ്ടരായില്ല. ക്രിക്കറ്റ് ഭരണ സമിതി കൂടുതല്‍ ഇളവുകള്‍ക്ക് വേണ്ടി വാദിക്കും തോറും, പ്രത്യേകിച്ചും മന്ത്രിമാരെ ഭരണ സമിതി ഭാരവാഹികളാക്കുന്നതില്‍ നിന്നും വിലക്കുന്നതിനെതിരെയും, 70 വയസിന്റെ പ്രായ പരിധി നീക്കുന്നതും, ഒരു സംസ്ഥാനം-ഒരു വോട്ട് തുടങ്ങിയവയിലും, ന്യായാധിപന്‍മാരുടെ നിരീക്ഷണങ്ങള്‍ കൂടുതല്‍ രൂക്ഷമായിരുന്നു.

എല്ലാ പ്രായോഗിക തലത്തിലും ദശലക്ഷക്കണക്കിന് ഡോളര്‍ ആസ്തിയുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിയ ഭരണസമിതി ഒരു ജന്മി സമ്പ്രദായത്തിലാണ് കാര്യങ്ങള്‍ നടത്തുന്നത്. പരിഷ്കരിക്കുന്നതിന് പകരം അതിനുള്ള നീക്കങ്ങളെ എങ്ങനെയും എതിര്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. അതിനായി തങ്ങളൊരു സ്വകാര്യ ഇടപാടാണ് നടത്തുന്നതെന്നുവരെ അവര്‍ വാദിച്ചുകളഞ്ഞു. ക്രിക്കറ്റിന്‍റെ ജനപ്രിയതയും അതില്‍നിന്നുള്ള വലിയ വരുമാനവും ഇന്ത്യയിലെ ക്രിക്കറ്റ് സംഘത്തിനുള്ള അഭൂതപൂര്‍വമായ പിന്തുണയുടെ ഫലമാണെന്നും അല്ലാതെ അത് ബി സി സി ഐ- ഇലവന്‍ അല്ലെന്നും കോടതി വ്യക്തമാക്കി. അതോടെ സ്വകാര്യ-പൊതു തര്‍ക്കത്തിന് തീരുമാനമായതായും വരാന്‍ പോകുന്നതെന്തെന്നും ഭരണസമിതിക്ക് ബോധ്യമായിത്തുടങ്ങി.

വിരുദ്ധ താത്പര്യങ്ങള്‍ കളിക്കാര്‍ക്ക് മാത്രമല്ല, ഭരണസമിതി ഭാരവാഹികള്‍ക്കും ഉണ്ടാകരുതെന്ന് നിഷ്കര്‍ഷിക്കുന്ന പുരോഗാമിയായ ശുപാര്‍ശകള്‍ എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം.ഭരണസമിതിയിലെ എല്ലാ ഭാരവാഹികളും, അധ്യക്ഷനും സെക്രട്ടറിയും അടക്കം ഇരട്ട പദവി വഹിക്കുന്നവരാണ്- സംസ്ഥാന അസോസിയേഷനുകളിലും ഭരണസമിതിയിലും. അഴിമതിയുടെ പ്രധാന വഴികളിലൊന്നായ സംസ്ഥാന അസോസിയേഷനുകള്‍ക്കുള്ള ധനവിഹിതം- 25 മുതല്‍ 30 കോടി രൂപ വീതം- ഇനി സി എ ജി പോലുള്ള നിയമപരമായി അധികാരമുള്ള സ്ഥാപനമായിരിക്കും കണക്കെടുപ്പ് നടത്തുക. രണ്ടു മുന്‍ കളിക്കാര്‍, ഒരു പുരുഷനും ഒരു സ്ത്രീയും, നയതീരുമാനങ്ങള്‍ എടുക്കുന്ന 9 അംഗ സമിതിയില്‍ ഉണ്ടായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഒരു സി ഇ ഒ നോക്കിനടത്തും.

രാജ്യത്തു ഒരു കായിക ഫെഡറേഷനും നടപ്പാക്കാത്ത വിപ്ലവകരമായ പരിഷ്കാരങ്ങളായിരിക്കും ഇതെല്ലാം. ക്രിക്കറ്റേതര സമിതികളിലും ഈ വിധിയുടെ അലയൊലികളുണ്ടാകും. സുപ്രീം കോടതി ബി സി സി ഐയെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരണമായിരുന്നു എന്നും ഈ വിഷയം തീരുമാനിക്കാന്‍ പാര്‍ലമെന്റിന് വിട്ടുകൊടുക്കരുതായിരുന്നു എന്നും വാദിക്കുന്നവരുണ്ടാകാം. പക്ഷേ രാജ്യത്തെ കായിക ഭരണസംവിധാനത്തിന്റെ നടത്തിപ്പ് രീതികള്‍ അടിമുടി മാറ്റാനുതകുന്ന ഒരു വിധിയിലെ ചെറിയ കല്ലുകടികള്‍ മാത്രമാണവ.


Next Story

Related Stories