TopTop
Begin typing your search above and press return to search.

ചലച്ചിത്ര ഭാഷയ്ക്ക് ധീരവും നവ്യവുമായൊരു ടേക്ക് ഓഫ്

ചലച്ചിത്ര ഭാഷയ്ക്ക് ധീരവും നവ്യവുമായൊരു ടേക്ക് ഓഫ്

ജീവിതം പറയാന്‍ പഴകി മുഷിയാത്ത ഒരു സിനിമാ ആഖ്യാന വഴി തനിക്കുണ്ടെന്ന് സംവിധായകന്‍ മഹേഷ്‌ നാരായണന്‍ ആര്‍ജ്ജവത്തോടെ പ്രഖ്യാപിക്കുന്ന ചലച്ചിത്ര ശ്രമമാണ് ടേക്ക് ഓഫ്. മലയാള സിനിമയുടെ നടന്നു പഴകിയ വഴികളെ പാടേ നിരാകരിച്ച് , പുതുപുത്തന്‍ വഴി വെട്ടിത്തെളിച്ച സിനിമ എന്ന നിലയിലായിരിക്കും സിനിമാ ചരിത്രം മഹേഷ്‌ നാരായണനെയും, ടേക്ക് ഓഫ് എന്ന സിനിമയെയും രേഖപ്പെടുത്തുക. ട്രാഫിക്, മുംബൈ പൊലീസ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ കന്നിസംവിധാന സംരംഭമാണ് ടേക്ക് ഓഫ്.

മറ്റേതൊരു തൊഴിലില്‍ നിന്നും വിഭിന്നമായി, പഠിച്ചു കഴിഞ്ഞാല്‍ സ്വന്തം നാട്ടില്‍ പഠനത്തിന്റെ കടം വീട്ടാന്‍ പോലും പര്യാപ്തമല്ലാത്ത ഒരു തൊഴില്‍ മേഖലയാണ് നഴ്സിംഗ് എന്നത് തന്നെയാണ് ഈ സിനിമയുടെ കാതലായ പ്രമേയം. പലപ്പോഴും മണലാരണ്യത്തില്‍ ജീവിതം പകുത്തുപോയവരുടെ ദൈന്യതകളില്‍ നിന്ന് നാം മലയാളികള്‍ മനസ്സിലാക്കിയതാണ്, മണലാരണ്യത്തിന്‍റെ വരണ്ട ജീവസ്ഥലികളിലൂടെ ഓരോ സിരകള്‍ കടല്‍ കടന്നു കേരളത്തിന്റെ മണ്ണിലേക്ക് ഒഴുകുന്നുണ്ട് എന്നത്. ഓരോ പ്രവാസിയും ശ്വസിക്കുന്നത് പോലും നാട്ടിലുള്ള ഒരു സ്നേഹത്തിന്റെയോ, ഇഷ്ടത്തിന്റെയോ, കാരുണ്യത്തിന്റെയോ, അത്രമേല്‍ തീക്ഷ്ണമാം വാല്‍സല്യത്തിന്റെയോ സ്വാസ്ഥ്യത്തിനു വേണ്ടിയാണ്. ആരെയൊക്കെയോ ഹൃദയമൂറ്റി സ്നേഹിക്കുക എന്ന കുറ്റം ചെയ്തതിനാല്‍, നാലും, അഞ്ചും, പതിറ്റാണ്ട് മണലാരണ്യത്തിന്റെ അസ്വാതന്ത്ര്യങ്ങളില്‍ തടവില്‍ കഴിയുന്നവന്റെ നെടുവീര്‍പ്പുകളുടെ ആര്‍ദ്രതയാണ് നമ്മുടെ കേരളത്തിന്‍റെ സമ്പല്‍സമൃദ്ധിയുടെ ഇന്നത്തെ നിറവു പോലും.

