TopTop
Begin typing your search above and press return to search.

കോടതി, സര്‍ക്കാര്‍... ഇനി ഞാനാരെയാണ് കാണേണ്ടത്? സത്നാമിന്റെ പിതാവ് സംസാരിക്കുന്നു

കോടതി, സര്‍ക്കാര്‍... ഇനി ഞാനാരെയാണ് കാണേണ്ടത്? സത്നാമിന്റെ പിതാവ് സംസാരിക്കുന്നു

'മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്തു നിര്‍ത്തിയിരിക്കുന്നത്?' എന്നു ചോദിച്ചൊരു അച്ഛന്‍ ഇന്നും കേരളത്തിന്റെ കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്. ആ അച്ഛനോട് മറുപടി പറയാന്‍ കഴിയാത്തവര്‍ക്കു മുന്നില്‍ ഇതാ മറ്റൊരച്ഛനും ചോദിക്കുകയാണ്; നിങ്ങള്‍ എന്തിന് എന്റെ പാവം മകനെ കൊന്നുവെന്ന്? നാലു വര്‍ഷം മുമ്പ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍വെച്ച് കൊല്ലപ്പെട്ട സത്‌നാം സിംഗ് മാന്‍ എന്ന ബിഹാറി യുവാവിന്റെ അച്ഛന്‍ ഹരീന്ദ്ര കുമാര്‍ സിംഗാണ് കേരള സമൂഹത്തോടും ഇവിടുത്തെ നിയമവ്യവസ്ഥയോടും ഈ ചോദ്യം ചോദിക്കുന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഇന്നലെ, സത്‌നാമിന്റെ നാലാം ചരമ വാര്‍ഷികദിനത്തില്‍, കേരള ഹൈക്കോടതി പരിസരത്ത് ഹരീന്ദ്ര കുമാര്‍ സത്യഗ്രഹം അനുഷ്ഠിച്ചത്. മകന്‍ നഷ്ടമായ മറ്റൊരു അച്ഛനെങ്കിലും ഈ നാട്ടില്‍ നിന്ന് നീതി കിട്ടുമോ? ഹരീന്ദ്ര കുമാറുമായി അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്‍ വി സംസാരിക്കുന്നു.

'അക്രമാസക്തനായ മാനസികരോഗി' എന്നായിരുന്നു കേരളത്തില്‍ സത്‌നാം സിംഗ് ഒരുവലിയ വിഭാഗത്തിനു മുന്നില്‍ അടയാളപ്പെട്ടത്. താങ്കള്‍ക്ക് മകനെ കുറിച്ച് പറയാനുള്ളതെന്താണ്?
ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാനട്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ അഞ്ചു മക്കളില്‍ നാലാമനായിരുന്നു സത്‌നാം. ചത്തീസ്ഗഢ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു അവന്റെ പ്രാഥമിക വിദ്യാഭ്യാസം. നിയമപഠനത്തിനായി ലകനൗവിലെ ഡോ റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ആയിരുന്നു. നല്ല അഭിപ്രായമേ അവന്‍ കേള്‍പ്പിച്ചിട്ടുള്ളൂ. ഇപ്പോള്‍ അമൃതാനന്ദമയിദേവിയുടെ ആശ്രമത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതൊഴിച്ചാല്‍, ഇന്നുവരെ അവന്റെ പേരില്‍ മോശമായ ഒരു ആരോപണവും ഉണ്ടായിട്ടില്ല. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാന്‍ തുടങ്ങിയ കാലത്ത് പോലും അവന്‍ ആരെയും ആക്രമിക്കുകയോ മറ്റോ ചെയ്തിട്ടില്ല. പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ആരൂടെ നേരെയും ദേഷ്യപ്പെട്ടതായോ ആര്‍ക്കെങ്കിലും നേരെ കയ്യോങ്ങിയതായോ ആരും പറഞ്ഞിട്ടില്ല. എന്റെ നാല് ആണ്‍ മക്കളില്‍ ശാന്തശീലന്‍ ആരാണെന്നു ചോദിച്ചാല്‍ ഇന്നും ഞാന്‍ നിസ്സംശയം പറയും; അത് സത്‌നാം ആണ്.

