TopTop
Begin typing your search above and press return to search.

ഇത് ഒരുപാട് പേരുടെ ടേക്ക് ഓഫ്: മഹേഷ്‌ നാരായണന്‍ - അഭിമുഖം

ഇത് ഒരുപാട് പേരുടെ ടേക്ക് ഓഫ്: മഹേഷ്‌ നാരായണന്‍ - അഭിമുഖം

2014 ൽ ഇറാഖിലെ ആഭ്യന്തര യുദ്ധ കാലത്ത് തിക്രിത്തിൽ കുടുങ്ങിപ്പോയ 46 ഇന്ത്യൻ നഴ്‌സുമാരുടെ മോചനവും ഇന്ത്യയുടേയും കേരളത്തിന്റെയും നയതന്ത്ര ഇടപെടലുകളും ഒക്കെ ലോക ശ്രദ്ധയാകർഷിച്ച വാർത്തകളായിരുന്നു. അന്ന് രക്ഷപ്പെട്ട മലയാളി നഴ്സുമാരുടെ, ആ ദുരന്തകാലത്തിന്റെ പുനരാഖ്യാനം എന്ന നിലയിൽ പുറത്തിറങ്ങിയ ടേക്ക് ഓഫ് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു. നഴ്സിങ്, തൊഴിൽ ചൂഷണം, ഗാർഹിക പീഡനം, പ്രണയം, വിവാഹം, വിവാഹമോചനം, മാതൃഅവസ്ഥകൾ തുടങ്ങി നിരവധി തീമുകളിലൂടെയാണ് ടേക്ക് ഓഫ് കടന്നു പോകുന്നത്. ഫഹദ് ഫാസിലും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും എല്ലാം ഉണ്ട് ടേക്ക് ഓഫിൽ, അവരെല്ലാം പാർവതിയുടെ സപ്പോർട്ടിങ് കാസ്റ്റ് ആണ് എന്നത് ആ സിനിമയുടെ ഒരു അപൂർവതയാണ്. ഒരു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ സിനിമകളിൽ എഡിറ്ററായിരുന്ന മഹേഷ്‌ നാരായണനാണ് ടേക്ക് ഓഫിന്റെ സംവിധായകൻ. സിനിമയുടെ തിരക്കഥയിലും കഥാകൃത്ത് പി.വി ഷാജികുമാറിനൊപ്പം മഹേഷ് പങ്കാളിയാണ്. അപര്‍ണയുമായി മഹേഷ് നാരായണന്‍ സംസാരിക്കുന്നു.

അപര്‍ണ: പൊതുവെ ഗൗരവമുള്ള സർവൈവൽ ത്രില്ലറുകൾ മലയാളത്തിൽ കുറവാണ്. ഒരു തുടക്കക്കാരനായിട്ടും ആ ഗണം സ്വീകരിക്കാനുണ്ടായ കാരണം?

മഹേഷ്‌: ഈ സംഭവം മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞ, ശ്രദ്ധിച്ച ഒരു വാർത്തയാണല്ലോ. കൂടാതെ ഈ സിനിമയുടെ പ്രോട്ടഗോണിസ്റ്റ് സമീറ എന്ന കഥാപാത്രമാണ്. അവരിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. അവരുടെ താളമാണ് സിനിമയുടെ താളം. മറ്റു വ്യക്തികൾ അവരുടെ ജീവിതത്തിൽ കടന്നു പോകുന്നവരാണ്. അവരുടെ കൂടി അതിജീവനത്തിന്റെ കഥയാണ് പറയാൻ ശ്രമിച്ചത്. ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞ് കാലു നീട്ടിയിരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണിവർ. അവരുടെ വിഷയവും സർവൈവലാണ്.

അത് ഒരു ഭാഗത്തുകൂടി നടക്കുന്നു. മറ്റൊരു വശം ഒരുപാട് നഴ്സിങ് ബിരുദധാരികൾ ഉള്ള നാടാണ് കേരളം. ലോണും മറ്റും എടുത്ത് വലിയ കടങ്ങളിലൂടെയാണ് ഇവർ പഠിക്കുന്നത്. ഇവർക്ക് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ലഭിക്കുന്ന തൊഴിലവസരങ്ങൾ വളരെ കുറവാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹം പറക്കണം എന്നാണ്. വിദേശ രാജ്യത്ത് സാമ്പത്തിക സുരക്ഷ ഉള്ള ജോലി, എന്നതാണ് അവരുടെ സ്വപ്നം. അച്ഛന്റെ ചികിത്സ, കടം വീട്ടൽ, വലിയ വീട് തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളുമായാണ് അവർ ജോലിക്ക് വേണ്ടി അന്യരാജ്യങ്ങളിൽ പോകുന്നത്.

ആദ്യകാലത്ത് അമേരിക്കയിലും മറ്റും പോയി അതിജീവിച്ചവരുണ്ട്. ചില സ്ഥലങ്ങളിൽ വലിയ വീടുകൾ ഉള്ള ചില വഴികൾ കണ്ടാൽ നമ്മൾ പറയാറില്ലെ, ഈ വീട്ടിൽ ഒരു നഴ്‌സ് ഉണ്ട് എന്ന്. അമേരിക്കയിലോ മറ്റോ പോകുന്ന, സുരക്ഷിതരായ കുറച്ചു പേരുടെ അവസ്ഥയിലല്ല ഇറാഖിലേക്കും ലിബിയയിലേക്കും സുഡാനിലേക്കും ഒക്കെ പോകുന്നവരുടെ. കാൾ ലെറ്ററിൽ പറഞ്ഞ ശമ്പളം പലപ്പോഴും അവർക്കു കിട്ടാറില്ല. കോൺട്രാക്ടുകൾ പകുതിക്കു വച്ച് ലംഘിക്കാനാവില്ല. ജോലി നോക്കി കഴിഞ്ഞാലോ, കാഷ്വാലിറ്റിയിൽ പനിയുമായി വരുന്നവരില്ല. ബുള്ളറ്റുമായി വരുന്നവരാണധികവും. മനുഷ്യരുടെ കരച്ചിലുകൾ പോലും വ്യത്യസ്തമാണ്. സിനിമയിൽ കാണുന്ന പോലെ വന്ന സമയത്ത് തന്നെ ജോലിക്ക് കയറാൻ പറഞ്ഞതൊക്കെ റിയൽ ലൈഫ് സംഭവങ്ങളാണ്. നാളെ നമ്മൾ ജീവിച്ചിരിപ്പുണ്ടോ എന്നുറപ്പില്ലാത്ത ജോലിയിൽ സർവൈവ് ചെയുക എന്നത് നമ്മൾ ഫോണിൽ സംസാരിക്കും പോലെ എളുപ്പമല്ല. ഇത്തരം നിരവധി ഘടകങ്ങളാണ് ഞങ്ങൾ മൊത്തം അണിയറ പ്രവർത്തകരെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്

അ: സുരക്ഷ, നയതന്ത്രം തുടങ്ങി നിരവധി വിഷയങ്ങളിൽ കുരുങ്ങി കിടക്കുന്ന ഒരു സംഭവമാണിത്. അത്തരത്തിൽ ഒന്ന് സിനിമയാക്കുമ്പോൾ ഉണ്ടായ വെല്ലുവിളികൾ?

മ: സിനിമ എപ്പോഴും ഫിക്ഷണലായ ആർട്ട് ഫോം ആണ്. അത് ഈ സിനിമയിലും ഉണ്ട്. ഫിക്ഷണൽ ആയ എലമെന്റ്സ് ആസ്വാദകർക്ക് വേണ്ടി കൂട്ടി ചേർത്തിട്ടുണ്ട്. ഈ സവിശേഷ സംഭവത്തിൽ ഒരുപാട് തിയറികൾ നിലവിലുണ്ട്. ദേശീയ സുരക്ഷാ സേനയും നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട നിരവധി തിയറികൾ എന്നും പറഞ്ഞു കേട്ടിരുന്നു. അക്കൂട്ടത്തിൽ എനിക്ക് ഏറ്റവും വിശ്വാസ്യമായ ഒന്നിനെ സ്വീകരിക്കുകയാണ് ഞാൻ ചെയ്തത്. സത്യം പൂർണമായും അതാണോ എന്നൊന്നും അറിയാനുള്ള വഴി ഇല്ലായിരുന്നു. അതിനു ശേഷം നടന്ന പല സർവൈവൽ കഥകളെയും ചെറുതായെങ്കിലും ഞാൻ ഇതിനോട് കൂട്ടി യോജിപ്പിച്ചിട്ടുണ്ട്. ഇതിനായി സമീപിച്ച അധികാരികൾ നല്ല രീതിയിലാണ് ഇതിനെ സ്വീകരിച്ചത്.

അ: ഇറാഖ് പോലുള്ള രാജ്യങ്ങളിൽ ഷൂട്ടിങ്ങുകൾ പൊതുവെ നടക്കാറില്ലല്ലോ...

മ: പ്രാക്ടിക്കലി പോസ്സിബിൾ ആയിരുന്നില്ല അത്തരമൊരു രാജ്യത്തെ ഷൂട്ട്. മിനിമൽ രീതിയിൽ അത്യാവശ്യമായ സന്ദർഭങ്ങളിൽ ആണ് ഞങ്ങൾ ആ നാടിനെ ഉപയോഗിച്ചത്. ബാക്കി സാമ്യമുള്ള ടെറൈൻസ് കണ്ടെത്തി. ക്ലൈമറ്റ് ലൈറ്റ് ഒക്കെ അങ്ങനെയാണ്...

അ: സിനിമയുടെ കാസ്റ്റിംഗ് എല്ലാവരും ഇഷ്ടപ്പെടുന്നു. എങ്ങനെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്?

മ: പാർവതിയും കുഞ്ചാക്കോ ബോബനും ആദ്യം മുതലേ സിനിമയുടെ ഭാഗമാണ്. പിന്നീട് ഫഹദും ആസിഫും വന്നു. പിന്നെ ലോകപ്രശസ്ത ഫിലിം മേക്കറും നടനുമായ പ്രകാശ് ബേലവാഡി അഭിനയിക്കാമെന്നേറ്റു. സതീഷ് ശർമ്മ, വിശാൽ ഭരദ്വാജ് സിനിമകളിൽ പ്രൊഡ്യൂസർ ആയിരുന്നു. അലൻസിയറും അഞ്ജലിയും ഒക്കെ പിന്നീട് വന്നതാണ്. സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് ദിവ്യപ്രഭ അടക്കം പാർവതിയുടെ കൂടെ അഭിനയിച്ച നഴ്‌സുമാരെയും ശ്രദ്ധിച്ചാണ് തിരഞ്ഞെടുത്തത്. ഇവർക്കായി ഒരു ഓഡിഷൻ വച്ചിരുന്നു. ഒറിജിനൽ നഴ്‌സുമായി സാമ്യമുള്ളവരെ കണ്ടെത്താൻ ഉള്ള ആഗ്രഹം കൊണ്ടാണ് നമ്മൾ ഒഡീഷൻ നടത്തിയത്. അറബ് നടന്മാരെയും പിന്നീടുള്ള ഘട്ടത്തിൽ നമ്മൾ കൂടെ ചേർത്തിരുന്നു.

അ: പാർവതിയുടെ അഭിനയ ജീവിതത്തിൽ കിട്ടിയ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ് സമീറ. അവരുടെ അഭിനയത്തേയും അർപ്പണ ബോധത്തെയും എല്ലാം സംവിധായകൻ എന്ന രീതിയിൽ എങ്ങനെ വിലയിരുത്തുന്നു?

മ: പാർവതി എന്റെ വളരെ അടുത്ത സുഹൃത്താണ്. എഡിറ്ററും നടിയും എന്ന രീതിയിൽ വെറുതെ കണ്ടുള്ള പരിചയമല്ല ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഏറ്റവുമാദ്യം മുതലുള്ള കാര്യങ്ങൾ എല്ലാം അവർ അറിഞ്ഞിരുന്നു. സിനിമയുടെ ഓരോ ഘട്ടത്തിലും അവർ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാവാം ഇത്രയും സൂക്ഷ്മമായി അവർ സമീറയെ ഉൾക്കൊണ്ടത്.

ഈ സൂക്ഷ്മത സിനിമയുടെ ഓരോ ഘട്ടത്തിലും തെളിഞ്ഞു വന്നു. സിനിമ വളരുന്ന ഓരോ ഘട്ടത്തിലും ഇതിന്റെ ഓരോ വശങ്ങളെപ്പറ്റിയും സംസാരിച്ചും പരസ്പരം സംശയങ്ങൾ ചോദിച്ചുമാണ് ഞങ്ങൾ സമീറയെ തയ്യാറാക്കിയത്. ഓരോ ആർഗ്യുമെന്റിനെയും കഥാപാത്രത്തിന്റെ ശക്തി കൂട്ടാൻ വിനിയോഗിച്ചു എന്ന് പറയാം. ഗ്ലാമറസ് ആയ റോളല്ല; അവരുടെ സൗന്ദര്യത്തെ എടുത്ത് കാണിക്കാൻ ഒരൊറ്റ സീൻ പോലും ഉണ്ടായിരുന്നില്ല. ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന മുപ്പതുകളിൽ ഉള്ള സ്ത്രീയുടെ സ്വാഭാവികമായ രൂപമാണ് സിനിമയിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്. അത് സത്യസന്ധമായ ഒന്നായിരുന്നു. ആ സത്യസന്ധതയ്ക്ക് പാർവതി കൂടെ നിന്നു. ഇതിനെ ഉൾക്കൊണ്ട്, ഇതിനു വേണ്ടി നിരന്തരം കഠിനാധ്വാനം ചെയ്താണ് ഇവർ സിനിമയുടെ ഭാഗമായത്. ശരീരഭാരം കൂട്ടി, ഗർഭിണിയുടെ വയറു പോലെയാക്കാൻ ലിറ്റർ കണക്കിന് വെള്ളം കുടിച്ചു. മുടി മാറ്റി. അമ്മയുടെ ശരീര ഭാഷ അവർ നോക്കി പഠിച്ചു. അത്രയും കഴിവും അർപ്പണ ബോധവും ഉള്ള ആര്‍ട്ടിസ്റ് ആണവർ. ഒരു നോട്ടം പോലും, വെറുതെ കാഴ്ചക്ക് ഭംഗി കൂട്ടാൻ ഉപയോഗിച്ചിട്ടില്ല.

അ: സാങ്കേതികമായ പൂർണതകളെ പറ്റി ജനപ്രിയ മലയാള സിനിമ അത്രയൊന്നും ശ്രദ്ധിക്കാറില്ല. യുദ്ധമടക്കമുള്ള രംഗങ്ങളെ പൂർണതയോടെ ചിത്രീകരിച്ചതിനു പിന്നിലെ അധ്വാനം...

മ: എന്റെ ക്രൂവിലെ എല്ലാവരുടെയും വാശി ആയിരുന്നു അത്. വിഷ്വൽ ഏസ്തെറ്റിക്സ് തെളിഞ്ഞറിയുന്ന ഒരു കൂട്ടം മനുഷ്യരാണ് ഈ സിനിമക്ക് മുന്നിലും പിന്നിലും എനിക്കൊപ്പം ഉണ്ടായിരുന്നത്. ആർട്ട് ഡയറക്ടറും സിനിമാട്ടോഗ്രാഫറും എനിക്ക് വേണ്ടത് മുഴുവൻ അവരുടെ കൂടി കാഴ്ചപ്പാടോടെ ഓരോ ഷോട്ടിലും തന്നിട്ടുണ്ട്. കോസ്റ്റ്യൂം, മേക്ക് അപ്പ് ഒക്കെ സിനിമയുടെ ഭാഗമാണ്. ആർക്കും മേക് അപ്പ്‌ ഇല്ല എന്ന് പറഞ്ഞ് അഭിനയിക്കാൻ പറ്റില്ല. മനുഷ്യരുടെ മുഖവും പ്രദേശത്തെ വെളിച്ചവും ക്യാമറയും ഒക്കെ സിങ്ക് ആയി വെളിച്ചം തരുന്ന ഒരു അവസ്ഥയുണ്ട്. ആ അവസ്ഥയിലേക്ക് എത്തിക്കാൻ മേക്-അപ് മാൻ മുതൽ എല്ലാവരും അധ്വാനിക്കണം. ലൈറ്റ്, മേക് - അപ്പ് ഇന്ററാക്ഷൻ... ഗർഭാവസ്ഥ.. മുറിവുകളുടെ കൃത്യത... ഇതൊക്കെ ആ സിനിമയുടെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ ക്രൂ തന്നെയാണ് ആ സിനിമയുടെ ശക്തി.

അ: എഡിറ്ററിൽ നിന്നു സംവിധായകനിലേക്ക്...

മ: തീർച്ചയായും സഹകയമായ അനുഭവങ്ങൾ ഉണ്ട്. മറ്റൊരു മേഖലയിൽ ആണെങ്കിലും കണ്ടു പരിചയമുള്ള ഒരു മേഖലയാണിത്. കണ്ടു പരിചയമുള്ള, അടുപ്പമുള്ള കുറെ മുഖങ്ങൾ ഉണ്ട് ഈ സിനിമയിൽ. അതൊക്കെ സഹായകമാണ്. പിന്നെ കുറെ ഷോട്ടുകൾ വേണോ വേണ്ടയോ എന്നൊക്കെ അഭിപ്രായം പറയുന്ന, അവയെ നീക്കം ചെയ്യുകയും കൂട്ടി ചേർക്കുകയും ഒക്കെ ചേർക്കുന്ന ആളാണല്ലോ എഡിറ്റർ. ആ അനുഭവം ഒരു സംവിധായകൻ ആയി മാറിയപ്പോൾ നന്നായി സഹായിച്ചു. എഡിറ്റിംഗ് ടേബിളിന്റെ ഒബ്‌സർവേഷൻ, എന്തു വേണം എന്തു വേണ്ട, ഇത് സ്ഥിരമായി ഉപയോഗിക്കുന്നതാണല്ലോ എന്നൊക്കെ അറിയാൻ ഉപകരിക്കും.

സംവിധായകനും കഥാകൃത്തും ഉണ്ടാക്കിയ കഥയെ പുതിയ ഒരു നരറേറ്റീവ് പ്രോസസിൽ എടുക്കുന്ന ആളാണ് എഡിറ്റർ. ഏത് പ്രേക്ഷക വിഭാഗത്തിന് വേണ്ടി പറയുന്ന കഥയാണ് എന്നനുസരിച്ചാണ് എഡിറ്റർ തന്റെ ജോലി ചെയുന്നത്; എന്നു കരുതി അതുകൊണ്ട് മാത്രം ഒരു സംവിധായകനാകാം എന്നൊന്നും കരുതുന്നില്ല. രണ്ടും രണ്ടു മേഖലകൾ ആണല്ലോ... സംവിധാനത്തിൽ മാത്രമായി ഉപയോഗിക്കേണ്ടി വരുന്ന സൂക്ഷ്മതകൾ ഉണ്ട്. എങ്കിലും എഡിറ്റിംഗിന്റെ അനുഭവങ്ങൾ എങ്ങനെ ഗുണകരമായി പുതിയൊരു മേഖലയിലേക്ക് ഉപയോഗിക്കാം എന്ന് ഞാൻ അന്വേഷിച്ചിരുന്നു.

അ: റിയൽ ലൈഫിൽ അതിജീവിച്ച നഴ്‌സുമാർ ഇപ്പോഴും പലയിടങ്ങളിലായി ജീവിച്ചിരിപ്പുണ്ട്. അവരെ സിനിമക്ക് വേണ്ടിയും അതിനു ശേഷവും പിന്തുടർന്നിരുന്നോ?

മ: അവരിൽ മറീന എന്ന നേഴ്സ് ഇപ്പോൾ നാട്ടിൽ ഉണ്ട്. അവരുടെ ഭർത്താവ് സൗദിയിൽ ജോലി ചെയ്യുന്നു. മറ്റു ചിലരും നാട്ടിൽ ചിലയിടത്ത് ഉണ്ട്. ഇറാഖിലേക്ക് തന്നെ തിരിച്ചു പോയവരും ഉണ്ട്. അത് വളരെ കഷ്ടകരമായ അവസ്ഥയാണ്. വന്ന സമയത്ത് ഇവർക്ക് ലഭിച്ചിരുന്ന ജോലി വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഇവർക്ക് നിരവധി തൊഴിലുകൾ നൽകാം എന്ന ഉറപ്പ് പലരും പറഞ്ഞിരുന്നു. പക്ഷെ അത് വെറും വാക്കായി ഒതുങ്ങി. അന്നനുഭവിച്ച ദുരന്തങ്ങളെക്കാൾ കഷ്ടപ്പാട് അവരുടെ ചുറ്റുപാടിലും ഉള്ളത് കൊണ്ടാണ് ആ നാട്ടിലേക്ക് തന്നെ തിരിച്ചു പോകേണ്ടിയും പല തരത്തിലുള്ള അനിശ്ചിത്വത്തിൽ പണിയെടുക്കേണ്ടിയും വന്നത്. നമ്മൾ അത് കാണുന്നില്ല. നമ്മൾ എന്ന് പറയുമ്പോൾ ഒരു അധികാരിയേയും കുറ്റക്കാരായി പ്ളേസ് ചെയ്തു കൊണ്ടല്ല പറയുന്നത്. ആ അവസ്ഥ നമ്മൾ, ഓരോ വ്യക്തിയും തിരിച്ചറിയണം എന്ന് മാത്രം.

അ: അവരുടെ കൂട്ടത്തിൽ കഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും തരത്തിൽ സഹായകമാകുന്ന എന്തെങ്കിലും ഈ സിനിമ കാരണം ഉണ്ടാകുമോ?

മ: തീർച്ചയായും. ആദ്യഘട്ടത്തിൽ തന്നെ അത്തരത്തിൽ വളരെ ആത്മാർത്ഥമായ ഒരു ശ്രമം ഈ സിനിമയുടെ നിർമാതാക്കളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനൊരു പ്രൊജക്ഷൻ വച്ച് സഹായിക്കാൻ കഴിവുള്ള, മനസുള്ള കുറച്ചു പേരെ തേടാൻ ഒക്കെ പദ്ധതി ഉണ്ട്.

അ: വിവാദങ്ങളും ഉണ്ടായി

മ: അതിന്റെ ആവശ്യം സത്യം പറഞ്ഞാൽ മനസിലായിട്ടില്ല. നാട്ടിൽ നിന്നും ദൂരെ ജോലി തേടി പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് പറഞ്ഞത് ആദ്യഭാഗത്ത്. അതിപ്പോൾ ഒരു ക്രിസ്ത്യൻ സ്ത്രീയോ ഹിന്ദു സ്ത്രീയോ ആയാലും അവർക്കു ചിലപ്പോൾ സമാനമായ അനുഭവങ്ങൾ ഉണ്ടാവും. വ്യക്തിപരമായ പ്രശ്നങ്ങളിൽ സാമ്യം ഉണ്ടാവും. പത്രങ്ങളിലൂടെ വായിച്ച, അനുഭവിച്ച, ആളുകളോട് സംസാരിച്ച കാര്യങ്ങൾ തന്നെയാണ് പകർത്താൻ ശ്രമിച്ചത്. പിന്നെ അവർ പറയുന്നത് ഏറ്റു പറയാൻ പറ്റാത്തവരെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ഒക്കെ ഐ എസ് ഭീകരാക്രമണത്തിന്റെ ഭാഗമാണ്. ഷിയാ - സുന്നി വിഭജനമോ മറ്റു സൂക്ഷ്മ നിരീക്ഷണങ്ങളോ അതിനപ്പുറം സിനിമയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചിട്ടില്ല. അതിനെയൊക്കെ ചുറ്റിപ്പറ്റി വന്നത് അനാവശ്യ വിവാദങ്ങൾ തന്നെയാണ്. സിനിമയുടെ കഥാഗതിക്കു വേണ്ടാത്തത് ഞങ്ങൾ സിനിമയിൽ ചേർത്തിട്ടില്ല. പിന്നെ ഒരു മതവിശ്വാസത്തെയും ചോദ്യം ചെയ്തിട്ടില്ല.


Next Story

Related Stories