TopTop
Begin typing your search above and press return to search.

തന്റെ ആരോഗ്യവിവരം സുഷമ സ്വരാജ് ജനങ്ങളെ അറിയിച്ചു; മറ്റ് പല നേതാക്കളും ചെയ്യാത്ത ഒരു കാര്യം

തന്റെ ആരോഗ്യവിവരം സുഷമ സ്വരാജ് ജനങ്ങളെ അറിയിച്ചു; മറ്റ് പല നേതാക്കളും ചെയ്യാത്ത ഒരു കാര്യം

ടീം അഴിമുഖം

ഇതാദ്യമായി, ഒരു ഇന്ത്യന്‍ മന്ത്രി തന്റെ ആരോഗ്യ വിവരം ട്വിറ്ററിലൂടെ ജനത്തെ അറിയിച്ചു. മിനിറ്റുകള്‍ക്കുളില്‍ അവരുടെ 6.5 ദശലക്ഷം ട്വിറ്റര്‍ അനുയായികള്‍ അത് പങ്കുവെച്ചു. സര്‍ക്കാരിന്റെ ഒരു പതിവ് വാര്‍ത്താക്കുറിപ്പിനെക്കാളും എത്രയോ അധികം പേര്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് താന്‍ AIIMS-ല്‍ വൃക്കകള്‍ തകരാറിലായി ചികിത്സയിലാണെന്നും വൃക്ക മാറ്റിവെക്കലിനുള്ള പരിശോധനകള്‍ നടക്കുകയാണെന്നും ബുധനാഴ്ച്ച രാവിലെ ട്വീറ്റ് ചെയ്തത്. അല്പ നിമിഷങ്ങള്‍ക്കുളില്‍ ആയിരക്കണക്കിനാളുകള്‍ രോഗം വേഗത്തില്‍ ഭേദമാകട്ടെ എന്നും ചില സ്തുതിപാഠകര്‍ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധമായുമൊക്കെ പ്രതികരിച്ചു.

ഒന്നാം എന്‍ ഡി എ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ,പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന സുഷമ സ്വരാജ് ‘ജനങ്ങളുടെ മന്ത്രി’ എന്ന തന്റെ പെരുമ ഒരിക്കല്‍ക്കൂടി സ്ഥാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്ന അവര്‍ ട്വിറ്ററില്‍ ലഭിക്കുന്ന ഓരോ അടിയന്തര ആവശ്യത്തോടും പ്രതികരിക്കുന്നു. തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അവരുടെ ട്വീറ്റ് 11,000 പേര്‍ ആവര്‍ത്തിക്കുകയും 25,000 പേര്‍ ഇഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ആദ്യം അമ്പരന്ന AIIMS മാധ്യമ വിഭാഗം ഒടുവില്‍ മന്ത്രി തന്റെ രോഗവിവരം വൃത്തിയായി അറിയിച്ചതിനാല്‍ ഇനി പ്രത്യേക മെഡിക്കല്‍ ബുള്ളറ്റിന്‍ ഉണ്ടാകില്ല എന്നു പറഞ്ഞു.

പ്രസിഡണ്ടിന്റെ ആരോഗ്യനില വൈറ്റ് ഹൌസിലെ ഡോക്ടര്‍ കൃത്യമായി പൊതുജനങ്ങളെ അറിയിക്കുന്ന യു.എസില്‍ നിന്നും വ്യത്യസ്തമായി-ഒബാമ ഞെട്ടിപ്പിക്കും വിധം ആരോഗ്യവാനാണ്- തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ ഏതറ്റം വരെയും പോകും. പല നേതാക്കളും തങ്ങളെ തിരിച്ചറിയാത്ത വിദേശ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. ഇന്ത്യയില്‍ ചികിത്സിക്കുന്നവരാകട്ടെ മിണ്ടാതിരികാനുള്ള കല്‍പന പുറപ്പെടുവിക്കുകയും അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിരുന്നവര്‍ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുകയും ചെയ്യുന്നു.


[removed][removed]

പനിയും നിര്‍ജലീകരണവും കൊണ്ട് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നുള്ള ഒരാളടക്കം 15 ഡോക്ടര്‍മാരുടെ സംഘമാണ് ഉള്ളത്. മൂന്നു ദിവസം മുമ്പ് ജനങ്ങളുടെ പ്രാര്‍ത്ഥന മൂലം തന്റെ പുനര്‍ജന്‍മം പ്രഖ്യാപിച്ച അവരുടെ കയ്യൊപ്പിട്ട കത്ത് പുറത്തുവരും വരെ വിരളമായ ആരോഗ്യ കുറിപ്പുകളില്‍ ജയലളിതയെ അണുബാധക്ക് ചികിത്സിക്കുന്നു എന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഈ രണ്ടു മാസത്തിനുള്ളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് 50 കേസുകളെടുത്ത തമിഴ്നാട് പോലീസ്, 8 പേരെ തടവിലാക്കി. ആഗസ്റ്റില്‍ വാരണാസിയിലെ ജാഥക്കിടയില്‍ പൊടുന്നനെ വയ്യാതായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ആരോഗ്യവിവരം പുറത്തറിഞ്ഞില്ല. പൊതുവേ വാചകമടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തന്റെ അടയാളമായ ചുമ മാറ്റാന്‍ ബംഗളൂരുവില്‍ നടത്തിയ ശാസ്ത്രക്രിയയെക്കുറിച്ച് മൌനം പാലിച്ചു.

തെക്കന്‍ ഏഷ്യയിലെ അരക്ഷിതാവസ്ഥയും പൊങ്ങച്ചവും നിറഞ്ഞ രാഷ്ട്രീയത്തില്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പരസ്യമായി പറയാന്‍ തീരുമാനിച്ച സുഷമ സ്വരാജ് ആദരവ് പിടിച്ചുപറ്റി. മറ്റ് നേതാക്കള്‍ക്കും അനുകരണീയമായ ഒരു മാതൃകയാണിത്.


Next Story

Related Stories