TopTop
Begin typing your search above and press return to search.

വായിക്കാം, മറ്റൊരു ദുര്യോധനനെ

വായിക്കാം, മറ്റൊരു ദുര്യോധനനെ

ഈ ആഴ്ചയിലെ പുസ്തകം
മഹാഭാരതം സുയോധനപര്‍വ്വം (നോവല്‍)
പി.കെ.വിജയന്‍
ചിന്ത പബ്ലിഷേഴ്‌സ്
വില: 370 രൂപ

'കുരുക്ഷേത്ര'ത്തില്‍ തുടങ്ങി 'കലിയുഗ'ത്തില്‍ അവസാനിക്കുന്ന നാല്‍പ്പത്തിനാല് അദ്ധ്യായങ്ങളുടെ നോവലാണ് പി.കെ. വിജയന്റെ 'മഹാഭാരതം സുയോധനപര്‍വ്വം'. ദുര്യോധനനെ നായകകര്‍തൃത്വത്തിലേക്ക് ഉയര്‍ത്തുന്ന ഈ നോവല്‍ മഹാഭാരതത്തിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച ഒരെഴുത്തുകാരന്റെ നവീന ചിന്തകളാണ്. നായകസങ്കല്‍പ്പത്തിന്റെ പൊളിച്ചെഴുത്തുകൂടി നിര്‍വ്വഹിക്കുന്ന ഈ നോവല്‍ ഇടതുപക്ഷഭാവനയുടെ സാഹസികമായ ഒരു യാത്ര കൂടിയാണ്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ സാന്നിദ്ധ്യത്തെയും പാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ച് അമരത്വം തേടുന്ന കഥാപാത്രമായിട്ടാണ് ദുര്യോധനനെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സനാതന മൂല്യങ്ങളെന്ന പേരില്‍ നിലനിന്ന വര്‍ണ്ണവ്യവസ്ഥയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതിവീണ സുയോധനനിലൂടെ നോവലിസ്റ്റ് സമകാലിക ജീവിതത്തിന്റെ നെറികേടുകളെയും ചതിക്കുഴികളേയും നിശിതമായി വിമര്‍ശിക്കുന്നു.

കൗരവര്‍ മുച്ചൂടും മരിച്ചുകിടക്കുന്ന കുരുക്ഷേത്ര ഭൂമിയില്‍ എത്തുന്ന ബലരാമന്റെയും കൃഷ്ണന്റെയും സംഭാഷണങ്ങളിലൂടെയാണ് നോവല്‍ തുടങ്ങുന്നത്. കുരുക്ഷേത്രത്തിലെ ദാരുണമായ രംഗങ്ങള്‍ കണ്ട് ഹലായുധന്‍ രോഷം കൊള്ളുന്നു. ഭീമന്റെ ഗദാതാഡനമേറ്റ് തുടയെല്ലൊടിഞ്ഞ് മരണാസനനായി കിടക്കുന്ന ദുര്യോധനനെ കണ്ട് ആത്മരോഷം പ്രകടിപ്പിച്ച് കൃഷ്ണനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ബലരാമന്‍. ഭാരതവര്‍ഷത്തില്‍ അംഗീകരിച്ച് പിന്തുടരുന്ന യുദ്ധനീതികള്‍ കൃഷ്ണന്റെ ഉപദേശപ്രകാരം പാണ്ഡവര്‍ ഒന്നൊന്നായി പിച്ചിച്ചീന്തി കാറ്റില്‍പ്പറത്തി എന്ന് ഭര്‍ത്സിച്ച് കൊണ്ട് ബലരാമന്‍ ശ്രീകൃഷ്ണനെ വിമര്‍ശിക്കുന്നത്. എല്ലാവരും ചത്തൊടുങ്ങിയ ഒരു അഭിശപ്തഭൂമിയില്‍ തനിക്ക് ജീവിതമേ മതിയായി എന്നു പറഞ്ഞുകൊണ്ട് ബലരാമന്‍ ദുഃഖാകുലനായി, നമ്രശിരസ്‌കനായി, കമഴ്ന്നുകിടന്നു പല്ലുകടിച്ച് വേദന സഹിക്കുന്ന ദുര്യോധനന്റെ അടുത്തേക്ക് ചെല്ലുന്ന സന്ദര്‍ഭം ഹൃദയാവര്‍ജ്ജകമാണ്. പിന്നീട് അവര്‍ തമ്മിലുള്ള സംഭാഷണമാണ്.

'നീ ധര്‍മ്മയുദ്ധത്തില്‍ പരാജയപ്പെട്ടു. നിനക്ക് വീരസ്വര്‍ഗ്ഗം മാത്രമല്ല, നീ ഭാരതവര്‍ഷത്തിലെ ഇതിഹാസപുരുഷനുമാകും. ഭാരതവര്‍ഷം എത്ര കാലമുണ്ടോ അത്രയും കാലം നീയുമുണ്ടാകും. ദുഷിച്ച വര്‍ണ്ണധര്‍മ്മശാസ്ത്രങ്ങള്‍ക്കെതിരെ നീ നടത്തിയ അചഞ്ചലമായ പോരാട്ടം കാലം തിരിച്ചറിയും.' ബലരാമന്റെ ഈ വാക്കുകള്‍ നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു.

മൃതപ്രായനായി കുരുക്ഷേത്രഭൂമിയില്‍ കിടക്കുന്ന ദുര്യോധനന്റെ ഓര്‍മ്മകളിലൂടെയാണ് നോവല്‍ വികാസം പ്രാപിക്കുന്നത്. നാലാം അദ്ധ്യായമായ 'ഹസ്തിനപുര പ്രവേശം' മുതല്‍ക്കാണ് ഓര്‍മ്മകളുടെ രഥചക്രം ഉരുളുന്നത്. ഓരോ അദ്ധ്യായം വായിക്കുമ്പോഴും കുരുക്ഷേത്രഭൂമിയിലെ യുദ്ധത്തിന്റെ യഥാതഥ ചിത്രങ്ങള്‍ വായനക്കാരന്റെ മനസ്സിലേക്ക് ആഞ്ഞുപതിക്കുകയാണ്. അതിനനുയോജ്യമായ ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. 'ദക്ഷിണായനം' എന്ന രണ്ടാം അദ്ധ്യായത്തില്‍ സരസ്വതിനദീതീരത്തെ സമന്തപഞ്ചകം എന്ന സ്ഥലത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ഇവിടെ വച്ചാണ് ഭീമ-ദുര്യോധനന്മാരുടെ ദ്വന്ദ്വയുദ്ധം നടക്കുന്നത്. അവതരണം നോക്കുക:

'കാര്‍മേഘങ്ങള്‍ ആകാശത്തില്‍ ഉരുണ്ടുകൂടി. അതിഭയങ്കരമായ കൊടുങ്കാറ്റില്‍ സമന്തപഞ്ചകതീരം പൊടിപടലങ്ങളില്‍ ആവൃതമായി. അംബരം പിളരുന്ന പ്രതീതി ജനിപ്പിക്കുന്ന മിന്നല്‍പ്പിണരുകളാലും ഇടിമുഴക്കങ്ങളാലും യുദ്ധക്കളം ഭീകരരൂപം കൈക്കൊണ്ടു. വനാന്തരങ്ങളില്‍ കുറുനരികള്‍ ഓരിയിട്ടു. കൊടുമുടികളില്‍ കിടുങ്ങുന്ന അതിഘോരശബ്ദം മുഴങ്ങി മാറ്റൊലികൊണ്ടു ഭയാനകമായി. ചക്രവാളസീമകളില്‍ മാംസഭോജികളായ കഴുകന്‍മാര്‍ വട്ടമിട്ടു പറന്നു.'

കര്‍ണ്ണനെ അവതരിപ്പിക്കുമ്പോഴാണ് നോവലിസ്റ്റിന്റെ ഹൃദയം വികാരവിജൃംഭിതമാകുന്നത്. കര്‍ണ്ണ-ദുര്യോധന ബന്ധം അരക്കിട്ടുറപ്പിക്കുന്ന ഭാഗമൊക്കെ നോവലിസ്റ്റ് ഭംഗിയാക്കിയിട്ടുണ്ട്. വിദൂരനും കുന്തിയും തമ്മിലുള്ള അവിശുദ്ധ ബദ്ധത്തെക്കുറിച്ചും പിതാവായ പാണ്ഡുവിനെ ഭീമന്‍ ഷണ്ഡന്‍ പാണ്ഡു എന്ന് വിളിച്ചാക്ഷേപിക്കുന്നതും മറ്റും പരാമര്‍ശിച്ചു കടന്നുപോകുന്ന നോവലിസ്റ്റ് പാണ്ഡവപക്ഷത്തെ കൊള്ളരുതായ്മകളെ വിമര്‍ശിക്കാന്‍ മറക്കുന്നില്ല. വരാണാവതത്തില്‍ വച്ച് അരക്കില്ലത്തിന് തീകൊളുത്തി കുന്തിയെയും അഞ്ചുമക്കളെയും ദുര്യോധനന്‍ ചുട്ടുകൊന്നു എന്ന് പാടിപ്പതിഞ്ഞ കഥയെയും നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഡല്‍ഹിയുടെ കഥ; സമ്പന്നരുടെയും - റാണാദാസ് ഗുപ്ത
ബഷീറിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്
ഭാവനയുടെ തീവ്രാനുഭവങ്ങള്‍
ദി ഷിവാഗോ അഫയര്‍ ഒരു പുസ്തകം മാത്രമല്ല; റഷ്യന്‍ ഭൂതകാല വായനകൂടിയാണ്
തുലാവര്‍ഷ മഴയില്‍ പാടത്ത് മരിച്ചു വീഴുന്നവര്‍- ലിപിന്‍ രാജിന്‍റെ കഥകളെക്കുറിച്ച്

