TopTop
Begin typing your search above and press return to search.

എംഎല്‍എ ആയ അധ്യാപകന്‍ എന്നറിയപ്പെടാനാണ് എനിക്കിഷ്ടം; ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ/ അഭിമുഖം

എംഎല്‍എ ആയ അധ്യാപകന്‍ എന്നറിയപ്പെടാനാണ് എനിക്കിഷ്ടം;  ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ/ അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

തൃശൂര്‍ കൈപ്പമംഗലം മണ്ഡലത്തില്‍ നിന്നു കന്നിമത്സരത്തില്‍ തന്നെ വിജയിച്ച് നിയമസഭയിലെത്തിയ ഇ ടി ടൈസണ്‍ മാസ്റ്റര്‍ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു: ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ എന്തൊക്കെയാണ്?
ടൈസണ്‍: ഗ്രാമപഞ്ചായത്ത്, ബ്ലോക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പിന് എത്തുന്നത്. അതേ സ്ഥലം അതേ ആളുകള്‍ അതുകൊണ്ടെല്ലാം തന്നെ അധികം പ്രത്യേകതകള്‍ ഒന്നും തോന്നിയില്ല.

വി: സിപിഐയുടെ ഇരുപത്തിയേഴു സ്ഥാനാര്‍ത്ഥികളില്‍ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ഒരാള്‍ താങ്കളായിരുന്നു..
ടൈ: അങ്ങനെ എന്നില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കി എന്ന് പറയാന്‍ സാധിക്കുമോ? എല്ലാവരും നല്ല സ്ഥാനാര്‍ഥികള്‍ ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ രണ്ടുപ്രവര്‍ത്തന രണ്ടു മേഖലയും,പൊതു പ്രവര്‍ത്തനവും അദ്ധ്യാപനവും, ജനങ്ങളുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നവയായിരുന്നു. ഒരേ സമയം ജനങ്ങള്‍ എനിക്ക് അദ്ധ്യാപകന്‍ എന്ന ബഹുമാനവും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള സ്‌നേഹവും നല്‍കി. കൈപ്പമംഗലത്ത് മറ്റ് സ്ഥാനാര്‍ഥികളെക്കാള്‍ കൂടുതല്‍ സ്വീകാര്യത ആദ്യം മുതല്‍ ലഭിച്ചത് ഇതുകൊണ്ടാകാം. എല്ലാ അര്‍ത്ഥത്തിലും ഞാന്‍ പൂര്‍ണനാണ് എന്ന് അവകാശപ്പെടുന്നില്ല. ഞാനാണ് മറ്റുള്ളവരേക്കാള്‍ ഭേദം എന്ന് ജനങ്ങള്‍ക്ക് തോന്നിയിരുന്നു. അതുകൊണ്ടാകാം പാര്‍ട്ടി വിജയമുറപ്പിച്ചത്. സാക്ഷരത പ്രസ്ഥാനം, ശാസ്ത്ര സാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തി പരിചയവും വിജയത്തിന് കാരണമായി എന്ന് വിശ്വസിക്കുന്നു.

വി: നിയമസഭയ്ക്കകത്ത് മാസ്റ്റര്‍ എന്ന വിളിപ്പേരില്‍ അധികം ആളുകള്‍ക്ക് ഉണ്ടായിട്ടില്ല..
ടൈ: അധ്യാപന രംഗത്ത് സജീവമായ സമയം മുതല്‍ വീണതാണീ പേര്. പിന്നെ ആളുകള്‍ അതങ്ങു ശീലമാക്കി. ഇപ്പോള്‍ ഞാന്‍ വോളന്റിയറി റിട്ടയര്‍മെന്റിനു എഴുതി കൊടുത്തിട്ടുണ്ട്. അധ്യാപന രംഗത്ത് ഉള്ളപ്പോള്‍ തന്നെയാണ് ഞാന്‍ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്‌കൂള്‍ സമയം കൃത്യമായി ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. രാവിലെ ഒന്‍പതര മുതല്‍ മൂന്നേ മുക്കാല്‍ കഴിയുന്നത് വരെ കൃത്യമായി സ്‌കൂളില്‍ ഉണ്ടായിരുന്നു. അദ്ധ്യാപകവൃത്തിക്കിടയില്‍ ജനങ്ങള്‍ക്കിടയില്‍ കൃത്യമായി ഇടപെടുകയും ചെയ്തു പോന്നു. അതുകൊണ്ട് തന്നെ ഇത് രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നത് കണ്ടു ജങ്ങള്‍ക്ക് പലപ്പോഴും അത്ഭുതമായിരുന്നു. ഇപ്പോഴും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, അദ്ധ്യാപകന്‍ എന്ന് അറിയപ്പെടാനാണ് കൂടുതല്‍ ഇഷ്ടം. ഹെഡ്മാസ്റ്റര്‍ ആയിരിക്കുമ്പോഴാണ് വോളന്റിയറി റിട്ടയര്‍മെന്റ് എടുക്കുന്നത്. ജില്ലയിലെ ഏറ്റവും മോശം സ്‌കൂളുകളില്‍ ഒന്നയിരുന്ന സ്‌കൂളിനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടാണ് ഇറങ്ങിയത്.