പൊള്ളുന്ന പ്രവാസത്തിന്റെ ഉള്ളുചൂഴ്ന്ന വിങ്ങലാണ് ടേക്ക് ഓഫ് എന്ന സിനിമ ആഖ്യാനം ചെയ്യുന്ന സംഭവ കഥയിലെ നെടുവീര്‍പ്പും പുഞ്ചിരിയും നിസ്സഹായതയുമെല്ലാം. അറേബ്യന്‍ മണലാരണ്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാഴ്ചയുറപ്പിച്ച 2014 ല്‍ ഇറാഖിലെ തിക്രിത്തില്‍ അവര്‍ 46 ഇന്ത്യന്‍ നഴ്‌സുമാരെ ബന്ധികളാക്കിയതും നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് അവരെ രക്ഷപ്പെടുത്തിയതുമായ യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെടുത്ത ഈ സിനിമ, ആഖ്യാന പരിസരങ്ങളുടെ ആഗോള സ്വഭാവം കൊണ്ടും, പഴുതുകളടച്ച കഥാപാത്ര നിര്‍ണ്ണയം കൊണ്ടും, ഓരോ അഭിനേതാവിന്റെയും വ്യക്തിപരമായ പ്രകടനത്തിന്റെ അപാരത കൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന സമീറ എന്ന പാര്‍വതിയുടെ നഴ്സ് കഥാപാത്രം തന്നെയാണ് സിനിമയുടെ പ്രാണന്‍. അവളുടെ ജീവനും, ജീവിതവും തന്നെയാണ് സിനിമ. അവളുടെ ജീവിത വഴികളിലൂടെയാണ്‌ സിനിമ യുക്തിഭദ്രവും, ഒട്ടും മുഷിച്ചിലില്ലാതെയുമുള്ള ദൃശ്യ പരിസരങ്ങളിലൂടെയും മുന്നോട്ട് പോകുന്നത്. ഒരു പക്ഷേ, സമീപ കാലത്തൊന്നും മലയാള സിനിമയില്‍ ഇത്രമേല്‍ വ്യക്തിത്വമുള്ള ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ നാം കണ്ടിട്ടില്ല എന്നതും വസ്തുതയാണ്. സ്വാതന്ത്ര്യാഭിവാഞ്ചയും, സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ഹൃദയമൂറ്റിയ സ്നേഹവും കരുതലുമുള്ള സമീറ തൊഴിലിനേയും , സാമ്പത്തിക സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നവളുമാണ്.

പെണ്ണായാലും തൊഴിലെടുത്ത് ജീവിക്കണം, കുടുംബത്തെ സഹായിക്കണം, പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളെ പാതി വഴിയില്‍ മറന്നു പോകരുത് തുടങ്ങിയ ജീവിത ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന സമീറ, ഒരു പക്ഷേ ഇത്തരം നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ കാരണം ആദ്യ ദാമ്പത്യത്തില്‍ കാലിടറി ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നു. ഫൈസലില്‍ നിന്ന് (ആസിഫ് അലി ) വിവാഹമോചിതയാകുന്ന സമീറയ്ക്ക്, ഇറാഖിലേക്ക് ജോലിക്കായുള്ള ജീവിതത്തെ പറിച്ചുനടല്‍ അതിജീവനത്തിന്‍റെ അവസാന വഴികൂടിയായിരുന്നു. ഒരു പക്ഷേ, ഷഹീദിനെ (കുഞ്ചാക്കോ ബോബന്‍ ) രണ്ടാമത്തെ ജീവിത പങ്കാളിയായി ഒപ്പം കൂട്ടുന്നത്‌ പോലും, പ്രണയത്തിന്‍റെ തീവ്രതക്കപ്പുറത്തു വിവാഹിതയായതിനു ശേഷം പുറത്തുപോകുന്നതിനു വേണ്ടിയുള്ള കുടുംബത്തിന്‍റെ സമ്മതം തേടല്‍ കൂടിയാണ്.

പാര്‍വതി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയാണ് സിനിമയില്‍. അഭിനയിക്കുന്നു എന്ന് ഒരു മാത്ര പോലും തോന്നിപ്പോകുന്ന ഒരു രംഗം പോലും സിനിമയിലില്ല. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്ന , തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന, വിഷാദിയായ,‍ വിവാഹമോചിതയായ, ഗര്‍ഭിണിയായ, ഉപേക്ഷിക്കപ്പെട്ടവളായ, ഒടുവില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരാല്‍ ബന്ധിയാക്കപ്പെട്ട ഒരു സ്ത്രീ ജീവിതത്തിന്റെ സമസ്ത ഭാവങ്ങള്‍ക്കും ഊടും പാവും നെയ്ത ഈ കഥാപാത്രത്തിനു, ഈ അഭിനേത്രിയെത്തേടി അംഗീകാരങ്ങളുടെ പെരുമഴക്കാലം തന്നെ കാത്തിരിക്കുന്നുണ്ടാകാം.

എന്തായാലും ഇറാഖില്‍ എത്തിപ്പെട്ടതിനു ശേഷമുള്ള വഴിത്തിരിവുകള്‍ ചലച്ചിത്രം എന്നതിനപ്പുറം, കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തോളമായി ഇറാഖിലും മറ്റു അറേബ്യന്‍ രാജ്യങ്ങളിലും നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളുടെ നേര്‍ ആഖ്യായിക തന്നെയാണ്. ഇസ്ലാമിക് സ്റ്റേറ്റ് വേരുറപ്പിക്കുന്ന രാജ്യങ്ങളിലെ രക്തചൊരിച്ചിലുകള്‍ നമുക്കിപ്പോള്‍ ഒരു സിനിമാക്കഥയല്ലല്ലോ. ആ സംഭവപരമ്പരകളുടെ ദൃശ്യവല്‍ക്കരണം ഒരു പക്ഷേ ഒരു ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രൂപത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു എന്നുള്ളതും നമ്മുടേത് പോലെ ഒരു ചെറിയ സിനിമാ വ്യവസായത്തില്‍ നിന്നും അമ്പരപ്പിക്കുന്ന അപ്രതീക്ഷിതത്വം തന്നെയാണ്.

