Top

ശ്രീമാന്‍ മോദി, ഇന്ത്യന്‍ സേനയെ ഇസ്രയേലിനൊപ്പം ചേര്‍ത്തുവെക്കരുത്

ശ്രീമാന്‍ മോദി, ഇന്ത്യന്‍ സേനയെ ഇസ്രയേലിനൊപ്പം ചേര്‍ത്തുവെക്കരുത്

ടീം അഴിമുഖം

ഇതിന് മുമ്പും സൈന്യം നിയന്ത്രണ രേഖ കടന്ന് ചില ദൌത്യങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഒരു പാര്‍ലമെന്ററി സമിതിയോട് പറഞ്ഞത്. പക്ഷേ ഇതാദ്യമായാണ് രാഷ്ട്രീയ നേതൃത്വം അത് പരസ്യപ്പെടുത്തി അവകാശവാദം ഉന്നയിക്കുന്നത്.

ഈ സംവാദത്തില്‍ അല്പം സാധാരണത്വം കൊണ്ടുവരാന്‍ വിദേശകാര്യ സെക്രട്ടറി ശ്രമിക്കവേ ഹിമാചല്‍ പ്രദേശിലെ ഒരു പൊതുയോഗത്തില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റബര്‍ 29-ലെ ആക്രമണത്തിന് ഭീതിദമായ ഒരു വ്യാഖ്യാനം നല്‍കിയിരിക്കുന്നു.

ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണത്തെ മോദി താരതമ്യപ്പെടുത്തിയത് ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടത്തുന്ന ഇസ്രയേലി നയവുമായും പലസ്തീനിലെയും ലബനനിലെയും ജനങ്ങളോടുള്ള അവരുടെ തുറന്ന ആക്രമണവുമായാണ്. “നമ്മുടെ സൈന്യത്തിന്റെ ധീരത ഈ ദിവസങ്ങളില്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയാണ്. ഇതിന് മുമ്പ് ഇസ്രയേല്‍ ഇങ്ങനെ നടത്തിയിട്ടുണ്ടെന്ന് നാം കേട്ടിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ആര്‍ക്കും പിറകിലല്ലെന്ന് രാജ്യം കണ്ടു,” മോദി പറഞ്ഞു.

ആകസ്മികമായാണോ അതോ മനഃപൂര്‍വമാണോ ഇസ്രയേലി സൈനിക ദൌത്യം പറഞ്ഞത്? ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് പ്രധാനമാണ്: പലസ്തീന്‍, ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലെം, സിറിയയിലെ ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലെ അന്യായമായ അധിനിവേശത്തിന് യു.എന്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ, കാശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ് എക്കാലത്തെയും നമ്മുടെ നിലപാട്. അതുകൊണ്ടു തന്നെയാണ് നാം അതിനെ പാക് അധിനിവേശ കാശ്മീര്‍ എന്നു വിളിക്കുന്നതും.

അപ്പോളെന്താണ് വസ്തുതാപരമായ നിലപാട്? നമ്മുടെ പാര്‍ലമെന്റിന്റെ ഔദ്യോഗിക നിലപാടനുസരിച്ച് ഇവിടെ ഇസ്രയേലുമായി താരതമ്യം ചെയ്യാവുന്നത് പാകിസ്ഥാനെയാണ്. നമ്മുടെ സൈന്യത്തിന്റെ നടപടികളെ ഇസ്രയേല്‍ സേനയുടെ യുദ്ധക്കുറ്റങ്ങളുമായി താരതമ്യം ചെയ്യുന്നതും തെറ്റാണ്. അത് ഇന്ത്യന്‍ സേനയില്‍ യുദ്ധക്കുറ്റം ആരോപിക്കുന്നത് പോലെയാണ്.

പ്രധാനമന്ത്രി എന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തും മുമ്പ് മോദി ആലോചിക്കേണ്ടത് ഇന്ത്യന്‍ സേന ഇന്ത്യയെ സംരക്ഷിക്കാനാണ് ആക്രമണം നടത്തിയത് എന്നതാണ്, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാനോ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാനോ അല്ല.



എന്നാല്‍ ചൊവ്വാഴ്ച്ച പാര്‍ലമെന്ററി സമിതിയോട് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് സൈന്യം, "നിയന്ത്രിതമായ, നിശ്ചിത ലക്ഷ്യത്തിലുള്ള, ഭീകര വിരുദ്ധ ദൌത്യം നിയന്ത്രണ രേഖയില്‍ മുമ്പും നടത്തിയിട്ടുണ്ട് എന്നും പക്ഷേ ഇതാദ്യമായാണ് ഇതൊരു തന്ത്രത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു സര്‍ക്കാര്‍ അത് പരസ്യമായി ഏറ്റെടുക്കുന്നത്" എന്നുമാണ്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ വിദേശ കാര്യ സെക്രട്ടറിക്ക് പുറമെ, പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍, വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്ത്, ആഭ്യന്തര സുരക്ഷാ പ്രത്യേക സെക്രട്ടറി എം കെ സിങ്ഗ്ല, ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ എന്നിവരും സന്നിഹിതരായിരുന്നു.

പാകിസ്ഥാനെതിരെ ഇത്തരമൊരു നീക്കം ആദ്യമാണോ എന്നു കോണ്‍ഗ്രസ് അംഗം സത്യവ്രത് ചതുര്‍വേദി ചോദിച്ചു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാണ് വിദേശകാര്യ സെക്രട്ടറി 'നിയന്ത്രിതമായ, നിശ്ചിത ലക്ഷ്യത്തിലുള്ള, ഭീകര വിരുദ്ധ ദൌത്യം' നിയന്ത്രണ രേഖയില്‍ മുമ്പും നടത്തിയിടുണ്ട് എന്നും എന്നാല്‍ അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല എന്നും പറഞ്ഞത്.

സെപ്റ്റംബര്‍ 29-ലെ ദൌത്യം അവസാനിച്ചപ്പോള്‍ പാകിസ്ഥാന്റെ സൈനിക ദൌത്യങ്ങള്‍ക്കുള്ള ഡയറക്ടര്‍ ജനറലിനെ വിവരങ്ങള്‍ അറിയിച്ചിരുന്നു അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ തെളിവ് ഒരംഗം ആവശ്യപ്പെട്ടപ്പോള്‍ സൈന്യം പോയത് ആക്രമണത്തിനാണെന്നും തെളിവ് കൊണ്ടുവരാനല്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ മറുപടി നല്കി.

കരണ്‍ സിംഗ്, സത്യവ്രത് ചതുര്‍വേദി (കോണ്‍ഗ്രസ്), മൊഹമ്മദ് സലീം (സിപിഎം) ), ഡി പി ത്രിപാഠി (എന്‍സിപി) എന്നിവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. രാഹുല്‍ ഗാന്ധി യോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യങ്ങളൊന്നും ചോദിച്ചില്ല.

ഭാവിയില്‍ സമാന ദൌത്യങ്ങള്‍ നടത്തുമോ എന്ന ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ ചോദ്യത്തിന് ആക്രമണം ഇപ്പോള്‍ ലക്ഷ്യം നിറവേറ്റിയെന്നും ഭാവിയില്‍ പാകിസ്ഥാന് ഇതൊരു പാഠമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു.


Next Story

Related Stories