TopTop
Begin typing your search above and press return to search.

ജോലി സുരക്ഷിതത്വം v/s കൂലി സുരക്ഷിതത്വം : ടി.സി.എസും ജീവനക്കാരും - നിയതി കൃഷ്ണ എഴുതുന്നു

ജോലി സുരക്ഷിതത്വം v/s കൂലി സുരക്ഷിതത്വം : ടി.സി.എസും ജീവനക്കാരും - നിയതി കൃഷ്ണ എഴുതുന്നു

നിയതി കൃഷ്ണ

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ (ടി.സി.എസ്) നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് സമകാലികമായി നിരവധി ചര്‍ച്ചകളും പ്രതിഷേധങ്ങളും നടക്കുകയാണ്. സംഘടിതരല്ലാത്തതാണ് ഐ.ടി.ജീവനക്കാരുടെ ജോലിസ്ഥിരതയില്ലായ്മയ്ക്ക് പലപ്പോഴും മൂല കാരണമാകുന്നതെന്ന് അഭിപ്രായപ്പെട്ട്, ഇന്ത്യയിലാകമാനമുള്ള ഇരുപതു ലക്ഷത്തോളം വരുന്ന ഐ.ടി.ജീവനക്കാര്‍ ഒന്നിക്കാനുള്ള ആഹ്വാനവുമായി, വിവിധ രാഷ്ട്രീയ തൊഴിലാളി യൂണിയനുകള്‍ സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്. അതെ സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ‘ഫോറം ഫോര്‍ ഐ.ടി. എംപ്ലോയീസ് (ഫൈറ്റ്)’ എന്ന കമ്മ്യൂണിറ്റി തുടങ്ങി ഐ.ടി. ജീവനക്കാരുടെ കൂട്ടത്തോടെയുള്ള പിരിച്ചു വിടലിനെ പറ്റി ചര്‍ച്ച ചെയ്യാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടിറങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ഓരോ പട്ടണത്തിലും തൊഴിലധിഷ്ടിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അധികാരികളുമായി അവര്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നു. ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കാനും പിരിച്ചു വിടുവാനും അനായാസമായ നിയമങ്ങളാണ് ഐ.ടി.മേഖലയില്‍ നിലവിലുള്ളത്. ഇത്തരം നിയമങ്ങള്‍ പുതുക്കി പണിയാനും ജോലിസ്ഥിരതയുടെ കാര്യത്തില്‍ കുറച്ചു കൂടി സുരക്ഷിതത്വം ആര്‍ജിക്കുവാനുമുള്ള മുന്നേറ്റങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍, അത് ആകര്‍ഷകമായ ശമ്പളത്തെയും കമ്പനിയുടെ സാമ്പത്തിക പുരോഗതിയെയും ബാധിക്കുമെന്ന വാദങ്ങളും ഉയര്‍ന്നു വരുന്നു.

ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു
നിലവില്‍ സീനിയര്‍ തസ്തികയിലുള്ള ഇരുപത്തയ്യായിരം മുതല്‍ മുപ്പതിനായിരം വരെ ജോലിക്കാരെ പിരിച്ചു വിട്ട് അന്‍പത്തയ്യായിരത്തോളം പുതിയ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനാണ് ടി.സി.എസ്സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം മൂവായിരത്തി അഞ്ഞൂറ് പേരെ പിരിച്ചുവിട്ടു കഴിഞ്ഞു. കമ്പനിയിലെ മൊത്തം തൊഴിലാളികളിലെ ഒരു ശതമാനത്തെ മാത്രമാണ് നിലവില്‍ പിരിച്ചു വിട്ടിരിക്കുന്നത് എന്നാണ് കമ്പനി വാദിക്കുന്നത്. എട്ടു വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള ഏകദേശം തൊണ്ണൂറായിരം വരുന്ന ജീവനക്കാരുടെ എണ്ണം മുപ്പതിനായിരമായി കുറയ്ക്കുകയാണ് അവരുടെ ലക്‌ഷ്യം. പുതിയ ജീവനക്കാരെ എടുക്കുമ്പോള്‍ അനുഭവ പരിചയമുള്ള സീനിയര്‍ തസ്ഥികയിലുള്ളവര്‍ക്ക് നല്‍കേണ്ടി വരുന്ന അധിക ശമ്പളത്തിന്റെ ലാഭം കമ്പനിക്കു ലഭിക്കും. ഇവിടെ നിയമപരമായ നീതി നിഷേധം ഇല്ലാതിരിക്കുമ്പോള്‍ തന്നെ, തൊഴിലുടമ-തൊഴിലാളി ബന്ധത്തിലെ നൈതികമായ വിശ്വാസവഞ്ചന ചര്‍ച്ചാര്‍ഹമാണ്.പ്രമുഖര്‍ പ്രതികരിക്കുന്നു
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സംഭവിച്ചത് ഒരു തുടക്കം മാത്രമാണ്. പല ഐ.ടി. കമ്പനികളും ഇത്തരം വെട്ടിച്ചുരുക്കല്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ജീവനക്കാരെ എന്തുകൊണ്ടിത് നേരത്തെ അറിയിച്ച് അവര്‍ക്ക് ഈ പ്രതിസന്ധി അതിജീവിക്കാനുള്ള അവസരം ടി.സി.എസ്സ് നല്‍കിയില്ല എന്ന ചോദ്യം പ്രസക്തമാകുന്നു.

