TopTop

സര്‍ജിക്കല്‍ സ്ട്രൈക്ക്: നിയന്ത്രണ രേഖയില്‍ സംഭവിച്ചത്

സര്‍ജിക്കല്‍ സ്ട്രൈക്ക്: നിയന്ത്രണ രേഖയില്‍ സംഭവിച്ചത്

അഴിമുഖം പ്രതിനിധി

ഉറി ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം ഇരട്ടിപ്പിക്കാനും കാരണമായിട്ടുണ്ട്. ഇരു രാജ്യങ്ങളും ശത്രുപാളയത്തിലെ തന്ത്രങ്ങള്‍ക്കനുസരിച്ച് പ്രത്യാക്രമണങ്ങള്‍ക്ക് തയ്യാറെടുത്തു കഴിഞ്ഞതായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ആക്രമണത്തില്‍ രണ്ട് പാക് സൈനികരും നാല്‍പ്പതോളം ഭീകരരും കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഒരു ഇന്ത്യന്‍ സൈനികന്‍ തങ്ങളുടെ പിടിയിലായെന്ന് പാകിസ്ഥാനും അവകാശപ്പെടുന്നു. ഇന്ത്യയുടെ ഈ സൈനികനീക്കത്തെ വിശേഷിപ്പിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക് എന്നാണ്. ലക്ഷ്യസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന സൈനിക ഓപ്പറേഷനുകളാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. എതിര്‍പാളയത്തിന് യാതൊരു സൂചനകളും കൊടുക്കാതെയുള്ള മിന്നലാക്രമണങ്ങളാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്.

പരാമാവധി നാശനഷ്ടങ്ങള്‍ ഭീകരകേന്ദ്രങ്ങള്‍ക്കുണ്ടാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പാക് സൈനികകേന്ദ്രങ്ങള്‍ ഒരു വിധത്തിലും സന്നദ്ധമായിരുന്നില്ലെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ വെളിപ്പെടുത്തല്‍. കനത്ത നാശനഷ്ടമുണ്ടാക്കിയതായും ഇന്ത്യന്‍ സൈന്യം അവകാശപ്പെടുന്നു. ജമ്മു കശ്മീരിലും വിവിധ മെട്രോനഗരങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്. ഇന്നലെ വൈകുന്നേരത്തോടെ ഇന്ത്യന്‍ സൈനികന്‍ പാക് പിടിയിലായതായി ഇന്ത്യ സ്ഥിരീകരിച്ചു. അശ്രദ്ധമായി അതിര്‍ത്തി കടന്നതിലാണ് സൈനികന്‍ പിടിയിലായതെന്നും ഇത് ക്രോസ് ബോര്‍ഡര്‍ നടപടിയുടെ പരിധിയില്‍ പെടുന്നതല്ലയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം അതിര്‍ത്തി കടക്കലുകള്‍ അപൂര്‍വ്വമായി സംഭവിച്ചിട്ടുള്ളതല്ല. 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചന്ദു ബാഹുലാല്‍ ചൌഹാന്‍ എന്ന സൈനികനാണ് പാക് പിടിയിലുള്ളതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. അതേസമയം പിടിയിലായ സൈനികനെ വിട്ടുനല്‍കാനും രാജ്യം ആവശ്യപ്പെട്ടു.

പ്രധാനമായും നാലിടങ്ങളിലയായിരുന്നു ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. തടാപനി, ലിപാവാലി,ഭിംഭാര്‍ കലി, ഖേല്‍ എന്നിവിടങ്ങളിയായിരുന്നു ആക്രമണം. മുമ്പും നിയന്ത്രണരേഖ കടന്നുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാലത് പ്രാദേശികതലത്തിലുള്ളവയായിരുന്നു. ഇന്ത്യയുടെ മിന്നലാക്രമണം നുണക്കഥയാണെന്നാണ് പാക് അധികൃതര്‍ പ്രതികരിച്ചത്. നിയന്ത്രണ രേഖയില്‍ പീരങ്കി ആക്രമണം നടത്തിയത് മിന്നലാക്രമണമാണെന്ന് പ്രചരിപ്പിക്കുകയാണെന്നാണ് പാകിസ്ഥാന്‍റെ വാദം. പാകിസ്ഥാന്‍ ആക്രമണത്തിന് സജ്ജമല്ലാതിരുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു ഇന്ത്യയുടെ ആക്രമണം. നിയന്ത്രണരേഖയില്‍ ഇരു രാജ്യങ്ങളുടെയും സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കളാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സൈന്യം ഉപയോഗിച്ചത്. അതിര്‍ത്തി കടന്ന അതേ വഴിയിലൂടെയല്ല സൈന്യം തിരികെയെത്തിയതും. തിരികെ പുറത്ത് കടക്കാനുള്ള മാര്‍ഗങ്ങളും കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. നിയന്ത്രണരേഖയ്ക്ക് ഒരു കിലോമീറ്ററും മൂന്ന് കിലോമീറ്ററും അകലെ ലോഞ്ച് പാഡ് ക്രമീകരിച്ചായിരുന്നു ആക്രമണമെന്ന് സൈനികവക്താവ് പറയുന്നു.

വെളുപ്പിനെ മൂന്ന് മണിക്കും നാലരയ്ക്കും ഇടയിലായിരുന്നു ആക്രമണം. ഏകദേശം 90 മിനിറ്റോളം സൈനികനടപടി നീണ്ടു. രാവിലെ 7.30-യോടെ ഇന്ത്യന്‍ സൈന്യം തിരികെ സൈനികത്താവളത്തിലെത്തി. 11 മണിയോടെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് ഔദ്യോഗികമായി സൈനികാക്രമണം നടത്തിയതായി പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു. ഗുരുതരമല്ലാത്ത പരിക്കുകള്‍ ഇന്ത്യന്‍ സൈന്യത്തിനും ഉണ്ടായിട്ടുണ്ട്. എന്നാലത് ഭീകരരുടെ ആക്രമണത്തില്‍ സംഭവിച്ചതല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2003 മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പലതവണ നിയന്ത്രണ രേഖ ഭേദിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിട്ടുണ്ട്.

ലക്ഷ്യത്തിലെത്തി അതിവേഗം ആക്രമണം നടത്തി, തിരികെ പോരുകയെന്ന തന്ത്രമാണ് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഉപയോഗിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനുശേഷമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിക്കുക. അത് ഇന്ത്യ വിദഗ്ദ്ധമായിത്തന്നെ നടപ്പാക്കിയെന്നാണ് സൈന്യം പറയുന്നത്.Next Story

Related Stories