ജീവിതം മരണത്തോടെ ഒടുങ്ങുമെന്നും മാതാപിതാക്കളെയും സ്വന്തക്കാരെയും ജീവിച്ചിരിക്കുമ്പോള്‍ ശുശ്രൂഷിക്കണമെന്നും ചാര്‍വാകനിലൂടെ നോവലിസ്റ്റ് പറയുന്നു. മാതാപിതാക്കള്‍ മരിക്കുമ്പോള്‍ അവരെ ഊട്ടിയിട്ട് കാര്യമില്ലെന്നും മരിച്ചവര്‍ക്ക് ഉദകക്രിയയും ബലികര്‍മ്മവും ശ്രാദ്ധവും ചെയ്യുന്നത് വിഡ്ഡിത്തമാണെന്നും ഉള്ള യാഥാര്‍ത്ഥ്യത്തെയും ഇവിടെ അനാവരണം ചെയ്യുന്നുണ്ട്.

ഒടുവിലത്തെ അദ്ധ്യായം 'കലിയുഗ'മാണ്. മൃതപ്രായനായി കിടക്കുന്ന ദുര്യോധനന്റെ സമീപം എത്തുന്ന അശ്വത്ഥാമാവിനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തില്‍ ഒടുവില്‍ ശേഷിച്ച അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും ദുര്യോധനന് യാത്രാമംഗളം നേരുന്നു. അവരോട് ദുര്യോധനന്‍ അവസാനമായി പറയുന്ന ചില ലോകസത്യങ്ങളിലേക്ക് വായനക്കാരെ നോവലിസ്റ്റ് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെയും തന്റെ ചിന്തയുടെ ശകലങ്ങളാണ് വിതിര്‍ത്തിടുന്നത്.

ഭൂമി, വായു, വെള്ളം, അഗ്നി എന്നീ ചതുര്‍ഭൂതങ്ങളുടെ യാദൃശ്ചിക സംയോഗമാണ് പ്രപഞ്ചോല്‍പ്പത്തിക്ക് കാരണം. അല്ലാതെ ദൈവമല്ല. പരലോകം, ആത്മാവ്, സ്വര്‍ഗ്ഗം നരകം, മോക്ഷം ഇത്യാദികളെല്ലാം വര്‍ണ്ണാശ്രമധര്‍മ്മ താല്‍പ്പര്യാര്‍ത്ഥം പ്രചരിപ്പിച്ച തട്ടിപ്പുകളാണ്.യാഗങ്ങളും പൂജകളും മനുഷ്യനെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യാന്‍ ദ്വിജന്‍മാര്‍ ജന്മം നല്‍കിയ പുകമറയാണ്... ഇങ്ങനെ പോകുന്നു ചിന്തകളും ദര്‍ശനവും.

ഈ നോവല്‍ വായിച്ചുകഴിയുമ്പോള്‍ മുന്‍ധാരണകളെയെല്ലാം കടപുഴകിക്കൊണ്ട് സുയോധനന്‍ എന്ന മികവുറ്റ ഭരണാധികാരി പ്രജാക്ഷേമത്തിന്റെയും ആശ്രിതവാല്‍സല്യത്തിന്റെയും സത്യധര്‍മ്മാദികളുടെയും സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്ത കഥാപാത്രമായി വായനക്കാരന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കും. രചനയുടെ മികവും ശൈലിയുടെ തികവും സമ്മേളിക്കുന്ന ഈ കൃതി മലയാളനോവല്‍ ശാഖ തിരിച്ചറിയപ്പെടേണ്ടതാണ്.


Next Story

Related Stories