പ്ലാനിംഗ് ബോര്‍ഡ് അംഗവും ടെക്നോ പാര്‍ക്കിലെ മുന്‍ സി.ഇ.ഓ.യുമായിരുന്ന ജി.വിജയരാഘവന്‍ പറയുന്നു. “എല്ലാ വര്‍ഷവും ഒരുവിധം എല്ലാ ഐ.ടി കമ്പനികളില്‍ നിന്നും 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാര്‍ സ്വമേധയാ, അല്ലെങ്കില്‍ അണ്ടര്‍ പെര്‍ഫോര്‍മന്‍സ് മുഖാന്തരം പിരിച്ചു വിടപ്പെട്ട് പോകാറുണ്ട്. ജോലി ചെയ്യുമ്പോള്‍ ആകര്‍ഷകമായ ശമ്പളമുണ്ടെങ്കിലും ലോകത്തെ ഐ.ടി. കമ്പനികളൊന്നും ജോലിസ്ഥിരത എന്നൊന്ന് വാഗ്ദാനം ചെയ്യുന്നില്ല. മറ്റുള്ള ജോലികളെക്കാള്‍ ശമ്പളം കിട്ടുമ്പോള്‍ തന്നെ ഇങ്ങനെയൊരു ന്യൂനത ഈ ജോലിക്കുണ്ട്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ജീവനക്കാര്‍ അവിടെ തുടരുന്നത്. നിലനില്‍ക്കുന്നിടത്തോളം കാലം സമ്പാദിക്കുക എന്ന ഒരു പ്രായോഗിക തത്വത്തിലാണ് അവര്‍ മുന്നോട്ടു പോകുന്നത്. ടി.സി.എസ്സിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനു മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ല. എങ്കിലും നിലവില്‍ അതത്ര അസ്വാഭാവികമായും തോന്നുന്നില്ല.”

സോഷ്യല്‍ മീഡിയയില്‍ ‘ഫോറം ഫോര്‍ ഐ.ടി. എംപ്ലോയീസ്’ (F.I.T.E) എന്ന കമ്മ്യൂണിറ്റിയിലൂടെ ഇന്ത്യയാകമാനമുള്ള ഐ.ടി. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പ്ലാറ്റ്ഫോം ഒരുക്കിയവരില്‍ പ്രധാനിയായ, ചെന്നെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. പരിമളം പറയുന്നത് ടി.സി.എസ്സിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടെണ്ടതാണെന്നാണ്.

“ടി.സി.എസ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജീവനക്കാര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുത്തു തുടങ്ങി. എന്നാല്‍ അവര്‍ അണ്ടര്‍ പെര്‍ഫോര്‍മന്‍സ് എന്ന് ആരോപിക്കുന്ന പലര്‍ക്കും കഴിഞ്ഞ തവണ എ, ബി, സി തുടങ്ങിയ ഗ്രേഡുകള്‍ കിട്ടിയിരുന്നു. ഇതില്‍ തന്നെ ഒരു പൊരുത്തക്കേടുണ്ട്. മാത്രമല്ല ഇത് ഇരുപത്തയ്യായിരം പേരെ ബാധിക്കുന്ന ഒരു പ്രശ്നമല്ല. മുപ്പത്-മുപ്പത്തി അഞ്ച് വയസ്സിനു മേലുള്ള, അനുഭവ പരിചയമുള്ള ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ അവരെ ആശ്രയിക്കുന്ന കുടുംബം, ചെറുകിട ജീവനക്കാര്‍ തുടങ്ങി മറ്റൊരുപാട് പേരെ കൂടി ഇത് ബാധിക്കുകയാണ്. ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് പുതിയ ബിസിനസ്സ് മോഡല്‍ പ്രകാരം ടി.സി.എസ്സില്‍ മാത്രമല്ല, പൊതുവേ തന്നെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മുതല്‍ സി.ഇ.ഓ. വരെയുള്ള പെർമിറ്റ് ഘടനയെ പുനക്രമീകരിക്കാന്‍ മിഡ്-മാനെജ്മെന്റ് മുതല്‍ മുകളിലേക്കുള്ള തസ്തികയിലെ ജീവനക്കാരുടെ എണ്ണം ഒന്‍പതു ശതമാനത്തിലേക്ക് കുറക്കാന്‍ എല്ലാ ഐ.ടി.കമ്പനികളും ശ്രമിക്കുന്നുണ്ട് എന്നാണ്. ഫൈറ്റ് എന്ന കമ്മ്യൂണിറ്റി തുടങ്ങിയതിനു ശേഷം ഈ പ്രശ്നത്തെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്. ഇന്ത്യയിലെ ഓരോ സിറ്റിയിലും ഈ പ്രശ്നവുമായി ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇത് അസംഘടിതരായ ഐ.ടി. ജീവനക്കാര്‍ക്ക് ഒരുമിക്കാനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രതിവിധികള്‍ കാണുവാനുമുള്ള ഒരു വേദിയായി മാറ്റുകയാണ് ഞങ്ങളുടെ ലക്‌ഷ്യം. ജോലിക്ക് കുറച്ചു കൂടി സ്ഥിരത കൊണ്ടുവരാന്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നു.” അവര്‍ വ്യക്തമാക്കി.തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡിസിന്റെ മുന്‍ ഡയറക്ടറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. കെ.പി.കണ്ണന്‍, ഐ.ടി. വ്യവസായ മേഖലയ്ക്കും ജീവനക്കാര്‍ക്കും ഇല്ലാതെ പോയ ദീര്‍ഘ വീക്ഷണത്തിന്റെ പരിണിത ഫലമായി ഈ പിരിച്ചുവിടലിനെ കാണുന്നു.

“ഐ.ടി. സെക്ടര്‍ പൂര്‍ണമായി വിദേശത്തുള്ള ജോലിക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള പ്രതിസന്ധികളെല്ലാം തന്നെ ജോലിസ്ഥിരതയെ ബാധിക്കും. നിയമപരമായി സ്ഥാപനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവരെ പിരിച്ചു വിടാം. ഇതറിഞ്ഞു തന്നെയാണ് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ അന്ന് ജോലിയുടെ സുരക്ഷിതത്വത്തെ പ്രതി എന്തെങ്കിലും ചെയ്യുവാന്‍ ജീവനക്കാര്‍ തയാറായില്ല. എണ്ണ വില കുത്തനെ കുറഞ്ഞതും യൂറോപ്പിലെ ഇപ്പോഴും വിട്ടുമാറാത്ത സാമ്പത്തികമാന്ദ്യവുമൊക്കെ, പുറം രാജ്യങ്ങളില്‍ നിന്ന് മാത്രം കരാര്‍ ഏറ്റെടുക്കുന്ന ടി.സി.എസ്സ് പോലുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇന്ത്യന്‍ വിപണിയില്‍ വേണ്ടവിധം ഐ.ടി. പടര്‍ന്നു പിടിക്കാന്‍ തക്കവണ്ണമുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ച ഇവര്‍ അതിനു തയ്യാറായിരുന്നെങ്കില്‍, സാമ്പത്തികം അല്പം കുറഞ്ഞാലും ജീവനക്കാര്‍ക്ക് കുറച്ചു കൂടി ജോലി സ്ഥിരത ഉറപ്പു നല്‍കാന്‍ കഴിഞ്ഞേനെ. വിദേശ മാര്‍ക്കെറ്റിന്റെ പിറകെ ഓടിയ കമ്പനികള്‍ക്കും, നല്ല ശമ്പളം കാരണം ജോലിസ്ഥിരത, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയെ പറ്റി അവകാശ വാദങ്ങളുന്നയിക്കാന്‍ പോകാഞ്ഞ ജീവനക്കാര്‍ക്കും ദീര്ഘവീക്ഷണമില്ലാതെ പോയി. ഇപ്പോള്‍ ഇങ്ങനെയൊരു പ്രതിസന്ധിയിലൂടെ ജീവനക്കാര്‍ക്ക് ഒരു പുനര്‍ചിന്തനം ഉണ്ടായാല്‍, ശമ്പളം അല്പം കുറയുമെങ്കിലും, അത് നല്ലതാണ്. ഇന്ത്യന്‍ മാര്‍ക്കെറ്റിനും അത് നല്ലതായി ഭവിക്കാന്‍ സാധ്യതയുണ്ട്. സംഘടിതമായ മുന്നേറ്റം ഇന്ത്യയിലെമ്പാടും വേണം. ഉദാരവല്‍ക്കരണത്തിന്റെ കോഴിക്കുഞ്ഞുങ്ങള്‍ തിരിച്ചു വരുന്ന കാഴ്ചയാണിത്.” അദ്ദേഹം അഭിപ്രായപ്പെട്ടു.ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് അംഗവും വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണ്മെന്റിന്റെ ഐ.ടി. ഉപദേഷ്ടാവുമായിരുന്ന ജോസഫ്‌.സി.മാത്യു ടി.സി.എസ് നടപടിയിലെ അഭംഗിയും അസാംഗത്യവും വ്യക്തമാക്കുന്നു.

“നിയമപരമായി, ഒന്നോ-മൂന്നോ മാസത്തെ നോട്ടീസില്‍ ഒഴിഞ്ഞു പോകണം എന്ന രീതിയിലുള്ള ഒരു തൊഴിലുടമ-തൊഴിലാളി ബന്ധമാണ് ഐ.ടി.സെക്ടറില്‍ ഉള്ളത്. ഒന്നുകില്‍ ശമ്പള സുരക്ഷിതത്വം, അല്ലെങ്കില്‍ ജോലി സുരക്ഷിതത്വം എന്നൊരു തത്വത്തിലാണ് അത് മുന്നോട്ട് പോകുന്നത്. എന്നാല്‍ ടി.സി.എസ്സിലെ കാര്യത്തില്‍ അനൗപചാരികമായ ഒരു ധാര്‍മിക നീതി നിഷേധം ഉണ്ട്. കമ്പനിയുടെ വളര്‍ച്ചയും ജീവനക്കാരുടെ ജോലി സ്ഥിരതയും ആനുപാതികമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന കമ്പനി പലപ്പോഴും ജീവനക്കാരെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ നടത്തപ്പെടുന്ന അവലോകന പ്രക്രിയയില്‍ ഓരോ ജീവനക്കാരുടേയും പെര്‍ഫോമന്‍സ് നിലവാരം എന്താണെന്ന് കമ്പനി അവരെ അറിയിക്കാറുണ്ട്. അങ്ങനെ അവര്‍ എത്രത്തോളം കമ്പനിക്കു പ്രധാനമാണെന്ന ഒരു തോന്നല്‍ ജീവനക്കാരിലുണ്ടാക്കുന്നു. കമ്പനിക്കു ഒരു വലിയ പ്രോജക്റ്റ് നഷ്ടപ്പെട്ടോ ഒരു കനത്ത നഷ്ടം വന്നോ പിരിഞ്ഞു പോകേണ്ടി വന്നാല്‍ അത് ജീവനക്കാര്‍ക്ക് മനസ്സിലാവും. എന്നാല്‍ ഷെയര്‍ മാര്‍ക്കെറ്റിലെ തങ്ങളുടെ വളര്‍ച്ച അതേപടി നിലനിര്‍ത്താന്‍ വേണ്ടി, കമ്പനി സുസ്ഥിരമായിരിക്കുമ്പോള്‍ തന്നെ, ജീവനക്കാരെ അണ്ടര്‍ പെര്‍ഫോര്‍മന്‍സ് ആരോപിച്ച് പിരിച്ചു വിടുമ്പോള്‍ അതില്‍ ധാര്‍മികമായ ഒരു വിശ്വാസ വഞ്ചന ഉണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ട് ആറുമാസം മുന്‍പുള്ള അവലോകനത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല എന്ന് മാത്രമല്ല ഇതില്‍ പലര്‍ക്കും ഉയര്‍ന്ന ഗ്രേഡ് കൊടുത്തു? ഒരുപാട് പേര്‍ക്ക് ജോലി കിട്ടുമെന്ന ഗുണം മുന്നില്‍ കണ്ടു കൊണ്ടാണ് ഗവണ്മെന്റ് ഐ.ടി.സെക്ടറിനു ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഈ ഒരു പ്രതിസന്ധി ഘട്ടം അതിജീവിക്കാന്‍ പല ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാകും. നേരത്തെ കമ്പനി മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കില്‍ അവര്‍ക്ക് മറ്റു ജോലികള്‍ക്ക് ശ്രമിക്കാമായിരുന്നു. സംഘടിതമായ, എന്നാല്‍ വ്യത്യസ്തമായ ഒരു മുന്നേറ്റം ആവശ്യമാണ്‌. ഇതുവരെ നമ്മള്‍ മൂലധനത്തെ ബന്ദിയാക്കിയുള്ള സമരമുറകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇവിടെ മൂലധനമല്ല, കോണ്ട്രാക്ടര്മാരാണ് അപ്പുറത്തുള്ളതെന്നു മനസ്സിലാക്കി വ്യത്യസ്തമായ ഒരു ‘കൂട്ടായവിലപേശൽ’ (കലക്ടീവ് ബാര്‍ഗൈനിംഗ്) ആണ് വേണ്ടത്.” അദ്ദേഹം വിശദീകരിച്ചു.

മാറ്റം എവിടെ നിന്ന്?
പരമ്പരാഗത തൊഴിലാളി സമരങ്ങളുടെ സ്ഥിരം പ്രതിരോധ ശൈലി ഇവിടെ പൂര്‍ണമായും പ്രായോഗികമല്ല. ഇന്ത്യയുടെ മാനവ-വിഭവശേഷിയെ ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയുടെ ഉച്ചസ്ഥായിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു ഇടനിലക്കാരന്റെ സ്ഥാനം മാത്രം അവലംബിക്കുന്ന ഐ.ടി.കമ്പനികള്‍ക്ക് ലാഭം കുറയുമെങ്കിലും, ജോലി സുരക്ഷിതത്വം അവകാശപ്പെടാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. ഇതിനെതിരെ ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തുന്നവരുടെ ജോലിയും കരിയറും കുഴപ്പത്തിലാക്കാനുള്ള കഴിവ് ഐ.ടി. കമ്പനികള്‍ക്കുണ്ടായത് കൊണ്ട് തന്നെ സംഘടിതമായ മുന്നേറ്റം ഉറപ്പാക്കേണ്ടതുണ്ട്. ജീവനക്കാര്‍ക്ക്, അവര്‍ അര്‍ഹിക്കുന്ന രീതിയിലല്ലാത്ത പിരിച്ചുവിടലിനേയും അണ്ടര്‍ പെര്‍ഫോര്‍മന്‍സ് എന്ന ശരിയല്ലാത്ത ആരോപണത്തെയും വിമര്‍ശിക്കാനുള്ള അവകാശം തള്ളിക്കളയാനാകില്ല. എന്നാല്‍ ഐ.ടി. മേഖല ഉറപ്പു തരുന്ന ‘ആകര്‍ഷകമായ ശമ്പളം’ എന്ന വലയില്‍ നിന്നും അവര്‍ പുറത്ത് വരേണ്ടതുണ്ട്.

*Views are Personal
(റൂര്‍ക്കി ഐ ഐ ടിയിലെ ഗവേഷണ വിദ്യാര്‍ഥിയാണ് നിയതി)


Next Story

Related Stories