TopTop
Begin typing your search above and press return to search.

പണിയ സമുദായത്തിലെ ആദ്യ ബിടെക് ബിരുദധാരിയിപ്പോള്‍ പെയിന്‍റിംഗ് തൊഴിലാളിയാണ്

പണിയ സമുദായത്തിലെ ആദ്യ ബിടെക് ബിരുദധാരിയിപ്പോള്‍ പെയിന്‍റിംഗ് തൊഴിലാളിയാണ്

രമേഷ്‌കുമാര്‍ വെള്ളമുണ്ട

പണിയ വിഭാഗത്തില്‍ 15876 കുടുംബങ്ങളാണ് വയനാട് ജില്ലയിലുള്ളത്. 33639 പുരുഷന്‍മാരും 35477 സ്ത്രീകളുമുണ്ട്. 69116 ആണ് ജില്ലയിലെ ഇവരുടെ ജനസംഖ്യ. ആദിവാസി സമൂഹത്തില്‍ 46 ശതമാനത്തോളമാണ് പണിയ വിഭാഗമുള്ളത്. ഇതില്‍ 2292 കുടുംബങ്ങള്‍ക്ക് ഇന്നും വീടില്ല. 1312 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ല. 1292 കുടുംബങ്ങള്‍ കോളനികളിലെ ഇടുങ്ങിയ രണ്ടുമുറി വീടുകളിലാണ് ഇന്നും കഴിയുന്നത്. 452 വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല.

ഇത് സര്‍ക്കാരിന്റെ കൈവശമുള്ള സ്ഥിതിവിവരക്കണക്ക്. എന്നാല്‍ ഇതിനുമപ്പുറമുള്ള ജീവിത കഥയാണ് വടക്കേ വയനാട്ടിലെ തൊണ്ടര്‍നാട് എന്ന വിദൂര ഗ്രാമപഞ്ചായത്തിലെ പലേരിയിലെ അത്തിയംകോട് കുന്നിന് മുകളിലെ പണിയ കോളനിയിലെ സുരേഷിന് പറയാനുള്ളത്.

പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ ബിടെക്ക് ബിരുദധാരിയാണ് സുരേഷ്. ജീവിത സാഹചര്യങ്ങളോട് പൊരുതിനേടിയ വിജയം. മുഖ്യധാരയിലെ ആര്‍ക്കും ഇതുവരെ പരിചയമില്ലാത്ത കോളനിയിലേക്കുള്ള വഴിയില്‍ കയറ്റം കയറി ഇപ്പോള്‍ പലരും എത്തുന്നു. പരിമിതികളുടെ മുഖചിത്രമെഴുതിയ തേച്ചുമിനുക്കാത്ത തന്റെ വീടിനുമുന്നില്‍ സുരേഷ് എല്ലാവരെയും സ്വീകരിച്ചാനയിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ട, ജീവിത പരിസരങ്ങളുടെ കാഴ്ചകള്‍ മാത്രം മതി ഈ യുവാവ് നീന്തിക്കയറിയ പരിമിതികളുടെ നേരുകളറിയാന്‍.

വയനാട്ടിലെ പിന്നാക്ക ഗ്രാമമായ തൊണ്ടര്‍നാട്ടിലെ പലേരിയില്‍ എം ടി ഡിഎം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സുരേഷ് പഠനത്തില്‍ മിടുക്ക് കാണിച്ചിരുന്നു. പത്താം തരം പരീക്ഷയില്‍ എണ്‍പത് ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പിന്നീട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറില്‍ സ്‌കൂളില്‍ നിന്നും എഴുപത്തിയേഴ് ശതമാനം മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറിയും പൂര്‍ത്തിയാക്കി.എഞ്ചിനീയറിങ്ങിന് പോകണമെന്ന ആഗ്രഹത്തിന് അതോടെ സാക്ഷാത്കാരമായി. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളേജായ കൊല്ലം തങ്ങള്‍ കോയ മുസ്ലിയാര്‍ കോളേജില്‍ അഡ്മിഷനും കിട്ടി.


സുരേഷും കുടുംബവും

നരക ബാല്യം ദുരിത യൗവനം; സുരേഷ് സംസാരിക്കുന്നു...
കോളനിയിലെ മറ്റെല്ലാ കുട്ടികളും സ്‌കൂളില്‍ പോക്ക് നിര്‍ത്തിയപ്പോള്‍ ഞാന്‍ നിറുത്തിയില്ല. അമ്മ സമ്മതിക്കില്ലായിരുന്നു വീട്ടിലിരിക്കാന്‍. സ്‌കൂളില്‍ പോ സ്‌കൂളില്‍ പോ എന്നു പറഞ്ഞു കൊണ്ടേയിരിക്കും. ആദ്യമാദ്യം ശല്യമായി തോന്നിയെങ്കിലും പിന്നെ പിന്നെ ശീലമായി വന്നു. സ്‌കൂളില്‍ ഒറ്റപ്പെടലിലില്ലാത്ത അന്തരീക്ഷമുള്ളതിനാല്‍ കൂട്ടുകാരൊക്കെ ധാരാളമുണ്ടായി. എല്ലാവരും വീട്ടില്‍ പോയി ഹോംവര്‍ക്കുകളൊക്കെ ചെയ്തു വരുമ്പോള്‍ ഇതൊന്നും എനിക്ക് കൃത്യമായി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കാരണം വീട്ടിലെനിക്ക് പഠിക്കാന്‍ വെളിച്ചമില്ല. കിടക്കാന്‍ മുറിയില്ല. ഇരിക്കാന്‍ ബെഞ്ച് പോലുമില്ല. എന്റെ കുടിലില്‍ വെളിച്ചമെത്തണമെങ്കില്‍നേരം വെളുക്കണം. അതുവരെ കാത്തിരുന്നാണ് ഞാന്‍ രാത്രി തള്ളി നീക്കിയത്. ചെറുപ്പം മുതലേ അച്ഛന്‍ കൂടെയില്ലാത്തതിനാല്‍ അമ്മ കെമ്പിയാണ് തുണയായയത്. അമ്മ പണിക്കുപോയി കിട്ടുന്ന പൈസ കൊണ്ട് വേണം കുടുംബം കഴിയാന്‍. പലദിവസങ്ങളിലും ഭക്ഷണവും കിട്ടിയെന്ന് വരില്ല. സ്‌കൂളില്‍ പോകാന്‍ വസ്ത്രങ്ങളും നന്നേ കുറവ്. വൈകുന്നേരം വന്ന് അലക്കിയിട്ടാലേ പിറ്റേന്ന് സ്‌കൂളില്‍ പോകാന്‍ പറ്റൂ.