ആത്മീയതയിലേക്കുള്ള വഴി സത്‌നാം തെരഞ്ഞെടുത്തത് എപ്പോഴായിരുന്നു ?
ചെറുപ്പത്തിലെ തന്നെ ആത്മീയതയില്‍ തല്‍പ്പരന്‍ ആയിരുന്നു അവന്‍. സമൂഹത്തെക്കുറിച്ചും മതങ്ങളെക്കുറിച്ചും പഠിക്കുമായിരുന്നു. ആത്മീയമായ അറിവ് സമ്പാദിക്കാനായിരുന്നു അവന് ഏറെ ഇഷ്ടം. അതിനായി യാത്രകള്‍ ഒരുപാടു നടത്തുമായിരുന്നു. പഠനത്തിന്റെ ഇടയിലെ അവധിദിനങ്ങളിലും മറ്റും അവന്‍ കറക്കത്തിലായിരിക്കും. ഒരിക്കല്‍ മുഷിഞ്ഞു നാറിയ വേഷവുമായി ഒരു ഭിക്ഷക്കാരനെ പോലെ അവന്‍ വീട്ടില്‍ വന്നു കയറി . ചോദിച്ചപ്പോള്‍ എവിടെയോ യാത്ര പോയിരിക്കുകയായിരുന്നുവെന്നു പറഞ്ഞു. ഏതോ ട്രെയിനില്‍ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ദിവസങ്ങളോളം യാത്ര ചെയ്തുകൊണ്ട് സാധാരണ ജനത്തിന്റെ ജീവിതം പഠിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ. മതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ സമയം ചെലവഴിക്കുമായിരുന്നു, ആത്മീയാചാര്യന്മാരെ സന്ദര്‍ശിച്ച് സംശയനിവാരണം നടത്തുന്നതും പതിവായിരുന്നു. അങ്ങനെയാണ് ബേലൂര്‍ മഠത്തിലേക്കും റിഖിയ പീഠത്തിലേക്കും യാത്ര പോയതും മറ്റും. ഞങ്ങള്‍ക്ക് അറിയാത്ത പലയിടങ്ങളിലേക്കും ആ യാത്രകള്‍ നീണ്ടിരുന്നു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് അവന്‍ കേരളത്തിലും എത്തിയത്. കേരളവുമായി വല്ലാത്തൊരു ആത്മബന്ധം ഉള്ളതായി അവന്‍ പറയുമായിരുന്നു. അതേ നാട്ടില്‍വെച്ച് തന്നെ അവന്റെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു .

സത്‌നാം മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത് എപ്പോള്‍ മുതലാണ്?
നിയമപഠനം നടത്തുന്ന കാലയളവില്‍ ആണ് മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. പക്ഷേ ഒരിക്കല്‍ പോലും അവന്‍ അക്രമാസക്തനായിട്ടില്ല. ബൈപോളാര്‍ ഡിസോഡര്‍ എന്ന അസുഖം കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ചു വര്‍ഷമായി ഭോജ്പൂരിലെ ബിഹാര്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.കെ പി ശര്‍മ്മയുടെ ചികിത്സയിലായിരുന്നു. അസുഖം കണ്ടെത്തിയ ശേഷം കോളേജില്‍ പോവുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് സത്‌നാം എന്നോട് പറഞ്ഞു, അവനു പഠനം തുടരാന്‍ താല്‍പര്യമില്ലെന്ന്. ഞാന്‍ ചോദിച്ചു; നിനക്ക് വിഷാദം ആണോ? 'ജീവിതത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് വിഷാദം ആയി കാണേണ്ടതില്ല' എന്നായിരുന്നു അവന്റെ മറുപടി. ചികിത്സയില്‍ തുടരുന്ന സമയത്ത് കുടുംബ ബിസിനസ്സില്‍ സഹായിയായും ഗയയിലെ ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായും സത്‌നാം പ്രവര്‍ത്തിച്ചു .

കേരളത്തില്‍ എത്തിയ വിവരം എങ്ങനെയാണ് അറിഞ്ഞത് ?
2012 മേയ് 30-നാണ് എന്റെ മകന്‍ വീട് വിട്ടിറങ്ങുന്നത്. വീട്ടില്‍ നിന്നിരുന്ന വേഷത്തിലായിരുന്നു അവനെ കാണാതായത്. ഗയയില്‍ നിന്ന് വാരണാസിയില്‍ പോയതായി അറിയാന്‍ കഴിഞ്ഞു. അവിടെവെച്ച് മൊബൈല്‍ ഫോണ്‍ വെറും 50 രൂപയ്ക്ക് വിറ്റതായും പിന്നീട് അറിയാന്‍ കഴിഞ്ഞു .പിന്നീടവനെക്കുറിച്ചുള്ള വിവരം കിട്ടുന്നത് ആഗസ്റ്റ് ഒന്നാം തീയതി കേരളത്തിലെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഫോണ്‍ വന്നപ്പോഴാണ്. അമൃതാനന്ദമയി ദേവിയെ ആക്രമിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അവനെ അറസ്റ്റ് ചെയ്തതായി അവര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍വെച്ച് ഞാനവനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും എയര്‍പോര്‍ട്ട് വളരെ ദൂരെ ആയതിനാല്‍ ഡല്‍ഹിയില്‍ നിന്നും എന്റെ് ജ്യേഷ്ഠന്റെ മകനായ വിമല്‍ കിഷോര്‍ ആണ് ആദ്യം കേരളത്തില്‍ എത്തിയത്. ആഗസ്റ്റ് രണ്ടാം തീയതി. ജയിലില്‍ ചെന്നുകണ്ട് അവന്‍ സത്‌നാമിനോട് സംസാരിച്ചിരുന്നു. ഞാന്‍ അപ്പോള്‍ ഇങ്ങോട്ടുള്ള ട്രെയിനില്‍ ആയിരുന്നു. പക്ഷേ എന്റെ മകനെ എനിക്കൊന്നു കാണാന്‍ പോലും അനുവദിക്കാതെ അവരവനെ കൊന്നു. എന്റെ മകന്‍ പോയവിവരം ട്രെയിനില്‍വെച്ചു തന്നെ ഞാനറിഞ്ഞു. വര്‍ക്കലയിലെ ഒരാശ്രമത്തില്‍ പോയിരുന്നതായി പിന്നീടു നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. അതിനു ശേഷമാണ് അവന്‍ അമൃതപുരിയില്‍ എത്തിയത്.

കോടതിയില്‍ കേസ് നിലനില്‍പ്പുണ്ടല്ലോ. എന്താണ് ഇപ്പോഴത്തെ നില ?
മുപ്പത്തിയഞ്ചിലധികം തവണ കേസ മാറ്റി വച്ച് കഴിഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുണ്ടോ എന്ന് തന്നെ ഉറപ്പില്ലാത്ത അവസ്ഥയാണ്. നീതി ലഭിക്കരുതെന്നും സത്യം തെളിയരുതെന്നും ആര്‍ക്കോ നിര്‍ബന്ധമുള്ളതു പോലെ. കേരള മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടു. നീതിക്ക് വേണ്ടി ഇനി ആരെ സമീപിക്കണം എന്നറിയില്ല.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുപോലും എനിക്കറിയില്ല. കോടതിയിലോ പൊലീസ് സ്റ്റേഷനിലോ ഒരുകാര്യത്തിനു വേണ്ടിപ്പോലും കയറേണ്ടി വന്നിട്ടില്ലാത്ത ഒരാളായിരുന്നു ഞാന്‍. ഇപ്പോള്‍ ഒരു യാചകനെപ്പോലെ എല്ലായിടത്തും കയറിയിറങ്ങുകയാണ്. എനിക്ക് ഉത്തരം കിട്ടിണം; എന്തിന് അവര്‍ എന്റെ മകനെ കൊന്നെന്ന്... അവനൊരു പാവമായിരുന്നു...

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories