TopTop
Begin typing your search above and press return to search.

അധ്യാപകന്‍റെ ആത്മഹത്യകൊണ്ട് വിവാദമായ മുന്നിയൂര്‍ സ്‌കൂളില്‍ നിന്ന് മറ്റൊരു അധ്യാപക പീഡനകഥ

അധ്യാപകന്‍റെ ആത്മഹത്യകൊണ്ട് വിവാദമായ മുന്നിയൂര്‍ സ്‌കൂളില്‍ നിന്ന് മറ്റൊരു അധ്യാപക പീഡനകഥ

ജെ അപര്‍ണ്ണ

ഭൂമി വില്‍ക്കാന്‍ പത്രപരസ്യം നല്‍കി ഒരധ്യാപകന്‍. ഇരുപത്‌ വര്‍ഷമായി മാനേജര്‍ക്കെതിരെ കോടതികളില്‍ കയറിയിറങ്ങുക. വിധികളും ഉത്തരവുകളുമെല്ലാം അട്ടിമറിക്കപ്പെടുക. എന്നിട്ടും തളരാതെ ഈ സ്‌കൂള്‍ മാഷ് പോരാട്ടത്തിലാണ്. മാനേജ്‌മെന്റ് മാഫിയയായി മാറിയതിനെതിരെ സാക്ഷര പ്രബുദ്ധ കേരളത്തിന്റെ മന:സാക്ഷിക്ക് മുന്നില്‍ ചോദ്യങ്ങളുയര്‍ത്തി മെലിഞ്ഞ് ശോഷിച്ച ശരീരവുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അധികാര കേന്ദ്രങ്ങള്‍ ഭരണസ്വാധീനത്തില്‍ കണ്ണുപൊത്തിക്കളിക്കുമ്പോള്‍ ഈ അധ്യാപകന്‍ അനീതിയുടെ ഇരയായി ജീവിക്കയാണ്.

"കുട്ടികളെ പഠിപ്പിക്കണ്ട, ക്ലാസ് മുറികളിലിരിക്കേണ്ട എന്റെ ജീവിതമാ സ്‌കൂള്‍ മാനേജര്‍ തകര്‍ത്തത്. ഇപ്പം കടം കേറി മുടിഞ്ഞു. ഉള്ള ഭൂമിയെല്ലാം വിറ്റു. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്തിനാല്‍ മാത്രം ജീവിക്കയാ..." എന്‍ ജെ ജോസ് പറഞ്ഞു തുടങ്ങി. മലപ്പുറം മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍. മുന്നിയൂര്‍ സ്‌കൂള്‍ നമ്മളറിയും. മാനേജറുടെ പകപോക്കല്‍മൂലം കെ കെ അനീഷ് എന്ന അധ്യാപകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായ വിദ്യാലയം. അതേ സ്‌കൂളില്‍ നിന്ന് അന്യായമായി പുറത്താക്കപ്പെട്ട അധ്യാപകനാണ് ജോസ്.

ഈ വര്‍ഷം സപ്തംബര്‍ രണ്ടിനായിരുന്നു അധ്യാപകനായ അനീഷ് ജീവനൊടുക്കിയത്. മാനേജറുടെ തുടര്‍ച്ചയായി പകപോക്കല്‍ നടപടിയായിരുന്നു അനീഷിന്റെ ആത്മഹത്യക്ക് കാരണം. അനീഷ് മരിച്ചപ്പോള്‍ ഇങ്ങനെയൊരു മാനേജറും സ്‌കൂളും കേരളത്തിലോ എന്ന് പലരും അമ്പരന്നിരുന്നു. സ്‌കൂള്‍ മാനേജറുടെ ക്രൂരതയും അധ്യാപകന്‍ അനുഭവിക്കുന്ന പീഢനവും കാരൂര്‍ കഥകളില്‍ വായിച്ചറിവുപോലുമില്ലാത്ത തലറമുറയാണ് ഇന്നത്തെ അധ്യാപകരിലും വിദ്യാര്‍ഥികളിലും ഭൂരിപക്ഷവും. അണ്‍എയഡ്ഡ് മേഖലയില്‍ മാനേജ്‌മെന്‍റ് വാഴ്ച ശക്തമാണ്. അതിന് എല്ലാവരും മൗനാനുവാദവും നല്‍കി കണ്ടില്ലെന്ന് നടിക്കയാണ്.

മൂവാറ്റുപുഴയില്‍ നിന്നാണ് ജോസ് മാഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തെത്തുന്നത്. ബിഎഡ് നേടി അധ്യാപകനാകാനുള്ള മോഹത്തില്‍. പ്രതീക്ഷയോടെ മുന്നിയൂര്‍ സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നത്1980-ല്‍. ഫിസിക്‌സ് അധ്യാപകനായി. കുട്ടികള്‍ക്ക് പ്രിയങ്കരനായ മാഷായി. പതിമൂന്നു വര്‍ഷത്തെ ജോലിക്കിടയില്‍ മാഷ് മാനേജറുടെ കണ്ണിലെ കരടായി. മാനേജറുടെ അപ്രീതിക്കിരയായി ഇരുപത്‌ വര്‍ഷം മുമ്പാണ് ജോസിന് ജോലി നഷ്ടമായത്. ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാരുടെയടുത്ത് വരെ പരാതികള്‍ നല്കി. കോടതികളില്‍... കമ്മീഷനുകളില്‍... നീതിതേടി ഈ അധ്യാപകന്‍ മുട്ടാത്ത വാതിലുകളില്ല. തിരിച്ചെടുക്കണമെന്ന ഉത്തരവുകളെല്ലാം സ്വാധീനത്താല്‍ അട്ടിമറിച്ച് ഒരണപോലും നല്‍കാതെ ഈ അദ്ധ്യാപകനെ പുറത്തു നിര്‍ത്തിയിരിക്കയാണ് മാനേജ്മെന്‍റ്.

ബെസ്റ്റ് ഓഫ് അഴിമുഖം

അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ
കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്
തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
ഞാൻ ചെയ്തത് എന്റെ ചുമതലയാണ് - ഊര്‍മ്മിള ടീച്ചര്‍ സംസാരിക്കുന്നു

1993-ലാണ് നടപടി വരുന്നത്. ജൂണ്‍ 21-ന്, സസ്‌പെന്‍ഷനായിരുന്നു ആദ്യം. അനുവാദം ചോദിക്കാതെ അവധിയെടുത്തുവെന്നതായിരുന്നു കുറ്റം. മാനേജര്‍ക്ക് നേരിട്ട് അവധി അപേക്ഷ നല്‍കണം എന്നതായിരുന്നു സ്‌കൂളിലെ അലിഖിത നിയമം. അവധിയെടുത്താല്‍ മാസ ശമ്പളം തടയും. ഇത് ചോദ്യം ചെയ്തതും മാനേജരുടെ പ്രകോപനത്തിന് കാരണമായി. നടപടി ചോദ്യം ചെയ്തപ്പോള്‍ മോശം പെരുമാറ്റം, അപമര്യാദ എന്നിങ്ങനെ കുറ്റങ്ങള്‍ പെരുകി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ സസ്‌പെന്‍ഷന്‍ തടഞ്ഞെങ്കിലും ഒപ്പിടാനനുവദിച്ചില്ല. സസ്‌പെന്‍ഷന്‍ നീട്ടലായിരുന്നു അടുത്ത നടപടി. ഏഴ് മാസം അത് തുടര്‍ന്നു. ഡിഇഒ, ഡിപിഐ എന്നീ തലങ്ങളില്‍ പരാതിപ്പെട്ടു. അന്വേഷണമായി. തിരിച്ചെടുക്കാന്‍ 1994 ഡിസംബര്‍ 10ന് ഡിപിഐ ശിവരാജന്‍ ഉത്തരവിട്ടു. എന്നാല്‍ അന്നത്തെ മന്ത്രി ഇ ടി മുഹമ്മദ്ബഷീര്‍ മുഖേന മുസ്ലിംലീഗുകാരനായ മാനേജര്‍ സമ്മര്‍ദ്ദം ചെലുത്തി അതും അട്ടിമറിച്ചു. വിദ്യാഭ്യാസ സെക്രട്ടറി കെ വിജയകുമാറിനോട് ഹിയറിങ്ങ് നടത്താനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. ഇതിലും ജോസിന് അനുകൂലമായിരുന്നു തീരുമാനം. 1995 മാര്‍ച്ച് ഏഴിന് തിരിച്ചെടുക്കാന്‍ ഉത്തരവായെങ്കിലും അധികാരബലത്തില്‍ ലംഘിച്ചു. ഹൈക്കോടതിയിലും മന്ത്രിതലത്തിലുമായി വീണ്ടും കയറിയിറങ്ങി. അന്നത്തെ മന്ത്രിയായ നാലകത്ത് സൂപ്പിയുടെ പിന്തുണയില്‍ മാനേജര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തു. നിയമവിരുദ്ധമായി പുറത്താക്കിയതായി ഉത്തരവുമിട്ടു. ഇതിനുശേഷവും കോടതിയിലെത്തി. അതിനുശേഷം വിവിധ അധികാരകേന്ദ്രങ്ങളെ സമീപിച്ചു. എന്നാല്‍ മാനേജറുടെ ധാര്‍ഷ്ഠ്യത്തിലും സ്വാധീനത്തിലും എല്ലാ ഇടപെടലുകളും തടയപ്പെട്ട അനുഭവമാണ്.


കെ കെ അനീഷ്

ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജീവിതാവസ്ഥ വിവരിച്ച് പരാതി അയച്ച് കാത്തിരിക്കയാണ് ജോസ്. പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമെല്ലാം താനനുഭവിച്ച പീഡനപര്‍വ്വം വിവരിച്ച് നിവേദനമയച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മനുഷ്യാവകാശ കമ്മീഷന് മുന്നിലുമെത്തി ഈ അധ്യാപകന്‍. അനീഷിന്റെ മരണമറിഞ്ഞതു മുതല്‍ മറ്റൊരു ഇരകൂടി മുന്നിയൂരില്‍ നിന്നുണ്ടാകരുതെന്ന ആഗ്രഹത്തിലാണ് ജോസിപ്പോള്‍. തേഞ്ഞിപ്പാലത്ത് കലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത് കോഹിനൂരിലാണ് ജോസ് താമസിക്കുന്നത്.

''ഇരുപത്‌ വര്‍ഷം എന്റെ ജീവിതത്തില്‍ നിന്ന് നഷ്ടമായി. അച്ഛന്‍ തന്ന രണ്ടേക്കറോളം ഭൂമി വിറ്റു. അവശേഷിക്കുന്ന ഭൂമി വില്‍ക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കയാ. ഭാര്യക്ക് ജോലിയുള്ളതിനാല്‍ പട്ടിണിയില്ലാതെ ജീവിക്കുന്നു. നമ്മുടെ സമ്പൂര്‍ണ സാക്ഷര കേരളത്തില്‍ ഇക്കഥ എല്ലാവരും അറിയണം. ഇല്ലെങ്കില്‍ ഇനിയും അധ്യാപകര്‍ ഇവിടെ ജീവനൊടുക്കും. അതുണ്ടാകരുത്. വിരമിക്കേണ്ട കാലം കഴിഞ്ഞിട്ടും ഞാന്‍ ഇങ്ങനെ കയറിയിറങ്ങുതിതിനാ"-ഒരു കെട്ട് പരാതിയും കാലന്‍കുടയുമായി മാനേജര്‍ എന്ന മാഫിയക്കെതിരായി പോരാട്ടം തുടരുന്ന ജോസ് പറഞ്ഞു.

*Views are personal


Next Story

Related Stories