Top

ഫേസ്ബുക്ക് ജനാധിപത്യത്തിന് ദോഷം; കുറ്റസമ്മതവുമായി ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍

ഫേസ്ബുക്ക് ജനാധിപത്യത്തിന് ദോഷം; കുറ്റസമ്മതവുമായി ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍
ജനാധിപത്യത്തെ 'ദ്രവിപ്പിക്കുന്നതില്‍' ഫേസ്ബുക്ക് വഹിക്കുന്ന പങ്കിനെ കുറിച്ച് തങ്ങള്‍ വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍ സമിഥ് ചക്രവര്‍ത്തി. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളെ കുറിച്ച് തിരിച്ചറിയുന്നതില്‍ വലിയ കാലതാമസം തങ്ങള്‍ക്ക് നേരിട്ടതായും ഒരു ബ്ലോഗില്‍ എഴുതിയ ലേഖനത്തില്‍ ചക്രവര്‍ത്തി സമ്മതിച്ചു. എന്നാല്‍ മനുഷ്യരുടെ നല്ലതും ചീത്തയുമായ ചിന്തകളാണ് ഫേസ്ബുക്കില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.

സ്വയം പ്രകടിപ്പിക്കാനും നടപടികള്‍ സ്വീകരിക്കാനും അവസരം നല്‍കുന്നു എന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ ഗുണവശമെന്നും എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ജനാധിപത്യത്തെ ശോഷിപ്പിക്കാനുള്ള കഴിവാണ് അതിന്റെ ഏറ്റവും വലിയ ദോഷമെന്നും ചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. കോട്ടങ്ങളെക്കാള്‍ നേട്ടങ്ങള്‍ക്ക് മുന്‍കൈ ലഭിക്കണമെന്ന് ഉറപ്പ് നല്‍കാനാണ് തന്റെ ആഗ്രഹമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു ഉറപ്പ് അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ വേദി ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയുന്നതില്‍ ഫേസ്ബുക്ക് വൈകിയെന്ന് കമ്പനിക്ക് നേരെയുള്ള വിമര്‍ശനങ്ങളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കുറ്റസമ്മതം നടത്തി. ആധികാരികമല്ലാത്ത പേജുകളിലൂടെയാണ് റഷ്യക്കാര്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടത്. ഫേസ്ബുക്കിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ സുതാര്യമാക്കുന്നതിനുള്ള നടപടികളുമായി കമ്പനി മുന്നോട്ട് പോവുകയാണെന്നും ചക്രവര്‍ത്തി വെളിപ്പെടുത്തി.

പരസ്യ പേജുകള്‍ സന്ദര്‍ശിച്ച് ഏതോക്കെ പരസ്യങ്ങളാണ് നിലവിലുള്ളത് എന്ന് പരിശോധിക്കുന്നതിനുള്ള സൗകര്യം ഫേസ്ബുക്കില്‍ ഉണ്ടാക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ നല്‍കുന്നവരുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധിതമാക്കും. ഇതുവഴി ആരാണ് പരസ്യം നല്‍കുന്നതെന്നും ആരാണ് അതിന് വേണ്ടി പണം മുടക്കുന്നതെന്നും മറ്റ് ഉപയുക്താക്കള്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. തിരഞ്ഞെടപ്പ് പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി അവ ആര്‍ക്കൈവ് ചെയ്യാനുള്ള നടപടികളുമുണ്ടാവുമെന്ന് ചക്രവര്‍ത്തി വ്യക്തമാക്കി. ഒരു സമൂഹത്തെ വിഭജിക്കുന്നതിനായി മറ്റൊരു രാജ്യം തങ്ങളുടെ വേദി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചക്രവര്‍ത്തി വ്യക്തമാക്കി.

http://www.azhimukham.com/facebook-extraterritorial-state-run-by-algorithms-zuckerberg-technology/

വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിനെതിരെ വിശ്വാസ്യത സൂചകങ്ങള്‍ വികസിപ്പിക്കും. തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രം കാണാന്‍ ഉപയുക്താക്കള്‍ക്ക് കഴിയുന്ന രീതിയിലുള്ള അറകള്‍ സൃഷ്ടിക്കുന്നു, രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഓണ്‍ലൈനായി പ്രകടിപ്പിക്കുന്നതില്‍ നി്ന്നും സ്ത്രീകളെ തടയുന്നു, രാഷ്ട്രീയക്കാരെയും പൗരന്മാരെയും അധിക്ഷേപിക്കാനുള്ള വേദിയായി മാറുന്നു തുടങ്ങിയവയാണ് ഫേസ്ബുക്ക് സാധാരണയായി നേരിടുന്ന വിമര്‍ശനങ്ങള്‍. ഇത് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സുരക്ഷയുടെയും വിശ്വാസ്യതയുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി പതിനായിരം ജീവനക്കാരെ കൂടി പുതുതായി നിയമിക്കാനും ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. സാംസ്‌കാരിക വൈവിദ്ധ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ യന്ത്രങ്ങള്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍ പരിഹരിക്കുന്നതിനാണ് മാനവശേഷി നേരിട്ട് ഉപയോഗിക്കുന്നത്.

http://www.azhimukham.com/india-do-faceclock-block-who-criticise-modigovt-sanghparivar-bjp/

തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുന്നതിലും ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും വലിയ വീഴ്ചകളാണ് ഫേസ്ബുക്കിന് സംഭവിച്ചിരിക്കുന്നതെന്നും ഇത് പരിഹരിക്കുന്നതിനാവും 2018ല്‍ കമ്പനി പ്രാധാന്യം നല്‍കുകയെന്നും മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമല്ല ഫേസ്ബുക്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഗ്വാട്ടിമാല, കമ്പോഡിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതമായിരുന്നു. 2014ല്‍ ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായി ഫേസ്ബുക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

http://www.azhimukham.com/vayicho-facebook-role-modi-victory/

Next Story

Related Stories