വി: വി എസ് സുനില്‍കുമാറിനെ മനപ്പൂര്‍വം കൈപ്പമംഗലം മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കിയതാണ് എന്നതരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അതിനെ പറ്റി എന്താണ് പറയാനുള്ളത്?

ടൈ: വിഎസ് സുനില്‍കുമാര്‍ ഞങ്ങളുടെ നേതാവാണ്. അദ്ദേഹത്തെ എന്തിന് ഒഴിവാക്കണം? രണ്ടു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കരുത് എന്നൊരു തീരുമാനം പാര്‍ട്ടി കൈക്കൊണ്ടിരുന്നു. എന്നാല്‍ ചില മണ്ഡലങ്ങള്‍ തിരികെ പിടിക്കാന്‍ ചിലര്‍ക്ക് അവസരം നല്‍കുന്നതില്‍ തെറ്റില്ല എന്നും പാര്‍ട്ടി തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഫലമായി ആണ് സുനില്‍കുമാറിന് തൃശൂര്‍ മണ്ഡലം നല്‍കുകയും എനിക്ക് കൈപമംഗലം നല്‍കുകയും ചെയ്തത്. അതില്‍ തെറ്റൊന്നും കാണുന്നില്ല. ബാക്കിയെല്ലാം കെട്ടിച്ചമച്ച കഥകള്‍ അയി കണ്ടാല്‍ മതിയാകും.വി: മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്?

ടൈ: ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായി ഉദ്ദേശിക്കുന്നുണ്ട്. അബ്ദുല്‍ കലാം പറഞ്ഞത് പോലെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നറിയില്ല. എന്നാലും പറയാം. പ്രധാനമായും ആദ്യം മനസ്സിലുള്ളത് അഴിക്കോട് മുനമ്പം പാലമാണ്. എനിക്ക് മുന്‍പേ വന്നവര്‍ തുടങ്ങാന്‍ ശ്രമിച്ചതാണ്. എന്നാല്‍ ഇതുവരെയും അത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. പാലത്തിന്റെ പണി പൂര്‍ത്തിയാക്കുക എന്നതിനായിരിക്കും പ്രാഥമിക പരിഗണന. പിന്നെ തകര്‍ന്നു കിടക്കുന്ന ധാരാളം കടല്‍ ഭിത്തികള്‍ ഉണ്ട് ഇവിടെ. അതെല്ലാം പുനര്‍നിര്‍മിക്കണം. തീരപ്രദേശത്ത് ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. സ്വയം തൊഴിലുകള്‍ക്ക് പ്രോത്സാഹനം നല്‍കണം. കൈപമംഗലത്തെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ മേഖലയെ സജീവമാക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു ആവശ്യമായ സകല അടിസ്ഥാന സംവിധാനങ്ങളും നല്‍കി മണ്ഡലത്തിലെ സ്‌കൂളുകളെ മെച്ചപ്പെടുത്താന്‍ നടപടികള്‍ കൈക്കൊള്ളും. എന്റെ മുന്നില്‍ ഇപ്പോള്‍ നമുടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നടപ്പിലാക്കിയ ഒരു മാതൃകയുണ്ട് ആ മാതൃകയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്. പുതുക്കാട് മണ്ഡലത്തില്‍ സുസ്ഥിര വിദ്യാഭ്യാസ പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പിലാക്കിയതാണ്. അത്തരത്തിലൊരു പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

വി: അദ്ധ്യാപകന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് വിദ്യാഭ്യാസ മേഖലയുമായ് ബന്ധപ്പെട്ട് എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കാന്‍ ഉണ്ടോ?

ടൈ: ഉപദേശം എന്ന നിലയില്‍ ഒന്നുമില്ല, കാരണം അദ്ദേഹത്തിനു വിദ്യാഭ്യാസ മേഖലയെപ്പറ്റി തന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട് . നമ്മുടെ വിദ്യാഭ്യാസ മേഖല മുന്നോട്ടു കൊണ്ടുപോകാന്‍ സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കണം. ഇപ്പോഴും പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കൊക്കെ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടാന്‍ തക്കതില്‍ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം.

പിന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെക്കാള്‍ കൂടുതല്‍ മെച്ചമായി നമ്മുടെ വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയില്‍ പെടാത്ത ഒരാള്‍ വകുപ്പ് കൈവശം വെച്ചതിന്റെ ദോഷവശങ്ങള്‍ നമ്മുടെ കുട്ടികള്‍ അനുഭവിച്ചതാണ്. ഇത്തവണ ആ അവസ്ഥ ഉണ്ടാകില്ല.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)


Next Story

Related Stories