Top

ടേക്ക് ഓഫ്; നഴ്സുമാരുടെ ജീവിതത്തിന് ഒരു ബിഗ് സല്യൂട്ട്

ടേക്ക് ഓഫ്; നഴ്സുമാരുടെ ജീവിതത്തിന് ഒരു ബിഗ് സല്യൂട്ട്
പതിവു പ്രമേയ പരിസരങ്ങളില്‍ നിന്നും മലയാള സിനിമയുടെ ടേക്ക് ഓഫാണ് ഈ സിനിമ. അത് കൊച്ചിയുടെ (നേരത്തെ ഒറ്റപ്പാലമായിരുന്നു) ഇട്ടാവട്ടങ്ങളില്‍നിന്നും മാറി മലയാളി ജീവിതത്തിന്റെ അന്താരാഷ്ട്ര മുഖം അവതരിപ്പിക്കുന്നു. നമുക്ക് പരിചിതമായ ഗള്‍ഫ് ജീവിതമാണ് പശ്ചാത്തലമെങ്കിലും മലയാളി സമൂഹം മുള്‍മുനയിലൂടെ കടന്നുപോയ കുറച്ചു ദിവസങ്ങളെ അതിന്റെ സംഭ്രമവും സംത്രാസവും ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.

Read: ‘ഫഹദ്.. നിങ്ങള്‍ വേറെ ലെവലാണ്’; ടേക്ക് ഓഫ് ഞെട്ടലില്‍ നാദിര്‍ഷയും ബോബന്‍ സാമുവലും ജൂഡ് ആന്റണിയും

Read: ടേക് ഓഫ്; ഒരു രാജേഷ് പിള്ള സിനിമ

2014 ജൂലൈയില്‍ ഇറാഖിലെ തിക്രിതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ അകപ്പെട്ട 46 മലയാളി നഴ്സുമാരെ രക്ഷിച്ചു കേരളത്തിലേക്ക് എത്തിച്ച സംഭവത്തിന്റെ ആവിഷ്ക്കാരമാണ് പ്രമുഖ എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫിന്റെ കഥ.  എന്നാല്‍ ഒരു റെസ്ക്യു ഓപ്പറേഷന്റെ ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് വഴുതി വീഴാതെ സിനിമയെ അതിജീവനത്തിന്റെ ഒരു മനുഷ്യകഥാനുഗായി ആക്കി മാറ്റാന്‍ സംവിധായകനും സഹ തിരക്കഥാകൃത്ത് പിവി ഷാജികുമാറിനും സാധിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഈ സംഭവത്തിന്റെ ഓരോ സൂക്ഷ്മ സംഭവ വികാസങ്ങളും ഇവിടത്തെ മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ എത്തിച്ചിരുന്നു എന്നത് തന്നെയായിരിക്കാം സിനിമയുടെ പിന്നണി പ്രവര്‍ത്തകരുടെ ഏറ്റവും വലിയ വെല്ലുവിളി. ആ മാധ്യമ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒന്നാക്കി സിനിമയെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതുതന്നെയാണ് ടേക്ക് ഓഫിന്റെ വിജയം.സിനിമയെ താങ്ങി നിര്‍ത്തുന്നത് സമീറയാണ്. പാര്‍വ്വതി അവതരിപ്പിച്ച ഈ നേഴ്സ് കഥാപാത്രത്തിന് ജീവിതം തന്നെ ഒരു വലിയ യുദ്ധമാണ്. വിവാഹ മോചനം, കുഞ്ഞിനെ പിരിഞ്ഞുള്ള ജീവിതം, വായ്പയടക്കമുള്ള വീട്ടിലെ പ്രാരബ്ദങ്ങള്‍, കേരളത്തിലെ മോശം തൊഴില്‍ സാഹചര്യങ്ങള്‍, കൂടാതെ വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് എന്നു അറിഞ്ഞിട്ടും പിന്നാലെ നടക്കുന്ന ഷഹീദ് (കുഞ്ചാക്കോ ബോബന്‍) എന്ന സഹപ്രവര്‍ത്തകന്‍, മതത്തിന്റെയും കുടുംബത്തിന്റെയും ചില യാഥാസ്ഥിതിക ചുറ്റുവട്ടങ്ങള്‍... ആദ്യ രംഗമായ റിക്രൂട്ടിംഗ് അഭിമുഖത്തില്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തള്ളപ്പെടുമെന്ന സാഹചര്യം മുതല്‍ അവള്‍ ജീവിതതത്തോട് നിരന്തരം സംഘര്‍ഷത്തിലാണ് എന്ന തോന്നലുണ്ടാക്കാന്‍ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പൈശാചികമായ യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇറാഖിലേക്ക് പോകാന്‍ ശ്രമിക്കുന്നത് നഴ്സുമാരായ പെണ്‍കുട്ടികളുടെ അറിവില്ലായ്മകൊണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഗതികേട് കൊണ്ടായിരുന്നു. നാട്ടില്‍ കിട്ടുന്നതിന്റെ നാലിരട്ടി ശമ്പളം കിട്ടുമെന്ന മോഹന യാഥാര്‍ഥ്യം. സമീറ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനോട് പറയുന്നതു പോലെ 'ഭൂമിയിലെ മാലാഖമാര്‍ എന്നൊക്കെ വിളിക്കുമെങ്കിലും മാലാഖമാരുടെ വീട്ടിലെ കാര്യങ്ങളൊന്നും ആരും അന്വേഷിക്കാറില്ലല്ലോ.'

ബിന്‍ലാദന്റെ അല്‍ഖ്വൈദയ്ക് ശേഷം പശ്ചിമേഷ്യയിലെ തീവ്രവാദ മുഖമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ ആഭ്യന്തര യുദ്ധമാണ് ലോകം ഈ അടുത്തകാലത്ത് കണ്ട ഏറ്റവും ക്രൂരമായ സംഭവങ്ങളില്‍ ഒന്ന്. ഇസ്ളാമിക തീവ്രവാദത്തിന്റെ ഈ ഹിംസാത്മക മുഖം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തൊഴില്‍ തേടി എത്തിയ നിരവധി ആളുകളെ മാത്രമല്ല ആ രാജ്യങ്ങളില്‍ നിന്നു ഓടിച്ചു വിട്ടത്. പിറന്ന മണ്ണില്‍ നിന്നും നിരവധി പേര്‍ യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി ഒഴുകി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ നിരവധി രാജ്യങ്ങളുടെ നയതന്ത്ര പ്രശ്നമായി മാറി.ഗള്‍ഫ് ജീവിതാനുഭവങ്ങള്‍ മലയാളിയുടെ കാഴ്ചാനുഭവങ്ങളില്‍പലപ്പോഴായി കടന്നു വന്നിട്ടുണ്ട്. എംടിയുടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങളും വിസയുമൊക്കെ ആദ്യകാലത്ത് മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ  അവതരിപ്പിച്ചപ്പോള്‍ 80 കളില്‍ വരവേല്‍പ്പ് പോലുള്ള സിനിമകളിലൂടെ മധ്യവര്‍ഗ്ഗ മലയാളി ജീവിതത്തെ ഗള്‍ഫ് പ്രവാസം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നു കാണിച്ചു തന്നു. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടൊരു പെണ്ണ് മികച്ച പ്രവാസാനുഭവ ചിത്രങ്ങളില്‍ ഒന്നാണ്. പിന്നീട് കമലിന്റെ പെരുമഴക്കാലം, ഗദ്ദാമ, സ്വപ്ന സഞ്ചാരി, ലാല്‍ ജോസിന്റെ അറബിക്കഥ, ഡയമണ്ട് നെക്ക്ലെസ്, സലീം അഹമ്മദിന്റെ പത്തേമാരി, പിടി കുഞ്ഞുമുഹമ്മദിന്റെ മഗ്രിബ്, ടിവി ചന്ദ്രന്റെ മോഹവലയം തുടങ്ങിയ ചിത്രങ്ങള്‍ ഗള്‍ഫ് ജീവിതത്തെ പല കോണുകളിലൂടെ നോക്കിക്കണ്ട സിനിമകളാണ്. എന്നാല്‍ രാജ്യമാകെ ഉറ്റുനോക്കിയ ഒരു സംഭവത്തിന്റെ ആവിഷ്കാരമെന്ന നിലയിലും നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തെ പ്രമേയമാക്കുന്നതിലൂടെയും ഏറെ പ്രാധ്യാന്യം ആര്‍ഹിക്കുന്ന ഒരു രചനയാണ് ടേക്ക് ഓഫ്.

ടേക്ക് ഓഫില്‍ എടുത്തുപറയേണ്ട പ്രകടനം മുഖ്യ കഥാപാത്രമായ സമീറയെ അവതരിപ്പിച്ച പാര്‍വ്വതിയുടേതാണ്. ഒരു നഴ്സിന്റെ അതിജീവന സംഘര്‍ഷങ്ങള്‍ ഹൃദയത്തില്‍ തൊടുന്നതുപോലെ അവതരിപ്പിക്കാന്‍ പാര്‍വതിക്ക് കഴിഞ്ഞിട്ടുണ്ട്. നിയന്ത്രിതമായ അഭിനയത്തോടെ കുഞ്ചാക്കോ ബോബനും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായി എത്തുന്ന ഫഹദ് ഫാസിലും തങ്ങളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നു. സമീറയുടെ ആദ്യ ഭര്‍ത്താവായി എത്തുന്ന ആസിഫ് അലിയും കുറച്ചു രംഗങ്ങളില്‍ മാത്രമേ എത്തുന്നുള്ളൂ എങ്കിലും മികച്ച സാന്നിധ്യമായി.

ഈ അടുത്തകാലത്ത് മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ള മികച്ച ചലച്ചിത്രാനുഭവങ്ങളില്‍ ഒന്നാണ് ടേക്ക് ഓഫ്. സിനിമയുടെ എല്ലാ മേഖലകളിലമുള്ള പൂര്‍ണ്ണതയും കയ്യൊതുക്കവുമാണ് ഈ ചിത്രത്തിന്റെ വിജയം. തങ്ങളുടെ കുടുംബത്തിന് വേണ്ടി അതിലൂടെ നാടിന് വേണ്ടി വിദൂരമായ നാടുകളില്‍ അത്യധ്വാനം ചെയ്യുന്ന നഴ്സുമാരുടെ ജീവിതത്തിനുള്ള ബിഗ് സല്യൂട്ട് കൂടിയാണ് ഈ ചിത്രം. നമ്മുടെ നന്ദികേടുകള്‍ക്ക് സിനിമകൊണ്ട് ഒരു മറുപടി.

Next Story

Related Stories