TopTop
Begin typing your search above and press return to search.

ശ്വേതാ ബാസുവും (ഇ)മോറല്‍ പോലീസിംഗും

ശ്വേതാ ബാസുവും (ഇ)മോറല്‍ പോലീസിംഗും

ഈ രാജ്യത്തെ ലൈംഗികത്തൊഴിലാളികളില്‍ പാതിയും തട്ടിക്കൊണ്ടുപോകപ്പെട്ടവരോ കുട്ടികളായിരുന്നപ്പോള്‍ വില്‍ക്കപ്പെട്ടവരോ ആണ്. അങ്ങനെയൊരു രാജ്യത്ത് സെക്സ് വില്‍ക്കുന്ന എല്ലാവരും ചൂഷണത്തിന്റെ ഇരകളല്ല എന്നൊക്കെ വാദിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇന്ത്യയിലെ ഒരു വിഭാഗം സ്ത്രീകള്‍ക്കെങ്കിലും ലൈംഗിക തൊഴില്‍ എന്നാല്‍ ഒരു തൊഴില്‍ മാത്രമാണ് എന്നതാണ് സത്യം. ദക്ഷിണേന്ത്യന്‍ നടി ശ്വേതാ ബാസു വേശ്യാവൃത്തിയുടെ പേരില്‍ പിടിക്കപ്പെട്ടപ്പോള്‍ വളരെ വേഗം തന്നെ നമ്മുടെ സമൂഹം അത്തരം സ്ത്രീകളെ “ഇരകള്‍” എന്ന് വിളിക്കുകയും അവരെ “രക്ഷിക്കണ"മെന്നും “പുനരധിവസിപ്പിക്കണ"മെന്നും ഒക്കെ പറഞ്ഞുതുടങ്ങിയിരുന്നു.

ലൈംഗിക ചൂഷണവും ലൈംഗിക തൊഴിലും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ലൈംഗികചൂഷണം ബലം പ്രയോഗിച്ചുള്ളതും അതിനാല്‍ തന്നെ ചൂഷണകരവും കുറ്റകരവുമാകുമ്പോള്‍ ലൈംഗിക തൊഴില്‍ ഒരു ബോധപൂര്‍വമായ തെരഞ്ഞെടുക്കലാകാം.

ലൈംഗിക തൊഴിലിലെത്തിയത് “ജീവിക്കാനായി പണമുണ്ടാക്കാനും” “ചില നല്ല കാര്യങ്ങള്‍”ക്ക് പണം നല്‍കാനുമാണ് എന്ന് ശ്വേത തന്നെ പറയുന്നുണ്ട്. അവരുടെ സമ്മതപ്രകാരം അവര്‍ തെരഞ്ഞെടുത്ത ഒന്നാണിത്. ഒരിക്കല്‍ അവര്‍ ഒരു ബാലനടിയായിരുന്നുവെങ്കിലും അവരുടെ നിഷ്ക്കളങ്കമായ കുട്ടിക്കാലചിത്രങ്ങളും ഒപ്പം സങ്കടക്കഥകളും പ്രസിദ്ധീകരിക്കുന്നത് അവര്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ഒരു 23-കാരിയാണിപ്പോള്‍ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാക്കുന്നില്ല.

അറസ്റ്റിനുശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ഓഫറുകള്‍ ഇല്ലാതാകുമ്പോള്‍ ജീവിതശൈലി നിലനിറുത്താനായി ലൈംഗികത്തൊഴിലെടുക്കുന്ന പല നായികമാരെയും തനിക്കറിയാമെന്നും ശ്വേത പറഞ്ഞിരുന്നു.

ഇന്റര്‍നെറ്റ് നല്‍കുന്ന അജ്ഞാതത്വം നിമിത്തം പഴയ രീതിയിലുള്ള അപകീര്‍ത്തികള്‍ ഈ ജോലിയിലുള്ളവര്‍ അനുഭവിക്കേണ്ടിവരുന്നില്ല. ഓണ്‍ലൈനില്‍ സെക്സ് വാങ്ങുന്നതും വില്‍ക്കുന്നതും ഇപ്പോള്‍ എളുപ്പത്തില്‍, രഹസ്യത്തില്‍ സാധിക്കുന്നു. എളുപ്പത്തില്‍ പണം സമ്പാദിക്കാനായി വിദ്യാഭാസമുള്ള സ്ത്രീകളുള്‍പ്പെടെ പലരും ഈ തൊഴില്‍ തെരഞ്ഞെടുക്കാറുണ്ട് ഇപ്പോള്‍.

നിര്‍ഭാഗ്യകരമെന്ന് പറയാം, ഇന്ത്യന്‍ സമൂഹം ഇപ്പോഴും ഈ വിഷയത്തെ സദാചാരപ്രശ്നമായും എല്ലാത്തരം ലൈംഗികവ്യാപാരങ്ങളെയും ട്രാഫിക്കിംഗ് ആയുമാണ് കരുതുന്നത്. നടിയെ അറസ്റ്റ് ചെയ്ത നിയമത്തിന്റെ പേരും ‘ഇമ്മോറല്‍ ട്രാഫിക്കിംഗ് (പ്രിവന്‍ഷന്‍) ആക്റ്റ്’ എന്നാണ്.

യാഥാസ്ഥിതികരായ ദക്ഷിണേന്ത്യന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റുകള്‍ സൌദി അറേബ്യന്‍ മോറല്‍ പോലീസിന്റെ അംഗങ്ങളെപ്പോലെ ഒരു സംഘം ഒരുക്കിയിട്ടുണ്ട്. അതിലെ അംഗങ്ങള്‍ സ്ഥിരമായി വേശ്യാവൃത്തി റാക്കറ്റുകള്‍ പിടിക്കാനെന്ന പേരില്‍ ഈ ആക്റ്റ് ഉപയോഗിച്ച് ജോലിയില്ലാത്ത നടികളെ ശല്യം ചെയ്യാറുമുണ്ട്.

ഇതില്‍ പ്രയോജനമില്ലെന്ന് പോലീസ് തന്നെ സമ്മതിക്കുന്നതാണ് ഇതിലെ വിരോധാഭാസം. “ഈ ആക്ടിനു കീഴില്‍ കേസ് റെജിസ്റ്റര്‍ ചെയ്താലും പോലീസിന് പ്രശ്നം പരിഹരിക്കാനാകില്ല. വര്‍ഷത്തില്‍ പത്തുകേസുകളില്‍ താഴെ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്”, ചെന്നൈ പോലീസിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

ശ്വേത ഇപ്പോള്‍ കടന്നുപോകുന്നു എന്ന് പറയപ്പെടുന്ന തരം പുനരധിവാസപ്രക്രിയകളും സഹായകകരമാണെന്ന് പറയാനാകില്ല. വേശ്യാവൃത്തിയില്‍ നിന്ന് പുറത്തുകൊണ്ടുവരാനായി മറ്റുതൊഴിലുകള്‍ പരിശീലിപ്പിക്കുകയാണ് ഇത്തരം പരിപാടികളുടെ ലക്‌ഷ്യം. എന്നാല്‍ ശ്വേതയെപ്പോലെ ദേശീയ അവാര്‍ഡ് നേടിയ ഒരു നടിക്ക് ഇത് എത്രത്തോളം ഗുണകരമാകുമെന്ന് അറിയില്ല.

പ്രബുദ്ധകേരളത്തില്‍ ഒരിക്കല്‍ വിവാദത്തിലായ ഇത്തരം പുനരധിവാസപ്രവര്‍ത്തനത്തില്‍ സംഭവിച്ചത് വേശ്യാവൃത്തി ചെയ്തിരുന്നവരെ അലക്കുകാരികളാക്കുക എന്നതായിരുന്നു. പ്രോജക്റ്റ് നടത്തിയവര്‍ക്ക് തോന്നിയത് വേശ്യാവൃത്തിയേക്കാള്‍ ഉയര്‍ന്ന ജോലി അലക്കുകാരിയാവുന്നതാണ് എന്നാണ്. ശ്വേതയോട് നമ്മള്‍ അല്‍പ്പം കൂടി നന്നായി പെരുമാറേണ്ടതുണ്ട്!

*Views are personal

Next Story

Related Stories