Top

നമ്മുടെ ന്യൂസ് മുറികളില്‍ ഭയം കയറിത്തുടങ്ങി; എന്‍ഡിടിവി ഒടുവിലത്തെ ഉദാഹരണം മാത്രം

നമ്മുടെ ന്യൂസ് മുറികളില്‍ ഭയം കയറിത്തുടങ്ങി; എന്‍ഡിടിവി ഒടുവിലത്തെ ഉദാഹരണം മാത്രം

ടീം അഴിമുഖം

ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കെതിരേ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ചാനല്‍ ഇപ്പോള്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന സംഘഗാനത്തിന്റെ മുന്‍പന്തിയിലാണ്. മറ്റൊരു ചാനല്‍ യുദ്ധമുറിയൊരുക്കുകയും അവിടെ അവതാരകര്‍ പട്ടാളവേഷത്തില്‍ പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു. മറ്റൊന്നാകട്ടെ എല്ലാ വാര്‍ത്താപ്രക്ഷേപണങ്ങളും ജയ് ഹിന്ദ് പറഞ്ഞ് അവസാനിപ്പിക്കുന്നു. പാകിസ്ഥാനെ 'ഭീകരരാജ്യമായ പാകിസ്ഥാന്‍' എന്ന് മാത്രമേ തങ്ങള്‍ വിശേഷിപ്പിക്കൂ എന്നാണ് ഒരു ഇംഗ്ലീഷ് ചാനല്‍ പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള യുദ്ധവെറികളുടെയും മാധ്യമമൂല്യങ്ങളുടെ ലംഘനത്തിനുമിടയ്ക്കാണ് ഏറ്റവും അമ്പരപ്പിക്കുന്ന മാധ്യമ നാടകം അരങ്ങേറിയത്. മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന് പുരോഗമനമൂല്യങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്ന എന്‍ഡിടിവി നാടകീയമായി തീരുമാനിച്ചു. 'രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സുരക്ഷയെ ബലികഴിക്കുന്ന പ്രതികരണങ്ങളൊന്നും' തങ്ങള്‍ ഇനിമുതല്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ചാനല്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ ചാനല്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളില്‍, സെപ്തംബര്‍ 29ലെ സര്‍ജിക്കല്‍ ആക്രമണത്തിന്റെ പേരില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനകളെ വിമര്‍ശിച്ച ചിദംബരം, പ്രശ്‌നത്തില്‍ തന്റെ മന്ത്രിമാര്‍ ആവേശഭരിതരാവുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നറിയിപ്പ് നല്‍കിയ കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്‍ഡിടിവി അവതാരക ബര്‍ക്ക ദത്ത് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വൈകുന്നേരം സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു ചാനല്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ചിദബംരത്തിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യാതിരുന്നത് മാത്രമല്ല ചാനല്‍ അന്ന് നടത്തിയ സെന്‍സര്‍ഷിപ്പ്. ഇന്ത്യന്‍ സൈനികരുടെ രക്തത്തിന്റെ മറവിലിരുന്ന് പ്രധാനമന്ത്രി മോദി ദല്ലാള്‍ പണി നടത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ചാനലില്‍ സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന് എഡിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെട്ടിരുന്നു.

ചാനലിന്റെ രാജ്യത്തെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒക്ടോബര്‍ ആറാം തീയതി അയച്ച കത്തില്‍ എന്‍ഡിടിവി എഡിറ്റോറിയല്‍ ഡയറക്ടര്‍ സോണിയ സിംഗ് പുതിയ എഡിറ്റോറിയല്‍ നയം വിശദീകരിച്ചു:

'പ്രിയപ്പെട്ടവരെ,

സര്‍ജിക്കല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന രൂക്ഷമായ രാഷ്ട്രീയ വഴക്കുകള്‍ക്ക് നമ്മള്‍ ഇടം നല്‍കേണ്ടതില്ലെന്നാണ് എന്‍ഡിടിവി തീരുമാനം. വാദപ്രതിവാദങ്ങള്‍, എന്റെ ആക്രമണവും നിങ്ങളുടെ ആക്രമണവും, തെളിവുകള്‍ തരൂ തുടങ്ങിയവയ്‌ക്കൊന്നിനും ഇടമുണ്ടാവില്ല. അത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നായാലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നായാലും. സൈന്യം മാത്രമാണ് ഇതു വിശദീകരിക്കേണ്ടത്.'

എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പത്രസമ്മേളനം സംപ്രേക്ഷണം ചെയ്തതില്‍ നിന്നും ഈ തീരുമാനം എന്‍ഡിടിവിയെ വിലക്കിയില്ല.

എന്‍ഡിടിവി സ്ഥാപകയും പ്രണോയ് റോയിയുടെ ഭാര്യയുമായ രാധിക റോയ്, സിദ്ധാര്‍ത്ഥ് വരദരാജന്‍ സ്ഥാപിച്ച സ്വതന്ത്ര വെബ്‌സൈറ്റായ ദ വയറിനോട് ഇങ്ങനെ പറയുകയുണ്ടായി, 'എഡിറ്റോറിയല്‍, മാധ്യമപ്രവര്‍ത്തക ആര്‍ജ്ജവത്തിന്റെ പേരിലും സര്‍ജിക്കല്‍ ആക്രമണവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളുമില്ലാതെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന ഉത്തമബോധ്യത്തിന്റെ പേരിലും എന്‍ഡിടിവി മറ്റേതൊരു തീരുമാനവും പോലെയാണ് ഈ തീരുമാനവും കൈക്കൊണ്ടത്. എല്ലാ അസംബന്ധജല്‍പനങ്ങളും പൊതുസംവാദമെന്നപേരില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രചാരണത്തില്‍ മാത്രം ഊന്നിയുള്ള മര്യാദയില്ലാത്തതും വന്യവുമായ ആരോപണങ്ങള്‍ക്ക് വേദിയൊരുക്കേണ്ടതില്ലെന്ന ഞങ്ങളുടെ സാധാരണ എഡിറ്റോറിയല്‍ നയത്തിന്റെ ഭാഗമാണ് ഈ തീരുമാനവുമെന്ന് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കാരണങ്ങള്‍ സംബന്ധിച്ച് പുറത്ത് വന്ന ഞങ്ങളുടെ പ്രസ്താവന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണെന്ന് ഞാന്‍ കരുതുന്നു. 'എന്‍ഡിവിയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ മിക്ക നിരീക്ഷകരും തയ്യാറാവുന്നില്ല എന്ന് മാത്രമല്ല മിക്കവരും അമ്പരപ്പിലുമാണ്. എന്നാല്‍ നികുതി വകുപ്പില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍നിന്നും അതുപോലെ തന്നെ മുകേഷ് അംബാനിയുടെ സാമ്രാജ്യത്തില്‍ നിന്നും എടുത്തിട്ടുള്ള വലിയ വായ്പയും എന്‍ഡിടിവിക്ക് നല്‍കുന്ന സമ്മര്‍ദത്തെക്കുറിച്ച് അറിയാവുന്നവര്‍ വ്യത്യസ്ത കാരണങ്ങളാണ് കണ്ടെത്തുന്നത്. എന്‍ഡിടിവിയെ അംബാനി സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള രേഖകള്‍ തെളിയിക്കുന്നത്.

അതുകൊണ്ടുതന്നെ, എന്‍ഡിടിവി അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിയും ഭരണസ്ഥാപനങ്ങള്‍ക്ക് ചാനലിലുള്ള സ്വാധീനവുമാണ് ചിദംബരത്തിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിലെന്നു വേണം കരുതാന്‍.

എന്നാല്‍ മുഖ്യധാര മാധ്യമങ്ങളുടെ യുദ്ധവെറിയെ ഇത് പൂര്‍ണമായും വിശദീകരിക്കുന്നില്ല. വാര്‍ത്താമുറികളിലേക്ക് ഭയവും സ്വയം സെന്‍സര്‍ഷിപ്പും വ്യാപിപ്പിക്കുന്നതില്‍ ഉപദ്രവകാരികളായ സ്ഥാപനങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് ന്യൂഡല്‍ഹി പ്രവേശിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഈ പുതിയ പ്രവണതയുടെ ഇരയായി മാറുകയാണ്.Next Story

Related Stories