രണ്ടാം പകുതിയില്‍ മാത്രമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഇറാഖിലെ ഇന്ത്യന്‍ അംബാസഡറുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് . മലയാളത്തിലെ യുവനടന്മാരില്‍ 'കഥാപാത്രം ആവശ്യപ്പെടുന്ന ഭാവ സാന്ദ്രതകളുടെ പൂര്‍ണ്ണത' എന്ന് ഇനിയും ഈ നടനെ വിളിക്കാന്‍ വൈകാന്‍ പാടില്ലെന്ന് തോന്നുന്നു. മനോജ്‌ എന്ന അംബാസഡര്‍ എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണനും, മനുഷ്യസ്നേഹിയുമാണ്. ഒരു പക്ഷേ, സമീറ എന്ന നഴ്സിന്റെ ജീവിതാഭിനിവേശവും, കുടുംബത്തെ കൂട്ടിയോജിപ്പിക്കുവാനുള്ള അഭിവാഞ്ജയും, മനോജ് എന്ന അംബാസഡറുടെ ബുദ്ധികൂര്‍മ്മതയും, ഊര്‍ജ്ജസ്വലതയും തന്നെയാണ് ഇറാഖിലെ നഴ്സുമാരെ ജീവനോടെ നാട്ടിലെത്തിക്കാന്‍ സാധിക്കുവാന്‍ കാരണമായത് എന്ന് സിനിമ അടയാളപ്പെടുത്തുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഷഹീദ് എന്ന മെയില്‍ നഴ്സും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതകളുടെ നേര്‍ക്കാഴ്ചകളിലേക്ക്‌ തുറന്നു വച്ച കണ്ണുകള്‍ പോലുള്ള ഒരു കഥാപാത്രം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു.

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്‍റെ മലയാളത്തിലെ മാസ്റ്റര്‍ പീസ്‌ എന്ന് ഈ ചിത്രത്തിലെ പ്രതിഭാ പ്രദര്‍ശനത്തെ വിശേഷിപ്പിക്കാതിരിക്കാനാവില്ല. റഫീക്ക് അഹമ്മദ്, ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗാനങ്ങളും പുതുമയെ അടയാളപ്പെടുത്തുന്നുണ്ട്. ചിത്രത്തിന്‍റെ സംവിധായകനും, രചയിതാവുമായ മഹേഷ്‌ നാരായണനും, കൂട്ടത്തില്‍ അഭിലാഷ് ബാലചന്ദ്രനുംകൂടിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അലന്‍സിയര്‍, മാല പാര്‍വതി തുടങ്ങിയവരാണ് ഒതുക്കമുള്ള കഥാപാത്രങ്ങള്‍ കൊണ്ട് കൂടെയുള്ള മറ്റുള്ളവര്‍. പി വി ഷാജികുമാറിന്റെ സംഭാഷണങ്ങള്‍ കഥാപാത്രങ്ങളുടെ കരുത്തും ഉള്‍ക്കാമ്പും ചോരാതെ വരച്ചിടുന്നുണ്ട്. സാനു ജോണ്‍ വര്‍ഗ്ഗീസിന്റെ ക്യാമറയാണ് കാഴ്ചകളുടെ തീരങ്ങളിലേക്ക് നമ്മെ നയിക്കുന്ന മിഴികള്‍.

രാജേഷ് പിള്ള അകാലത്തില്‍ പൊലിഞ്ഞെങ്കിലും, അദ്ദേഹം ഊടും പാവും നെയ്യാന്‍ ശ്രമിച്ച ഒരു ചലച്ചിത്ര വഴിയുടെ വീണ്ടെടുപ്പ് എന്ന നിലയില്‍, ഈ സിനിമയെ അനുഭവവേദ്യമാക്കാന്‍ അണിയറക്കാര്‍ നടത്തുന്ന ശ്രമവും പ്രശംസനീയവുമാണ്.

മലയാളത്തിലെ പുതുതലമുറ സിനിമകളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവും, ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകവുമായിരിക്കും ടേക്ക് ഓഫ് എന്ന ധീരമായ ചലച്ചിത്ര ശ്രമമെന്ന് ധൈര്യമായി പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories