Top

വാട്ട്‌സ്ആപ്പിലൂടെ പ്രാദേശിക വാര്‍ത്തകള്‍; ഒരു ഗ്രാമീണ മാധ്യമ സംരംഭത്തിന്റെ വിജയകഥ

വാട്ട്‌സ്ആപ്പിലൂടെ പ്രാദേശിക വാര്‍ത്തകള്‍; ഒരു ഗ്രാമീണ മാധ്യമ സംരംഭത്തിന്റെ വിജയകഥ
ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലെ ആരോടെങ്കിലും എന്താണ് പ്രദേശിക വാര്‍ത്തകള്‍ എന്ന് ചോദിച്ചാല്‍ വാട്ട്‌സ്ആപ്പ് നോക്കു എന്നായിരിക്കും നിങ്ങള്‍ക്ക് മറുപടി കിട്ടുക. ശിവേന്ദ്ര ഗൗര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇത്തരം ഒരു മറുപടിക്കുള്ള സാഹചര്യം ഒരുക്കിയത്. വാട്ട്‌സ്ആപ്പിനെ ഒരു ഉപാധിയാക്കിക്കൊണ്ട് പ്രാദേശിക വാര്‍ത്തകള്‍ പ്രചരിപ്പിക്കാം എന്ന ആശയം വിജയകരമായി അദ്ദേഹം നടപ്പിലാക്കിയതോടെയാണ് ഇത് സാധ്യമായത്.

കഴിഞ്ഞ ഏപ്രിലില്‍ ശിവേന്ദ്ര ഗൗര്‍ ആരംഭിച്ച റോക്കറ്റ് പോസ്റ്റ് ലൈവിന് ഇപ്പോള്‍ 11,400 വരിക്കാരുണ്ട്. ഇവരില്‍ 8000 പേര്‍ 100 രൂപ വാര്‍ഷിക വരിയായി നല്‍കുന്നു. ബാക്കിയുള്ള വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് വാര്‍ത്തകള്‍ സൗജന്യമായി നല്‍കുന്നു. പിലിബിത്ത് ജില്ലയിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ ദിവസം മുഴുവന്‍ വരിക്കാര്‍ക്ക് ലഭിക്കുന്നു. രാത്രി എട്ടുമണിയോട് അടുപ്പിച്ച് ഒരു അഞ്ചു മിനിട്ട് വരെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബുള്ളറ്റിനും ഉണ്ടാവും. കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങള്‍ എല്ലാം ഗൗര്‍ വാര്‍ത്തയാക്കുന്നു. തങ്ങളുടെ വരിക്കാരില്‍ ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും പ്രാദേശിക രാഷ്ട്രീയക്കാരും പോലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി ഗൗര്‍ പറയുന്നു.ബള്‍ക്ക് മെസേജുകള്‍ വാട്ട്ആപ്പ് പ്രോത്സാഹിപ്പിക്കാത്തതിനാല്‍, അതിലെ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഫീച്ചറിലൂടെ ഓരോ വരിക്കാരനും പ്രത്യേകം പ്രത്യേകമായി വാര്‍ത്ത അയക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ഓരോ വരിക്കാരനും ഒരു കോഡ് നല്‍കുന്നു. പിന്നീട് റോക്കറ്റ് പോസ്റ്റ് ലൈവ് നെറ്റ്വര്‍ക്കിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ ആ വ്യക്തിക്ക് വാര്‍ത്തകള്‍ ലഭിച്ചു തുടങ്ങുന്നു. അഞ്ച് റിപ്പോര്‍ട്ടര്‍മാരാണ് ഗൗറിന് കീഴില്‍ ജോലി ചെയ്യുന്നത്. വരിക്കാരെ പിടിക്കാന്‍ രണ്ട് പേരെയും നിയോഗിച്ചിട്ടുണ്ട്, 3000 മുതല്‍ 5000 വരെയാണ് റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പ്രതിമാസ ശമ്പളം. വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് 30 ശതമാനം കമ്മീഷന്‍ നല്‍കുന്നു.

ഒരു അച്ചടി പത്രവും ഗൗര്‍ നടത്തുന്നുണ്ട്. ഇത് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നേറുന്നത്. അതിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പലപ്പോഴും റോക്കറ്റ് പോസ്റ്റില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് മറികടക്കുന്നതെന്ന് ഗൗര്‍ പറയുന്നു. ഭാസ്‌കര്‍ ഡിജിറ്റല്‍, ടൈംസ് നൗ, ചില പ്രാദേശിക ചാനലുകള്‍ എന്നിവയുടെ സ്ട്രിങ്ങറായും ഗൗര്‍ ജോലി ചെയ്യുന്നു. ഈ അനുഭവ സമ്പത്താകാം വിശ്വാസമുള്ള വാര്‍ത്തകള്‍ നല്‍ക്കാന്‍ റോക്കറ്റ് പോസ്റ്റിനെ പ്രാപ്തമാക്കുന്നത്. പിലിബത്തില്‍ 100 കണക്കിന് വാട്ട്ആപ്പ് ഗ്രൂപ്പുകള്‍ വാര്‍ത്തകള്‍ നല്‍കുന്നുണ്ടെങ്കിലും റോക്കറ്റ് പോസ്റ്റിനെ കണ്ണടച്ച് വിശ്വസിക്കാമെന്ന് റോക്കറ്റ് പോസ്റ്റ് വരിക്കാരനായ ഡോ. ശൈലേന്ദ്ര ഗാങ്വാര്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകനാകുക എന്നത് തന്റെ ജീവിതാഭിലാഷമായിരുന്നു എന്ന് ഗൗര്‍ പറയുന്നു. 2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് രംഗത്തേക്ക് വന്നത്. 2010ല്‍ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി മാറി. തന്റെ ഉദ്ദേശം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സത്യത്തോട് ഒത്തുതീര്‍പ്പ് ചെയ്യില്ല. എന്നാല്‍ ചില വാര്‍ത്തകള്‍ പരസ്യക്കാര്‍ക്ക് എതിരായിരിക്കും. അത്തരം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഗൗര്‍ പറഞ്ഞു.

Next Story

Related Stories