വിപണി/സാമ്പത്തികം

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം പടരുന്നു; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിഞ്ഞു; സുക്കര്‍ബര്‍ഗ് എവിടെ?

Print Friendly, PDF & Email

വാട്ട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ കൂടി “ഡിലീറ്റ് ഫേസ്ബുക്ക്” വാദക്കാരുടെ കൂടെ ചേര്‍ന്നത്‌ ഫേസ്ബുക്കിനു ക്ഷീണമായി.

A A A

Print Friendly, PDF & Email

വിവരമോഷണ വിവാദത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ സാമ്പത്തിക വിപണിയിലും ഫേസ്ബുക്കിനു തിരിച്ചടി. തിങ്കളാഴ്ച കമ്പനി ഓഹരിവില കുത്തനെ ഇടിഞ്ഞു. പരിഭ്രാന്തരായ നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിക്കുന്നതു മൂലം പോയ രണ്ടു ദിവസം കൊണ്ട് കമ്പനിയുടെ മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജ വാര്‍ത്തകളിന്മേല്‍ അന്വേഷണം നടത്തുന്ന സെലക്റ്റ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി തെളിവു നല്‍കാന്‍ ബ്രിട്ടീഷ്‌ എം പിമാര്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരിക്കയാണ്. മൂന്നാമതൊരു കക്ഷി എങ്ങനെ ഫേസ്ബുക്കില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്നും അതിനു കമ്പനിയുടെ അനുവാദമുണ്ടായിരുന്നോ എന്നും ഉള്ള കാര്യങ്ങളില്‍ തെറ്റിദ്ധരിപ്പിച്ചതായി കമ്മിറ്റി തലവന്‍ ഡാമിയന്‍ കോളിന്‍സ് ആരോപിക്കുന്നു.

അതേ സമയം അമേരിക്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാവുകയാണ്. വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് 2011-ല്‍ തങ്ങളുമായി ഉണ്ടാക്കിയ കരാര്‍ ഫേസ്ബുക്ക് ലംഘിച്ചോ എന്നതു പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍. ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനം 50 മില്യണ്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ചോര്‍ത്തി കേംബ്രിജ്‌ അനലിറ്റിക്കയ്ക്കു കൈമാറി എന്ന ഗുരുതര ആരോപണമാണ് ഫേസ്ബുക്കിനെ വെട്ടിലാക്കിയത്.

ഇന്നലെ മെന്‍ലോ പാര്‍ക്കിലെ ഫേസ്ബുക്ക് കമ്പനി ആസ്ഥാനത്ത് ജീവനക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സുക്കര്‍ബര്‍ഗ് പങ്കെടുത്തില്ല. പകരം മുഖ്യ നിയമോപദേഷ്ടാവായ പോള്‍ ഗ്രെവാളാണ് കാര്യങ്ങള്‍ വിശദമാക്കിയതെന്നാണ് വിവരം. മാര്‍ക്ക്‌ സുക്കര്‍ബര്‍ഗും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്‌ബര്‍ഗും ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാധിക്കാത്തത്ര തിരക്കിലാണെന്നാണ് ഫേസ്ബുക്ക് വക്താവ് അറിയിച്ചതെന്ന് ബിബിസിയുടെ ഡേവ് ലീ റിപ്പോര്‍ട്ട് ചെയ്തു.

വിവര മോഷണം; കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനു കഴിയില്ല; ഫേസ്ബുക്ക് സമ്മര്‍ദ്ദത്തില്‍

കേംബ്രിജ്‌ അനലിറ്റിക്കയാല്‍ (സിഎ) ചതിക്കപ്പെടുകയായിരുന്നു തങ്ങള്‍ എന്ന് വരുത്താനാവാം ഫേസ്ബുക്ക് ശ്രമിക്കുന്നതെന്നാണ് ലീയുടെ നിഗമനം. ഫേസ്ബുക്ക് പ്രതിനിധികള്‍ ഇന്ന് വാഷിംഗ്‌ടണില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നില്‍ ഹാജരാകുന്നുണ്ട്. ന്യായവാദവുമായി ലോകപര്യടനം നടത്തുന്നതിന്‍റെ ആദ്യ പടിയായി ഇതിനെ കണക്കാക്കാം എന്നാണ് ലീയുടെ നിരീക്ഷണം.

എന്നാല്‍ കമ്പനി ജീവനക്കാരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നേരമില്ലെങ്കിലും സ്പോടിഫൈ സിഇഒ ആയ ഡാനിയല്‍ എക്കിന്റെ ഫോട്ടോ പോസ്റ്റിനും മുന്‍ നിക്ഷേപകന്‍ ഡോണ്‍ ഗ്രഹാമിന്റെ സ്റ്റാറ്റസ് അപ്ഡേറ്റിനും ലൈക്‌ അടിക്കാന്‍ സുക്കര്‍ബര്‍ഗിനു നേരമുണ്ടായെന്നു ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഎയില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ സംബന്ധിച്ച് എഫ്ടി സിയില്‍ നിന്നുള്ള ചോദ്യങ്ങള്‍ അടങ്ങിയ കത്ത് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചതായി റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുവെന്നു പറഞ്ഞ ഫേസ്ബുക്ക് ഡെപ്യൂട്ടി ചീഫ് പ്രൈവസി ഓഫിസര്‍ റോബ് ഷെര്‍മാന്‍ എഫ്ടിസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയാറാണെന്ന് പറയുന്നു.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

മാര്‍ക്കും ഷെറിലുമടക്കം ഫേസ്ബുക്ക് ടീം ഒന്നടങ്കം സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. കമ്പനി ഒന്നാകെ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന വികാരത്തിലാണ്. തങ്ങളുടെ നയങ്ങള്‍ ശക്തമായി നടപ്പാക്കി ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്നാണ്‌ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഫേസ്ബുക്ക് വെളിപ്പെടുത്തിയത്.

അതേ സമയം മേക്ക് അമേരിക്ക നമ്പര്‍ വണ്‍ എന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ ധനസഹായത്തോടെ “ഡിഫീറ്റ് ക്രൂക്കഡ് ഹിലരി” പരസ്യങ്ങള്‍ ഉണ്ടാക്കിയത് തങ്ങളാണെന്ന് സിഎ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് ടേണ്‍ബുള്‍ പറയുന്നതു ചാനല്‍ 4 ന്യൂസ് രഹസ്യമായി പകര്‍ത്തിയതും അവര്‍ക്കെതിരെ ശക്തമായ തെളിവായി.
ഒരു ഔദ്യോഗിക തിരഞ്ഞെടുപ്പ് ക്യാംപ് സ്വകാര്യ ഗ്രൂപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും സിഎ ഈ നിയമം ലംഘിച്ചിരിക്കാം എന്നുമാണ് ചാനല്‍ 4 ന്യൂസ് റിപ്പോര്‍ട്ട് .

അതിനിടെ സിഎ തലവന്‍ അലക്സാണ്ടര്‍ നിക്സിനെ കമ്പനി ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സിഎ 2016ല്‍ ട്രംപ് ക്യാമ്പയിനു വേണ്ടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ അറിയാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ കമ്പനി ലംഘിച്ചതായി ആരോപിക്കപ്പെടുമ്പോള്‍ തങ്ങള്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സിഎയുടെ ന്യായീകരണം.

മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത് അഞ്ച് ബില്യണ്‍ ഡോളര്‍

എഫ് ടി സി

അമേരിക്കന്‍ ഗവണ്മെന്റിന്റെ കീഴിലുള്ള സ്വകാര്യ അന്വേഷണ ഏജന്‍സിയായ എഫ്ടിസി(ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ) അവിടുത്തെ ഉപയോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടാന്‍ വേണ്ടി നിലകൊള്ളുന്ന സ്ഥാപനം ആണ്. എഫ്ടിസിയുമായി 2011 ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനു മുന്‍പ് ഫേസ്ബുക്ക് അവരുടെ അനുവാദം നേടിയിരിക്കണമെന്നുണ്ട്.

“ഡിലീറ്റ്‌ ഫേസ്ബുക്ക്” വാദം ശക്തമാകുന്നു

വാട്ട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ കൂടി “ഡിലീറ്റ് ഫേസ്ബുക്ക്” വാദക്കാരുടെ കൂടെ ചേര്‍ന്നത്‌ ഫേസ്ബുക്കിനു ക്ഷീണമായി. 2014ല്‍ 19 ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്ട്സ് ആപ് ഏറ്റെടുത്തത്. 2017ല്‍ വാട്ട്സ് ആപില്‍ നിന്ന് പിരിഞ്ഞ ആക്ടണ്‍ “ഇറ്റ്‌ ഈസ്‌ ടൈം#ഡിലീറ്റ് ഫേസ്ബുക്ക്” എന്നാണ് ട്വീറ്റ് ചെയ്തത്.

ഫേസ്ബുക്ക് അക്കൌണ്ട് എങ്ങനെ പൂര്‍ണമായും ഇല്ലാതാക്കാമെന്നുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

എതിരാളികളെ കുടുക്കാന്‍ ഉക്രേനിയന്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചു; ട്രംപിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച കമ്പനിയുടെ വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