Top

യുഎഇ പ്രവാസികളെ കാത്തിരിക്കുന്ന അപകടങ്ങളെന്തെല്ലാം? സര്‍വേയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്

യുഎഇ പ്രവാസികളെ കാത്തിരിക്കുന്ന അപകടങ്ങളെന്തെല്ലാം? സര്‍വേയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്
ഒരു സുരക്ഷിത ജീവിതം സ്വപ്‌നം കണ്ടാണ് പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നത്. പക്ഷെ വിദേശത്ത് എത്തുന്നതോടെ നിരവധി പ്രശ്‌നങ്ങള്‍ അവരെ വേട്ടയാടാനുണ്ടാവും. യുഎഇയിലുള്ള പ്രവാസികളെ വേട്ടയാടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ കടബാധ്യത, നിരോധിത സാധനങ്ങളുടെ ഉപയോഗം, വിവാഹപൂര്‍വ-വിവാഹേതര ബന്ധങ്ങള്‍, തൊഴിലുടമയുമായുള്ള തര്‍ക്കങ്ങള്‍, രേഖകളിലെ കൃത്രിമത്വം എന്നിവയാണെന്ന് ഗള്‍ഫ് ന്യൂസ് നടത്തിയ ഒരു സര്‍വെയില്‍ ഈ രംഗത്തുള്ള നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ദുബായിലെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നിയമസഹായം തേടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കടക്കെണിയില്‍ കുടുങ്ങിയ നിരവധി പ്രവാസികളാണ് യുഎഇയില്‍ തടവറയില്‍ കഴിയുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെയോ വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് മുടങ്ങുക, നല്‍കിയ ചെക്ക് മടങ്ങുക തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഭൂരിപക്ഷം കേസുകളും. എന്നാല്‍ ബാങ്കുകള്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് മൂലം പുതിയ വായ്പകള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നവരും ഉണ്ട്. മറ്റ് ചിലര്‍ക്ക് വായ്പയെടുക്കുന്നതിനുള്ള ഗാരന്റിയായി പാസ്‌പോര്‍ട്ട് നല്‍കി സഹായിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തവരും തൊഴില്‍പുതുക്കാന്‍ സാധിക്കാത്തവരും ഉണ്ട്.

തൊഴില്‍ നഷ്ടപ്പെടുകയോ തൊഴിലുടമ ശമ്പളം നല്‍കാന്‍ മടിക്കുകയോ ചെയ്യുന്നതോടെ ഇവരുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ കണക്കില്ലാതെ ഉപയോഗിക്കുന്നത് മൂലം വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ പെട്ടുപോകുന്നവരും ഉണ്ട്. യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡുകളും വായ്പയും ലഭിക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ് പലരെയും കുരുക്കിലാക്കുന്നത്. അതുമൂലം ധാരാളം പണം കൈയിലുണ്ടെന്ന ഒരു തോന്നല്‍ ഉണ്ടാവുകയും ചിലവഴിക്കുന്നതിന്റെ അളവ് കൂടുകയും ചെയ്യും. ഇത്തരം കേസുകളില്‍ കുടുങ്ങുന്ന ഭൂരിപക്ഷം പേരുടെയും ജീവിതം ജയിലിലാണ് അവസാനിക്കുക എന്നത് പ്രവാസികള്‍ മറക്കരുത് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.വിവാഹേതര, വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളില്‍ പെടുന്ന കേസുകളാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ തങ്ങളുടെ അടുത്ത് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പലപ്പോഴും ഗര്‍ഭം ധരിക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അവിവാഹിതരായ ഇണകളെ ഒരേ കൂരയ്ക്കുള്ളില്‍ കഴിയാന്‍ യുഎഇ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഇവിടെ ഒരു വര്‍ഷം തടവാണ് സാധാരണ ശിക്ഷയായി ലഭിക്കുന്നത്. വിവാഹേതര, വിവാഹപൂര്‍വ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പ്രതിമാസം ശരാശരി പത്തുകേസുകള്‍ വരെ ലഭിക്കാറുണ്ടെന്ന് ഒരു നിയമവിദഗ്ധന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ബന്ധം ഗര്‍ഭത്തില്‍ കലാശിക്കുകയും യുഎഇയില്‍ വച്ച് സ്ത്രീക്ക് പ്രസവിക്കേണ്ടി വരികയും ചെയ്യുകയാണെങ്കില്‍ കേസുകള്‍ മിക്കവാറും കോടതിയില്‍ എത്തും. വിവാഹപൂര്‍വ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴിയുള്ള ഗര്‍ഭധാരണത്തില്‍ എന്തെങ്കിലും സങ്കീര്‍ണതകള്‍ സംഭവിക്കുകയും വൈദ്യസഹായം ആവശ്യമായി വരുകയും ചെയ്യുമ്പോഴും സമാനസ്ഥിതിയാണ് ഉണ്ടാവുന്നത്.

ലഹരി വസ്തുക്കളും നിരോധിത ഔഷധങ്ങളും കൈവശം സൂക്ഷിക്കുന്നതുമൂലം ഉണ്ടാവുന്ന കേസുകളില്‍ പെട്ടുപോകുന്നവരുമുണ്ട്. കുടിക്കുന്നതിനായി നിയന്ത്രിത ലഹരിപാനീയങ്ങള്‍ പെര്‍മ്മിറ്റില്ലാതെ വാങ്ങുന്നത് നിയമവിരുദ്ധമാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും 1,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെ കുറിച്ച് അറിവില്ലാതെ കുഴിയില്‍ ചാടുന്നവരാണ് ഭൂരിപക്ഷം പ്രവാസികളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാറില്‍ നിന്നും മദ്യപിച്ചതിന് ശേഷം വാഹനം ഓടിക്കുന്നതും നിയന്ത്രിത ലഹരി പാനീയങ്ങള്‍ പെര്‍മിറ്റില്ലാതെ താമസസ്ഥലത്ത് സൂക്ഷിക്കുന്നതും പ്രവാസികള്‍ ഒഴിവാക്കണമെന്നാണ് അവരുടെ ഉപദേശം.

തൊഴിലുടമകളുമായുള്ള നിയമ പോരാട്ടങ്ങളാണ് യുഎഇയിലെ പ്രവാസികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. പലപ്പോഴും ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണിത്. കരാറുകള്‍ കൈമാറല്‍, തൊഴില്‍ നിരോധനം, മറ്റൊരു സ്‌പോണ്‍സര്‍ക്ക് വേണ്ടി ജോലി ചെയ്യല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് യുഎഇയിലെ പ്രവാസികള്‍ നേരിടുന്ന മറ്റ് നിയമക്കുരുക്കുകള്‍. നിയമവിരുദ്ധ ഏജന്‍സികളുടെ ചതിവില്‍പെട്ട് കുടുങ്ങുന്നവരുമുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇത്തരത്തില്‍ കുടുങ്ങുന്നവരില്‍ ഭൂരിപക്ഷവും. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലവില്ലാത്തതും കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്.

വ്യാജരേഖകള്‍ ചമയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. വ്യാജ വിദ്യാഭ്യാസരേഖകളുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള ഭൂരിപക്ഷം കേസുകളും. വാടക കരാറുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വ്യാജമായി ചമയ്ക്കപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories