TopTop
Begin typing your search above and press return to search.

നിങ്ങള്‍ എത്ര കാലം ജീവിക്കും? ഇനി എല്ലാം കമ്പ്യൂട്ടര്‍ പറയും

നിങ്ങള്‍ എത്ര കാലം ജീവിക്കും? ഇനി എല്ലാം കമ്പ്യൂട്ടര്‍ പറയും

താരാ ബെഹ്റാംപൂര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

നിങ്ങളുടെ വീട്ടിലേക്കു വന്ന ഇൻഷുറൻസ് എജന്റ്റ് ഉയരവും രക്ത സമ്മര്‍ദ്ധവും കുറിച്ചെടുക്കുന്നതിന്റെ കൂടെ നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ കൂടിയെടുക്കുന്ന കാര്യം സങ്കൽപ്പിക്കുക. ചുളിവുകളും പാടുകളും അയഞ്ഞു തൂങ്ങിയ ഭാഗങ്ങളുമുള്ള നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ പരിശോധിക്കുന്ന കമ്പ്യൂട്ടറിന് പിന്നെ നിങ്ങൾ എത്ര കാലം ജീവിക്കുമെന്ന കാര്യം ഊഹിക്കാൻ സാധിക്കും.

കാലകാലങ്ങളായ് പിടികൂടാൻ കഴിയാത്ത കുറ്റവാളികൾ ഇപ്പോൾ ഏതു രൂപത്തിൽ ആയിരിക്കുമെന്ന് മനസിലാക്കാനും, കാണാതെ പോയ കുട്ടികള്‍ക്ക് വർഷങ്ങൾക്കു ശേഷം എന്തെല്ലാം പരിണാമങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന്‍ മനസ്സിലാക്കാനും ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യ അധികം വൈകാതെ വ്യക്തിപരമായ് മാറും.

വ്യക്തികളുടെ മുഖത്തിനുണ്ടാകുന്ന പ്രായവ്യത്യാസത്തിനനുസരിച്ച് അവരുടെ ജീവിത വിജയം നിർണ്ണയിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്‌ത്രജ്ഞർ."ചിലർ മറ്റുള്ളവരേക്കാൾ പെട്ടന്ന് പ്രായമാകുന്ന പ്രവണത ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, സാവധാനം പ്രായമാകുന്നവരുടെ മക്കളെ മറ്റുള്ളവരുമായ് താരതമ്യം ചെയ്യുമ്പോൾ, അവർ കൂടുതൽ കാലം ജീവിക്കുന്നുവെന്ന സത്യവും ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്".ഈ ആശയവുമായ് മുന്നോട്ടു വന്ന ചിക്കാഗോയിലെ ഇലനൊയ് യൂണിവേഴ്സിറ്റിയിലെ ബയോഡെമോഗ്രാഫറായ ജയ്‌ ഓള്‍ഷന്‍സ്കി പറഞ്ഞു.

ഗവേഷണം അതിൻറെ ശൈശവാവസ്ഥയിലാണെങ്കിലും പ്രീമിയം തീരുമാനിക്കുന്നതിൽ പ്രാധാന പങ്കു വഹിക്കുമെന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനിക്കാർ ഈ കാര്യത്തിൽ നല്ല താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഓള്‍ഷന്‍സ്കി പറഞ്ഞു. വ്യക്തികൾക്കും ഈ സാങ്കേതിക വിദ്യ ഗുണം ചെയ്യും: വൈകിപ്പോകുന്നതിനു മുമ്പ് തങ്ങളുടെ ആരോഗ്യ ശീലങ്ങൾ മാറ്റാൻ ഈ സാങ്കേതിക വിദ്യ ജനങ്ങളെ പ്രേരിപ്പിക്കും.വ്യക്തിയുടെ മുഖചിത്രം കമ്പ്യൂട്ടറിലേക്ക് പകർത്തുകയാണ് ഈ സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ടം. തുടർന്ന് ഗോത്രം, ലിംഗം, വിദ്യാഭ്യാസ നിലവാരം, ശീലങ്ങൾ എന്നിങ്ങനെ പ്രായത്തിനെ/ശരീരത്തിനെ ബാധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിക്കും. വായയും,കവിൾത്തടവും,കണ്ണും, പുരികങ്ങളുമൊക്കെ പരിശോധിച്ച് പ്രായം വിളിച്ചറിയിക്കുന്ന ചുളിവുകളും കറുത്ത പാടുകളും കണ്ടെത്തി സമപ്രായക്കാരും ഒരേ പശ്ചാത്തലത്തിൽ നിന്നുള്ളവരുമായ് താരതമ്യം നടത്തും.

അമേരിക്കൻ ജനത വളഞ്ഞു പുളഞ്ഞു വളരുന്നതിനാൽ ജീവിത കാലയളവ് വർദ്ധിപ്പിക്കുന്നതിലും പ്രത്യേകിച്ച് ആരോഗ്യത്തോടെ ജീവിക്കുന്ന ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിലും ഗവേഷണം നടത്താൻ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങൾ മത്സരിക്കുന്ന ഒരു കാലം കൂടിയാണല്ലോ ഇപ്പോൾ.

പ്രായവും അതുമായ് ബന്ധപ്പെട്ട രോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണം നടത്താൻ വേണ്ടി ഗൂഗിൾ കഴിഞ്ഞ വർഷം തുടങ്ങിയ Calico ഈ വിഷയത്തിൽ വിദഗ്‌ദ്ധരായ പല ശാസ്‌ത്രജ്ഞരേയും വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നു. അറിയപ്പെടുന്ന ജനിതക ശാസ്ത്രജ്ഞനായ ക്രൈഗ് വെന്ററിന്റെ നേതൃത്വത്തിലുള്ള Human Longevity Inc. അമരത്വത്തിന്റെ രഹസ്യം തേടി മനുഷ്യ ജനിതക ഘടനയിൽ ഗവേഷണം നടത്താൻ തുടങ്ങിയിരിക്കുന്നു (പ്രാഥമിക ഫണ്ടിങ്ങിൽ 70 മില്ല്യൻ ഡോളറാണ് ഈ ഗവേഷണത്തിനായി കമ്പനി സ്വരൂപിച്ചത്).

ദീര്‍ഘായുസ്സിലും വാര്‍ദ്ധക്യത്തിലും ഗവേഷണം നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ (NIH) ന്റെ കീഴിലുള്ള 27 സ്ഥാപനങ്ങളിൽ 20 എണ്ണത്തിലും മുമ്പൊരിക്കലും കണ്ടിട്ടിലാത്ത രീതിയിലുള്ള സഹകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. വളർന്നു വരുന്ന സ്വകാര്യ സംഘടനകളുമായ് സഹകരിച്ച് പ്രവർത്തിക്കാനും NIH ആഗ്രഹിക്കുന്നുവെന്നാണ് ഈ ഗവേഷണത്തിന്റെ തലവനായ റിച്ചാർഡ് ഹോടെസ്‌ പറഞ്ഞത്. ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക -സാമൂഹിക മാറ്റങ്ങൾ വളരെ വലുതായിരിക്കും. 100 വയസ്സുവരെ ജീവിക്കുന്നത് പൊതുവായ് മാറുമെന്നത് മാത്രമല്ല വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങൾ സമൂഹത്തിനു നൽകുന്ന ബാധ്യതയിൽനിന്നുള്ള മോചനവും ഇതിലൂടെ സാധ്യമാകും.

പ്രായമാകുന്നതിന്റെ വേഗത കുറച്ചുകൊണ്ട് പ്രതീക്ഷിത ജീവിതദൈര്‍ഘ്യം 2.2 വർഷം അധികരിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ 50 വർഷത്തിനുള്ളിൽ ശാരീരികവൈകല്യത്തിനും മറ്റും വേണ്ടി ചിലവഴിക്കുന്ന പണം (ഏകദേശം 7. ട്രില്ല്യൻ ഡോളർ) നമുക്ക് ലാഭിക്കാൻ സാധിക്കുമെന്നാണ് ചിക്കാഗോ യൂണിവെഴ് സിറ്റിയിലെ സെന്‍റര്‍ ഫോര്‍ എയ്ജിംഗിലെ ഗവേഷണ പങ്കാളികൂടിയായ ഓള്‍ഷന്‍സ്കിഎഴുതിയ ലേഖനത്തിൽ പറയുന്നത്.വാര്‍ദ്ധക്യ സഹജമായ രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ വാര്‍ദ്ധക്യത്തിൽ തന്നെ ഗവേഷണം നടത്തുന്നതായിരിക്കും ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള കുറുക്കു വഴിയെന്നാണ് ശാസ്ത്രജ്ഞർ തറപ്പിച്ചു പറയുന്നത്. ഒരു രോഗത്തിനുള്ള ഉത്തരം കണ്ടുപിടിക്കുന്നതിനേക്കാൾ പ്രധാനമായിരിക്കും വാര്‍ദ്ധക്യത്തിന്റെ രഹസ്യക്കലവറയിൽ നിന്നും ചെറിയൊരു തുറുപ്പ് ചീട്ടെങ്കിലും കണ്ടെടുക്കുന്നത്.

എന്തൊക്കെയായാലും വാര്‍ദ്ധക്യ സഹജമായ രോഗങ്ങൾക്കു വേണ്ടി ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന മരുന്നുകൾ തന്നെ ചിലപ്പോൾ പ്രായമാകുന്നതിന്റെ വേഗത കുറക്കാൻ സഹായമായിത്തീർന്നേക്കും. പ്രമേഹത്തിനും പ്രായമാകുന്നതോടെ വരുന്ന അന്ധതക്കും വേണ്ടിയുള്ള മരുന്നുകൾ കാര്യക്ഷമമായ് പ്രവർത്തിച്ചു തുടങ്ങുന്നത് തന്നെ ഒരു തരത്തിൽ പ്രായമാകുന്നത് വൈകിപ്പിക്കുകയാണെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായ അലയൻസ് ഫോർഏജിംഗ് റിസർച്ചിന്റെ സ്ഥാപകനായ ഡാൻ പെറി പറഞ്ഞു. മനുഷ്യർ 150 വർഷം വരെ ജീവിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻസാധിക്കില്ലെങ്കിലും ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാനാവുന്ന കാലയളവ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ശാസ്ത്രജ്ഞർ ശുഭാപ്‌തി വിശ്വാസമുള്ളവരാണ്.

"നമ്മുടെ ജീവിതത്തിൽ നിന്നും ഒരിക്കലും പറിച്ചു മാറ്റാൻ സാധിക്കാത്ത ഒരു ഘടകമൊന്നുമല്ല വാര്‍ദ്ധക്യം. വർഷങ്ങൾക്കു മുമ്പാണെങ്കിൽ ഇതെല്ലാം സയൻസ് ഫിക്ഷനെന്നു പറഞ്ഞു തള്ളിക്കളയാമായിരുന്നു, പക്ഷെ എലികളിൽ ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്."- യൂണിവെർസിറ്റി ഓഫ് അലബാമയിലെ ബയോളജി വിഭാഗത്തിന്റെ തലവനായ സ്റ്റീവൻ ഓസ്‌റ്റഡിന് ശുഭാപ്തി വിശ്വാസം.

ഇൻഷുറൻസ് കമ്പനിയിൽ പ്രവർത്തിക്കുന്ന തന്റെ സുഹൃത്തുമായുള്ള സംഭാഷണത്തിൽനിന്നാണ് ഓള്‍ഷന്‍സ്കിക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചത്. കൂടുതൽ കാലം ജീവിക്കുന്നവർ സമ പ്രായക്കാരേക്കാൾ ചെറുപ്പമായ് കാണപ്പെടാറുണ്ടെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. ഈ ആശയം ശാസ്ത്രീയമായി അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.

എഫ്. ബി.ഐ, സി.ഐ.എ, എൻ.എസ്.എ, എന്നീ സംഘടനകളുമായ് മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയുമായ്‌ ബന്ധപ്പെട്ട് പ്രവർത്തിച്ച നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപകനായ കാൾ റിക്കനെക്കുമായ് ബന്ധപ്പെട്ടു.ഇങ്ങനെ രൂപപ്പെട്ട ചെറു സംഘം മുഖത്തിന്റെ ഫോട്ടോ വിശകലനം നടത്താൻ പ്രാപ്തമായ ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു.ഫോട്ടോ ശേഖരിക്കാനായ് ഒരു വെബ്‌സൈറ്റ് തുറന്നിരിക്കയാണ് ഈ സംഘം. ഫെയ്സ് മൈ എയ്ജ് എന്ന് പേരിട്ടിരിക്കുന്ന ഈ ഡാറ്റാബേസ് കൂടുതൽ ആളുകൾ പങ്കെടുക്കുന്നതോടെ കൃത്യമായ പ്രവചനങ്ങൾ നടത്താൻ പ്രാപ്തമാകും.ചിരിയും,മേക്കപ്പും നിരോധിക്കുന്ന വെബ്സൈറ്റ് പ്ലാസ്റ്റിക്‌ സർജെറി നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം സൂചിപ്പിക്കണമെന്നും അവശ്യപ്പെടുന്നു. "പലരിലും പല രീതിയിലാണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുക. കുറഞ്ഞയളവിൽ മെലാനിനുള്ള വെളുത്ത തൊലിക്കാർ സൂര്യപ്രകാശം കാരണം കറുത്തതൊലിക്കാരേക്കാൾ വളരെ വേഗം പ്രായമാകും. കൊഴുപ്പ് വിതരണത്തിലും രക്തധമനികളിലുമുള്ള വ്യത്യാസം കാരണം സ്ത്രീയുടെ മുഖം പുരുഷന്റെ മുഖത്തിനേക്കാൾ പ്രായം തോന്നിക്കും." റിക്കാനെക് പറഞ്ഞു.

ഈ സംരംഭത്തിൽ പങ്കെടുത്തവർ മരിച്ചാൽ മാത്രമേ പ്രവചനം എത്രമാത്രം സത്യമാണെന്ന കാര്യം പറയാൻ സാധിക്കുകയുള്ളൂ. വർഷങ്ങൾക്കു മുമ്പെടുത്ത ആയിരക്കണക്കിന് ഫോട്ടോകൾ ഈയിടെ സംഘത്തിനു ലഭിച്ചതിനാൽ 12-18 മാസത്തിനുള്ളിൽ കൃത്യമായ പ്രവചനം നടത്താൻ സാധിക്കുന്ന നിലയിൽ എത്തുമെന്നപ്രതീക്ഷയിലാണ് ഓള്‍ഷന്‍സ്കിയും സംഘവും.

" വളരെ ഗുരുതരമായ സദാചാര പ്രശ്നമാണ് ഈ സാങ്കേതിക വിദ്യ ഉയർത്തിക്കൊണ്ടുവരുന്നത്. വരാൻ പോകുന്ന വർഷത്തിൽ മരിക്കാൻ പോകുന്ന ഒരു ജോലിക്കാരന്അർഹതയുണ്ടെങ്കിലും സ്ഥാനക്കയറ്റം നൽകാൻ ഏതെങ്കിലും സ്ഥാപനം തയ്യാറാകുമോ?ആ വ്യക്തിയുടെ മാനസീകാവസ്ഥ എന്തായിരിക്കും? സമൂഹത്തിന്റെ ഘടന തന്നെമാറ്റാൻ സാധിക്കുന്ന തരത്തിൽ ശക്തമാണ് ഈ സാങ്കേതിക വിദ്യ" മിഷിഗണ്‍സ്റ്റേറ്റ് യൂണിവേർസിറ്റിയിലെ ഫിലോസഫി- മെഡിക്കൽ എത്തിക്സ് അധ്യാപകനായ ലിയോനാർഡ് ഫ്ലെക്ക് പറഞ്ഞു.

" ആരെങ്കിലും വന്ന് നിങ്ങൾ ഇന്നേക്ക് നാലാം വർഷം മരിക്കുമെന്ന് പറഞ്ഞാൽനിങ്ങളെന്തു ചെയ്യും? മരിക്കാൻ ഒരിക്കലും തയ്യാറാവാത്ത ജീവിയാണ് മനുഷ്യൻ, തന്റെ മരണത്തിനു കാരണമായേക്കാവുന്ന അനാരോഗ്യകരമായ ജീവിത രീതിയിൽനിന്നും മാറി നടക്കാനേ അവർ ശ്രമിക്കുകയുള്ളൂ.ഈ സാങ്കേതിക വിദ്യയുടെഉദ്ദേശവും അതുതന്നെയാണ്- ആരോഗ്യമുള്ള, സന്തോഷത്തോടെ ജീവിക്കുന്ന സമൂഹം,ആരാണ് അങ്ങനെയൊരു ലോകം സ്വപ്നം കാണാത്തത്?”റിക്കാനെക്കിന്റെ ഉത്തരം ഉട്ടോപ്പിയനായ് തോന്നാമെങ്കിലും ചിന്തിച്ചു നോക്കിയാൽ നമ്മുടെ സമൂഹം നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള ഉത്തരം നൽകാൻ ഈ സാങ്കേതിക വിദ്യക്ക് സാധിക്കുമെന്ന് നിങ്ങൾക്ക് മനസ്സിലാകും.

Washington Post graphic by Bonnie Berkowitz and James Smallwood


Next Story

Related Stories