TopTop

സയിദ് മുഷ്താഖ് അലി ടി20; ഒത്തിണക്കത്തിന്റെ പിച്ചില്‍ കേരള ക്രിക്കറ്റിന്റെ മുന്നേറ്റം

സയിദ് മുഷ്താഖ് അലി ടി20; ഒത്തിണക്കത്തിന്റെ പിച്ചില്‍ കേരള ക്രിക്കറ്റിന്റെ മുന്നേറ്റം

ഉണ്ണികൃഷ്ണന്‍ ആര്‍

'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും ' കേരള ക്രിക്കറ്റിനെ സംബന്ധിച്ച് ഈ പരസ്യവാചകം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കേരളത്തിന്റെ ചുണക്കുട്ടികള്‍ക്കു മുന്നില്‍ ഇതാദ്യമായി ചരിത്രം വഴി മാറി കൊടുത്തിരിക്കുന്നു . സയിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ആദ്യമായി കേരളം സൂപ്പര്‍ ലീഗ് റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നു. അതും മുന്‍ നിര ടീമുകളുടെ പ്രകടനങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായാണീ 'മലയാളി പിള്ളേര്‍' മുംബൈയില്‍ അടുത്ത ആഴ്ച തുടങ്ങുന്ന സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

തലനാരിഴയ്ക്ക് രഞ്ജി ട്രോഫി മോഹങ്ങള്‍ കുരുതി കൊടുക്കേണ്ടി വന്നതിന്റെ ക്ഷീണം ടി 20 യിലെ മികച്ച പ്രകടനത്തോടെ കഴുകിക്കളയാന്‍ കേരള ക്രിക്കറ്റ് ടീമിനായി. സംസ്ഥാന ടീമിന്റെ നായക പദവി അഴിച്ചുവെച്ച ഇന്ത്യന്‍ താരം സഞ്ജു വി സാംസണ്‍ ഇക്കുറി കൊച്ചിയില്‍ തടിച്ചുകൂടിയ കാണികളെ തെല്ലും നിരാശനാക്കിയില്ല. റണ്‍ വേട്ടയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടാനും സഞ്ജുവിനായി.

ബാറ്റിംഗ്, ബൌളിംഗ്, ഫീല്‍ഡിംഗ് എന്നിങ്ങനെ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം നേടി എന്നതാണ് ഇക്കുറി കേരളത്തിന്റെ കളിയിലെ പ്രത്യേകത. ടീം എന്ന നിലയിലുള്ള ഒത്തൊരുമയോടെ കളിക്കളത്തില്‍ പെരുമാറാന്‍ ഇവര്‍ക്കായി. സഞ്ജു, രോഹന്‍ പ്രേം, പ്രശാന്ത് പദ്മനാഭന്‍ എന്നീ ത്രിമൂര്‍ത്തികളില്‍ കേന്ദ്രിതമായിരുന്നു കേരള വിജയങ്ങളെങ്കിലും മുതിര്‍ന്ന താരം വി എ ജഗദീഷ്, ഫാസ്റ്റ് ബോളര്‍മാരായ ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, റൈഫി ഗോമസ് എന്നിവരുടെ പ്രകടനങ്ങളും പ്രശംസയര്‍ഹിക്കുന്നു. അവശ്യ ഘട്ടങ്ങളില്‍ നായകന്‍ സച്ചിന്‍ ബേബിയും ടീമിന്റെ രക്ഷക്കെത്തുന്നു.ടീം മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുമ്പോഴും അമിതാവേശം കാണിക്കാത്ത ഒരു മുഖം കേരള ക്രിക്കറ്റ് ടീമിന്റെ ക്യാമ്പില്‍ കാണുവാന്‍ സാധിക്കും. അത് മറ്റാരുടെയുമല്ല, കോച്ച് പി ബാലചന്ദ്രന്റെ. അണ്ടര്‍ 23 ടീമിന്റെ തുടര്‍ വിജയ കഥകള്‍ക്ക് ചുക്കാന്‍ പിടിച്ച ഇദ്ദേഹം കേരള സീനിയര്‍ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിയിരുന്നു. രഞ്ജി ട്രോഫിയിലെ തെറ്റില്ലാത്ത പ്രകടനങ്ങള്‍ക്കു ശേഷം കേരളം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍, ഈ പരിശീലകനും അഭിമാനിക്കാന്‍ ഏറെയുണ്ട് വക.

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ കേരളത്തിന്റെ പ്രകടനങ്ങള്‍ കടലാസില്‍ ഇങ്ങനെ; 6 മത്സരം, 5 ജയം, 1 തോല്‍വി. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ജാര്‍ഖണ്ഡിനെതിരെ 6 വിക്കറ്റിന്റെ പരാജയം.സംഭവിച്ച ഒരേയൊരു തോല്‍വിയിലും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബ് , ജമ്മു കാശ്മീര്‍ , ത്രിപുര , രാജസ്ഥാന്‍ , സൗരാഷ്ട്ര എന്നീ ടീമുകളെ നിഷ്പ്രഭരാക്കി . ഗ്രൂപ്പ് ബി യില്‍ നിന്നും ഒന്നാമതായി ഫിനിഷ് ചെയ്ത കേരളത്തിന്‌ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ മേല്‍കൈ നേടുവാന്‍ എല്ലാ മത്സരങ്ങളിലും സാധിച്ചു. യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളടങ്ങിയ പഞ്ചാബിനെതിരെയുള്ള മത്സരം ടീമിന്റെ കരുത്തു വിളിച്ചോതുന്നതായിരുന്നു. പഞ്ചാബിനെ കീഴടക്കിയ മത്സരത്തില്‍ നിര്‍ണായകമായത് 56 പന്തില്‍ നിന്നും 72 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിംഗ് വിസ്‌ഫോടനമായിരുന്നു. ജാര്‍ഖണ്ഡിനെതിരെയും മികച്ച ഫോം തുടരാന്‍ സഞ്ജുവിനായി (57 പന്തില്‍ 87 റണ്‍സ് ). ടൂര്‍ണമെന്റില്‍ മൂന്നു അര്‍ദ്ധ സെഞ്ചുറികള്‍ നേടാനും ഈ വിക്കറ്റ് കീപ്പര്‍ക്ക് കഴിഞ്ഞു . സഞ്ജുവിനോടൊപ്പം രോഹന്‍ പ്രേമും റണ്‍ വേട്ടക്കാരുടെ നിരയില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടങ്ങള്‍ ടി 20 യിലും തുടരുന്ന രോഹനു ഐ പി എല്‍ വിളി ഒട്ടും തന്നെ അകലെയല്ല.പ്രശാന്ത് പദ്മനാഭന്‍ എന്ന ഇടംകയ്യന്‍ സ്പിന്നറിലാണ് കേരളത്തിന്റെ ബൌളിംഗ് പ്രതീക്ഷകളത്രെയും. ഇതിനോടകം 11 വിക്കറ്റുകള്‍ നേടിയിടുള്ള ഐ പി എല്‍ മുന്‍ താരം മധ്യ ഓവറുകളില്‍ മത്സരം കേരളത്തിന്റെ വരുതിയില്‍ നിര്‍ത്തുവാന്‍ തന്റെ പന്തുകള്‍ കറക്കുന്നതില്‍ വിരുതു കാട്ടുന്നു. ബേസില്‍ തമ്പിയും സന്ദീപ് വാര്യരും തങ്ങളുടെ റോളുകള്‍ ഭംഗിയായി നിറവേറ്റുന്നു. സഹായകരുടെ സ്ഥാനത്തു റൈഫിയും ജഗദീഷും രോഹനും. പ്രശാന്തിനെയും സന്ദീപിനെയും ഇക്കുറി ഐ .പി. എല്‍ താരങ്ങളുടെ പട്ടികയില്‍ നിന്നും ടീമുകള്‍ ഒഴിവാക്കിയിരുന്നു. എങ്കിലും ഫെബ്രുവരിയിലെ താരലേലത്തില്‍ ഇവര്‍ക്കു വേണ്ടി മുതല്‍ മുടക്കുവാന്‍ ആളുകളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു പിടി കേരള താരങ്ങള്‍ നിറഞ്ഞതാകും ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.

ഇതൊക്കെയാണെങ്കിലും കേരളത്തിനു ആശങ്കകളുണ്ടെങ്കില്‍ അത് ഓപ്പണിങ്ങ് കോമ്പിനേഷനില്‍ തന്നെയാണു. പരീക്ഷണങ്ങള്‍ തുടരുന്ന ഈ സ്ഥാനത്ത് ജഗദീഷും സഞ്ജുവും മുഹമ്മദ് അസ്സറുദ്ധീനും മിന്നി മറയുന്നു. മികച്ച പ്രകടനത്തോടെ തന്റെ സ്ഥാനം ഭദ്രമാക്കിയ സഞ്ജുവിനു പക്ഷെ പറ്റിയ ഒരു കൂട്ടാളിയെ സൂപ്പര്‍ ലീഗിലെങ്കിലും കണ്ടെത്തിയേണ്ടിയിരിക്കുന്നു. പരീക്ഷണങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടാവണം സൂപ്പര്‍ ലീഗ് പ്രവേശനം. ചെറിയ പിഴവുകള്‍ക്കുപോലും അടുത്ത ഘട്ടത്തില്‍ വലിയ വില നാല്‍കേണ്ടി വരും. 15 നു മുംബൈയില്‍ ആതിഥേയര്‍ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ സൂപ്പര്‍ ലീഗ് പോരാട്ടം .

മത്സര ക്രമം ഇങ്ങനെ :


ജനുവരി 15 കേരളം മുംബൈ
ജനുവരി 16 കേരളം ബറോഡ
ജനുവരി 18 കേരളം വിദര്‍ഭ

കേരളം ഉള്‍പ്പെടുന്ന സൂപ്പര്‍ ലീഗിലെ എ ഗ്രൂപിലെ വിജയി , ഗുജറാത്ത് , ഡല്ഹി, ജാര്‍ഖണ്ഡ്‌,, ഉത്തര്‍ പ്രദേശ് അടങ്ങിയ ഗ്രൂപ്പ് ബി യിലെ ജേതാവുമായി ഈ മാസം 20 നു കിരീടത്തിനായി ഏറ്റുമുട്ടും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories