TopTop
Begin typing your search above and press return to search.

അഹല്യയുടെ വഞ്ചന തുടരുന്നു; വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചെന്നാരോപിച്ച് അധ്യാപകരെ പുറത്താക്കി

അഹല്യയുടെ വഞ്ചന തുടരുന്നു; വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചെന്നാരോപിച്ച് അധ്യാപകരെ പുറത്താക്കി

രാകേഷ് സനല്‍

പാലക്കാട് അഹല്യ ആയുര്‍വേദ കോളേജില്‍ വീണ്ടും മനേജ്‌മെന്റിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍. ഒരു മാസം മുമ്പ് വിദ്യാര്‍ത്ഥികളാണ് മാനേജ്‌മെന്റിനെതിരെ സമരത്തിനിറങ്ങിയതെങ്കില്‍ ഇത്തവണ അധ്യാപകരുടെ നേതൃത്വത്തിലാണ് അവകാശസംരക്ഷണത്തിനായി സമരം നടക്കുന്നത്. ഈ പോരാട്ടത്തിന് വിദ്യാര്‍ത്ഥികളുടെ പിന്തുണയും അവര്‍ക്കുണ്ട്.

ആരോഗ്യസര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ആയുര്‍വേദ കോളേജുകളിലെ ഹൗസ് സൗര്‍ജന്‍സിക്കാര്‍ക്ക് നല്‍കേണ്ട സ്‌റ്റൈപെന്‍ഡിന് സ്വശ്രയ കോളേജുകളിലെ ഹൗസ് സൗര്‍ജന്‍സിക്കാര്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍ കേരളത്തിലെ 12 സ്വാശ്രയമാനേജ്‌മെന്റ് കോളേജുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവകാശം നല്‍കാന്‍ സന്നദ്ധരായില്ല. ഇതേ തുടര്‍ന്നായിരുന്നു അഹല്യയിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. നിരവധി ഭീഷണികളും ഹോസ്റ്റലില്‍ നിന്നും പുറത്താക്കലുമെല്ലാം നേരിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ സമരരംഗത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റ് മാര്‍ച്ച് 17 നുചേരുന്ന ജയിംസ് കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാമെന്ന് വാക്കാലുള്ള ഉറപ്പ് നല്‍കുകയും ഇതേ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും ഇന്റേണല്‍ മാര്‍ക്ക് അപര്യാപ്തമാണെന്നുമൊക്കെ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കാന്‍ ശ്രമം നടത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി ആയുര്‍വേദ മെഡിക്കല്‍ ആസോസിയേഷന്‍ ഓഫ് ഇന്ത്യ(AMAI), സെന്‍ട്രല്‍ മെഡിക്കല്‍ ഓഫ് ഇന്ത്യന്‍ കൗണ്‍സില്‍, ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ ഇടപെട്ടത് മാനേജ്‌മെന്റ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

പക്ഷേ മാനേജ്‌മെന്റിന്റെ പകപോക്കാല്‍ അവിടംകൊണ്ട് അവസാനിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പറയുന്നത്. തങ്ങളുടെ സമരത്തെ പിന്തുണച്ചെന്നാരോപിച്ച് രണ്ട് അധ്യാപകരെയാണ് അകാരണമായി മാനേജ്‌മെന്റ് പുറത്താക്കിയിരിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. പഞ്ചകര്‍മ വിഭാഗത്തിലെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് വിനോദ് ജി, ലക്ചറര്‍ സജിത് കുമാര്‍ എന്നിവരെയാണ് അഹല്യ മാനേജ്‌മെന്റ് പുറത്താക്കിയിരിക്കുന്നത്.സമരത്തില്‍ നിന്നും പിന്തിരിയാന്‍ ഞങ്ങളെ പ്രേരിപ്പിച്ചില്ലെന്നും അഴിമുഖ മടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മാനേജ്‌മെന്റിനെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണം നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചുവെന്നും ആരോപിച്ചാണ് ഈ അധ്യാപകര്‍ക്കെതിരെ മാനേജ്‌മെന്റ് തിരിഞ്ഞിരിക്കുന്നത്. വാസ്തവത്തില്‍ ഞങ്ങളുടെ സമരത്തെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടുള്ളവരല്ല ഇവിടുത്തെ അധ്യാപകര്‍. ന്യായമായ അവകാശത്തിനുവേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഒരധ്യാപകന്റെയും പ്രേരണയിലല്ല അഹല്യയിലെ അനീതികള്‍ക്കെതിരെ ഞങ്ങള്‍ പ്രതികരിച്ചത്. ഞങ്ങളതിന്റെ നേരിട്ടുള്ള ഇരകളാണ്. വിദ്യാര്‍ത്ഥികളോട് എന്തുതരം നിലപാടാണോ മാനേജ്‌മെന്റ് കൈക്കൊണ്ടിട്ടുള്ളത് അതു തന്നെയാണ് ഇപ്പോള്‍ അധ്യാപകരോടും കാണിക്കുന്നത്. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും ഞങ്ങളുടെ അധ്യാപകര്‍ക്കൊപ്പം നിലകൊള്ളാനും കൗണ്‍സില്‍ ഓഫ് ആയുര്‍വേദ സ്റ്റുഡന്റ്‌സ് ഇന്‍ കേരള(CASK)യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി കോളേജിനകത്താണ് ഞങ്ങളുടെ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ ഒന്നിടപെടാന്‍ പോലും കോളേജ് പ്രിന്‍സിപ്പല്‍ തയ്യാറായിട്ടില്ല. ഇനിയും ഇതേ നിംസംഗതയാണ് തുടരുന്നതെങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ സമരം ജനങ്ങള്‍ക്കു മുന്നിലേക്ക് വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം; വിദ്യാര്‍ത്ഥികളുടെ പ്രതിനിധി പറയുന്നു.

അധ്യാപകരുടെ പരാതികള്‍
ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റ്യാട്യുട്ടറി ബോഡിയായ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍(CCIM) ആണ് ആയുര്‍വേദ കോഴ്സുകളെ നിയന്ത്രിക്കുന്നത്. സി സി ഐ എം നിര്‍ദേശിക്കുന്ന മിനിമം സ്റ്റാന്‍ഡേര്‍ഡ് റിക്കവര്‍നസ് അനുസരിക്കുന്ന കോളേജുകള്‍ക്കാണ് നടത്തിപ്പനുമതി ലഭിക്കുന്നുള്ളു. എം എസ് ആറില്‍ പറയുന്ന ചില പ്രധാന കാര്യങ്ങള്‍, കോളേജ് നടത്തുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ഉണ്ടായിരിക്കുക (മിനിമം മൂന്നേക്കര്‍ സ്ഥലം വേണം), വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി ജീവനക്കാര്‍(60 കുട്ടികള്‍ക്ക് 29 ജീവനക്കാര്‍) ഉണ്ടായിരിക്കുക, നിശ്ചിതകണക്കു പ്രകാരമുള്ള രോഗികള്‍ക്കാവശ്യമായ ബെഡുകള്‍ ഉണ്ടായിരിക്കുക, ഒ പി പേഷ്യന്റ്‌സായി നിശ്ചിത കണക്കുപ്രകാരമുള്ളവര്‍ വരുന്നിടമായിരിക്കണം എന്നൊക്കെയാണ്.

അഹല്യയില്‍ സ്‌റ്റൈപന്‍ഡ് ചോദിച്ചാല്‍ വിദ്യാര്‍ത്ഥികളെ പെരുവഴിയിലിറക്കി വിടും, പട്ടിണിക്കിടും

പാലക്കാട് അഹല്യ ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥി സമരം വിജയം

ഇതുകൂടാതെ ആയുര്‍വേദ കോളേജുകളിലെ അധ്യാപകരുടെ കാര്യത്തില്‍ വ്യക്തമായൊരു ടീച്ചേഴ്‌സ് പോളിസി ഉണ്ടാക്കിയിട്ടുണ്ട്. ഇതുപ്രകാരം അധ്യാപകരെ റഗുലര്‍ സ്റ്റാഫായി വേണം നിയമിക്കാന്‍. എല്ലാ വര്‍ഷവും സിസിഐഎമ്മിന്റെ പ്രതിനിധികള്‍ കോളേജുകളില്‍ പരിശോധനയ്ക്കായി എത്തും. പരിശോധന സമയത്ത് കോളേജ് മാനേജ്‌മെന്റ് ഒരു സത്യവാങ്മൂലം നല്‍കണം. ഇത്തരത്തില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ അധ്യാപകരുടെ നില രേഖപ്പെടുത്തേണ്ടതുണ്ട്. അതായാത് ഇവിടെയുള്ള അധ്യാപകര്‍ റഗുലര്‍ സ്റ്റാഫ് ആണോ, കോണ്‍ട്രാക്ട് ആണോ, വിസിറ്റിംഗ് ആണോ എന്നു വ്യക്തമാക്കണം. അഹല്യ നല്‍കുന്ന സത്യവാങ്മൂലത്തില്‍ അവരുടെ അധ്യാപകരെല്ലാം റഗുലര്‍ സ്റ്റാഫ് ആണ്. എന്നാല്‍ ഈ സത്യവാങ്മൂലം തികച്ചും തെറ്റാണെന്നാണ് ഡോക്ടര്‍ ഹണി ആര്‍ എസ് പ്രസാദ് പറയുന്നത്. അഹല്യയിലെ അധ്യാപകനും പ്രൈവറ്റ് ആയുര്‍വേദ കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍(PACTO) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ഡോക്ടര്‍ ഹണി. അധ്യാപകസമരത്തിന് നേതൃത്വം കൊടുക്കുന്ന ഹണി അഹല്യയിലെ അധ്യാപക ചൂഷണങ്ങളെ കുറിച്ച് പറയുന്നതിതാണ്;

സിസിഐഎമ്മിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കപ്പെടും. ഈ ഭയം ഉള്ളതുകൊണ്ട് സത്യാവസ്ഥകള്‍ മറച്ചുപിടിച്ചാണ് മാനേജ്‌മെന്റ് ഓരോ കൊല്ലവും അവര്‍ക്ക് സത്യവാങ്മൂലം നല്‍കുന്നത്. അധ്യാപകരുടെ നിയമനകാര്യത്തില്‍ മാനേജ്‌മെന്റ് പറയുന്നത് കള്ളമാണ്. അഹല്യയില്‍ നിയമനം കിട്ടുന്ന അധ്യാപകനെ കൊണ്ട് ആദ്യം മാനേജ്‌മെന്റ് എഴുതി വാങ്ങുന്നത് ഒരു കോണ്‍ട്രാക്ട് പേപ്പറാണ്. രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ളതാണ് ഈ കോണ്‍ട്രാക്ട്. റഗുലര്‍ സ്റ്റാഫ് ആയിവേണം അധ്യാപകരെ നിയമിക്കാനെന്ന് നിര്‍ദേശം ഉള്ളപ്പോള്‍ തന്നെയാണ് അഹല്യയിലെ കള്ളത്തരം. ഈ കോണ്‍ട്രാക്ട് പേപ്പറാകട്ടെ അധ്യാപകര്‍ക്ക് നല്‍കാറുമില്ല. ഞാനിവടെ വന്നിട്ട് മൂന്നര വര്‍ഷമായിരിക്കുന്നു. ഇപ്പോഴും എനിക്ക് കോണ്‍ട്രാക്ട് പേപ്പര്‍ കിട്ടിയിട്ടില്ല. ഓരോ തവണയും എച്ച് ആര്‍ വിഭാഗത്തില്‍ ബന്ധപ്പെടുമ്പോള്‍ കിട്ടുന്ന മറുപടി സിറോക്‌സ് മെഷീന്‍ കംപ്ലയിന്റ് ആണെന്നാണ്. മൂന്നുവര്‍ഷമായിട്ടും ഇതുവരെ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ശരിയാക്കിയിട്ടില്ല! എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ മറ്റൊരു തമാശയാണ്. അഹല്യ ഗ്രൂപ്പിന്റെ ചിട്ടിക്കമ്പിനിയുടെ കാര്യം മുതല്‍ ആയുര്‍വേദ കോളേജിലെ അധ്യാപകരുടെ കാര്യങ്ങള്‍ വരെ ഈ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് കൈകാര്യം ചെയ്യുന്നത്. ചിട്ടിക്കാരെയും അധ്യാപകരെയും ഒരുപോലെയാണവര്‍ കാണുന്നത്!എന്തുകൊണ്ടാണ് ഞങ്ങള്‍ക്കവര്‍ കോണ്‍ട്രാക്ട് പേപ്പര്‍ നല്‍കാത്തതെന്നതിനുള്ള കാരണം നിസാരമാണ്. ഈ പേപ്പര്‍ അധ്യാപകര്‍ സിസിഐഎമ്മിന് കൈമാറിയാല്‍ കോളേജിന് അതു ഭീഷണിയാണ്. അത്തരമൊരു ഭീഷണി ഒഴിവാക്കാനാണ് നിരന്തരം അവര്‍ കള്ളത്തരം പറയുന്നത്.

റഗുലര്‍ സ്റ്റാഫായി നിയമിതനാകേണ്ടിടത്ത് കോണ്‍ട്രാക്ട് ബേസില്‍ ജോലിക്കു കയറേണ്ടി വരുന്ന അധ്യാപകര്‍ എല്ലാവരും തന്നെ കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ്. ഏതു നിമിഷം വേണമെങ്കിലും അവര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടാം. ആ കോണ്‍ട്രാക്ട് പേപ്പര്‍ മാനേജ്‌മെന്റിന്റെ ആയുധമാണ്. ഇപ്പോള്‍ രണ്ടധ്യാപകരെ പുറത്താക്കിയിരിക്കുന്നതും ഇതേ ആയുധം ഉപയോഗിച്ചാണ്.

അധ്യാപകര്‍ ഇവിടെ നേരിടുന്ന മറ്റൊരു വിവേചനം പേ സ്‌കെയിലില്‍ വരുന്ന വ്യത്യാസമാണ്. മാനേജ്‌മെന്റിന്റെ സ്വാര്‍ത്ഥ താത്പര്യമാണ് അതിലും പ്രകടമാകുന്നത്. ഓരോ അധ്യാപകനും ശമ്പളം നിശ്ചയിക്കുന്നത് മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല. എന്നെക്കാള്‍ ആറുമാസം ജൂനിയറായ മറ്റൊരാള്‍ക്ക് കിട്ടുന്നത് ആറായിരം രൂപ കൂടുതല്‍, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ളവര്‍ തന്നെക്കാള്‍ മുന്നേ വന്നവരെക്കാള്‍ ശമ്പളം കൂടുതല്‍ വാങ്ങുന്ന സ്ഥിതിയും അഹല്യയിലുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഇതിലൂടെ മാനേജ്‌മെന്റ് നടപ്പാക്കുന്നത്. ഒരു വിഭാഗത്തെ അവരുടെ കൂടെ നിര്‍ത്താം. പി എഫ്, മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ അധ്യാപകര്‍ക്ക് ലഭിക്കുന്നില്ല.

മാനേജ്‌മെന്റിന്റെ മറ്റൊരു അധ്യാപകവിരുദ്ധ ഇടപെടല്‍ മെറ്റേണിറ്റി ലീവിന്റെ കാര്യത്തിലാണ്. മൂന്നോ ആറോ മാസം അവധി നല്‍കാന്‍ തയ്യാറാണ്. പക്ഷേ ആ അവധിക്ക് ശമ്പളം നല്‍കില്ല. അവധികളുടെ കാര്യത്തില്‍ അധ്യാപകരോട് തൊഴിലാളി വിരുദ്ധനിലപാടാണ് അഹല്യ മാനേജ്‌മെന്റ് പിന്തുടരുന്നത്.

ഈ വിഷയങ്ങളെല്ലാം കാണിച്ച് സംഘടനയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റിന് പരാതി സമര്‍പ്പിക്കുകയുണ്ടായി. ഇതിമേല്‍ ഒരു ചര്‍ച്ച നടത്താമെന്ന് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉറപ്പ് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് വിദ്യാര്‍ത്ഥികളുടെ സമരം ആരംഭിക്കുന്നത്. വിദ്യര്‍ത്ഥി സമരത്തെ പിന്തുണച്ചു എന്നത് അധ്യാപകര്‍ക്കെതിരെ തിരിയാന്‍ മാനേജ്‌മെന്റ് കാരണമാക്കി; ഡോക്ടര്‍ ഹണി പറയുന്നു.

അധ്യാപകര്‍ക്കെതിരെയുള്ള പ്രതികാര നടപടി
ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചശേഷം അഹല്യയില്‍ ഫാക്കല്‍റ്റിയംഗമായി എത്തിയതാണ് മുതിര്‍ന്ന ആയുര്‍വേദ ഡോക്ടറായ വിനോജ് ജി. പഞ്ചകര്‍മ വിഭാഗത്തിലെ തലവനായ വിനോദ് ആരോഗ്യ സര്‍വകലാശ ഗവേണിംഗ് കൗണ്‍സില്‍ അംഗം കൂടിയാണ്. വിനോദിന്റെ സേവനം മതിയാക്കുകയാണെന്ന നിലപാടിലേക്ക് പെട്ടെന്നൊരു ദിവസം മാനേജ്‌മെന്റ് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ബോണ്ട് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞത്. ഇത്രയും സീനിയറായൊരു അധ്യാപകനെ അകാരണമായി പുറത്താക്കിയതിനു പിന്നില്‍ മാനേജ്‌മെന്റിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. ആരോഗ്യ സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ അംഗമായ വിനോദ് വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപന്‍ഡ് വിഷയത്തില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നതായിരുന്നു കുറ്റം. 75 അംഗങ്ങളാണ് ഗവേണിംഗ് കൗണ്‍സില്‍ ഉള്ളത്. എല്ലാവരും ഏകകണ്ഠമായാണ് ആ തീരുമാനം എടുത്തത്. എംബിബിഎസ്, ഡന്റല്‍, ഹോമിയോ, സിദ്ധ തുടങ്ങിയ എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകളിലെയും ഇന്റേണ്‍സായി വര്‍ക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു സ്‌റ്റൈപന്‍ഡ് ആനുകൂല്യം ലഭിക്കണമെന്നായിരുന്നു ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനം. സ്വാശ്രയ ആയുര്‍വേദ കോളേജുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമായി ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നതെങ്ങനെയാണ്? എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സമരത്തിന് വിനോദ് സാറും കാരണമായെന്ന നിലപാടായിരുന്നു മാനേജ്‌മെന്റിന്.

അദ്ദേഹത്തെ പുറത്താക്കിയ അന്നു വൈകുന്നേരം തന്നെയാണ് മൂന്നുവര്‍ഷം പിന്നിട്ട ഡോ. സജിത് കുമാര്‍ എന്ന ലക്ചറെയും മാനേജ്‌മെന്റ് പുറത്താക്കിയത്. സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ എന്നായിരുന്നു ഈ മാര്‍ച്ചില്‍ കോണ്‍ട്രാക്ട് പൂര്‍ത്തിയാകുന്ന സജിത് കുമാറിനെ പുറത്താക്കാന്‍ കാരണം കണ്ടെത്തിയത്. സ്റ്റാഫുകളുടെ ആധിക്യം ശമ്പളയിനത്തില്‍ ഭാരമാകുന്നു എന്നു ന്യായം പറയുന്ന മാനേജ്‌മെന്റ് തന്നെയാണ് ആഴ്ച്ചതോറും പുതിയ അപ്പോയ്‌മെന്റുകള്‍ നടത്തുന്നതും. വാസ്തവത്തില്‍ സജിത് കുമാറിനെ പുറത്താക്കാന്‍ കാരണവും വിദ്യാര്‍ത്ഥി സമരമാണ്. വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുകയും മാനേജ്‌മെന്റിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അബദ്ധപ്രചരണം നടത്തിയെന്നുമാണ് സജിത്തിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. സമരത്തിന്റെ പേരില്‍ ഫെയ്‌സബുക്കിലും മറ്റു നവമാധ്യമങ്ങളിലൂടെയും മാനേജ്‌മെന്റിനെ അപമാനിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്ന വാശിയിലാണ് അവര്‍.ഡോക്ടര്‍ വിനോദിനെയും ഡോക്ടര്‍ സജിത്തിനെയും അകാരണമായി പുറത്താക്കിയതിനെ ചോദ്യം ചെയ്ത ഞങ്ങള്‍ അധ്യാപകര്‍ മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍ ആദ്യമവര്‍ സജിത്തിനെ തിരിച്ചെടുക്കാമെന്നും പക്ഷേ എന്തുവന്നാലും വിനോദിനെ തിരികെയടുക്കാന്‍ സാധ്യമല്ലെന്നും അറിയിച്ചു. പിന്നീട് സിസിഐഎം പ്രതിനിധികള്‍ ഇതേ വിഷയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ വിനോദിനെ തിരികെയെടുക്കാമെന്നും സജിത്തിനെ പുറത്തു നിര്‍ത്തുമെന്നായി. ഇത് അധ്യാപകര്‍ അംഗീകരിക്കുന്നില്ല. രണ്ടുപേരെയും ഒരുപോലെ തിരിച്ചെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ആവശ്യത്തിലൂന്നിയാണ് അധ്യാപകരുടെ സമരം. മാനേജ്‌മെന്റ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ അസസ്‌മെന്റില്‍ ഏറ്റവും മികച്ച അധ്യാപകരായി കുട്ടികള്‍ തെരഞ്ഞെടുത്ത രണ്ടുപേരാണ് വിനോദും സജിത്തും. അങ്ങനെയുള്ളവരെയാണ് അകാരണായി പുറത്താക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും ഞങ്ങള്‍ക്കൊപ്പം പങ്കു ചേര്‍ന്നിരിക്കുകയാണ്. ഒന്നുകില്‍ മാനേജ്‌മെന്റ് ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ എല്ലാ അധ്യാപകരും അഹല്യയില്‍ നിന്നും ഒരുമിച്ച് പുറത്തുപോകും; ഡോക്ടര്‍ ഹണി വ്യക്തമാക്കുന്നു.

സ്റ്റൈപന്‍ഡ് നല്‍കാമെന്നതും പറഞ്ഞു പറ്റിക്കല്‍
ന്യായമായും കിട്ടേണ്ട സ്റ്റൈപന്‍ഡിനു വേണ്ടിയാണ് ഒരുമാസം മുമ്പ് ഞങ്ങള്‍ സമരം നടത്തിയത്. ഒടുവില്‍ മാനേജ്‌മെന്റ് ഈ കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതുകൊണ്ടാണ് സമരം പിന്‍വലിച്ചത്. പക്ഷേ ഇപ്പോള്‍ അറിയുന്നത് അന്നു തന്ന വാക്ക് മാനേജ്‌മെന്റ് പാലിക്കില്ല എന്നാണ്. മാര്‍ച്ച് 17 നു ചേരുന്ന ജയിംസ് കമ്മിറ്റിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നവരുടെ സ്റ്റൈപന്‍ഡ് വിഷയത്തില്‍ സ്വാശ്രയമാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി തീരുമാനം അറിയിക്കാമെന്നാണ്. ജയിംസ് കമ്മിറ്റിയെ തന്നെ ഇപ്പോള്‍ മരിവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. മാനേജ്‌മെന്റുകളുടെ അസോസിയേഷനായ കിസ്മയുടെ പുതിയ തീരുമാനം സ്റ്റൈപന്‍ഡ് നല്‍കേണ്ട എന്നാണെന്ന് അറിയുന്നു. സര്‍ക്കാര്‍ വാശിപിടിച്ചാല്‍ എല്ലാ കോളേജുകളും അടച്ചിടുമെന്നും അവ സര്‍ക്കാരിനോട് തന്നെ ഏറ്റെടുത്ത് നടത്താന്‍ ആവശ്യപ്പെടുമെന്നുമാണ് അവര്‍ പറയുന്നത്. കോളേജുകള്‍ നഷ്ടത്തിലാണെന്നതാണ് ഞങ്ങളുടെ സ്റ്റൈപെന്‍ഡ് നല്‍കാതിരിക്കാന്‍ കാരണമായി പറയുന്നു. കേരളത്തിലെ ഒരു ആയുര്‍വേദ സ്വാശ്രയ കോളേജുകളും നഷ്ടത്തില്ല. ഫീസിനു പുറമെ പന്ത്രണ്ടും പതിമൂന്നും ലക്ഷം രൂപ ഡൊണേഷന്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും വാങ്ങുന്നുണ്ട്. ഈ കാശൊക്കെ എവിടെ പോകുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശം അവര്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍... അഹല്യയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Next Story

Related Stories