ഒഴിവു ദിവസങ്ങളില്‍ ഞാനും ചേട്ടനും അമ്മയോടൊപ്പം പണിക്കുപോയിരുന്നു. ഞങ്ങള്‍ കൊണ്ടുവരുന്ന ചെറിയകൂലിയും കുടംബത്തിന് ആശ്വാസമായി. പഠിത്തം നിര്‍ത്താന്‍ പലതവണ നോക്കി. എന്നാല്‍ അമ്മ സമ്മതിച്ചില്ല. അങ്ങനെ ഹൈസ്‌കൂളില്‍ എത്തി. അവിടെ എത്തിയപ്പോ അദ്ധ്യാപകര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. പത്താം ക്ലാസ്സിലെത്തിയപ്പോഴാണ് വീട്ടില്‍ കറന്റ് എത്തുന്നത്. അത് വലിയ ആശ്വാസമായി. പരീക്ഷയ്ക്ക് നന്നായി പഠിക്കാന്‍ സാധിച്ചു. റിസല്‍ട്ട് വന്നപ്പോ നല്ല മാര്‍ക്കും കിട്ടി. ഇതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

ഹയര്‍സെക്കന്‍ഡറി പഠിക്കാന്‍ കുറച്ച് ദൂരെയുള്ള അംബേദ്കര്‍ റസിഡന്‍ഷ്യല്‍ വിദ്യാലയത്തില്‍ അവസരം കിട്ടി. പിന്നെ അവിടെ താമസിച്ചായിരുന്നു പഠനം. അവധി ദിവസങ്ങളില്‍ മാത്രം വീട്ടില്‍ വരും. അല്ലാത്ത ദിവസം എല്ലാവരുടെയും കൂടെ ഇരുന്ന് പഠിക്കാനും യോഗമുണ്ടായി. ഇതെനിക്ക് പ്ലസ്ടു പരീക്ഷയില്‍ നല്ലൊരു മാര്‍ക്ക് നേടാന്‍ പ്രചോദനമായി. ഇവിടെ നിന്നും പിന്നെ കൊല്ലത്തേക്ക് ടി കെഎമ്മിലേക്കായി യാത്ര. അവിടെ പഠിക്കുന്ന വേളയില്‍ പൈസക്കെല്ലാം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കി തരുന്ന പൈസ മാത്രം പോരായിരുന്നു. ഇല്ലായ്മകള്‍ ആരെയും അറിയിക്കാതെ ഓരോ ദിവസവും തള്ളി നീക്കി.ആദ്യ സെമസ്റ്റര്‍ തുടങ്ങിയ വേളയില്‍ ക്ലാസ്സില്‍ ഇരിക്കാന്‍ വലിയ ബുദ്ധിമുട്ട് തോന്നി. പെട്ടന്ന് ക്ലാസ്സ് അന്തരീക്ഷവും നാടുമെല്ലാം മാറിയതിനാല്‍ ആദ്യമൊന്നും ഒന്നും മനസ്സിലാവുമായിരുന്നില്ല. നില്‍ക്കാന്‍ പറ്റുമോ എന്നത് തന്നെ സംശയമായി. പിന്നീട് മനസ്സിരുത്തി വെല്ലുവിളികള്‍ ഏറ്റെടുത്തു. സഹപാഠികളും എന്നെ സഹായിച്ചു.

വയനാട്ടിലെ പണിയസമുദായത്തില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ ഇന്നും പരിമിതമാണ്. ഇവര്‍ക്കിടയില്‍ നിന്നും സുരേഷ് നേടിയത് പത്തരമാറ്റിന്റെ തിളങ്ങുന്ന വിജയമാണ്. കുന്നിന്‍ മുകളിലെ ചെറിയ വീട്ടില്‍ വിജയമോരോന്നായി എത്തിയപ്പോഴും ആരുമറിയാതെ പോവുകയായിരുന്നു നേട്ടങ്ങളെല്ലാം. കോളനിയിലെ മറ്റുള്ളവര്‍ക്കൊന്നും ഈ നേട്ടത്തിന്റെ വിലപോലുമറിയില്ല. പെയിന്റിങ്ങ് തൊഴിലിന് പോയാണ് ഇപ്പോള്‍ ജീവിക്കുന്നത്. നല്ല ഒരു ജോലികിട്ടുമെന്ന പ്രതീക്ഷയിലാണ് സുരേഷ്.

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനാണ് രമേഷ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories